അന്തോണി ചേട്ടൻ മണ്ണിന്റെ മകനാണ്. തീയിൽ മുളച്ചവൻ. വെയിലിൽ വാടാത്തവൻ. മഴയിൽ കുതിരാത്തവൻ. അധ്വാനം കൊണ്ട് മണ്ണിനെ പൊന്നാക്കുന്നവൻ. സ്നേഹം കൊണ്ട് കെട്ടിയ പെണ്ണിനെ
റാണിയാക്കുന്നവൻ. കട്ടിലപൂവത്തിന്റെ കർഷകശിരോമണി. വെള്ളിയാഴ്ച കൊച്ചു വെളുപ്പാൻ കാലത്തു് കട്ടനും അടിച്ചിരുന്നപ്പോൾ ചിന്തകൾ കാടുകയറി. കുണ്ടുകാട് കട്ടിലപൂവ്വത്തേക്കു കുടിയേറിയത് ഇന്നലെയെന്ന പോലെ തോന്നി. ഒന്നരയേക്കർ പുരയിടത്തിൽ കപ്പയും കൂർക്കയും പച്ചക്കറിയും വിളയിച്ചു പത്തു വർഷത്തെ സമ്പാദ്യം കൊണ്ട് പുര നിറഞ്ഞു കവിഞ്ഞു നിൽക്കുന്ന ത്രേസ്യ കൊച്ചിനെ ആണൊരുത്തന്റെ കൂടെ പറഞ്ഞുവിടാൻ എല്ലാ തയ്യാറെടുപ്പുകളും നടത്തി പയ്യനെ തപ്പിക്കൊണ്ടിരിക്കുകയാണ്.
വെള്ളിയാഴ്ച രാത്രി പത്തു മണിക്ക് കഞ്ഞിയും, കപ്പ പുഴുക്കും ഫുൾ വയറടിച്ചു വണ്ടി വിട്ടാൽ അതികാലത്തു നേരം പരാ പരാ വെളുക്കുമ്പോൾ തൃശൂർ അങ്ങാടിയിലെത്താം. വിളവെടുത്ത
കപ്പ മൂരിവണ്ടിയിൽ കയറ്റി അന്തോണി ചേട്ടനെ യാത്രയാക്കി പാത്രങ്ങളെല്ലം മോറി വെച്ചിട്ടേ ഭാര്യ ചാട്ടക്കാര് വീട്ടിൽ കുഞ്ഞന്നം കുരിശുവരച്ചു കിടക്കൂ. അന്നും രാത്രി പത്തടിച്ചപ്പോൾ പതിവുപോലെ കട്ടിലപൂവത്തുനിന്നും അന്തോണി ചേട്ടൻ വണ്ടി വിട്ടു. ഇനി ശനിയാഴ്ച വൈകീട്ടേ തിരിച്ചെത്തൂ. കപ്പ വിറ്റ കാശിൽ നിന്നും പലചരക്കും പച്ചക്കറിയും ബീവറേജിൽ നിന്നും ഒരാഴ്ചത്തേക്കുള്ള സ്മാളും വാങ്ങിയിട്ടേ തൃശൂരിൽ നിന്നും റിട്ടേൺ അടിക്കൂ. ഇത്തവണത്തെ വരവിൽ ത്രേസ്യ കൊച്ചിന് ജോയ് ആലുക്കാസിൽ നിന്നും ഒരു പവന്റെ മാല കൂടി വാങ്ങാനുള്ള പ്ലാനുണ്ടായിരുന്നു.
കുഞ്ഞന്നം വളരെ പൊസ്സസ്സീവ് ആയ സെൻസിറ്റീവ് ചേടത്തിയാരാണ്. അന്തോണി ചേട്ടനോടുള്ള അദമ്യവും അനിർവചനീയവുമായ
അഭിനിവേശം മൂന്നു കൊല്ലകാലത്തെ ചുട്ട പ്രണയത്തിനും തദനന്തരം വിവാഹത്തിനും വഴിമാറിക്കൊടുത്തു. ചാട്ടക്കാര് വീട്ടിൽ എന്ന വീട്ടുപേര് പൂർവ്വികർ അറിഞ്ഞു നൽകിയ പേരാണെന്ന് തോന്നും. കുടുംബക്കാരെല്ലാം തന്നെ ക്ഷിപ്രകോപികൾ. ചേടത്തിയാരുടെ മൂക്കിൻ തുമ്പത്തു നിന്നും എപ്പോൾ വേണമെങ്കിലും ചാടാൻ പാകത്തിൽ ദുർവാസാവ് വെടി ശബ്ദം കാതോർത്തിരിപ്പാണ്.
കുഞ്ഞന്നത്തിന്റെ കൽപ്പനകൾ അനുസരിക്കാൻ താമസിക്കുക, കറിക്കരിയുമ്പോൾ പച്ചക്കറി പലവലുപ്പത്തിലാവുക, അടിച്ചുവാരുമ്പോൾ മുക്കും മൂലയും ചേരാതെ വരിക, വലിച്ചു വാരി ഭക്ഷണം കഴിക്കുക, കൈ കഴുകാതെ ഉടുമുണ്ടിൽ തുടക്കുക തുടങ്ങിയ അന്തോണി ചേട്ടന്റെ അക്ഷന്തവ്യമായ വീഴ്ചകൾ കണ്ടാൽ ഇൻസ്റ്റന്റ് ആയി ദുർവാസാവ് ചാടിയിറങ്ങി വെളിച്ചപ്പെടും. പിന്നെ എന്താണെന്നുവെച്ചാൽ മുണ്ടും ചട്ടയും ഇട്ട ചേടത്തിയുടെ കത്തുന്ന ലാസ്യ ലാവണ്യ സൗന്ദര്യം എന്നും ചേട്ടന്റെ ദൗർബല്യമായിരുന്നു. ചേടത്തിയാരുടെ രൗദ്ര ശൃംഗാര ശോക രസങ്ങളിലേക്കുള്ള ധൃതപരകായ പ്രവേശം പ്രണയ കാലം തൊട്ടേ അന്തോണി ചേട്ടന് ചിരപരിചിതമായതിനാൽ ജീവിതം സ്നേഹ സുരഭിലമായിരുന്നു.
കുഞ്ഞന്നവുമായുള്ള സൗന്ദര്യ പിണക്കങ്ങൾ ഇതേവരെ ഒരു രാക്കിടപ്പിനപ്പുറം പോയിട്ടില്ല. ദേഷ്യം വരുമ്പോൾ മനുഷ്യ, ജന്തു, ഭരതനന്തോണി എന്നൊക്കെ അഭി സംബോധന ചെയ്യുമെങ്കിലും സ്നേഹമുള്ളവളാണ്. മകളെ കൊണ്ട് കൂടുതൽ പണിയൊന്നും ചെയ്യിക്കില്ല .കുഞ്ഞന്നവുമായുള്ള സന്തുഷ്ട ദാമ്പത്യവും മകളുടെ പെട്ടെന്നുള്ള വളർച്ചയും അങ്ങിനെ പല പല കാര്യങ്ങൾ ആലോചിച്ചും ഭാവിയിൽ ത്രേസ്സ്യാകൊച്ചിന്റെ മിന്നുകെട്ടും, അവൾക്കുണ്ടാകുന്ന കൊച്ച് പല്ലില്ലാത്ത മോണ കാട്ടി തന്നെ അപ്പൂപ്പാ ന്നു വിളിക്കുന്നതുമായ മധുര സ്വപ്‌നങ്ങൾ കണ്ട് അറിയാതെ നിദ്ര പൂകി.
അപ്പോൾ വണ്ടി കുണുങ്ങി കുണുങ്ങി രാമവർമ്മപുരം റേഡിയോ സ്റ്റേഷന്റെ അംബരചുംബിയായ ഭീമൻ ആന്റിന സ്തംഭം പിന്നിട്ടിരുന്നു. പിന്നീട് എപ്പോഴോ ഞെട്ടി ഉണർന്നപ്പോൾ കിഴക്കു വെള്ള കീറാൻ തുടങ്ങിയിരുന്നു. വണ്ടി പുറപ്പെട്ട സ്ഥലത്തു തന്നെ വീട്ടിലെ കശുമാങ്ങ മരച്ചോട്ടിൽ നിക്കുന്നു. വെള്ള കാളക്കുട്ടന്മാര് ഞാനൊന്നുമറിഞ്ഞില്ലേ രാമനാരായണ എന്ന മട്ടിൽ അയവെട്ടികൊണ്ട് നിക്കുന്നു. ഒരു നിമിഷം അന്തോണി ചേട്ടൻ ഇതികർത്തവ്യതാമൂഢനായി.
സംഭവം ഇൻവെസ്റ്റിഗേറ്റ് ചെയ്ത ശേഷം, ഡ്രൈവർ ശശി പറഞ്ഞത് വണ്ടി ചേറൂര് എത്തിയപ്പോൾ ടൗണിൽ സെക്കന്റ് ഷോ കണ്ട ശേഷം വീട്ടിൽ പോകാതെ ചേറൂർ സെന്ററിലെ കലുങ്കിൽ വാചകമടിച്ചിരുന്ന രണ്ടുമൂന്നു കുരുത്തം കെട്ട പിള്ളേർ മൂരികളുടെ മൂക്കുകയർ പിടിച്ചു വണ്ടി വന്നതിന്റെ എതിർ ദിശയിലേക്കു തിരിച്ചുവിട്ടു എന്നാണ്.