മൂത്രശങ്ക സഹിക്കാൻ വയ്യാതെയാണ് ഭരതൻ ബസ്സിറങ്ങിയത്. പരിചയമില്ലാത്ത സ്ഥലമായതുകൊണ്ട് കാര്യം സാധിക്കുന്നതിനു പറ്റിയ ഇടം കണ്ടെത്താൻ ബുദ്ധിമുട്ടാണ്. മൂത്രശങ്കയോളം ആശങ്കയുള്ള മറ്റൊന്നില്ലെന്ന് അയാൾക്ക് അപ്പോൾ
തോന്നി. ടൗണിൽ നിന്നും ഇറച്ചി മാർക്കറ്റിൻറെ സമീപത്തുകൂടിയുള്ള പോക്കറ്റ് റോഡിലൂടെ ഭരതൻ ആളൊഴിഞ്ഞ സ്ഥലം തിരഞ്ഞ് വേഗത്തിൽ നടന്നു. ഇതിനിടയിൽ മൊബെെൽഫോൺ നിർത്താതെ ഒച്ചവെക്കുകയും അയാളത് കലി മൂത്ത് ഓഫാക്കുകയും ചെയ്തുകൊണ്ടിരുന്നു.
റോഡ് സെെഡിൽ തന്നെയുള്ള ഒരു പഴയ കെട്ടിടത്തിൻറെ പിൻവശത്താണ് ഭരതൻ ഭാരമിറക്കാൻ ഇടം കണ്ടെത്തിയത്. അണ പൊട്ടിയ പുഴപോലെയെന്ന ഉപമ അയാളോർത്തു. കെട്ടിടത്തിൻറെ പഴകിയ ജനൽപടിയിലിരുന്ന പല്ലി വളരെ സമർത്ഥമായി ഇര പിടിക്കുന്നത് കൗതുകത്തോടെ നോക്കിനിന്നു.
ഇന്ന് മോളുടെ ഏഴാം പിറന്നാളാണ്. കഴിഞ്ഞ രണ്ടു കൊല്ലവും ജോലിസബന്ധമായ തിരക്കു കാരണം മോളുടെ കൂടെ ആഘോഷിക്കാൻ കഴിഞ്ഞിട്ടില്ല. മോൾക്കത് വലിയ ദുഃഖം നൽകിയുട്ടുണ്ട്. അതുകൊണ്ട് ഇത്തവണ ആവർത്തിക്കില്ല. ഇവിടുത്തെ ക്ളെെൻറിനെ കണ്ടു കഴിഞ്ഞാൽ നേരെ വീട്ടിലേക്ക്. ഹാഫ് ഡേ ലീവ് ഉറപ്പിച്ചുവെച്ചിട്ടുണ്ട്. മോളുമായി തൃശ്ശൂര് പോകണം. അവൾക്കിഷ്ടമുള്ള ഉടുപ്പൊക്കെ വാങ്ങി കൊടുക്കണം. കേക്ക് വരുന്ന വഴിക്ക് ഓർഡർ ചെയ്തിരുന്നു - ഓരോന്ന് ഓർത്തോർത്ത് മൂത്രമൊഴിച്ച് തിരിഞ്ഞപ്പോൾ മുന്നിലൊരാൾ !.
'ചിത്രകാരനാണല്ലേ ?' മുന്നിൽ കെെകെട്ടി നിൽക്കുന്ന യുവാവ് ഗൗരവം വിടാതെ ചോദിച്ചു.
ഒരു നിമിഷം സംശയിച്ചതിന് ശേഷം ഭരതൻ തിരിഞ്ഞുനോക്കി. ചുമരിൽ താൻ മൂത്രമൊഴിച്ചതിൻറെ ജലരേഖകൾ ഒരു ചിത്രം പോലെ തോന്നിപ്പിച്ചു.
ഭരതൻ ചിരിച്ചുകൊണ്ട് യുവാവിനോട് പറഞ്ഞു; ' ഒരു യാത്ര കഴിഞ്ഞ് വന്നതാ, സഹിക്കാൻ പറ്റിയില്ല'
യുവാവ് ചിരിക്കുന്ന മട്ടൊന്നുമില്ല, അയാൾ തൻറെ വിരൽ ചുമരിൻറെ മുകൾ ഭാഗത്തേക്ക് ചൂണ്ടികൊണ്ട് ചോദിച്ചു;
' തനിക്ക് മലയാളം വായിക്കാൻ അറിയില്ലേ..'
ചുമരിൽ ഇവിടെ മൂത്രമൊഴിക്കുന്നത് ശിക്ഷാർഹമാണ് എന്ന് എഴുതിവെച്ചിരുന്നു.
ഒരു നാടൻ നായ നാവു നീട്ടി കിതച്ചുകൊണ്ട് ഉമിനീരൊലിപ്പിച്ച് അവരെ നോക്കി നിന്നു. ഭരതന് എന്തോ പന്തികേട് തോന്നി.
'ശ്രദ്ധിക്കാൻ പറ്റിയ ഒരു അവസ്ഥയിൽ അല്ലായിരുന്നു' ഭരതൻ യുവാവിനെ മറികടന്ന് മുന്നോട്ട് നീങ്ങി. കുറച്ച് മുന്നോട്ട് നടന്ന ശേഷം തിരിഞ്ഞുനിന്ന് യുവാവിനെ നോക്കി പുഞ്ചിരിച്ചു. 'ക്ഷമിക്കണം'
ഉമിനീരുമൊലിപ്പിച്ച് നിൽക്കുന്ന നായയല്ലാതെ ചുറ്റിലും മറ്റാരുമില്ലെന്ന് യുവാവ് ഉറപ്പുവരുത്തി.
ഭരതൻറെ ഫോൺ വീണ്ടും റിങ് ചെയ്യാൻ തുടങ്ങി. അയാൾ ഫോൺ അറ്റൻറ് ചെയ്ത് കുറച്ചു മുന്നോട്ട് മാറിനിന്നു.
'അച്ഛൻ ഇവിടൊരു ക്ളെെൻറിനെ കാണാൻ വന്നതാ, രണ്ടുമണിക്കുള്ളിൽ വീട്ടിലെത്തും, മോൾ ഒരുങ്ങി നിന്നോ' ഭരതൻ ഫോണിൽ സംസാരിക്കുകയാണ്.
യുവാവ് ഒരു സിഗരറ്റെടുത്ത് കത്തിച്ചു. ഇരുത്തി വലിച്ചതിനു ശേഷം ഒരു സാന്പിൾ പാക്കറ്റ് ബിസ്ക്കറ്റ് പൊട്ടിച്ച് ഒരു ബിസ്ക്കറ്റ് നായക്ക് എറിഞ്ഞുകൊടുത്തു. നായ അത് ആർത്തിയോടെ എടുത്ത് തിന്നു.
ഭരതൻ ഫോൺ കട്ട് ചെയ്ത് വന്ന വഴി തിരിച്ചു നടന്നു. അയാളെ തടഞ്ഞുകൊണ്ട് യുവാവ് വിളിച്ചു പറഞ്ഞു.
'ഇത് തൻറെ തന്തയുടെ വക സ്ഥലമല്ല'
ഭരതൻ തിരിഞ്ഞു നിന്നു. സംശയത്തോടെ യുവാവിനെ നോക്കി. 'മോൻ എന്താ പറഞ്ഞേ'
'തനിക്ക് മുള്ളാനും തൂറാനും ഇത് നിൻറെ തന്തയുടെ സ്ഥലമല്ലാന്ന്' യുവാവ് ക്ഷോഭത്താൽ വിറച്ചു.
തൻറെ മകനാവാൻ പ്രായമുള്ള ഒരുത്തൻ
ഇതാ ഒരു നിസാരകാര്യത്തിന് തൻറെ അച്ഛനെ വിളിക്കുന്നു. ഇതിനു മുൻപ് ഇങ്ങനെ വിളിച്ചവർക്കൊക്കെ താൻ കെെയ്യൂക്കുകൊണ്ട് മറുപടി കൊടുത്തിട്ടുണ്ട്. ഇവനും അത് തന്നെ കൊടുക്കണം. ഒറ്റനിമിഷത്തിൽ ഓടിയെത്തി ഭരതൻ യുവാവിനെ അടിച്ചുവീഴ്ത്തി. എന്താണ് സംഭവിച്ചതെന്നറിയാതെ യുവാവ് നിലത്തുകിടന്ന് ചുറ്റുംനോക്കി. കുറച്ചുമാറി നിന്ന് ഭരതൻ കിതച്ചു.
അടിയുടെ ആഘാതത്തിൽ യുവാവിൻറെ കെെയ്യിൽ നിന്നും തെറിച്ചുവീണ ബാക്കി ബിസ്ക്കറ്റ് തിന്നുന്ന തിരക്കിലായിരുന്നു തെരുവുനായ.
ഭരതന് കുറ്റബോധം തോന്നി. അയാൾ യുവാവിൻറെ സമീപത്തേക്ക് നടന്നു.
എത്ര പെട്ടെന്നാണ് മനുഷ്യൻ മൃഗമായി മാറുന്നത് ?. അയാൾ യുവാവിന് എഴുന്നേൽക്കാൻ കെെനീട്ടി. യുവാവ് ശരീരവേദന കടിച്ചമർത്തി ഭരതൻറെ കെെയ്യിൽ പിടിച്ച് എഴുന്നേറ്റു.
ഒരു വൃദ്ധൻ സെെക്കിൾ ചവുട്ടി അതുവഴി വന്നു. ഭരതൻറെയും യുവാവിൻറെയും നിൽപ്പിൽ അസ്വഭാവികത തോന്നിയ
വൃദ്ധൻ അവരുടെ സമീപത്തേക്ക് വന്നു.
'എന്തെങ്കിലും പ്രശ്നമുണ്ടോ ?'
'ഹേയ്, ഒന്നു കാല് തെറ്റി വീണതാ' യുവാവും ഭരതനും ഒരേ താളത്തിൽ പറഞ്ഞു.
'ഏതോ പാർട്ടിക്കാരനെ, ആരോ കുത്തികൊന്നിട്ടുണ്ട്. ഉച്ഛക്കുശേഷം ഹർത്താലായിരിക്കും' എന്നും പറഞ്ഞ് വൃദ്ധൻ പോയി മറഞ്ഞു.
'ഞാൻ ചെയ്തത് തെറ്റാണ്, പക്ഷെ മനപൂർവ്വമല്ല. പിന്നെ, ഇതിപ്പം ആരും ചെയ്യാത്തതൊന്നുമല്ലല്ലോ' ഭരതൻ തൻറെ ഭാഗം ന്യായീകരിച്ചുകൊണ്ടിരുന്നു.
'നീ അച്ഛനെ വിളിച്ചതുകൊണ്ടാണ് ഞാൻ പ്രതികരിച്ചത്. അത് മറന്നേക്ക് '
ഭരതൻറെ തോളത്തുണ്ടായിരുന്ന ബേഗിൻറെ സെെഡിൽ നിന്നും മിനറൽ വാട്ടറിൻറെ കുപ്പി യുവാവ് വലിച്ചെടുത്തു. കുറച്ചുവെള്ളം കുടിച്ച് ബാക്കിയുള്ളതുകൊണ്ട് മുഖം കഴുകി. തൂവാലയെടുത്ത് മുഖം തുടച്ച് ഭരതനു നേരെ നിന്നു.
'കിട്ടിയതൊക്കെ തിരിച്ചുകൊടുത്തിട്ടാണ് ശീലം. അപ്പൻറെ പ്രായമുള്ളവനാണെങ്കിലും ശരി. അപ്പനാണെങ്കിലും ശരി' - യുവാവിൻറെ മുഖം ചുവന്നു. കണ്ണുകൾ മൂർച്ചിച്ചു. ഒരു വേട്ടമൃഗത്തെപ്പോലെ ഭരതനുമീതെ ചാടിവീണു.
നടുറോഡിൽ കിടന്ന് രണ്ട് മനുഷ്യർ തെരുവ് നായ്ക്കളെപോലെ തല്ലുകൂടുന്നത് സമീപത്തിരുന്ന് ഒരു തെരുവ് നായ ആസ്വദിച്ചുകൊണ്ടിരുന്നു.
ഒട്ടും അയഞ്ഞുകൊടുക്കാതെ രണ്ടുപേരും പല്ലുകൊണ്ടും നഖംകൊണ്ടും പരസ്പരം കീറി പൊളിച്ചു. യുവാവിൻറെ ചെവി കടിച്ചുപറിച്ച് ഭരതൻ ചോര തുപ്പി. അവൻ അലറാതിരിക്കാൻ വായിലേക്ക് തൂവാല കുത്തിയിറക്കി. മനുഷ്യൻറെ കുടൽമാല കഴുത്തിലണിഞ്ഞ സിംഹത്തെ പോലെ ഭരതനെ കണ്ടപ്പോൾ യുവാവിന് തോന്നി.
ഭരതൻ എഴുന്നേറ്റ് തൂവാലകൊണ്ട് ചോരതുടച്ചു. അയാൾ നല്ലപോലെ കിതക്കുന്നുണ്ടായിരുന്നു.
'ദെെവമേ..' അയാൾ ദീർഘനിശ്വാസം വിട്ടു.
കുറച്ചു സമയത്തിനുശേഷം തെറിച്ചുകിടന്ന ബേഗെടുത്ത് തോളത്തിട്ട് അവശനായി കിടക്കുന്ന യുവാവിൻറെ സമീപത്തേക്ക് ചെന്നു.
'നമ്മളിതിവിടെ നിർത്തുകയാണ്'
യുവാവിൻറെ വായിലെ തൂവാല വലിച്ചെടുത്ത് ദൂരെ കളഞ്ഞ് ഭരതൻ വേഗത്തിൽ നടന്നുപോയി.
യുവാവ് വേദന കടിച്ചമർത്തി കമിഴ്ന്നുകിടന്നു.
വളവ് തിരിയുന്പോൾ രണ്ട് മൂന്നുപേർ അതി വേഗത്തിൽ അതുവഴി വന്നു.
'ചേട്ടാ ഒരു നീല ഷർട്ടിട്ട വെളുത്തു മെലിഞ്ഞ ഒരാൾ ഇതുവഴി പോകുന്നത് കണ്ടോ ? '
ഭരതൻ ഓർത്തു. അതെ ഇതവനാണ്. തൻറെ കൂടെ ഇത്രയും നേരം പോരുവിളിച്ച് കിടന്നവൻ - ഭരതൻ തൻറെ ചൂണ്ടുവിരൽ വന്ന വഴിയിലേക്ക് ചൂണ്ടി. വന്നവർ അങ്ങോട്ടേക്ക് ഓടി. അതിൽ ഒരുവൻ ഭരതനോട് പറഞ്ഞു. 'തലക്ക് സ്ഥിരതയില്ലാത്ത കുട്ടിയാണേ..'
ഭരതന് തന്നോട് തന്നെ പുച്ഛം തോന്നി. താൻ അഹന്ത മൂത്ത് പോരടിച്ചുകൊണ്ടിരുന്നത് മാനസികനില തെറ്റിയ ഒരാളോടായിരുന്നോ ?
പഞ്ചായത്ത് പെെപ്പ് തുറന്ന്, കാലും കെെയ്യും കഴുകി. ചീർപ്പെടുത്ത് മുടിയും ചീകി. മുന്നോട്ട് നടക്കുന്പോൾ ഭരതൻറെ ചുണ്ടിൽ ഇളിഭ്യതയുടെ ഒരു ചിരി വിരിഞ്ഞു.
' ഛെ ! '
ഭരതൻ ഫോണെടുത്ത് മകളെ വിളിച്ചു. ഇവിടുത്തെ പരിപാടി കാൻസൽ ചെയ്തു. അച്ഛൻ നേരത്തെ വരാൻ തീരുമാനിച്ചെന്ന് പറഞ്ഞതും, തലയുടെ പിൻവശത്ത് ഒരു വലിയ ഭാരം വന്ന് വീണു. തലക്കുളളിൽ നിന്നും രക്തം തെറിച്ചു. ഭരതൻ നിലതെറ്റി താഴെ വീണ് പിടഞ്ഞു. പതിയെ പതിയെ ശ്വാസം നിലച്ചു.
പിന്നിൽ, കെെയ്യിലൊരു വലിയ കന്പി കഷ്ണവുമായി
യുവാവ് അലറി വിളിച്ചു നിൽക്കുന്നു !.
'പൊതു സ്ഥലത്ത് മൂത്രമൊഴിക്കുന്നത് ശിക്ഷാർഹമാണെടാ, കഴുവേറി മോനേ...'