മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

കഴുത്തിൽ കുരുക്കിയ കയറുമായി ഓടി വരുന്ന പശുവും, കയറിനറ്റം പിടിച്ച് പിറകെ ഓടുന്ന ഉടമസ്ഥനും. പത്രവായനയിൽ നിന്നും തല ഉയർത്തിയപ്പോൾ റോഡിനപ്പുറത്തുള്ള വിശാലമായ പറമ്പിലെ

പുലർകാല ദൃശ്യം അതായിരുന്നു. മുൻപ് കൃഷി ഭൂമിയായിരുന്നെങ്കിലും കാലങ്ങളായി ഒന്നും ചെയ്യാതെ കിടക്കുന്നത് കൊണ്ട് അവിടെ നിറയെ പുല്ലുണ്ട്. പച്ചപ്പ് കണ്ട് വെപ്രാളപ്പെട്ടതാണ് പശു. അയാളൊരു കുറ്റിയടിച്ച് കയർ അതിൽ കെട്ടിവെച്ചു. കുറ്റിയുടെ ബലം ഒന്നൂടി ഉറപ്പുവരുത്തി തിരിഞ്ഞു നടന്നു ...

പതിവുപോലെ ചൂടു ചായ ആസ്വദിക്കുന്നതിനോടൊപ്പം പത്ര വാർത്തകളിലൂടെ കണ്ണോടിച്ച് ഉമ്മറത്തിണ്ണയിൽ ഇരിക്കുകയായിരുന്നു ഞാൻ. നന്നായി കറുപ്പിച്ച ഒരു തലക്കെട്ടിൽ കണ്ണുടക്കി. ബുദ്ധിമാന്ദ്യമുള്ള പതിനാലുകാരിയെ ബന്ധു പീഡിപ്പിച്ചു ഗർഭിണിയാക്കിയതായിരുന്നു ആ വാർത്ത. പീഡനം സർവ്വസാധാരണം ആയി മാറിയിട്ടുണ്ടെങ്കിലും എന്തുകൊണ്ടോ ആ വാർത്ത മനസ്സിൽ ഒരു നോവ് പടർത്തി.

ഓർമ്മകൾ ഒരു മുപ്പത്തഞ്ചു വർഷം പുറകോട്ടോടി. അന്ന് സരോജിനി ടീച്ചർ പത്താം ക്ലാസ്സിലെ വിദ്യാർത്ഥികൾക്ക് പരീക്ഷയ്ക്ക് വരാവുന്ന പ്രധാന ചോദ്യങ്ങൾ പറഞ്ഞു തരുകയായിരുന്നു. പെട്ടെന്നാണ് പ്യുൺ ബേബി ചേട്ടൻ ഒരു തുണ്ട് പേപ്പറിൽ എഴുതിയ അറിയിപ്പുമായി ക്ലാസിലേക്ക് കടന്നു വരുന്നത്. "എട്ടു ബി യിലെ സുഹറയുടെ വീട് അറിയാവുന്ന കുട്ടികൾ ആരെങ്കിലും ഈ ക്ലാസ്സിൽ ഉണ്ടോ?" ടീച്ചറുടെ ചോദ്യത്തിന് ഉത്തരമായി ഞാൻ എഴുന്നേറ്റു നിന്നു. ബേബി ചേട്ടനെ പിന്തുടർന്ന ഞാൻ കണ്ടത് സ്കൂൾ മുറ്റത്തു നിർത്തിയിട്ട ഒരു അംബാസിഡർ കാറിലേക്ക് സൗദടീച്ചറും അംബുജാക്ഷി ടീച്ചറും ചേർന്നു സുഹറയെ കയറ്റുന്നതാണ്. ഇരുവരും അവളെ താങ്ങി പിടിക്കുമ്പോഴും അവൾ വയറു പൊത്തിപിടിച്ചു ഉറക്കെ കരയുന്നുണ്ടായിരുന്നു. ഗേറ്റ് കടന്നു പോയ ആ കാറും നോക്കി ഓഫീസ് മുറിയിലേക്ക് ഓടി.

സ്കൂളിൽ വെച്ചു കുട്ടികൾക്ക് സുഖമില്ലാതാകുമ്പോൾ അവരുടെ വീടിനടുത്തുള്ള കുട്ടികളോടൊപ്പം വീട്ടിലേക്ക് പറഞ്ഞയക്കും. അഥവാ ആശുപത്രിയിൽ കൊണ്ടു പോകേണ്ട അവസ്ഥ വരികയാണെങ്കിൽ വീട്ടിൽ വിവരം അറിയിക്കാനായി കുട്ടികളെ ഏൽപ്പിക്കും. വീടുകളിലും സ്കൂളിലും ടെലിഫോൺ സൗകര്യം അക്കാലത്തില്ലായിരുന്നു.

ഞാനും വേറെ രണ്ടു കുട്ടികളും കൂടി അവളുടെ വീട്ടിലേക്ക് നടന്നു. എന്റെ വീട്ടിൽ നിന്ന് വളരെ കുറച്ചു ദൂരമേയുള്ളു അവളുടെ വീട്ടിലേക്ക്. എങ്കിലും ആ വീട്ടിൽ അതിനുമുൻപ് ഞാൻ പോയിട്ടില്ല.

സുഹറയുടെ ബാപ്പ നാട്ടിലെ അറിയപ്പെടുന്ന ഒരു സമ്പന്നനാണ്. അങ്ങാടിയിൽ ഒരു ഹോട്ടലും, തടിമില്ലും, ഏക്കർ കണക്കിന് നെൽപാടങ്ങളും സ്വന്തമായിട്ടുണ്ട് അവർക്ക്‌. അവളുടെ ബാപ്പ ഹാജിയാർ ഒരു നാട്ടുപ്രമാണി കൂടിയാണ്... വലിയൊരു പറമ്പിന്റെ നടുവിലാണ് ആ ഇരുനില വീട്. മൂന്ന്‌ വിവാഹം കഴിച്ച ഹാജിയാർക്കു മൂന്നാമത്തെ ഭാര്യയിൽ വയസ്സുകാലത്ത് ഉണ്ടായ സന്താനമാണ് സുഹറ.

സാധാരണ കുട്ടികളിൽ നിന്നും അൽപ്പം കുറഞ്ഞ ബുദ്ധിയോടെ അവൾ വളർന്നു. അവളുടെ ഉമ്മച്ചി മാത്രമേ ഹാജിയാരുടെ 'ബീവി' ആയി ആ വീട്ടിൽ ഉണ്ടായിരുന്നുള്ളു. ആദ്യത്തെ രണ്ടു ഭാര്യമാരും അവരുടെ സ്വന്തം വീടുകളിലേക്ക് മാറിപ്പോയിരുന്നു.

കുട്ടികളായ ഞങ്ങൾക്ക് വീടിന്റെ അടുത്തേക്ക് പ്രവേശിക്കാനുള്ള അവസരം ലഭിക്കും മുൻപേ പുറം പണിക്കാരിൽ ഒരാൾ വന്ന് ആഗമനോദ്ദേശം ആരാഞ്ഞു, വിവരം അറിയിച്ച ഞങ്ങളോട് തിരിച്ചു പോയ്ക്കൊള്ളാനും അയാൾ പറഞ്ഞു.

അധിക ദിവസങ്ങൾ കഴിയും മുമ്പ് തന്നെ നാട്ടിൻപുറത്തൊരു ചൂടുള്ള വാർത്ത വാമൊഴിയായി പരന്നു. 'ഹാജിയാരുടെ മോള് ആശുപത്രിയിൽ പ്രസവിച്ചു.' മൂന്നാം ദിവസം അവളെ മാത്രം വീട്ടിലേക്ക് കൊണ്ടുവന്നു. ചോരക്കുഞ്ഞ് എവിടെ എന്ന്‌ ആർക്കുമറിയില്ല.

ജനിച്ച ഉടനെ ആ കുഞ്ഞിനെ അവളുടെ മാതാവിന്റെ കയ്യിൽ കൊടുക്കുന്നത് നേരിൽ കണ്ട ഒരു നാട്ടുകാരി നേർക്കാഴ്ച പങ്കുവയ്ക്കാൻ മാത്രം പലവീടുകളിലേക്കും ഇല്ലാത്ത സമയമുണ്ടാക്കി കഷ്ടപ്പെട്ട് കയറിയിറങ്ങി. ആ സ്ത്രീയുടെ മരുമകൾ അന്നേരം ലേബർ റൂമിൽ ഉണ്ടായിരുന്നു എന്നത് അവർ വാർത്തയ്ക്ക്‌ സത്യത്തിന്റെ പിൻബലം കൂടി കൊടുത്തിരുന്നു.

കുഞ്ഞെവിടെ എന്നത് മാത്രം ആർക്കും ഉത്തരം നല്കാനാവാത്ത ചോദ്യചിഹ്നമായി അവശേഷിച്ചു. ഊഹാപോഹങ്ങൾ വിഷം വമിപ്പിയ്ക്കുന്ന പലതരം കഥകളായി രൂപപ്പെട്ടുകൊണ്ടേയിരുന്നു. ആരും അതിന്റെ സത്യം തേടി പോയില്ല. അതിലാർക്കും താല്പര്യവുമില്ലായിരുന്നു.

അപ്പോഴും അവൾക്കെന്താണ് സംഭവിച്ചതെന്നു എനിക്ക് വ്യക്തമായിരുന്നില്ല. അവളുടെ പലപല ചിത്രങ്ങൾ ഓർമ്മയിൽ മിന്നി മറഞ്ഞു. എല്ലാ വിഷയത്തിനും പൂജ്യം മാർക്ക് വാങ്ങുന്ന കുട്ടിയാണെങ്കിലും എന്തുകൊണ്ടോ ടീച്ചർമാർക്ക് അവളെ ഇഷ്ടമായിരുന്നു. ചിലപ്പോൾ സ്കൂളിലേക്കുള്ള യാത്രയിൽ വഴിയിൽ നടന്ന് ഈണത്തിൽ പാട്ടുപാടും. കൈയിലുള്ള കടിച്ച നെല്ലിക്ക കൂട്ടുകാരോട് "വേണോ" ചോദിച്ച് ഉറക്കെ ചിരിക്കും. എപ്പോഴും കുലുങ്ങി ചിരിച്ചു കൊണ്ട് നടക്കുന്ന ആ പൊട്ടി പെണ്ണിനെ ചില ആൺകുട്ടികൾ ''കറുമ്പി'', ''തടിച്ചി'' എന്നൊക്കെ വിളിക്കും. അതു കേട്ടാലും അവൾ കുടുകുടെ ചിരിക്കും. അവളുടെ വലിയ വയറും ഒപ്പം കുലുങ്ങും.

സ്കൂളിലേക്ക് നടന്നു പോകുമ്പോൾ പലപ്പോഴും ഞങ്ങളും അവളെയും സംഘത്തെയും കടന്നുപോകാറുണ്ട്. അവളുടെ നീളൻ പാവാടയുടെ അരഭാഗം കഥകളിവേഷത്തെ ഓർമിപ്പിക്കും പോലെ വിരിഞ്ഞു നിൽക്കും. ഇടയ്ക്കിടെ വേഗത്തിൽ നടന്നു മുൻപിൽ എത്തി തിരിഞ്ഞു നിന്നു കൂടെയുള്ള കുട്ടികളോട് വർത്തമാനം പറയും. കളിച്ചും ചിരിച്ചും അവർ സ്കൂളിൽ എത്തുമ്പോഴേക്കും അസംബ്ലി കഴിഞ്ഞിട്ടുണ്ടാകും. ഒന്നും പഠിച്ചില്ലെങ്കിലും ഓരോ വർഷവും അവൾ അടുത്ത ക്ലാസ്സിലേക്ക് ജയിച്ചു കയറും!

പിതാവിന്റെ ഹോട്ടലിലെ ചില്ലുകൂട്ടിലെ സ്വാദേറും പലഹാരങ്ങൾ പൊതിഞ്ഞുകെട്ടികൊണ്ടുവന്ന് പങ്കുവയ്ക്കുന്നത് കൊണ്ട് ധാരാളം കുട്ടികൾ അവളുടെ കൂട്ടുകാരായി.

സ്വന്തം കുഞ്ഞ് ഗർഭിണി ആയതുപോലും അറിയാതെ പോയ അവളുടെ മാതാവിനെയും, പണത്തിനു വേണ്ടി ഓടി നടന്നു കുടുബത്തിൽ നടക്കുന്നത് ശ്രദ്ധിക്കാത്ത പിതാവിനെയും വിമർശിച്ചു വാചാലരാവാൻ, അന്യന്റെ കാര്യത്തിൽ മുഴുവൻ ശ്രദ്ധയും കൊടുത്തുപോന്നിരുന്ന നല്ലവരായ ചില നാട്ടുകാരിൽ ചിലർ സദാ ശ്രദ്ധിച്ചു പോന്നു. അവരുടെ ഉപ്പും ചോറും തിന്നു ജീവിക്കുന്നവർ പോലും നന്ദികേടിന്റ ദുർഗന്ധം നാട്ടിൽ പരത്തുവാൻ ഒട്ടും അമാന്തിച്ചില്ല.

എല്ലാത്തിനും കാരണക്കാരൻ അവരുടെ ഒരു അകന്ന ബന്ധു തന്നെ ആയിരുന്നു. ആ വീട്ടിലെ കാര്യസ്ഥൻ... ആലി. ''ആലിമാമ'' എന്ന് ബഹുമാനത്തോടെ അയാളെ വിളിച്ചിരുന്ന അവളുടെ നിഷ്കളങ്കതയെ ആ മനുഷ്യൻ ചൂഷണം ചെയ്യുകയായിരുന്നു. തന്റെ മകളുടെ പ്രായമുള്ള കുഞ്ഞിനോട് അയാൾ കൂടുതൽ അടുപ്പം കാണിച്ചിരുന്നത് മറ്റൊരു രീതിയിൽ ആയിരുന്നെന്നും ആരും മനസ്സിലാക്കിയില്ല.

പുറം പണിക്കാരായ ചില സ്ത്രീകൾ ആ കുട്ടിയിൽ നിന്നും സൂത്രത്തിൽ ചോർത്തിയെടുത്ത പല കാര്യങ്ങളും ആലിയുടെ പൊയ്മുഖം വെളിവാക്കുന്നതായിരുന്നു. എന്നിട്ടും ആലിയെ ചോദ്യം ചെയ്യാൻ മാത്രം ആരും ധൈര്യപ്പെട്ടില്ല. സമസ്യാ പൂരണം എളുപ്പമായിരുന്നു എങ്കിലും ഒരു പരാതിയും എവിടേക്കും പോയതുമില്ല. കളരി അഭ്യസിച്ചവൻ, എളിയിൽ തിരുകിയ കഠാരയുമായി നടക്കുന്നവൻ, എതിർക്കുന്നവനെ വകവരുത്തുന്നവൻ ഇതൊക്കെയായിരുന്നു ആലിയെ കുറിച്ചുള്ള വിശേഷണങ്ങൾ.

ഈ സംഭവത്തോടെ ആ കുടുംബം തകർന്നു. അവളുടെ ബാപ്പ ഒരുവശം തളർന്ന് കിടപ്പിലായി. അതിന്റെ പിന്നിലും ആലിയുടെ മർമ്മ പ്രയോഗമാണെന്ന് മറ്റൊരു കഥ. അധികം താമസിയാതെ ഹാജിയാർ ഈ ലോകത്തോട് വിട പറഞ്ഞു.. നാളുകൾക്കുള്ളിൽ തന്നെ അവളുടെ മാതാവും അദ്ദേഹത്തെ അനുഗമിച്ചു യാത്രയായി.

അങ്ങനെ ആലി ആ വീടിന്റെ അധിപനായി മാറി. ആരാലും ചോദ്യം ചെയ്യപ്പെടാതെ അയാൾ വിലസി. 'യെത്തീമായ' സുഹറയെന്ന കുട്ടിയെ സഹനുഭൂതിയോടെ സംരക്ഷിക്കുന്ന ആലി ചുരുങ്ങിയ കാലം കൊണ്ട് പലർക്കും വാഴ്ത്തപ്പെട്ടവനും ആയി.!!!! പാവപ്പെട്ട പെൺകുട്ടികളുടെ വിവാഹം സ്വന്തം ചിലവിൽ നടത്തികൊടുത്തും, അനാഥർക്ക് ഭവനം നൽകിയും ഉള്ളിലെ കറുപ്പിനെ അയാൾ വെളുപ്പിച്ചെടുത്തു.

കൊട്ടാരം സ്വന്തമാക്കിയവൻ രാജകുമാരിക്കൊരു കുടിൽ കെട്ടികൊടുത്തപ്പോഴും കരഘോഷം മുഴക്കിയവർക്കൊപ്പം കൂടി കഥയറിയാതെ അവളും കൈകൊട്ടി. സുഹറയെന്ന പാവം കാണികൾക്ക് മുന്നിലെ പൊട്ടിപ്പെണ്ണായിരുന്നു അപ്പോഴും.

ആലി ഇന്ന് ഒരു രാഷ്ട്രീയ പാർട്ടിയുടെ മുൻനിരക്കാരൻ ആണെന്നും സ്വന്തം തീരുമാനങ്ങൾ പ്രയോഗികമാക്കാൻ അനുസരണശീലമുള്ള അണികൾ ചുറ്റും തയ്യാറായി നിൽപ്പുണ്ടെന്നും കേൾക്കുമ്പോൾ ഒരു തരം പുച്ഛം എന്റെ ചുണ്ടുകളെ വക്രിച്ചു നിർത്തും.

ആ കുടിലിൽ ഇന്നും അവൾ ഏകയാണ്. ഒരു ചോരക്കുഞ്ഞിന്റെ കരച്ചിൽ പടിഞ്ഞാറൻ കാറ്റിനൊപ്പം കാതുകളിൽ തട്ടി കടന്നു പോകുമ്പോൾ അവൾ താളം തെറ്റിയൊരു താരാട്ടു മൂളുന്നുണ്ടാകും... വലിയ വയറിൽ ചുളിവ് വീണതും അതു താഴേക്കു തൂങ്ങിയാടുന്നതും അവൾ അറിയുന്നുണ്ടാവുമോ.? ഒരു നെടുവീർപ്പോടെ വീണ്ടുമൊരു മന്ദമാരുതനെ കാത്തിരുന്ന അവൾ മൂളുന്ന തരാട്ടു പാട്ടുകൾക്ക് ശ്രുതി ചേർക്കാനാകാതെ സന്ധ്യ ഇരുട്ടിന്റെ പുതപ്പിനുള്ളിൽ മുഖം മറയ്ക്കുന്നുണ്ടാകും.

കൂടില്ലാത്ത വളർത്തു തത്ത മുറ്റത്തെ ഒറ്റമര കൊമ്പിൽ ഇരുന്ന് ഇടയ്ക്കിടെ "ആലിമാമ'' എന്ന് ഉറക്കെ പറയുമ്പോൾ അവൾ ഇപ്പോഴും ആ പഴയ കൊച്ചു സുഹറയായി കുലുങ്ങി ചിരിക്കുന്നുണ്ടാവും.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ