mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

"ചേട്ടായി അച്ഛനെങ്ങനുണ്ട്" വെളുപ്പിന് 4.00 മണിക്കുള്ള പെങ്ങൾ ലൈവ് ചാറ്റിൽ, അയാൾ പ്രത്യേകിച്ചൊരു മറുപടി പറഞ്ഞില്ല. ലോക്ക് ഡൗൺ കഴിഞ്ഞതോട അച്ഛൻ കിടപ്പിലായത് അവൾക്കറിവുള്ളതോണ്ട് ഒന്നും പറയാൻ

തോന്നിയില്ലെന്നുള്ളതാണ് വാസ്തവം. "ഇന്നലെ ഞാൻ വീഡിയോ കാൾ ചെയ്തിരുന്നുവെങ്കിലും അച്ഛന് മനസ്സിലായില്ലെന്നു തോന്നുന്നു." "ആരാ ചേട്ടാ കുഞ്ചി !!. ഞാൻ വിളിച്ചപ്പോഴും പ്രതികരിക്കാതെ കുഞ്ചിയെയാണ് തിരക്കുന്നത്. അച്ഛന് സോഡിയം കുറയുന്നുവെന്നു തോന്നുന്നു, ഒന്നു പരിശോധിക്കണം" അവൾ പിന്നെയും എന്തൊക്കെയോ പറഞ്ഞു കൊണ്ടേയിരുന്നു. പാതി ഉറക്കത്തിലായതോണ്ട് അയാൾ പലതും ശ്രദ്ധിച്ചില്ലായിരുന്നു. പെങ്ങൾ പത്തു വയസോളം ഇളയതാണ്, പത്തുപതിനഞ്ചുകൊല്ലമായി അമേരിക്കയിലാണ്. അച്ഛന്റെ വാത്സല്യഭാജനമായിരുന്നു." നീ എന്നാ വരുന്നത്".. അയാൾ കിടക്കാനുള്ള ആഗ്രഹം കലശലായപ്പോൾ ഫോൺകാൾ അവസാനിപ്പിക്കുന്നതിനോടെന്നവണ്ണം ചോദിച്ചു." അതു ചേട്ടായി കോവിഡ് കാലമല്ലേ നേരിട്ട് ഫ്ലൈറ്റുമില്ല, ഉടനെ വരവ് നടക്കുമെന്ന് തോന്നുന്നില്ല.. അവൾ എക്സിക്യൂസുകൾ നിരത്തി.. ഫോൺ വെച്ചു വീണ്ടും കിടക്കയിലേക്ക് മറിഞ്ഞപ്പോൾ നല്ലൊരുറക്കത്തിനായി അയാൾ ആഗ്രഹിച്ചിരുന്നു.

"അല്ല, ഇതെന്തൊരു ഉറക്കമാണ്, ഒന്നെഴുനേറ്റെ..സമയമെത്രയായന്നാ വിചാരം, കേളേത്തെ ഓപ്പോൾ വന്നിട്ടുണ്ട്, നിങ്ങളെ തിരക്കുന്നു." ഭാര്യ കുലുക്കിയുണർത്തി ചായയുമായി നില്ക്കുന്നു. ചായ കുടിച്ചു കൊണ്ടിരിക്കേ അവൾ കമ്പിയിട്ട മഞ്ഞപ്പല്ലു കാണിച്ചു കിലുങ്ങിച്ചരിച്ചു." അച്ഛൻ ഒരു കുഞ്ചിയെ തിരക്കുന്നു. ആരാ അത്? ഓപ്പോളിനും രമയ്ക്കുമൊന്നും അറില്ലല്ലോ? നിങ്ങടെയല്ലേ അച്ഛൻ, പഴയ അടുപ്പക്കാരികൾ വല്ലതുമായിരിക്കും!!.
ചായ കപ്പുമായി അവൾ പോയപ്പോൾ അയാളും വെറുതെ ആലോചിക്കാതിരുന്നില്ല. സോഡിയം കുറയുമ്പോൾ സാധാരണ പഴയ ഓർമ്മകളൊക്കെ വരുമായിരിക്കുമെന്ന് കേട്ടിട്ടുണ്ട്. പണ്ട് മുത്തച്ഛൻ മരിക്കുന്ന കാലത്ത് പഴയ കൂട്ടുകാരെ ഒക്കെ കട്ടിലിൽ കിടന്നു വിളിച്ചിരുന്നത്, അയാളുടെ ഓർമ്മയിൽ തെളിഞ്ഞു.. അന്നൊക്കെ തറവാടു നിറയെ ആളുകളായിരുന്നു. പല സഥലങ്ങളിലുള്ള മക്കളും പേരക്കുട്ടികളുമെല്ലാം അപ്പൂപ്പന്റെ കട്ടിലിനു ചുറ്റുമിരിക്കുമ്പോഴാണ് മരണം സംഭവിച്ചത്.
അച്ഛന്റെ ഉറക്കെയുള്ള വിളികൾ കേട്ടുകൊണ്ടാണ് അയാൾ റൂമിലേക്ക് ചെന്നത്. അയാളെ കണ്ടപ്പോൾ ഓപ്പോൾ പരാതി പറഞ്ഞു, ചിറ്റപ്പൻ ഇത്രേം സുഖമില്ലാതിരുന്ന കാര്യം അറിയിക്കാതിരുന്നതിന്. വല്യച്ചന്റെ മോളാണ്. അടുത്തായിരുന്നു നേരത്തെ താമസിച്ചിരുന്നത്. ഇപ്പോൾ മക്കളുടെ കൂടെ ടൗണിലാണ്. താൻ പുറത്തായതു കൊണ്ട് ഇപ്പോൾ എന്തേലും വിശേഷങ്ങൾക്ക് മാത്രം കാണുന്നതു കൊണ്ടോയെന്തോ അസുഖ വിവരങ്ങൾ ഒന്നും അറിയിച്ചിരുന്നില്ല." എടാ രമേശാ ആരാ അച്ഛൻ തിരക്കി കൊണ്ടിരിക്കുന്ന കുഞ്ചി... അറിയുന്ന വല്ലവരും ആണെങ്കിൽ ഒന്നു വിളിക്കടാ ...ഞാൻ വന്നിട്ടിപ്പോൾ രണ്ടു മണിക്കൂറായി , ഇതിനിടെ ഒരു പത്തിരുപത് തവണയെങ്കിലും അച്ഛൻ തിരക്കിക്കൊണ്ടിരുന്നു." അയാൾക്ക് അല്പം അസ്വസ്ഥത തോന്നാതിരുന്നില്ല. ഓപ്പോൾ പണ്ടെ ഒരു ആകാശവാണിയാണ്. ഇതി ഇതിന്റെ വെർഷൻ കൂട്ടുകുടുംബം മുഴുവൻ എത്തിക്കും." രമയെ പൊന്നുന്നല്ലെ വിളിക്കുന്നേ, അവളാകാൻ വഴിയില്ല എന്നാലും അവൾക്കൊന്നു വരാരുന്ന്, ചിറ്റപ്പന് അവളെ കാണുമ്പോ ഒരു സന്തോഷമൊക്കെ വന്നേനെ"...അയാൾ അച്ഛനെ വെറുതെ നോക്കി നിന്നു.. അച്ഛൻ കണ്ണടച്ചു കിടക്കുകയാണ് , ഉറക്കമായോ? കുഞ്ചി വിളികൾ ഇപ്പോൾ കേട്ടുകൊണ്ടാണെല്ലോ വന്നത്. അച്ഛനെ ഉണർത്തേണ്ട എന്നു കരുതിയപ്പോൾ ഓപ്പോളിന്റെ ശബ്ദുയർന്നു." ചിറ്റപ്പാ കണ്ണു തുറന്നേ
കുഞ്ചി ആരാന്നു പറഞ്ഞാൽ ഓൻ വിളിച്ചോണ്ടുവരും" ഓപ്പോളിനോടയാൾക്ക് ഈർഷ്യം തോന്നി
അച്ഛൻ . ഞെട്ടിയ പോലെ കണ്ണു തുറക്കുന്നതു കണ്ടു ചുണ്ടിൽ ഒരു വരണ്ട ചിരി പടർത്തി അയാളെ നോക്കി വീണ്ടും ഉറക്കത്തിലേക്ക് ആണ്ടു.അസുഖം മൂർച്ചിച്ചതിൽ പിന്നെ അയാൾ അധിക സമയം അച്ഛനടുക്കൽ ചിലവഴിച്ചിട്ടില്ലാത്തതിനാൽ ഓപ്പോളിനോട് കുശലാന്വേഷണം നടത്തി രാവിലത്തെ തിരക്കുകളിലേക്ക് കടന്നു.

"'ടേയ്, നീ ആ ബാർബറെ ഒന്നു വിളിച്ചേ", രാവിലെ കെട്ടിടം പണി സ്ഥലത്തേക്കിറങ്ങിയപ്പോൾ ഓപ്പോൾ പുറകിൽ നിന്നു വിളിച്ചു അയാളെ ഓർമ്മപ്പെടുത്തി ." അച്ഛൻ രണ്ടു മൂന്നു ദിവസമായി തിരക്കുന്നു, ബാലൻ കട തുറക്കാത്തത് കൊണ്ട് വീട്ടിൽ കാണില്ലേ?"." അതിനു ബാലൻ വന്നാൽ അച്ഛന് ശരിയാവുവോ ഓപ്പോളെ, ടൗണിലെ ജെൻസ് പാർലറിലെ ചെക്കനാണ് അച്ഛന്റെ മുടി വെട്ടണത്"
അയാൾ ചെറുചിരി പാസ്സാക്കി സംശയിച്ചു നിന്നു." അതു സാരല്യ .. അവൻ ഈ നാട്ടുകാരനല്ലല്ലോ, in ബംഗാളിയാണെന്ന് അച്ഛൻ പറയുന്നത് പണ്ട് ഞാനും കേട്ടിട്ടുള്ളതാ, നീ ബാലന്റടുത്ത് പറയു, എന്റെ കുട്ട്യോള് ജോലിക്ക് പുറത്തു പോകുന്നതുവരെയും അവനല്ലെ തലമുടി വെട്ടിയിരുന്നത്", ചേച്ചി വിടാൻ ഭാവമില്ലെന്ന് മനസ്സിലായതോടെ അയാൾ തലയാട്ടി വാഹനത്തിനടുത്തേക്ക് നടന്നു. അച്ഛന്റെ മുടിയും താടിയുമെല്ലാം വളർന്നിരിക്കുന്നത് അയാളും കണ്ടിരുന്നു. ലോക്ക്ഡൗൺ കാലത്തു കടകൾ തുറക്കാൻ തുടങ്ങാത്തത് കൊണ്ട് അയാൾ അതിനെക്കുറിച്ച് വേവലാതിപ്പെട്ടില്ലെന്നു മാത്രം.

കാറിൽ പോകുമ്പോഴും അയാളുടെ ചിന്ത അച്ഛനെ കുറിച്ചായിരുന്നു. അച്ഛന്റെ എഴുപതാം പിറന്നാൾ കഴിഞ്ഞ മാസമായിരുന്നു.
സർക്കാർ സർവീസിൽ നിന്നും റിട്ടയർ ചെയ്തിട്ട് വർഷം ഇരുപത്തിയഞ്ചു കഴിഞ്ഞുവെങ്കിലും അച്ഛൻ തന്നെയായിരുന്നു, കുടുംബത്തിന്റെ അമരത്ത്. റിട്ടയർമെന്റിനു ശേഷം അച്ഛൻ നഗരാതിർത്തിക്കുള്ളിലുള്ള ഭൂമിയിൽ ഷോപ്പിംഗ് കോംപ്ലക്സ് പണി കഴിപ്പിച്ചു വാടകയ്ക്ക് നൽകിയും അവിടെ തന്നെ ടൂറിസ്റ്റ് ഹോം നടത്തിയുമൊക്കെയാണ് കഴിഞ്ഞു വന്നത്. ഗൾഫിൽ പോയ താൻ ജോലി നഷ്ടപ്പെട്ട് കഷ്ടപ്പെട്ടപ്പോഴും നാട്ടിൽ വന്നു തന്നെ സഹായിച്ചു നിൽക്കാൻ ഒരിക്കൽപ്പോലും പറയാത്തത് ഭാര്യയ്ക്കും ഭാര്യവീട്ടുകാർക്കുമൊക്കെ അരിശം തോന്നിയ കാര്യമാണ്, തനിക്ക് അല്പം പരിഭവവും!!

വൈകിട്ട് വീട്ടിലെത്തിയിട്ടും തന്നെ കാണത്തതു കൊണ്ടോയെന്തോ അച്ഛൻ അന്വേഷിക്കുന്നതായി മോൻ വന്നു പറഞ്ഞപ്പോഴാണ്, തിരക്കിനിടയിൽ അച്ഛന്റെടുത്തേക്ക് പോയില്ലായെന്ന് ഓർമ്മിച്ചത്." നീ കടകളിൽ നിന്നും വാടക വാങ്ങിയോ ? അച്ഛന്റെ സ്വരം വല്ലാതെ നേർത്തിരുന്നു. അച്ഛന്റെ ഓർമ്മ തിരിച്ചു കിട്ടിയതായി അയാൾക്ക് തോന്നി. തീയതി പത്തായിരിക്കുന്നു! തിരക്കുപിടിച്ച ജോലികൾക്കിടയിൽ താനതു വിട്ടു പോയ വിവരം പറഞ്ഞില്ലെങ്കിലും അച്ഛന്റെ മുഖത്ത് അനിഷ്ടം തെളിഞ്ഞു വന്നതു ശ്രദ്ധിക്കാതിരുന്നില്ല."ബാലൻ വന്നില്ലെ അച്ഛാ"? അച്ഛന്റെ മുഖത്തെ ജരാനരകൾ LED ട്യൂബിന്റെ അരണ്ട വെളിച്ചത്തിലും തിളങ്ങി നിൽക്കുന്നതു കണ്ടപ്പോൾ വിഷയം മാറ്റാനായി ചോദിച്ചുവെങ്കിലും മറുപടിയുണ്ടായില്ല. ലോക്ക് ഡൗൺ കാരണം പതിവു ചെക്കപ്പുകളെല്ലാം നിന്നിരിക്കുന്നത് അച്ഛനെ അസ്വസ്ഥതപ്പെടുത്തുന്നതായി അയാൾക്ക് തോന്നി. അച്ഛൻ പിച്ചവെച്ചു നടക്കാൻ പഠിക്കുന്ന രണ്ടു വയസുകാരനെ പോലെ ആയിരിക്കുന്നു. നടത്തത്തിനു ചെറിയ വിറയലുള്ള പോലെ തോന്നുന്നു. രണ്ടോ അതിലധികമോ വീഴ്ച്ചകൾ രണ്ടാഴ്ച്ചക്കുള്ളിൽ നടന്നിരിക്കുന്നു. ഇനി വീഴരുതെന്നാണ് ഡോക്ടർ ഫോണിൽ വാണിംഗ് തന്നിരിക്കുന്നത്.അച്ഛന്റെ അസുഖങ്ങളുടെ വിവരശേഖരണം തന്റെ കൈയ്യിൽ കമ്മിയാണെന്നുള്ളത് അയാളെ വിമ്മിട്ടപ്പെടുത്തി. എല്ലാം ഒറ്റയ്ക്ക് ചെയ്യാനായിരുന്നു എന്നും അച്ഛന് ഇഷ്ടം. താനതിൽ ഇടപെടാറുമില്ലായിരുന്നു. അമ്മയുടെ അസാന്നിദ്ധ്യം അച്ഛനെ കൂടുതൽ ഉൾവലിച്ചതായി അയാൾക്ക് തോന്നി.
" അച്ഛനാ ബാർബർ ബാലൻ വന്നെങ്കിലും മുടി വെട്ടിക്കുവാൻ കുട്ടാക്കീല്ലട്ടോ" റൂമിലെത്തിയപ്പോൾ ഭാര്യയുടെ സ്വരത്തിൽ അച്ഛനോടുള്ള നീരസം തെളിഞ്ഞു നിൽക്കുന്നതായി അയാൾക്ക് തോന്നി. ബാലൻ വന്നെങ്കിലും കുറച്ചുനേരം ചേച്ചിയോട് നാട്ടുകാര്യങ്ങൾ സംസാരിച്ചിരുന്നതല്ലാതെ അച്ഛൻ മുടി വെട്ടിച്ചില്ലത്രെ, അതിന്റെ പേരിൽ ചേച്ചി അച്ഛനോട് ഒന്നും രണ്ടും പറഞ്ഞ് ദേഷ്യപ്പെടുകയും ചെയ്തു. ആ ദേഷ്യത്തിലോയെന്തോ ഓപ്പോൾ സ്വന്തം വീട്ടിലേക്ക് മടങ്ങിയതാണ് യഥാർത്ഥത്തിൽ അവളെ ആശയകുഴപ്പത്തീലാക്കിയതെന്ന് തോന്നുന്നു." ദേ നോക്കിയേ അച്ഛന് നല്ല ദേഷ്യമാ ഇപ്പോൾ എല്ലാ കാര്യത്തിനും.. മറ്റാരുടേയെങ്കിലും സഹായമില്ലാതെ എനിക്ക് ഒറ്റയ്ക്ക് പാടാണേ" അവളുടെ അനിഷ്ടം പുറത്തേക്ക് ചാടി. അയാൾക്ക് അത്ഭുതം തോന്നി. ഒരാഴ്ച്ച മുൻപ് വരെ അച്ഛന്റെ ശബ്ദം പൂമുഖത്ത് ഉയർന്നാൽ അടക്കിപിടിച്ചു സംസാരിക്കുന്നവളായിരുന്നു." ലോക്ക് ഡൗൺ കാലവും കോവിഡ് കാലമൊക്കെ ആയതു കൊണ്ട് താൻ നാട്ടിൽപ്പെട്ടു പോയതാ .... ഇവൾ ഇങ്ങനൊക്കെ തന്നാണോ പെരുമാറിയിരുന്നത്? കുറച്ചു നാൾ ശരിക്കും പറഞ്ഞാൽ അമ്മ മരിച്ചതിൽ പിന്നെയാണ് കുടുംബം നാട്ടിൽ തന്നെ തങ്ങിയത്.. അച്ഛനെ സഹായിക്കാൻ ഒരു ആളെ നിർത്തണമെന്ന് അയാൾക്കു തോന്നി. അച്ഛന്റെ സ്വന്തം പണിക്കാരെ ആരെങ്കിലും വിളിച്ചു ചോദിക്കാം .... രാത്രി ഭക്ഷണം അച്ഛന്റെ റൂമിൽ അയാൾ തന്നെയാണ് കൊണ്ടുപോയത്. ഭക്ഷണം കഴിച്ചെന്നു വരുത്തി അച്ഛൻ കിടന്നപ്പോൾ അയാളുടെ കണ്ണുനിറഞ്ഞു. നാലുവർഷമായി ചികിത്സയിലാ അച്ഛൻ : രോഗത്തിന്റെ ഫോർത്ത് സ്റ്റേജാണ്. റ്വ വലിയ ഹോപ്പാന്നുമില്ലെന്നാ ഡോക്ടർ പറയുന്നത്. എല്ലുകൾക്കുള്ള ബലക്ഷയം കൂടി വരുന്നതാണ് ഈ അസുഖത്തിന്റെ പ്രത്യേകത. കിടക്കുന്നതിന്റെ മുൻപ് ടോയ്ലറ്റിൽ കൊണ്ടുപോയപ്പോൾ അയാൾക്ക് അത് ബോധ്യപ്പെടുകയും ചെയ്തു.
റൂമിൽ വന്നു ഉറങ്ങാൻ കിടന്നപ്പോൾ രമ വരാത്തതും ഓപ്പോൾ പോയതിനെപ്പറ്റിയും അച്ഛന്റെ വാശിയെക്കുറിച്ചുമെല്ലാം ഭാര്യ വാതോരാതെ സംസാരിച്ചു കൊണ്ടിരുന്നങ്കിലും അയാളുടെ ഓർമ്മകൾ അമ്മയും അച്ഛനുമൊക്കെയൊന്നിച്ചുള്ള ബാല്യകാല യാത്രകളിലും പൂരപ്പറമ്പുകളിലുമൊക്കെയായിരുന്നു. തലയണമന്ത്രങ്ങളിൽ അയാളുടെ മൗനവൃതം കണ്ടു കൊണ്ടോയെന്തോ അവൾ ഉറക്കം പിടിച്ചു തുടങ്ങി. കണ്ണടച്ചു കിടന്നു വെങ്കിലും ഓർമ്മകൾക്കും സ്വപ്നങ്ങൾക്കുമിടയിൽ ത്രിശങ്കു സ്വർഗ്ഗത്തിൽ അകപ്പെട്ടതുപോലെ അയാളുടെ നിദ്ര മുറിപ്പെട്ടു നിന്നു. ആന പ്പുറത്ത് കേറണമെന്ന് വാശി പിടിച്ച തന്നെ തോളത്തേറ്റി അച്ഛൻ പൂരപറമ്പിൽ നിക്കുന്നതും അമ്മയും ഓപ്പോളും ചെറിയമ്മയും കുട്ട്യോളുമെല്ലാം പൂരപ്പറമ്പിലെ വളക്കടകളിലും പൊരിക്കടകളിലുമൊക്കെ കറങ്ങി നടക്കുന്നതും അയാളുടെ മനസ്സിലൂടെ ഒഴുകിയിറങ്ങി. അമ്മയെക്കുറിച്ചോർത്തപ്പോൾ അയാളുടെ അകത്തൊരു നീറ്റൽ തുടങ്ങി. അമ്മയുടെ ചാരത്ത് അയാൾക്ക് അവസാന നിമിഷം ഓടിയെത്താൻ കഴിഞ്ഞിരുന്നില്ല. ശരിക്കും പറഞ്ഞാൽ അറബിനാട്ടിലെ ജയിലിലായിരുന്ന രണ്ടു മാസങ്ങളിലെന്നോ ആയിരുന്നു അത്. വീണ്ടും ആറുമാസം കഴിഞ്ഞാണ് അമ്മയുടെ വിളക്കുമാടത്തിനരികെ അയാൾക്ക് എത്താൻ കഴിഞ്ഞത്. വീണ്ടും കണ്ണടച്ചപ്പോൾ മെല്ലെ ഗാഡനിദ്ര അയാളെ തഴുകാൻ തുടങ്ങി. രാത്രിയുടെ അവസാനയാമത്തിൽ വീണ്ടും അയാളൊരു സ്വപ്നത്തിലായിരുന്നു. പൂരപ്പറമ്പിൽ ആളുകൾ പരക്കം പായുന്നു. "ശിവശങ്കരൻ ഇടഞ്ഞിരിക്കുന്നു." മാഷെ അവിടെ നിക്കണ്ട .... കുട്ടികളുമായിട്ട് ആ പറമ്പിലേക്ക് കേറി നിക്ക്യാ" വാര്യര് ഓട്ടത്തിനിടയിൽ അച്ഛനോട് പറയുന്ന കേട്ടു. എല്ലാരും ഓടി മറഞ്ഞപ്പോൾ എപ്പോഴൊ തനിക്ക് കൂട്ടം തെറ്റിയിരുന്നു. ശിവശങ്കരന്റെ താണ്ഡവം അടങ്ങിയ പൊടിപടലങ്ങളിൽ കണ്ടത് മെലെ പറമ്പിലെ വീട്ടുതൊടിയിൽ ആളുകളുടെ നടുവിൽ ഇടക്കിടെ മോഹാലസ്യപെട്ടു വിലപിച്ചു കിടക്കുന്ന അച്ഛന്റെ മുഖമാണ്. ഏതോ കുട്ടിയെ ആന ചവിട്ടി വീഴ്തിയെന്ന വാർത്തയാണ് അച്ഛനെ തളർത്തിയത്." മാഷെ ഒന്നു കണ്ണു തുറന്നു നോക്കിയേ ... കുട്ടിയല്ലേ ഈ വന്നു നിക്കണത്.... ശിവ ശിവ മോശാണ് കേട്ടോ " അന്തംവിട്ട് ഭയചകിതനായ മൂന്നുവയസ്സുകാരനെ ഉന്തി മുന്നോട്ട് അച്ഛനരികിലേക്ക് നിർത്തി ചായക്കടക്കാരൻ അമ്പുട്ടിനായര് അച്ഛനെ കളിയാക്കുന്നെ കണ്ടു." "അച്ഛന്റെ കുഞ്ചി എവിടാരുന്നു... തൊണ്ടയിൽ കുരുങ്ങിയ ഗദ്ഗദത്തിൽ സ്വര പകർച്ചയോടെ അച്ഛൻ ചോദിക്കുന്നതു കേട്ടു വിമ്മിട്ടം തൊണ്ടയിൽ നിന്നു ഒരു ഏങ്ങലായി പുറത്തേക്ക് ചാടി ....." "എന്താ ഏങ്ങലടിച്ചേ .... ഭാര്യ കുലുക്കി വിളിച്ചപ്പോൾ അയാൾ കണ്ണു ചിമ്മി തുറന്നു. കുഞ്ചിയെ കിട്ടിയ കാര്യം പറയണമെന്ന് അയാൾക്ക് തോന്നി." എഴുനേൽക്കെണ്ട, ഉറങ്ങിക്കോളു, മൂന്നു മണി കഴിഞ്ഞിട്ടേയുള്ളു .... നാലുമണിക്ക് പെങ്ങളു വിളിക്കുബോൾ എനിക്ക് എഴുനേറ്റിരിക്കാനൊന്നും വയ്യ"
അവൾ നയം വ്യക്തമാക്കി തിരിഞ്ഞു കിടന്നു. ഉറക്കം വരാതെ കണ്ണടച്ചു കിടക്കുമ്പോൾ അയാളുടെ കൈകൾ കാതിലെ അടഞ്ഞു പോയ കടുക്കൻ കുഴികൾ തഴുകി കൊണ്ടിരുന്നു. അഞ്ചാറു വയസുവരെ താൻ അച്ഛന്റെ കുഞ്ചിയായിരുന്നു. താനതു മറന്നു!!!
പൂച്ചയുറക്കത്തിലെപ്പോഴോ അച്ഛന്റെ കുഞ്ചി വിളി അയാളെ ഉണർത്തി, സാമാന്യം ഉച്ചത്തിലായതു കൊണ്ടാവാം അത് പെട്ടന്ന് അയാളെ ഉണർത്തിയത്
റൂമിലെത്തിയപ്പോൾ അച്ഛൻ കണ്ണു തുറന്ന് മച്ചകം നോക്കി കിടക്കുന്ന പോലെ തോന്നി. പൂരപറമ്പിലെ മൂന്നുവയസ്സുകാരന്റെ തലോടലേൽ ക്കാൻ നിൽക്കാതെ കുഞ്ചിയുടെ അച്ഛന്റെ ദേഹി അവനെ തനിച്ചാക്കി അവിടം വിട്ടുപോയിരുന്നു.

ഷാജി മല്ലൻ

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ