മുറ്റത്തു പടുത്തുയർത്തിയ മരണപന്തലിൽ നിറയെ ആളുകൾ, അന്തരീക്ഷത്തിലാകെ ഖുർആൻ പാരായണത്തിന്റെ ശീലുകൾ ഉയർന്നുകേൾക്കുന്നുണ്ട്. തുറന്നിട്ട ജനാലയിലൂടെ പൂമുഖത്തുനിന്നും കത്തിയെരിയുന്ന ചന്ദനത്തിരിയുടെ ഗന്ധം മുറിയിലേയ്ക്ക് അരിച്ചെത്തുന്നുണ്ട്.
നടുത്തളത്തിലെ കട്ടിലിലിരുന്നുകൊണ്ട് ജനക്കൂട്ടത്തിനിടയിലൂടെ നിർവികാരയായി പൂമുഖത്തേക്ക് മിഴികൾ പായിച്ചു അവൾ. അതാ വെള്ളത്തുണിയിൽ പൊതിഞ്ഞു തന്റെ ഭർത്താവ് കിടക്കുന്നു. വിവാഹവാർഷികത്തിന്റെ അന്ന് ഭർത്താവ് തന്നെ വിട്ടുകൊണ്ട് ഇതാ യാത്രയാവുന്നു. അല്ല, താൻ ഭർത്താവിനെ യാത്രയാക്കിയിരിക്കുന്നു.
അവളുടെ മുഖം വലിഞ്ഞുമുറുകി. ആ കണ്ണുകൾ അൽപംപോലും ഈറനണിഞ്ഞില്ല. വല്ലാത്തൊരു സംതൃപ്തി ആ മുഖത്തു നിറഞ്ഞുനിന്നു. അവൾ ഓർക്കുകയായിരുന്നു.
ഒരുവർഷം മുൻപ് ഇതുപോലെ... ആൾക്കൂട്ടങ്ങളുടെ മുന്നിലൂടെ ഭർത്താവിന്റെ കൈയും പിടിച്ചുകൊണ്ട് ഈ വീടിന്റെ പടികയറിയത്. അന്നെത്രമാത്രം സന്തോഷിച്ചു .താനൊരു ഭാര്യയായിരിക്കുന്നു .ഇനി കുടുംബം ,കുട്ടികൾ ...പക്ഷെ ,പെട്ടെന്നാണ് തന്റെ സന്തോഷത്തിനുമേൽ ... കരിനിഴൽ വീണത് .ഭർത്താവിന്റെ തനിനിറം അറിഞ്ഞപ്പോൾ തകർന്നുപോയി.
മദ്യപാനവും, പരസ്ത്രീഗമനവുമായി നടക്കുന്ന ഭർത്താവിന്റെ സാമീപ്യംപോലും അധികംവൈകും മുന്നേ താൻ വെറുത്തു. സ്ത്രീധനമായി കിട്ടിയ പണവും സ്വർണവുമെല്ലാം ... വിറ്റുതുലച്ച ഭർത്താവ് പണമില്ലാതെ വരുമ്പോൾ ദേഹോദ്രപവും തുടങ്ങി.
"നിന്നെ ഞാൻ കെട്ടിയത് നിന്റെ തൊലിവെളുപ്പ് കണ്ടിട്ടുമാത്രമല്ല. നിന്റെ വീട്ടിലെ സ്വത്തുകണ്ടിട് കൂടിയാണ്. ജീവിക്കാൻ പണം വേണം. അതു നീ നിന്റെ വീട്ടിൽനിന്നും കൊണ്ടുവരണം. ഇല്ലെങ്കിൽ നീ ഉണ്ടാക്കണം .നിനക്ക് ആരോഗ്യവും ,സൗന്ദര്യവുമുണ്ടല്ലോ .? നീ ശ്രമിച്ചാലും ഒരുപാട് നേടാൻ കഴിയും ."ഒരിക്കലും ഒരു ഭാര്യ, ഭർത്താവില്നിന്നും കേൾക്കാൻ ആഗ്രഹിക്കാത്തവാക്കുകൾ .എന്നിട്ടും എല്ലാം സഹിച്ചും ,ക്ഷമിച്ചും താൻ ജീവിച്ചു .
ഇന്നലെ ,വിവാഹത്തിന്റെ ഒന്നാംവാർഷികം .സന്തോഷത്തോടെ ഭക്ഷണമുണ്ടാക്കി ഭർത്താവിനെകാത്തിരുന്നു .സന്തോഷത്തിനു കാരണം വിവാഹ വാർഷികം ആണെന്നതുമാത്രമായിരുന്നില്ല ...താനൊരു അമ്മയാകാൻ പോകുന്നു എന്ന വിവരം ...ഭർത്താവിനോട് പറയാൻ പോകുന്നതിലുള്ള സന്തോഷം കൂടിയായിരുന്നു മനസ്സുനിറയെ .ഏറെനാളത്തെ പ്രാർത്ഥനയുടേയും ,കാത്തിരിപ്പിന്റേയുമെല്ലാം ഫലം .ഇതറിയുമ്പോഴെങ്കിലും ഭർത്താവിന്റെ സ്വഭാവത്തിൽ മാറ്റം വരും .സന്ധ്യമയങ്ങിയപ്പോൾ ഭർത്താവ് കടന്നുവന്നു .ഒപ്പം അദ്ദേഹത്തിന്റെ മുതലാളിയും , ഉണ്ടായിരുന്നു .
"എടിയേ ,ഇന്ന് നമുക്കൊരതിഥി കൂടിയുണ്ട് .വിവാഹവാർഷികമാണെന്നുപറഞ്ഞപ്പോൾ ...മുതലാളിക്ക് ഒരേ നിർബദ്ധം .നമ്മുടെ വീട്ടിൽ വരണമെന്നും സമ്മാനം തരണമെന്നും ."ഭർത്താവ് സന്തോഷം കൊണ്ടു .
മുതലാളിക്കും ,ഭർത്താവിനും ...ഭക്ഷണം വിളമ്പികൊടുത്തു പാത്രങ്ങൾ കഴുകിവെയ്ക്കുമ്പോൾ ... പിന്നിലൂടെ വന്നുകൊണ്ട് വഷളത്തം നിറഞ്ഞ ചിരിയോടെ ഭർത്താവ് പറഞ്ഞു .
"ഇന്ന് മുതലാളി ഇവിടാണ് തങ്ങുന്നേ .പുലർച്ചയേ പോകുന്നുള്ളൂ .എനിക്ക് ഇന്നൊരു നൈറ്റ് ഓട്ടമുണ്ട് ...എയർപോർട്ടുവരെ.മുതലാളിക്ക് വേണ്ടുന്നതെല്ലാം നീ ചെയ്തുകൊടുക്കണം .മുതലാളി വിചാരിച്ചാൽ നമ്മുടെ സാമ്പത്തിക ബുദ്ധിമുട്ടുകളൊക്കെ തീരും ."
സർവ്വനിയന്ത്രണങ്ങളും അറ്റുപോയൊരു നിമിഷമായിരുന്നു അത് .മറ്റൊന്നും ചിന്തിച്ചില്ല .കൈയിൽ കിട്ടിയ ചിരവത്തടികൊണ്ട് ഭർത്താവിന്റെ തലക്ക് ആഞ്ഞടിച്ചു ...
ഭർത്താവിന്റെ മയ്യിത്തുമായി ആളുകൾ പള്ളിയേയ്ക്ക് നീങ്ങിയതും ...വനിതാപോലീസ് അവളുടെ കൈയിൽ വിലങ്ങണിയിച്ചു .വെറുപ്പുനിറഞ്ഞ കണ്ണുകളോടെ തന്നെനോക്കുന്ന ബന്ധുക്കൾക്കും ,നാട്ടുകാർക്കും ഇടയിലൂടെ തല ഉയർത്തിപിടിച്ചവൾ പുറത്തേയ്ക്കുനടന്നു .
ആ സമയം ,അവളുടെ ഉള്ളം ചെറുതായി തേങ്ങുന്നുണ്ടായിരുന്നു .അത് ഭർത്താവിനെ കൊന്നതിലുള്ള കുറ്റബോധംകൊണ്ടായിരുന്നില്ല.
വിവാഹവാർഷിക രാത്രിയിൽ ഭർത്താവിനോട് പറയാനായി താൻ മനസ്സിൽ സൂക്ഷിച്ച രഹസ്യം ...താൻ ഗർഭിണിയാണെന്ന വിവരം ...അത് ഭർത്താവിനോട് പറയാൻ കഴിഞ്ഞില്ലല്ലോ .? അതിനുമുന്നെ എല്ലാം സംഭവിച്ചില്ലേ .?ആ ഓർമ്മ അവളുടെ മനസ്സിനെ വല്ലാതെ നോവിച്ചുകൊണ്ടിരുന്നു .