ഭർത്താവ് മരണപ്പെട്ട് വീട്ടിൽ ഒറ്റയ്ക്ക് കഴിയുന്ന ഘട്ടത്തിലാണ് മകൾ സുശീലയും മരുമകൻ അജയനും ദേവകിയമ്മയെ അവരുടെ വീട്ടീലേക്ക് കൊണ്ടുപോകാൻ വന്നത്. ദേവകിയമ്മക്ക് പോകാൻ മനസു വന്നില്ല.
താനും ഭർത്താവും സുഖവും ദു:ഖവും സന്തോഷവും സ്നേഹവുമെല്ലാം പങ്കുവെച്ച വീട്. ദീർഘമായ കാത്തിരിപ്പിനൊടുവിൽ കിട്ടിയ ഏകമകൾ സുശീലയുടെ പിഞ്ചു പാദങ്ങൾ പിച്ചവെച്ച മുറ്റം. ഇപ്പോൾ കൂട്ടിന് കോലായിൽ അനാഥമായ, ഭർത്താവിന്റെ വിയർപ്പുമണം മാറാത്ത ചാരുകസേര. ഇതെല്ലാം വിട്ട് എങ്ങനെയാണ് പോവുക? പക്ഷെ, എത്രനാളാണ് ഇവിടെയിങ്ങനെ ഒറ്റയ്ക്ക് കഴിയുന്നത്. ഓർമ്മകൾ ശരീരത്തെ തളർത്തുന്നു. ഏകാന്തമായ ജീവിതം. ഒന്നു വീണു കിടന്നാൽ പോലും ആരും അറിയാൻ പോകുന്നില്ല.
കോൺക്രീറ്റു മതിലുകൾ കെട്ടിയുയർത്തിയ വീടുകൾക്കുള്ളിൽ തന്നെ ധാരാളം പ്രശ്നങ്ങളുണ്ടാകുമ്പോൾ ഈ പാവം വിധവയെ ശ്രദ്ധിക്കാൻ ആർക്കാണ് സമയുണ്ടാവുക. അതു കൊണ്ടു തന്നെ സുശീലയോടൊപ്പം പോകാൻ ദേവകിയമ്മ തീരുമാനിച്ചു.
സുശീല അജയനോടൊത്ത് ജീവിതം തുടങ്ങാൻ തീരുമാനിച്ചപ്പോഴൊന്നും ദേവകിയമ്മ ഇങ്ങനെ ചിന്തിച്ചിരുന്നില്ല. അജയൻ വില്ലേജോഫീസറാണ്. സുശീല ലക്ചററും.ദേവകിയമ്മയുടെ എല്ലാ സ്വത്തിന്റെയും ഏക അവകാശിയും കൂടിയാണ് സുശീല.
ദേവകിയമ്മ സുശീലയോടൊപ്പം പോയി വീട്ടിലെത്തിയപ്പോൾ തന്നെ ഒരു കാര്യം മനസിലായി. ഇവർ തന്നെ കൊണ്ടുവന്നത് തന്നോടുള്ള സ്നേഹം കൊണ്ടൊന്നുമല്ല. സുശീല ഗർഭിണിയാണല്ലോ, അവൾക്ക് ശുശ്രൂഷ ചെയ്യാനും വീട്ടുജോലിക്കും വേണ്ടി തന്നെ. അമ്മയാകുമ്പോൾ നേരാംവണ്ണം നോക്കുകയും ശമ്പളം കൊടുക്കുകയും വേണ്ടല്ലോ...
ഒരു ഹോം നഴ്സിനെ വെയ്ക്കുന്നതല്ലേ നല്ലത്? എന്ന് ഒരിക്കൽ അജയൻ സുശീലയോട് ചോദിക്കുകയും ചെയ്തിരുന്നു.
'അതൊന്നും വേണ്ട അജയ്. ഹോം നഴ്സിനെ വെച്ചാൽ ശമ്പള ഇനത്തിൽ തന്നെ മുപ്പതിനായിരം ചെലവാക്കണം. കൂടാതെ അവർക്ക് ഭക്ഷണവും താമസവും കൊടുക്കണം. ഇനി മുതൽ അമ്മ ഇവിടെ താമസിച്ചോട്ടെ, അമ്മ ചെയ്തോളും ജോലി യെല്ലാം. പിന്നെ വീടും പറമ്പുമെല്ലാം എന്റെ പേരിലല്ലെ. അത് വിൽക്കണം. മൊത്തം ഇരുപത് ലക്ഷമെങ്കിലും കിട്ടുമെന്നാണ് എന്റെ പ്രതീക്ഷ. എന്നിട് ആ കാശുകൊണ്ട് മെയിൻ റോഡിൽ നിന്നിങ്ങോട്ട് തിരിയുന്നിടത്തുള്ള ആ ഇരുനില വീടില്ല, അതു വാങ്ങണ. കാശ് തികയില്ലായിരിക്കാം, പക്ഷെ വീട് വാങ്ങിയേ പറ്റൂ.'
'അപ്പോൾ നമ്മുടെ ഈ വീടോ ?"
'ആ വീട് വാങ്ങിയ ശേഷം ഇത് വിൽക്കം.' പെട്ടെന്നായിരുന്നു സുശീലയുടെ മറുപടി. സുശീലയോടുള്ള പ്രണയമാണ് അവരെ വിവാഹ ജീവിതത്തിൽ കൊണ്ടെത്തിച്ചത്. വിവാഹം കഴിഞ്ഞ് അധികനാൾ കഴിയുന്നതിന് മുമ്പുതന്നെ സുശീലയുടെ സ്വഭാവം അജയനു മനസിലായി. എന്ത് വസ്തുവാണോ ആഗ്രഹിക്കുന്നത് അത് വേണമെന്നുള്ള കടുംപിടുത്തം. ഭർത്താവെന്ന പരിഗണ പോലും കൊടുക്കാതെ വിരുന്നുകാരുടെ ഇടയിൽ വെച്ചു പോലും അജയനെ ചെറുതാക്കി സംസാരിക്കും.
പക്ഷെ, അജയൻ സാഹചര്യങ്ങളോട് പൊരുത്തപ്പെട്ടു. ദൈവമായി കൂട്ടിയിണക്കിയത് മനുഷ്യരായിട്ട് വേർപ്പെടുത്തണോ? വേണ്ട എന്നു തന്നെ അജയൻ തീരുമാനിച്ചു. ദേവകിയമ്മ ഒരിടമയെപ്പോലെ ജോലി ചെയ്തു. വിശപ്പിന് ഭക്ഷണവും ഉറങ്ങാനൊരിടവും. പക്ഷെ മനസ്സമാധാനം എന്നതൊന്നുമാത്രമില്ല. മകളോട് തന്നെ വീട്ടിലേക്ക് കൊണ്ടുചെന്നാക്കാൻ പറഞ്ഞപ്പോൾ ദഹിപ്പിക്കുന്ന ഒരു നോട്ടം കൊണ്ട് അവസാനിപ്പിക്കുകയാണ് ചെയ്തത്.
സുശീലയുടെ പ്രസവം കഴിഞ്ഞതോടുകൂടി ദേവകിയമ്മയുടെ ജോലി ഭാരം കൂടി. അജയന് ഓഫീസിലേക്ക് കൊണ്ടുപോകാനുള്ള ഭക്ഷണം തയ്യാറാക്കൽ, ഡ്രസ്സ് ഇസ്തിരിയിടൽ, പിന്നെ കുഞ്ഞിനെ കുളിപ്പിക്കണം, തുണികൾ അലക്കിയുണക്കണം, സുശീലക്ക് കുളിക്കുവാനുള്ള വെള്ളം ചൂടാക്കി കുളിമുറിയിൽ എത്തിക്കണം. വെള്ളം ചൂടാകുന്നതുവരെ സുശീലയെ എണ്ണയും മഞ്ഞളും തേച്ചു പിടിപ്പിക്കണം. ഇങ്ങനെയെല്ലാം കഷ്ടപ്പെടുമ്പോഴും ദേവകിയമ്മ വിചാരിക്കും, 'എല്ലാം തന്റെ കുഞ്ഞുങ്ങൾക്ക് വേണ്ടിയല്ലേ, ഞാനല്ലാതെ അവർക്ക് വേറെയാരാണുള്ളത്.'
രാത്രി പത്തരയോടെ അടുക്കളയിൽ നിന്നും ദേവകിയമ്മ കുളിമുറിയിൽ കയറി മനസ് തണുക്കുന്നതു വരെ ഷവർ തുറന്ന് കുളിക്കും. സുഖമായുറങ്ങാൻ വേണ്ടി റൂമിൽ വന്ന് ഈശ്വരനെ ധ്യാനിച്ച് കിടക്കും. പക്ഷെ ഉറക്കം വരുമ്പോൾ തന്നെ കുട്ടിയുടെ കരച്ചിൽ കേൾക്കും. സുശീല നല്ല ഉറക്കത്തിലായിരിക്കും. താൻ പ്രസിച്ചു കിടക്കുകയാണെന്നോ തനിക്ക് ഒരു പിഞ്ചോമനയുണ്ടെന്നോ ഒരു ബോധവുമില്ലാതെ!
എങ്കിലും കുഞ്ഞ് കരയുമ്പോൾ തന്നെ ദേവകിയമ്മ ഉണർന്ന് സുശീലയെ തട്ടിയുണർത്തുകയും കുഞ്ഞിനെ സുശീലയുടെ മാറിനോട് ചേർത്തു കിടത്തി മുലക്കണ്ണ് വായിൽ വെച്ചു കൊടുക്കുകയും ചെയ്യും. "ദൈവമേ, ഈ കുഞ്ഞിനെ കാത്തോളണേ"
വീണ്ടും ഉറങ്ങാൻ കിടക്കും .ഉറക്കം പിടിച്ചു തുടങ്ങുമ്പോഴേക്കും കുട്ടി കരച്ചിലാരംഭിച്ചിട്ടുണ്ടാകും. ദേവകിയമ്മ വേദനയോടെ തന്റെ പഴയ കാലം ഓർത്തു.
സുശീല കുഞ്ഞായിരിക്കുമ്പോൾ എന്തിനു മേതിനും തന്റെയൊപ്പം ഉണ്ടായിരുന്ന ഭർത്താവ്. അവൾ ഒന്നു കരയുമ്പോഴേക്കും വന്ന് കുട്ടിയെ എടുക്കാനും പുറത്തു തട്ടി ഉറക്കാനും. അങ്ങനെ വളർന്ന കുട്ടി ഇപ്പോൾ...
കാലത്തിന്റെ പ്രയാണം മനുഷ്യ മനസിൽ മാറ്റി വരയ്ക്കുന്ന ചിത്രങ്ങളെയോർത്ത് ആ അമ്മ നെടുവിർപ്പിട്ടു. വരും കാല ചിത്രങ്ങളെത്ര ദുരന്തപൂർണമാകുമെന്നറിയാതെ. കുഞ്ഞിന്റെ വളർച്ചയുടെ ഓരോ ഘട്ടത്തിലും ബുദ്ധിമുട്ടുകൾ അനുഭവിക്കേണ്ടി വന്നത് ദേവകിയമ്മയ്ക്കാണ്. ലീവ് തീർന്ന് സൂശീല ക്ലാസിന് പോയിത്തുടങ്ങിയതു മുതൽ, ഇഴഞ്ഞു നീങ്ങുന്ന ശ്രുതി മോളോടൊപ്പം നടുവേദനയെ അവഗണിച്ച് ദേവകിയമ്മ വീടു മുഴുവൻ നിരങ്ങി. തറയിൽ മറഞ്ഞു കിടക്കുന്ന ഏതു ചെറിയ കരടുപോലും ചൂണ്ടുവിരലും നടുവിരലും ഉപയോഗിച്ച് ഒപ്പിയെടുത്ത് വായിലിടും. അതിനു ശേഷം രണ്ടു പേരും ഓട്ടമായിരുന്നു. ശ്രുതി മോൾ മുന്നിലും മുത്തശ്ശി പിന്നിലുമായി.
മുത്തശ്ശിയും കുഞ്ഞുമോളും അങ്ങനെ കൂട്ടുകാരായി. വൈകുന്നേരം അജയനും സുശീലയും വന്നാൽ പോലും ശ്രുതിമോൾ അവരുടെ അടുത്തേക്ക് പോകാൻ കൂട്ടാക്കാറില്ല. മുത്തശ്ശി തന്നെയാണ് ശ്രുതി മോളുടെ അച്ഛനുമമ്മയുമെല്ലാം.
മുത്തശ്ശിക്കത് ശാരീരികമായി കുറച്ച് ബുദ്ധിമുട്ടുണ്ടാക്കിയെങ്കിലും സുശീലക്കും അജയനും സ്വാതന്ത്ര്യ ദിനങ്ങളായിരുന്നു അവ സമ്മാനിച്ചത്. യൗവ്വനം ആഘോഷിച്ചു തീർക്കാനുള്ള അവസരം.
സ്വന്തം കാര്യങ്ങൾ നിർവ്വഹിക്കാനുള്ള പ്രാപ്തി സ്വന്തമാക്കിയ ശ്രുതിയെ മുത്തശ്ശിയിൽ നിന്നും വേർപ്പെടുത്താനായി പിന്നീട് സുശീലയുടെ ശ്രമം .സുശീലയുടെയും അജയന്റെയും വാക്കുകൾക്ക് വിലകൽപ്പിക്കാതിരിക്കുകയും തനിക്ക് മുത്തശ്ശിമതി മതി എന്ന് ശാഠ്യം പിടിക്കുകയും ചെയ്ത സന്ദർഭത്തിൽ യാതൊരു വിലയും കൽപ്പിക്കാതെ സുശീല ദേവകിയമ്മയെ വൃദ്ധസദനത്തിലെത്തിച്ചു.
അജയൻ അതിനെ എതിർത്തെങ്കിലും സുശീലയുടെ വാക്കുകളെ എതിർത്തു തോൽപ്പിക്കാനായില്ല. തന്റെ വസ്ത്രങ്ങളും ഭാഗവതവും അടങ്ങുന്ന സഞ്ചി മാറോട് ചേർത്ത് പിടിച്ച് സുശീലയോടൊപ്പം പടിയിറങ്ങുമ്പോൾ വാവിട്ട് കരയുന്ന ശ്രുതി മോളുടെ മുഖത്തേക്ക് നോക്കുവാൻ പോലും കഴിയാതെ ദേവകിയമ്മ മുഖം കുനിച്ചുപിടിച്ചു. ഓട്ടോയിലേക്ക് കയറി റോഡിലേക്ക് നീങ്ങുമ്പോൾ ഒന്നു തിരിഞ്ഞു നോക്കി.
അകത്തേക്ക് പോകുന്ന അജയന്റെ കയ്യിൽ കിടന്ന് കുതറുന്ന ശ്രുതിമോൾ ഒരു മായാത്ത ചിത്രമായ് അത് ദേവകിയമ്മയുടെ മനസിലുറച്ചു നിന്നു. അത് മാത്രമാണ് വൃദ്ധസദനത്തിലെ ബാൽക്കണിയിലിരുന്ന് പുറത്തേക്ക് നോക്കുമ്പോൾ തെളിയുന്നത്. തന്റെ മക്കൾ വരും. എല്ലാം മറന്ന് അവർ തന്നെ വീട്ടിലേക്ക് കൂട്ടിക്കൊണ്ടു പോകും. ദേവകിയമ്മ ഉറച്ചു വിശ്വസിച്ചു.
കാത്തിരിപ്പു തുടർന്നതല്ലാതെ ഒന്നുമുണ്ടായില്ല. ഇടയ്ക്കെല്ലാം സുശീല വൃദ്ധസദനത്തിലേക്ക് വിളിച്ച് വിവരങ്ങൾ അന്വേഷിച്ചതായി വാർഡൻ മേരി ദേവകിയമ്മയോടു പറഞ്ഞു.
വൃദ്ധസദനം പുതിയൊരദ്ധ്യായമായിരുന്നു ദേവകിയമ്മയ്ക്ക്. സാവധാനത്തിൽ അതിനോട് പൊരുത്തപ്പെടാനും അതിലൊരംഗമാകാനും ദേവകിയമ്മക്ക് കഴിഞ്ഞു. എല്ലാ അവധി ദിവസങ്ങളിലും സുശീലയെയും ശ്രുതി മോളെയും പ്രതീക്ഷിച്ച് ദേവകിയമ്മ ഇരിക്കും. പക്ഷെ ആരും വന്നില്ല. കാത്തിരിപ്പ് മിച്ചം.
ചിലർക്കെല്ലാം സന്ദർശകരായി ആരെങ്കിലുമൊക്കെ വരും ചിലർ മൗനികളായ് അനങ്ങാതെ വിദൂരതയിലേക്ക് നോക്കിയിരിക്കും. സമയത്തിന് മരുന്നും ഭക്ഷണവും കൊണ്ടുവന്നു കൊടുക്കും.
വൃദ്ധസദനത്തിലെ വ്യക്തികളെ ആനന്ദിപ്പിക്കാനായി ടെലിവിഷൻ ഒരുക്കുകയും നിശ്ചിത സമയം കാണാൻ അനുവദിക്കുകയും ചെയ്യും. പൂന്തോട്ടത്തിലൂടെ രാവിലെയും വൈകുന്നേരവും നടക്കാൻ അനുവദിക്കും. പക്ഷെ വിശാലമായ ഹാളിലെ കട്ടിലിൽ കിടന്ന് ആലോചിക്കുമ്പോൾ ദേവകിയമ്മ വിതുമ്പിക്കരയും. എങ്കിലും തന്റെ ഈ അവസ്ഥയിലും സുശീലയോട് അവർക്ക് സ്നേഹമായിരുന്നു. വെറുപ്പ് തോന്നിയതേയില്ല. ഇന്നല്ലെങ്കിൽ നാളെ അവളുടെ മന്ന് മാറും എന്നു തന്നെ സമാധാനിച്ച് ഉറങ്ങാൻ കിടക്കും.
പ്രഭാതത്തിൽ തന്നെ മേരി കയറി വന്ന് ദേവകിയമ്മയാട് പറഞ്ഞു. 'സുശീല വിളിച്ചിരുന്നു. പതിനഞ്ച് ദിവസം കഴിഞ്ഞാൽ അവർ വരും അമ്മയെ കൊണ്ടുപോകാൻ. കൂടെ ശ്രുതി മോളും അജയനുമുണ്ടാകും. ദേവകിയമ്മക്ക് സന്തോഷമായി .വൈകിയാണെങ്കിലും മകളുടെ മനസ് മാറിയല്ലോ. പതിനഞ്ചാo ദിവസവും കാത്ത് അവരിരുന്നു. പതിനാലു ദിവസങ്ങൾ പിന്നിട്ടു .ഇനി ഒരു ദിവസം മാത്രം. എനിക്കെന്റ മക്കളെ കാണാം.
ദേവകിയമ്മയുടെ സന്തോഷത്തിൽ എല്ലാവരും പങ്കുകൊണ്ടു.അന്നത്തെ രാത്രിയിൽ ദേവകിയമ്മയ്ക്ക് ഉറങ്ങാനേ കഴിഞ്ഞില്ല. പിറ്റേന്ന് നേരം പുലർന്ന് പ്രാഥമിക കർമ്മങ്ങൾക്ക് ശേഷം പൂന്തോട്ടത്തിൽ നിന്ന് ഒരു റോസാപ്പുവിറുത്ത് ബാൽക്കണിയിൽ വന്ന് റോഡിലേക്കു നോക്കിയിരുന്നു.മണിക്കൂറുകൾ പിന്നിട്ടു. ആരും ആ പടി കയറി വന്നില്ല. വൈകുന്നേരമായപ്പോൾ കരുതി രാത്രിയാവും വരുന്നതെന്ന്. പക്ഷെ, രാത്രിയും വന്നില്ല. പുലരും വരെ ഒരേ ഇരിപ്പ് ഇടയ്ക്ക് മേരി കിടക്കാൻ ആവശ്യപ്പെട്ടെങ്കിലും അവർ കൂട്ടാക്കിയില്ല.
കൊടും തണുപ്പിനെ അവഗണിച്ച് അവർ അവിടെയിരുന് നേരം വെളുപ്പിച്ചു. പിന്നീട് എല്ലാ ദിവസവും ഓരോ റോസപ്പൂവും പിടിച്ച് ദേവകിയമ്മ തന്നെ വീട്ടിലേക്ക് കൊണ്ടുപോകാൻ വരുന്നവരെ കാത്തിരിക്കും. ദിവസങ്ങൾ മാസങ്ങളായി. ഉറക്കമിളച്ചുള്ള ഈ കാത്തിരിപ്പിനൊടുവിൽ ദേവകിയമ്മക്ക് പനി പിടിച്ചു. വിവരം അധികൃതർ സുശീലയെ അറിയിച്ചപ്പോൾ ചികിത്സ നൽകി സംരക്ഷിക്കുവാൻ നിർദ്ദേശിച്ചെങ്കിലും ഒരു തരത്തിലുള്ള ചുമതലയും ഏറ്റില്ലെന്ന് മാത്രമല്ല കാണുവാൻ പോലും അവർ എത്തിയില്ല.
താൻ ജീവനുതുല്യം സ്നേഹിക്കുന്ന മകളെയും മരുമകനെയും കുഞ്ഞുമകളെയും കാത്ത് രോഗം മൂർച്ഛിച്ച് മരണം വരിക്കുമ്പോൾ ഉണങ്ങിയ ഏതാനും റോസാ പൂക്കളും അവരുടെ ജനാലയ്ക്കരികിലുണ്ടായിരുന്നു.
ശവസംസ്കാരത്തിനു വേണ്ടതെല്ലം ചെയ്ത് സുശീല തൃപ്തിപ്പെട്ടു. പിന്നീടൊരു ദിവസം ദേവകിയമ്മയുടെ സാധനങ്ങളെല്ലാം ഏറ്റുവാങ്ങാനായി സുശീല അവിടെയെത്തി. അമ്മയെ പരിചരിച്ചതിന്ന് മേരിക്ക് നന്ദി പറയുകയും നല്ലൊരു തുക കൊടുക്കാനായി വീട്ടീലേക്ക് ക്ഷണിക്കുകയും ചെയ്തു. പക്ഷെ മേരി അത് നിരസിച്ചു.
"ഞാനങ്ങോട്ട് വരുന്നില്ല. ദൈവം നീതിമാനാണ്. നിങ്ങളുടെ മകൾ ശ്രുതി വിവാഹിതനായി ഒരു പുരുഷനോടൊപ്പം ജീവിച്ചു തുടങ്ങുമ്പോൾ നിങ്ങളും ഇവിടെയെത്തും. അന്ന് ഞാൻ ജീവിച്ചിരുന്നാൽ നിങ്ങളുടെ ആ ദുരവസ്ഥയിൽ ഞാൻ പരിതപിക്കുകയില്ല. അപ്പോൾ എന്നെക്കൊണ്ട് കഴിയുന്ന ഉപകാരങ്ങൾ പ്രതിഫലം പറ്റാതെ ഞാൻ നിങ്ങൾക്ക് ചെയ്ത് തരികയും ചെയ്യും. നിങ്ങളുടെ വരവിനായി ഞാനിവിടെ കാത്തിരിക്കും.