mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 


വേനലും റമളാനും ഒന്നിച്ചുവന്നാൽ പിന്നെ പറയണ്ട,സ്കൂൾ വിട്ട് വന്നത് മുതൽ മഗ്‌രിബ് വരെ മയ്യത്ത് കണക്കെ ഒറ്റകിടപ്പാണ്. 6 മണി കഴിഞ്ഞാൽ ക്ലോക്കിന്റെ സെക്കന്റ്‌ സൂചിയുടെ നേരിയ ചലനം പോലും കുഞ്ഞബ്ദുള്ളയുടെ കർണപടം

പിടിചെടുക്കും .. വീടിന്റെ പടിഞ്ഞാറു ഭാഗത്തു പോയി നിന്ന് വാങ്കിനു കാതോർക്കും. മുക്രിയുടെ അരോചകമായ ശബ്ദത്തിനു റമളാൻ മാസത്തിൽ യേശുദാസിന്റെ ശബ്ദത്തേക്കാൾ പവറാണ്.
പശു അമറുന്നതും ബസ്സിന്റെ ഹോണുമെല്ലാം വങ്കായി തെറ്റിദ്ധരിച്ചു ചമ്മിയ ദിവസങ്ങളുണ്ട്. ഉമ്മയാണേൽ വങ്കാണെന്ന് ഉറപ്പു വരുത്തിയതിനു ശേഷം മാത്രമേ തുള്ളി വെള്ളം തരികയുള്ളു.
ഈ ദുനിയാവിൽ കിട്ടാവുന്ന എല്ലാ സുഖങ്ങളെക്കാളും അനുഭൂതിയെക്കാളും ലഹരികളെക്കാളും എല്ലാം മുകളിലാണ് ഉണങ്ങിയ ചുണ്ടുതൊട്ട് വരണ്ട വായിലൂടെ ഒട്ടിയ കുടലുവഴി വയറ്റിലേക്കിറങ്ങുന്ന തണുത്ത നാരങ്ങ വെള്ളം കുടിക്കുമ്പോൾ കിട്ടുന്നത്........
ആ ദിവസത്തിന്റെ മുഴുവൻ കാത്തിരിപ്പ് ആ ഒരൊറ്റ നിമിഷത്തിനു വേണ്ടിയാണു . അത് കഴിഞ്ഞ് ക്ലോക്കിന്റെ സൂചി മരണ പാച്ചിലാണ് എത്ര പെട്ടന്നാണ് 8 മണിയും ഒമ്പതരയോക്കെ ആവുന്നത് അതിന് പിന്നിലെ ശാസ്ത്രം എത്രയൊക്കെ ആലോചിച്ചിട്ടും കുഞ്ഞബ്ദുള്ളക്ക് പിടികിട്ടിയില്ല.
അന്നാണ് ആ വിശിഷ്ടമായ നോമ്പുതുറ നടന്നത്. ഉച്ചക്ക് ശേഷത്തെ ആദ്യത്തെ പിരിയഡ് ഡ്രിൽ ആണ് .8 E ക്കാർക്കും അപ്പോഴാണ് ഡ്രിൽ, അതിനാൽ കഴിഞ്ഞ ആഴ്ചതന്നെ ഫുട്ബോൾ മാച്ച് പറഞ്ഞുറപ്പിച്ചിരുന്നു.
സത്യം പറയാലോ സ്കൂളിന് അന്നേവരെ സ്വന്തമായൊരു ഫുട്ബോൾ ഇല്ല, ക്രിക്കറ്റ് ബോളുകളിൽ പ്രശസ്തനും സാമ്പത്തിക നിലനില്പിനെ ഒട്ടും ബാധിക്കാത്തതുമായ സ്റ്റമ്പർ ബോളുകൊണ്ടാണ് കളി.
ഉയരമില്ലാത്തതിനാലും മിന്നൽ വേഗത്തിൽ പായുന്നതിനാലും കുഞ്ഞബ്ദുള്ളയാണ് 8F ന്റെ ഫോർവേഡ് പ്ലെയർ .
ക്ലാസ്സിലെ മറ്റു മുസ്ലിം കുട്ടികൾ ഗ്രൗണ്ടിലെ പനയുടെ ചുവട്ടിൽ വിശ്രമിച്ചു, ചിലർ ഒമ്പതാംക്‌ളാസിലെ ടീച്ചറെ വായിനോക്കി നിന്നു.
കുഞ്ഞബ്ദുള്ള ആകെ മാനസിക സംഘർഷത്തിലായി. കളിച്ചാൽ തളർന്നു പോകും പൊള്ളുന്ന വെയിലും, പാറുന്ന പൊടിയും ഇല്ലെങ്കിൽ 8F ന്റെ പരാജയം. കുഞ്ഞബുള്ള ഓത്തുപള്ളിയിലെ ഉസ്താദിന്റെ വാക്കുകൾ ഓർത്തു
“ ബദർ യുദ്ധത്തിൽ മുത്തുനബി (സ )
തളർന്നു പോകാതിരിക്കാൻ വയറ്റിൽ കല്ല് പോലും കെട്ടി വച്ചിരുന്നു അതാണ്‌ പോരാട്ടവീര്യം ”
ഇല്ല പിന്മാറുന്ന വിഷയമേ ഇല്ല കുഞ്ഞബ്ദുള്ളക്കു പിന്നീട് രണ്ടാമതൊന്നു ആലോചിക്കേണ്ടി വന്നില്ല.
കളി കൊഴുത്തു പൊടി പാറി ശക്തമായ വെയിലിന്റെ ചൂടിനെ അവഗണിച്ചു വിനോദിന്റെ പാസിൽ കുഞ്ഞബ്ദുള്ളയുടെ കാലിൽ നിന്നും എണ്ണം പറഞ്ഞ രണ്ടു ഗോളുകൾ 8E യുടെ ചെരിപ്പ് പോസ്റ്റിനുള്ളിലൂടെ...
ഡ്രിൽ പിരീഡ് കഴിയാറായി അടുത്ത പിരിയഡ് മലയാളം/അറബിക് /സംസ്‌കൃതം
ക്ലാസ് ലീഡർ വണ്ട് സനൽ സന്തോഷ വാർത്തയുമായ് ഓടി എത്തി. മലയാളം ടീച്ചർ ഇല്ല ഒരു പിരിയഡ് കൂടി ഡ്രിൽ എടുത്തോളാൻ പറഞ്ഞു ക്ലാസ്സ്‌ ടീച്ചർ !
അത്യന്തം ആവേശകരം കാരണം 8Eകാർ മലയാളം പിരിയഡ് വരുന്നത് 8F ലേക്ക്.... അടുത്ത മുക്കാൽ മണിക്കൂർ കൂടെ കളിക്കാം
ഹൊയ്‌ ഹോയ് .....
മാച്ച് വീണ്ടും തുടർന്നു.....
അത്രനേരം കളി തോറ്റെന്നു കരുതി തളർന്നിരുന്ന 8 E ക്കാർ ശക്തമായി തന്നെ രണ്ടു ഗോളുകൾ തിരിച്ചടിച്ചു സ്കോർ സമനിലയാക്കി .....
പിന്നെ പൊരിഞ്ഞ പോരാട്ടമായിരുന്നു.....
പനചുവട്ടിൽ ഉച്ചയൂണുംകഴിഞ്ഞ് ഇളം കാറ്റും കൊണ്ട് കിടക്കുകയാണ് മന്തൻ രഞ്ജിത്ത് നേരിയ മയക്കം വരുന്നുണ്ട്. പെട്ടെന്ന് ബോൾ വന്നു ദേഹത്തു കൊണ്ടു.... ഉറക്കം പോയി
ആദ്യം മതിലിനപ്പുറത്തെ റോഡിലേക്ക് എറിയാനാണ് തോന്നിയത് പക്ഷെ എഴുന്നേക്കാനുള്ള മടികൊണ്ടു കാലിനിടയിൽ തിരുകി.
ഡാ “തടിയാ പെട്ടി “ ബോൾ താടാ ചെറ്റേ....
കളിയിൽ ആവേശം മൂത്ത 8E ക്കാരും F കാരും ഒരേ സ്വരത്തിൽ പറഞ്ഞു .
പെട്ടി എന്ന കുറ്റപ്പേരുവിളിച്ചത് രഞ്ജിത്തിന് തീരെ ഇഷ്ടപെട്ടില്ല അവൻ കാലുകൾ കൂടുതൽ അമർത്തി കിടന്നു. അച്ഛന്റെ കൂടെ കല്ല് പണിക്ക് പോകുന്ന കൃഷ്ണകുമാർ വിയർത്ത കൈ കൊണ്ടു ചെകിടതൊരെണ്ണം പൊട്ടിക്കുന്നത് വരെ....
പെൺകുട്ടികൾ ഉൾപ്പടെ എല്ലാവരും തന്നെ നോക്കി ചിരിക്കുന്നത് കണ്ട രഞ്ജിത്ത് അപ്പോൾ തന്നെ തീരുമാനമെടുത്തു പത്താം ക്ലാസ് കഴിഞ്ഞു ഇവിടുന്ന് ഇറങ്ങുന്ന ദിവസം എല്ലാവരുടെ മുൻപിൽ വച്ച് “ ആ തെണ്ടിയെ രണ്ടെണ്ണം പൊട്ടിക്കണം “
രഞ്ജിത്ത് പതിയെ എഴുന്നേറ്റു, ഒന്നാം നിലയിലെ ക്‌ളാസിലേക്ക് നടന്നു... വിജനമായ ക്ലാസ്....
ബാഗെല്ലാം മാറ്റി ഒഴിഞ്ഞ തന്റെ ബഞ്ചിൽ മലർന്നു കിടന്നു... കൃഷ്ണകുമാറിനെ
ലാലേട്ടൻ കീരിക്കാടൻ ജോസിനെ കവലയിൽ ഇട്ട് തല്ലുന്ന പോലെ തല്ലുന്നത് കണ്ണടച്ച് ആലോചിച്ചു നോക്കി ഹായ് എത്ര മനോഹരമായ രംഗം....
അടികൊണ്ടു ചോരയിൽ വീണു കിടക്കുന്ന കൃഷ്ണകുമാർ, കത്തിതാഴയിടാൻ പറയുന്ന പ്രിൻസിപ്പൽ എല്ലാത്തിലും ഉപരിയായി കൈ കൊട്ടി കൊണ്ട് തന്നെ പ്രോത്സാഹിപ്പിക്കുന്ന പെൺകുട്ടികൾ.... ഹോ രോമാഞ്ചം
ഗുളും.... ഗുളും..... ഒരു ശബ്ദം കേൾക്കാം .... രഞ്ജിത്ത് അത് കാര്യമാക്കിയില്ല.... പിന്നേയും അതെ ശബ്ദം തന്നെ....മന്തൻ എഴുന്നേറ്റു പിറകിലേക്ക് നോക്കി.... ആ രംഗം കണ്ടു പകച്ചുപോയി....
തന്റെയമ്മ വെളുപ്പിന് ചുക്കിട്ട് തിളപ്പിച്ച്‌... അച്ഛന്റെ ഒഴിഞ്ഞ പ്ലാസ്റ്റിക് ബ്രാണ്ടിക്കുപ്പി വെണ്ണൂറും സോപ്പും ഇട്ട് കഴുകി കുടിക്കാൻ തന്നു വിട്ട വെള്ളം. ആരും കാണാതെ മട മട അടിക്കുകയാണ് ക്ലാസ്സിലെ ഫോർവേഡും അതിലുപരി നോമ്പുകാരനുമായ കുഞ്ഞബ്ദുള്ള !!
അബ്ദു....
രഞ്ജിത്ത് ഉറക്കെ വിളിച്ചു....
യാ അല്ലാഹ്....
അബ്ദു ഞെട്ടിവിറച്ചു.....
ആദ്യം പരുങ്ങിയെങ്കിലും തന്റെ നിസ്സഹായാവസ്ഥ അബ്ദു വിവരിച്ചു...
നീ ഇതാരോടും പറയരുത് ഒടുക്കം അബ്ദു അപേക്ഷിച്ചു.
സംഭവം ശരിയാണ് ഒരു നേരം ഭക്ഷണം കഴിച്ചില്ലെങ്കിൽ തലകറങ്ങി വീഴുന്നയാളാണ് താൻ അപ്പോൾ വെള്ളം പോലും കുടിക്കാതെ ഒരു പകൽ മുഴുവൻ പട്ടിണികിടക്ക എന്നുവച്ചാൽ...
കുഞ്ഞബ്ദുവിനോട് രഞ്ജിത്തിന് സഹതാപം തോന്നി,
ക്‌ളാസ്സുകഴിഞ്ഞു പോകുമ്പോൾ തിന്നാൻ വച്ചിരുന്ന കുറച്ച് പനിനീർ ചാമ്പങ്ങ രഞ്ജിത്ത് ബാഗ് തുറന്ന് കുഞ്ഞബുള്ളക്ക് കൊടുത്തു.....
നാലെണ്ണം കുഞ്ഞബ്ദുള്ള വേഗത്തിൽ ശാപ്പിട്ടു , രണ്ടെണ്ണം രഞ്ജിത്തും.......
അങ്ങിനെ രഞ്ജിത്ത് കുഞ്ഞബ്ദുള്ളയുടെ നോമ്പ് തുറപ്പിച്ചു......
ബെല്ലടിച്ചു ക്ലാസ്സിലേക്ക് കുട്ടികൾ ഇരച്ചു കയറി...
അന്ന് വൈകുന്നേരം കുഞ്ഞബ്ദുള്ള വാങ്ക് കൊടുക്കാൻ കാത്തിരുന്നില്ല. അടുക്കളയിലെ പത്തിരിയുടെയും കോഴിക്കറിയുടെയും മണം ഒട്ടും തന്നെ കൊതിപ്പിച്ചില്ല...
നാരങ്ങ വെള്ളത്തിനു അല്പം പോലും മധുരം തോന്നിയില്ല...
കുറ്റബോധം കുഞ്ഞബ്ദുള്ളയെ കീഴ്പെടുത്തിയിരുന്നു.. ഒരു രണ്ടു മണിക്കൂർകൂടി കാത്തിരുന്നെങ്കിലോ
ഒരു നോമ്പിന്റെ കൂലി നഷ്ടപെടില്ലായിരുന്നു....
എല്ലാവരും ഊണ് മേശയിൽ മഗ്‌രിബ് നിസ്കാരം കഴിഞ്ഞു പള്ളിയിൽ നിന്നും വരുന്ന വാപ്പയെ നോക്കിയിരുന്നു....
വാപ്പ വന്നു
വാപ്പ കൈകഴുകി ഇരിക്കുന്നതിനിടയിൽ
ചോദിച്ചു
മോന്റെ പേരെന്താണെന്ന പറഞ്ഞെ?
രഞ്ജിത്....
കുഞ്ഞബ്ദുള്ളയുടെ തൊട്ടരികിൽ ഇരുന്ന് കൊണ്ടു മന്തൻ രഞ്ജിത്ത് പറഞ്ഞു....
നോക്കിയിരിക്കാണ്ട് കൈക്ക് മോനെ
ഉമ്മ സ്നേഹത്തോടെ പറഞ്ഞു...
രഞ്ജിത്ത് അന്ന് ആദ്യമായി കോഴിയിറച്ചിയും പത്തിരിയും ആസ്വദിച്ചു കഴിച്ചു...
ഉമ്മ അബ്ദുവിന്റെ തല തടവിക്കൊണ്ട് അഭിമാനത്തോടെ വാപ്പയോടു പറഞ്ഞു : ങ്ങളെന്താ പറഞ്ഞ് ന്റെ കുട്ടി പത്തു നോമ്പുപോലും തെകക്കൂല ന്ന് ലെ..
നോക്ക്യേ നോമ്പു 17 ഉം കഴിഞ്ഞ്...
രഞ്ജിത്ത് കുഞ്ഞബ്ദുള്ളയുടെ കാലിൽ ഒന്ന് ചവിട്ടി.. കുഞ്ഞബ്ദുള്ള ചിരിച്ചുകൊണ്ടു തിരിച്ചും...........
ന്താ കുട്ട്യോളെ ങ്ങള് ചിരിക്കണ്? വാപ്പ ചോദിച്ചു
കുഞ്ഞബ്ദുള്ള :ഏയ് ഒന്നുല്ല....... (ചിരി )

 

 

 

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ