(അനുഷ)
കോളേജവധിക്ക് നാട്ടില്‍ വന്ന ഒരു ദിവസം. പത്ര വായന എന്നേ നിന്നു പോയിരുന്നു. അന്ന്, പത്രമെടുത്ത് വായിക്കാൻ തോന്നിയത് ആ ഒരു വാർത്ത കാണാൻ വേണ്ടി മാത്രമായിരിക്കും. ഒരു അപകട വാർത്ത. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്ക് അപകടത്തിൽപ്പെട്ട് 'അലി' എന്ന ആൺകുട്ടിയുടെ മരണം. വാർത്ത മുഴുവൻ വായിച്ചു. ഒരുപാട് വിശേഷങ്ങളൊന്നുമില്ലാത്ത ഒരു സാധാരണ അപകട വാർത്ത. ഫോട്ടോ ഉണ്ട്. ഫോട്ടോയിലേക്ക് നോക്കി. വർഷങ്ങൾക്കു പിറകിലെ ഒരു മുഖം. തിരിച്ചറിയാൻ ബുദ്ധിമുട്ടുണ്ടായില്ല, ഇത്ര വർഷങ്ങൾക്ക് ശേഷവും. മാറ്റങ്ങൾ ബാധിച്ചിട്ടില്ല. ഇത്രേ ഉള്ളൂ ജീവിതം. ഇത്ര നാളും ഓർത്തില്ല.
മറവിയിലേക്ക് പോയ ഒരുപാട് സ്കൂള്‍ മുഖങ്ങളിലൊന്ന്. എവിടെ ആയിരുന്നിരിക്കും ഇതു വരെ. പഠിക്കാന്‍ എവിടെ പോയിട്ടുണ്ടാവും? ജോലി ചെയ്യുകയായിരുന്നോ!
ആരും അല്ലാത്ത ആരോ. സ്കൂളില്‍ രണ്ടു വര്‍ഷം സീനിയര്‍ ആയിരുന്ന കുട്ടി. സ്കൂളില്‍ വച്ച് പലപ്പോഴും കണ്ടിട്ടുണ്ട്. ഓടി നടക്കുന്ന പ്രകൃതം. സ്പോര്‍ട്സില്‍ ഉണ്ടായിരുന്നു. വല്യ ഗ്റൌണ്ടില്‍ വച്ചു നടത്തിയിരുന്ന രണ്ട് ദിവസം നീണ്ട മത്സരങ്ങളില്‍ ഓട്ടത്തിലും ചാട്ടത്തിലും റിലേയിലും ഒക്കെ കണ്ടിട്ടുണ്ട്. വെറുതേ ഒരു കൌതുകത്തില്‍ നോക്കിയിട്ടുണ്ട്. യുവജനോത്സവത്തിന്റെ പരിശീലന ദിവസങ്ങളിലാണ് ഈ കുട്ടിയെ ആ പരിസരങ്ങളിലും കണ്ടു തുടങ്ങിയത്. കോല്‍ക്കളിയിലാണ് ആശാന്‍. ഞങ്ങളുടെ ക്ലാസ്സിലെ ഒരു കുട്ടിയും അവരുടെ കോൽക്കളി സംഘത്തിലുണ്ട്. 'അലി'യാണ് അവരുടെ സംഘത്തലവൻ. പരിശീലകനും.ഹൈസ്കൂളിൽ രണ്ടു വർഷം കോൽക്കളിക്ക് ഒന്നാം സ്ഥാനം വാങ്ങിയപ്പോൾ അതിൽ അലിയും ഉണ്ടായിരുന്നു. ഇത് മൂന്നാമത്തെ വർഷമാണ്, ഹൈസ്കൂളിൽ അവസാനത്തേതും. ഞങ്ങൾ തുടക്കക്കാരാണ്. തിരുവാതിരക്കളിയിലെ ആദ്യവർഷക്കാർ. അവസാന ദിന പരിശീലനങ്ങൾക്കിടയിൽ ചായയും വടയും പഴംപൊരിയും ഒക്കെ കിട്ടിയിരുന്നു. അന്നും അലി ഉണ്ടായിരുന്നു മുൻപിൽ. എല്ലാത്തിനും. യുവജനോത്സവത്തിന് രണ്ടു ദിവസം മുൻപ് പ്രാക്ടീസ് കഴിഞ്ഞ് ഞങ്ങൾ തിരിച്ചു പോവുകയായിരുന്നു. ബസ്സ്റ്റാൻഡ് എത്തുന്നതിനു മുൻപുള്ള പൂച്ചെടികളുടെ നഴ്സറി. പല നിറത്തിലുള്ള ബോഗൺവില്ലകൾ മതിലിനു മുകളിൽ നിന്ന് റോഡിലേക്ക് വിടർന്ന് പൂത്തിരുന്നു. ഞാനും കൂട്ടുകാരിയും കൈ പിടിച്ച് കഥകൾ പറഞ്ഞ് നടക്കുന്നു. മറുവശത്ത് യൂണിഫോമിൽ അലി നടന്നു വരുന്നു. ഞങ്ങളെ കാണുന്നു. കൈ കാണിച്ചു ചിരിക്കുന്നു. കൂട്ടുകാരി എന്തോ കുശലം ചോദിക്കുന്നു. ഞങ്ങൾ യാത്ര പറഞ്ഞ് പിരിയുന്നു. ആദ്യമായിട്ടാണല്ലോ ചിരിക്കുന്നത് എന്നോർത്ത് ഒരിത്തിരി സന്തോഷത്തോടെ തല കുനിച്ചു നടക്കുമ്പോൾ, അവൾ പെട്ടെന്നൊരു രഹസ്യം പറയുന്നു.
'ആരോടും പറയണ്ടട്ടോ. ആർക്കും അറിയൊന്നൂല്ല. ന്നെ ഒരാൾക്ക് ഇഷ്ടാണ്.'
'ഏഹ്..'
ഇങ്ങനത്തെ സ്വകാര്യം പറയാൻ മാത്രം അടുപ്പം ഞങ്ങൾക്കുണ്ടായിരുന്നോ എന്നത്ഭുതപ്പെട്ടെങ്കിലും എന്റെ മനസ്സിൽ അപ്പഴും ഒരു 'ചിരി'യുടെ സന്തോഷം പറ്റിപ്പിടിച്ചിരിക്കുകയായിരുന്നു. അവൾ പറയുന്നത് ശ്രദ്ധിച്ചു കൊണ്ട് ചോദിച്ചു.
"ന്നിട്ടോ?"
"ന്നിട്ടെന്താ, ഇനിക്കും ഇഷ്ടാണ്. പറഞ്ഞിട്ടൊന്നുല്ല ഇഷ്ടാന്ന്. പക്ഷേ, അറിയാം. ഇന്റെ ഇത്താത്തേന്റെ വീടിനടുത്താണ് ഓന്റെ വീട്‍."
ഞങ്ങടെ പ്രായത്തിലുള്ള ഒരാൾക്ക് ഒരു പ്രേമം ഇണ്ടാവ്‌വെ..!! അതും അങ്ങോട്ടും ഇങ്ങോട്ടും. കേൾക്കുമ്പോ ഒരു അത്ഭുതവും സന്തോഷവും ഒക്കെ തോന്നി.
"ഇപ്പോ പോയില്ലേ, ഓനാ ആള്. ഓൻ പാവാ. ന്നെ വെല്യ കാര്യാ. ഓന് ഉമ്മ മാത്രേ ഉള്ളൂ. പാവപ്പെട്ടോരാ. ന്നാലും നല്ലതാ. ആ ഉമ്മ ന്നെ "മോളേ.."ന്നാ വിളിക്ക്യ."
സന്തോഷം ഉള്ള കാര്യം അവൾ പറഞ്ഞു കഴിഞ്ഞപ്പഴേക്കും, എന്റെ ഉള്ളിലെ വെളിച്ചം മങ്ങിത്തുടങ്ങീരുന്നു. ഒരേ ബസിൽ കയറി, അവളുടെ സ്റ്റോപ്പെത്തിയപ്പോൾ അവൾ ഇറങ്ങിപ്പോയി. ഒറ്റയ്ക്കായപ്പോൾ ഞാൻ അവരെ കുറിച്ചോർത്തു.
'നന്നായി. ഓനും ഓളും ചേരും. ഒരേ മതക്കാരും ആണല്ലോ. പിന്നെ പൈസ. അതിപ്പോ ഓളെ ബാപ്പ ഗൾഫിലായോണ്ടാല്ലേ.'
പിന്നേം രണ്ടു കൊല്ലം കഴിഞ്ഞപ്പോ ആണ് ഒരു ദിവസം അടുത്തുള്ള സ്കൂളിന്റെ പ്ലസ്ടു യൂണിഫോമിൽ അവനെ കണ്ടത്. കണ്ടാൽ ചിരിക്കാൻ പോലുമുള്ള പരിചയമോ ഓർമയോ ഞങ്ങൾക്കിടയിൽ ഉണ്ടായിരുന്നില്ല അപ്പോൾ.
കൂട്ടുകാരി പിന്നീട് പറഞ്ഞു.
"ഇല്ലെടി അതൊക്ക പണ്ടല്ലേ. ഇപ്പം ഒന്നൂല്ല. കാണലും കൂടില്ല."
പത്താം ക്ലാസ്സ് കഴിഞ്ഞതോടെ ഞങ്ങളും വേറെ വഴികളിലായി. സ്കൂൾ സൗഹൃദങ്ങളൊക്കെ നഷ്ടപ്പെട്ടു പൊയ്ക്കൊണ്ടിരുന്നു. ഓർമയിൽ പോലും ഉണ്ടായിരുന്നില്ലാത്ത ഒരാളെ പത്രവാർത്തയിൽ ഒരു അവ്യക്തമായ ബ്ലാക്ക് ആൻഡ് വൈറ്റ് ഫോട്ടോയിൽ കണ്ട് തിരിച്ചറിഞ്ഞത് അത്ഭുതമായി തന്നെ തോന്നുന്നു.
മൂന്നാം ക്ലാസ്സിൽ പഠിക്കുമ്പോൾ കണ്ട ഒരു സ്വപ്നം അന്നാണോർമ വന്നത്. ആ സ്വപ്നം ഓർത്തിരിക്കാൻ ഒരു കാരണവും ഉണ്ട്. ഇഷ്ടപ്പെട്ട ഒരു ആൺകുട്ടിയെ ആദ്യായിട്ട് സ്വപ്നം കണ്ടത് അന്നാണെന്ന് തോന്നുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞിരിക്കുന്നു. വൈകുന്നേരം വോൾട്ടേജ് കുറഞ്ഞ് ബൾബ് മങ്ങി കത്തുമ്പോൾ മുകളിലെ മുറിയിലേക്കുള്ള കോണിപ്പടികൾ കയറി അവൻ വന്നു. കണ്ണുകളിലേക്ക് നോക്കി സംസാരിക്കാൻ അവൻ പ്രയാസപ്പെടുന്നുണ്ടായിരുന്നു. ഞങ്ങളുടെ കല്യാണം കഴിഞ്ഞുവെന്ന് എനിക്കപ്പഴും വിശ്വസിക്കാൻ പറ്റുന്നുണ്ടായിരുന്നില്ല. അവന്റെ നെഞ്ചു വിരിച്ചുള്ള നിൽപ്പും ചിതറിയ തലമുടിയും. ഇരുണ്ടു വാടിയ മുഖത്തും ചുണ്ടിനു മീതെയും പറ്റിപ്പിടിച്ച വിയർപ്പുത്തുള്ളികളിലേക്കും ഞാൻ നോക്കി. വെള്ളിയാഴ്ച്ച നീണ്ട ഒന്നര മണിക്കൂറിന്റെ ഉച്ചഭക്ഷണ സമയത്ത് വെയിലത്തോടിക്കളിച്ച് ഓടി ക്ലാസ്സിലേക്ക് വന്നു കയറുന്ന പാവം അമീർ.
'വാ മക്കളേ ഇത്തിരി ചോറ് തിന്നാം'
ഉമ്മ താഴേന്ന് വിളിക്കുന്നു.
'ഉമ്മ വിളിക്കിണ്ട്. പോവാം..' ന്ന് പറഞ്ഞ് അവനെന്റെ കവിളിൽ അമർത്തി ഉമ്മ വച്ചു. എന്റെ കൈ പിടിച്ചു കൊണ്ട് പടികൾ ഇറങ്ങി, താഴേക്ക്. അമ്മമ്മയുടെ വീട്ടിലെ പടികൾ ആയിരുന്നു സ്വപ്നത്തിൽ.
'നമ്മൾ ചെറിയ കുട്ട്യളല്ലേ.. നമുക്ക് കല്യാണം കഴിക്കാൻ പറ്റ്വോ..'ന്ന് ഞാൻ ആലോയ്‌ക്കുമ്പഴേക്കും നേരം വെളുത്തുണർന്നു പോയിരുന്നു. പുലർച്ചെ കണ്ട സ്വപ്നം ആണെങ്കിലും അതൊന്നും ഒരിയ്ക്കലും നടക്കുമെന്നോ നടക്കണമെന്നോ ഞാൻ കരുതിയില്ല.
പിന്നീട് കുറച്ചു ദിവസം അവനെ കാണുമ്പോൾ ഒരു സ്നേഹം തോന്നിയതും അമ്മമ്മയുടെ അടുത്ത് പോവുമ്പോൾ വീട്ടിലെ പടികൾ ആ സ്വപ്നം വല്ലപ്പോഴും ഓർമിപ്പിച്ചതും കാരണമാവാം സ്വപ്നം ഇന്നും ഓർക്കുന്നത്. അതുമല്ലെങ്കിൽ പതിനൊന്നു കൊല്ലത്തിനു ശേഷം തിരിച്ചറിയാൻ പറ്റാത്തത്ര രൂപമാറ്റവുമായ് ഒരു ചിരിയിൽ മാത്രം പഴയ അമീറിനെ കണ്ട് തിരിച്ചറിഞ്ഞതുമാവാം കാരണം.
'അമീറിന് ഉമ്മ മാത്രേ ഉള്ളൂ. ഓന്റത് ഓലപ്പുരയാ. ഓന്റെ ഉപ്പ ഓരെ ഇട്ടേച്ച് പോയതാ' എന്നൊക്കെ കൂട്ടുകാരികൾ പറഞ്ഞു കേട്ടിട്ടുണ്ട്.
"ചിന്നോ, അമി പാവല്ലേ. അമി അങ്ങനെ ചെയ്യൂലല്ലോ.. അമി പാവല്ലേ.." എന്ന് നെഞ്ചിൽ തൊട്ടു കൊണ്ട് അമീർ നിഷ്‌ക്കളങ്കമായി സംസാരിച്ചിരുന്നത്, അവന്റെ അംഗനവാടി സുഹൃത്തുക്കൾ പണ്ട് എപ്പഴും പറയാറുണ്ടായിരുന്നു. എന്റെ കണ്ണിൽ അപ്പോൾ ഒരു പാവം ചെക്കൻ നെഞ്ചിൽ തൊട്ട് കണ്ണിൽ സ്നേഹവും സൗഹൃദവുമായി തെളിഞ്ഞു നിന്നിരുന്നു.
പാവത്തവും ഒറ്റയ്ക്കാവലും കലർപ്പില്ലാത്ത സൗഹൃദവും തന്നെയാവണം മതത്തിന്റെ 'വേലികൾ' മനസിൽ ഉണ്ടായിരുന്ന കുട്ടിക്കാലത്തു പോലും സ്നേഹത്തിന്റെ ചെറിയ മുന്തിരി വള്ളികൾ തളിർത്ത്, വസന്തത്തെ ഓർത്തു കാത്തു നിന്നിരുന്നത്.