mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

 

പുലർകാലെ എഴുന്നേൽക്കുന്നതാണ് രാമേഴ്ശ്ശന്റെ ശീലം. പച്ച വെള്ളം പോലും  ഇറക്കാതെ എന്നും അമ്പല ദർശനം നടത്തും. അമ്പലക്കുളത്തിൽ നീരാടിക്കുളിച്ച ശേഷം ഈറനുടുത്ത് പ്രദക്ഷണം വച്ച് ഭഗവാനെ

തൊഴും. ജോലിയുള്ളപ്പോഴും പിന്നീട് റിട്ടയർ ആയപ്പോഴും രാമേഴ്ശ്ശൻ തന്റെ ശീലം  തുടർന്നു പോന്നു. അന്നും അയാൾ പതിവുപോലെ അമ്പലദർശനം കഴിഞ്ഞ് വീട്ടിലെത്തി ഈറൻ മാറ്റി ആഹാരം കഴിക്കാനിരുന്നു. എണ്ണയിൽ ലയിച്ച പൊടി, സാമ്പാറ്, ചട്നി ഇവയിൽ യഥാവിധി മുക്കി ഇഡലി ഏഴെട്ടണ്ണം കഴിച്ചു. പുറമെ നാക്കിൽ വച്ചാലലിയുന്ന പൂവൻ പഴവും.

പാലൊഴിച്ച് കൊഴുപ്പിച്ച ഒരു മൊന്ത ചായുമായി അയാൾ തിണ്ണമേൽ വന്നിരുന്നു. അല്പം ലോക വാർത്തകൾ അറിയണമെന്നയാൾ നിനച്ചു. കുറെക്കാലമായി  പത്രവായന ഇല്ല. മകൻ സമ്മാനിച്ച ഫോണിലൂടെ ലോകവിവരങ്ങൾ അറിയുകയാണ് പതിവ്. ഫോണിലെ സ്ക്രീനിലൂടെ കണ്ണോടിക്കവെ സങ്കീർണ്ണത മുറ്റിയ ഭയാശങ്കകളി ലൂടെയാണ് ലോകം കടന്നു പോകുന്നതെന്ന് വേദനയോടെ രാമേഴ്ശ്ശൻ മനസ്സിലാക്കി. ഇന്നുവരെ കേട്ടുകേൾവിയില്ലാത്തെ അസുഖങ്ങൾ പടർന്നു പിടിക്കുന്നു. ഇന്നുവരെ കേൾക്കാത്ത  രോഗകാരികളും. ഭീതിജനകമായി അതിവേഗം പടർന്നുപിടിച്ച് ആളെക്കൊല്ലുന്ന ഒരു രോഗത്തെക്കുറിച്ചുള്ള വിവരണങ്ങളാണ്  മാധ്യമങ്ങൾക്കു മുന്നിൽ പുതുതായുള്ളത്. പെട്ടെന്ന് പ്രത്യക്ഷപ്പെടുന്ന പനി, ചുമ, ചുമച്ചു തുപ്പുന്നതിൽ രക്തത്തിന്റെ അംശവും. ഇതൊക്കെയാണ് പുതുതായി പടർന്നു പകരുന്ന രോഗത്തിന്റെ  ലക്ഷണങ്ങൾ. ഇതിനു ചികിത്സ പോലും ഇല്ല പോലും! ചൈനയാണത്ര അതിന്റെ പ്രഭവസ്ഥലം. ഈശ്വരാ വിശാലത്തിന്റെ മകൾ അവിടെ പഠനത്തിലാണെന്നാണ് അറിവ്. അതോ പഠനം കഴിഞ്ഞോ? രാമേഴ്ശ്ശൻ ഉടനെത്തനെ വിശാലത്തെ വിളിച്ചു. ചൈനയിലെ പഠനം കഴിഞ്ഞ് മകൾ കഴിഞ്ഞ മാസം  തിരിച്ചെത്തിയതായുള്ള വിവരം അറിഞ്ഞ് അയാൾ തെല്ലിട ആശ്വാസം പൂണ്ടു. രോഗം മറ്റു രാജ്യങ്ങളിലേക്ക് വ്യാപിക്കുകയാണ്. സിഗപ്പൂർ, മലേഷ്യ .... കണ്ണങ്കുട്ടി  മലേഷ്യയിലല്ലേ... അല്ല അവൻ ഗൾഫ് രാജ്യത്തെവിടെയോ  ആണ്. വിവരങ്ങളുടെ പ്രവാഹത്തിൽ രാമേഴ്ശ്ശന്റ കണ്ണുകടഞ്ഞു.                 

അയാൾ ഫോൺ ഓഫ് ചെയ്തു തെല്ലിട നേരം കണ്ണടച്ചു. ചൂടു പടരാനുള്ള സമയമായില്ല   എന്നിട്ടും അയാൾ വിയർത്തു. നെറ്റിയിൽ കൈപ്പടമമർത്തി അയാൾ ചാരുകസേലയിൽ  വന്നു കിടന്നു. ഇപ്പോൾ  കുളിരു കോരുന്നതായി തോന്നുന്നു. പനിയുടെ ആരംഭമാണോ? അങ്ങിനെ ആലോചിക്കുമ്പോഴാണ് തൊണ്ടയുടെ ഉൾഭാഗത്തു നിന്നും ഇതുവരെ അനുഭവിച്ചിട്ടില്ലാത്ത ചുമയുടെ പരമ്പരകൾ പ്രവഹിച്ചത്.  ആ ചുമ പേറിക്കൊണ്ടുവന്നതെന്തെന്ന് ഉപ്പുരസം നാക്കിലെത്തിയപ്പോഴെ രാമേഴ്ശ്ശനറിഞ്ഞുള്ളൂ.  

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ