മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

സന്ധ്യ മയങ്ങിത്തുടങ്ങിയിരുന്നു...'വാസന്തി' യുടെ വീട്ടിൽ ഞങ്ങൾ എത്തിച്ചേരുമ്പോൾ... മുറ്റത്തേക്കുള്ള നടക്കല്ലുകയറുമ്പോൾ ഞാൻ കണ്ടു... മുറ്റത്തിന്റെ കോണിൽനിന്ന് ഞങ്ങൾക്കരികിലേയ്ക്ക് നടന്നുവരുന്ന മധ്യവയസ്കയായ ഒരു സ്ത്രീയെ.

"ആരാടാ ഇത് അപ്പുണ്ണിയോ..? ഒരുപാടായല്ലോ നിന്നെ ഇതുവഴിയൊക്ക കണ്ടിട്ട്... കൂടെയുള്ളതാരാ..?"

ചോദിച്ചിട്ട് ആ സ്ത്രീ ഞങ്ങളെനോക്കി പുഞ്ചിരിച്ചു.

"ഇതെന്റെ കൂട്ടുകാരനാ, ഗൾഫിലായിരുന്നു... അവധിക്ക് വന്നതാ..."

അപ്പുണ്ണി എന്നെ ആ സ്ത്രീക്ക് പരിചയപ്പെടുത്തി.

"കയറിയിരിക്കൂ..."

വരാന്തയിൽ കിടന്ന കസേര ഞങ്ങൾക്ക് മുന്നിലേക്ക് നീക്കിയിട്ടുകൊണ്ട് ആ സ്ത്രീ പറഞ്ഞു. 

ഞാനും അപ്പുണ്ണിയും വരാന്തയിൽ കിടന്ന കസേരകളിൽ കയറിയിരുന്നു. ഈ സമയം അയൽവക്കത്തെ വീടുകളിൽ നിന്നും... ചിലരെല്ലാം ഞങ്ങൾക്ക് നേരെ ഒളിഞ്ഞുനോക്കി എന്തൊക്കെയോ പിറുപിറുക്കുന്നതു ഞാൻ കണ്ടു.

"അപ്പുണ്ണി എന്തെങ്കിലും പ്രശ്നമുണ്ടോ..?"

ഞാൻ സുഹൃത്തിനെ നോക്കി.

"ഏയ്... ഒന്നുമില്ല... ഇതൊക്ക ഇവിടെ പതിവാണ്. ഈ സ്ത്രീയെ ഭയന്നാരും ഇവിടേയ്ക്ക് വരില്ല... എന്തിനും പോന്ന സ്ത്രീയാ ഇവർ."

അപ്പുണ്ണി എനിക്ക് ധൈര്യം പകർന്നു.

"ഇവിടെ ആരൊക്കെയാ താമസം...?"

ഞാൻ വീണ്ടും സുഹൃത്തിനെ നോക്കി.

"ഓമനയെന്ന, ഈ സ്ത്രീയും പിന്നെ ഇവരുടെ മരുമകൾ വാസന്തിയും, അവളുടെ കുട്ടിയും മാത്രം. വാസന്തിയുടെ ഭർത്താവ് രണ്ടുവർഷം മുൻപ് മരിച്ചു. പാർട്ടിക്കാരനായിരുന്നു... എതിർപാർട്ടിക്കാർ ആരോ കൊന്നതാണ്. ഈ സ്ത്രീ പണ്ടേ പിഴയാ... മകൻ മരിച്ചതോടെ മരുമകളെക്കൂടി തന്റെ തൊഴിലിലേക്ക് ഇറക്കി ഓമന."

അപ്പുണ്ണി വിശദീകരിച്ചു പറഞ്ഞു.

"മോളേ വാസന്തീ... രണ്ട് ചായയെടുത്തേ..."

ശബ്ദമുയർത്തി ഓമന വീടിനുള്ളിലേയ്ക്ക് നോക്കി വിളിച്ചുപറഞ്ഞു.

വരാന്തയോട് ചേർന്നുള്ള മുറിയിൽ ഒരു തയ്യൽമിഷ്യൻ കിടക്കുന്നു. അതിന് മുകളിൽ വിവിധനിറത്തിലുള്ള ഏതാനും തുണികളും. വാസന്തിയുടേതാവുമെന്ന് എനിക്കുതോന്നി.

"ഈ മൂദേവി എവിടിപ്പോയികിടക്കുന്നു... എത്രനേരമായി രണ്ട് ചായക്ക് പറഞ്ഞിട്ട്..."

ഓമന വീടിനുള്ളിലേയ്ക്ക് നോക്കി ശബ്ദമുയർത്തി.

ഈ സമയം അകത്തെമുറിയിൽനിന്ന് ഒരു കൊലുസിന്റെ ശബ്ദം ഞാൻ കേട്ടു. ആ ശബ്‌ദം മെല്ലെ അടുത്തടുത്തു വരുന്നു. ആ ചലനത്തിന് വല്ലാത്തൊരു താളമുണ്ടെന്ന് എനിക്കുതോന്നി. ഒരുനർത്തകിയുടേതുപോലെ അത് മനോഹരമായിരുന്നു.

"ചായ..."

വാതിൽക്കൽനിന്ന് കിളിനാദംപോലൊരു ശബ്ദ്ദം.

ഞങ്ങൾ മുഖം തിരിച്ചവിടേക്ക് നോക്കി. കൈയിൽ ചായനിറച്ച ഗ്ലാസുകളുമായി വെളുത്തുതടിച്ചൊരു സുന്ദരി നിൽക്കുന്നു. അവളുടെ കണ്ണുകളിൽ വല്ലാത്തതിളക്കം അവൾ ഞങ്ങളെനോക്കി പുഞ്ചിരിച്ചു. ആ ചിരിക്കുപോലും വല്ലാത്ത മനോഹാരിതയാണെന്ന് എനിക്ക് അപ്പോൾ തോന്നി. ഞങ്ങൾ ചായ വാങ്ങിക്കുടിച്ചു. ഈ സമയം ഞങ്ങളെ ഉറ്റുനോക്കികൊണ്ട് വാതിലിന് മറഞ്ഞു വാസന്തി നിന്നു. അവളുടെ നൈറ്റിയിൽ പിടിച്ചുകൊണ്ട് പെറ്റിക്കോട്ടണിഞ്ഞൊരു കൊച്ചുപെൺകുട്ടി നിൽകുന്നത് ഞാൻ കണ്ടു. അതവളുടെ മോളാണെന്ന് എനിക്ക് മനസ്സിലായി.

"മോള് അമ്മയുടെ അടുത്തുപോയിരുന്നോ..."

കുട്ടിയോട് പറഞ്ഞിട്ട് വാസന്തി വീടിനുള്ളിലേയ്ക്ക് തിരിഞ്ഞുനടന്നു. അകത്തെമുറിയിൽനിന്നും പായ കുടഞ്ഞുവിരിക്കുന്നതുപോലൊരു ശബ്‌ദം ഞാൻ കേട്ടു. ഒപ്പം...

"അമ്മേ..."

എന്നൊരു പതിഞ്ഞവിളിയും.

ഈ സമയം ഓമന ഞങ്ങളെനോക്കി പുഞ്ചിരിച്ചു. എന്നിട്ട് അകത്തേയ്ക്ക് പൊയ്ക്കൊള്ളാൻ കണ്ണുകൊണ്ട് ആഗ്യം കാണിച്ചു. 
ആ സമയം ഒരു മുൻപരിചയക്കാരനായ... അപ്പുണ്ണി കസേരയിൽ നിന്നെഴുന്നേറ്റു. എന്നിട്ടെന്നെനോക്കി പുഞ്ചിരിപൊഴിച്ചിട്ട് വീടിനുള്ളിലേക്ക് നടന്നു.

നിമിഷങ്ങൾ കടന്നുപോയ്കൊണ്ടിരുന്നു. അകത്തുനിന്നും ചില വളകിലുക്കങ്ങളും, കൊലുസിന്റെ ചിണുങ്ങലുകളും, നിശ്വാസങ്ങളുമെല്ലാം ഞാൻ കേട്ടു. എനിക്കാകെ ഒരസ്വസ്ഥത തോന്നി. നിശബ്ദതയുടെ വിരസതയ്ക്ക് വിരാമമിടാനായി ഞാൻ ഓമനയെ നോക്കിചോദിച്ചു.

"ഇവിടെ തയ്യലുണ്ടോ..?"

"ഉണ്ട്... ഞാൻ ടൗണിൽപ്പോയി നൈറ്റിതുണികൾ എടുത്തുകൊണ്ടുവരും... വാസന്തി അത് തയ്ക്കും. വീണ്ടും ഞാനത് ടൗണിൽകൊണ്ടുപോയി കൊടുക്കും. ഒരെണ്ണം തയ്ച്ചാൽ അൻപതുരൂപ കിട്ടും."

പറഞ്ഞിട്ട് അവർ ഒരു ദീർഘനിശ്വാസമുതിർത്തു.

അകത്തുനിന്ന് അപ്പുണ്ണി ഇറങ്ങിവന്നു. അവന്റെ മുഖത്താകെ സന്തോഷം നിറഞ്ഞുനിൽക്കുന്നത് ഞാൻ കണ്ടു. എന്റെ തൊളിൽത്തട്ടി അകത്തേക്കുപോകാൻ പറഞ്ഞിട്ട് അവൻ വരാന്തയിൽ കിടന്ന കസേരയിലേയ്ക്കിരുന്നു. ഞാൻ മെല്ലെ മടിച്ചുമടിച്ചു വീടിനുള്ളിലേയ്ക്ക് നടന്നു.

അവിടെ, കട്ടിലിൽവിരിച്ചിട്ട പായയിലിരുന്ന് വാസന്തി എന്നെനോക്കി പുഞ്ചിരിച്ചു. ഞാനും മുഖത്തൊരു പുഞ്ചിരി വിരിയിച്ചുകൊണ്ട് അവൾക്കരികിലായി കട്ടിലിലിരുന്നു. അവളുടെ മുഖത്തെ ലാസ്യഭാവം, അവളുടെ കണ്ണുകളിലെ തിളക്കം എല്ലാം എന്നെ വല്ലാതെ പരവശനാക്കി. എന്റെശരീരം വിയർക്കാൻ തുടങ്ങി.

"വാസന്തീ..."

ഞാൻ വിറയാർന്നശബ്ദത്തിൽ മെല്ലെവിളിച്ചു.

"എന്താ..?"

അവൾ മെല്ലെചോദിച്ചു.

ഏതാനുംനിമിഷം ഞങ്ങൾക്കിടയിൽ മൗനം വന്നുനിറഞ്ഞു. എന്തുപറയണമെന്നറിയാതെ ഞാൻ നിഛലനായിരുന്നു. കാരണം ആദ്യമായിട്ടായിരുന്നു ഞാനിങ്ങനൊരു പ്രവർത്തിക്കിറങ്ങിതിരിക്കുന്നത്. ഗൾഫിൽനിന്ന് അവധിക്കുവന്ന ഞാൻ അപ്പുണ്ണിയുമൊത്ത് ടൗണിലെല്ലാം ചുറ്റിയടിച്ചു. പഴയ സുഹൃത്തുക്കളെയൊക്കെ കണ്ട് സൗഹൃദം പുതുക്കി. അതിനിടയിൽ എപ്പോഴോ അപ്പുണ്ണിയിൽ നിന്ന് കേട്ട വാസന്തിയെന്ന സ്ത്രീയുടെ രൂപം മനസ്സിൽ കയറിക്കൂടി. നഗരത്തിലെ ചെറുപ്പകാരുടെയാകെ ഉറക്കം കെടുത്തുന്ന വാസന്തിയെ ഒന്നുകാണണമെന്നു വല്ലാത്ത മോഹം തോന്നി. അങ്ങനെയാണ് ഈ സാഹസത്തിന് ഇറങ്ങിത്തിരിച്ചത്. നീണ്ടുപോയ നിശ്ശബ്ദതക്ക് വിരാമമിടാനായി ഞാൻ വാസന്തിയെ നോക്കിചോദിച്ചു.

"ഈ നൈറ്റി വാസന്തി തയ്ച്ചതാണോ..? നല്ലഭംങ്ങിയുണ്ട്."

"അതെ, ഞാൻ തയ്ച്ചതാണ്...ഇഷ്ടമായോ..?"

അവൾ എന്നെനോക്കി.

"ഇഷ്ടമായി ഒരുപാട്... വാസന്തിക്ക് ഇത് നന്നായി ചേരുന്നുണ്ട്..."

ഞാൻ പറഞ്ഞു.

അവൾ എന്നെനോക്കി ചിരിച്ചു. എന്നിട്ട് പറഞ്ഞു.

"ആദ്യമായിട്ടാണ് ഒരാൾ എന്റെ തയ്യലിനെയും, ഡ്രസ്സിങ്ങിനെയുമൊക്കെ പറ്റി അഭിനന്ദിച്ചുപറയുന്നത്. ഇവിടെ വരുന്നവരെല്ലാം എന്റെ സൗന്ദര്യത്തെപ്പറ്റിമാത്രമേ പറയാറുള്ളൂ... താങ്കൾ അതിൽനിന്നെല്ലാം വെത്യസ്തനാണ്. എനിക്കിഷ്ടമായി താങ്കളെ."

പറഞ്ഞിട്ട് അവൾ കുണുങ്ങി ചിരിച്ചു. 

അവളുടെ ആ ചിരി, ആ മദാലസഭാവം, അവളുടെ ശരീരത്തിൽ നിന്നുയരുന്ന വിയർപ്പിന്റെ ഗന്ധം എല്ലാം തന്നെ എന്നെ വീണ്ടും പരവശനാക്കി. ഞാൻ വീണ്ടും അവളെനോക്കി.

"ഇത്രനന്നായി തയ്ക്കാനറിയാവുന്ന വാസന്തി എന്തിനാ പിന്നെ ഇതുപോലെ..?"

ഇടക്കുവെച്ചുനിറുത്തിയിട്ട് ഞാൻ അവളെ നോക്കി. 

ഒരുനിമിഷം അവളുടെ കണ്ണുകൾ നിറഞ്ഞു. നീരുറവപോലെ ആ കണ്ണുനീർ കവിളിലൂടെ താഴേയ്ക്കൊഴുകിയിറങ്ങി. ആ കരച്ചിലിനിടയിൽപെട്ടു ഞാൻ വീർപ്പുമുട്ടി. അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ലെന്ന് എനിക്കപ്പോൾ തോന്നി. ചുണ്ടുകൾ കടിച്ചുപിടിച്ചു കരച്ചിലടക്കികൊണ്ട് അവൾ എന്നെനോക്കി.

"എനിക്കിഷ്ടമുണ്ടായിട്ടല്ല ഞാനിങ്ങനൊക്കെ ചെയ്യുന്നേ... എല്ലാം അമ്മ, എന്നെക്കൊണ്ട് നിർബന്ധിച്ചു ചെയ്യിക്കുന്നതാണ്. ഞങ്ങൾക്കൊരുപാട് കടമുണ്ട്... ഈ വീടുപോലും പണയത്തിലാണ്. എല്ലാം ചേട്ടനുണ്ടായിരുന്ന കാലത്ത് വരുത്തിവെച്ചതാ... സ്വന്തം കുടുംബത്തെമറന്നു നാട് നന്നാക്കാനിറങ്ങിയതിന്റെ ഫലം. കടം മേടിച്ചപണം ചോദിച്ചുകൊണ്ട് ആളുകൾ ഇവിടെവന്ന് ശല്ല്യംചെയ്യും പലപ്പോഴും. അവർക്കൊക്കെ വേണ്ടത് പണമല്ല എന്റെ ശരീരമാണ്. കുറേനാൾ ഞാൻ ചെറുത്തുനിന്നു. പക്ഷേ, ഒരുനാൾ രാത്രി ഏതാനും ചിലർ ചേർന്നെന്നെ പിച്ചിച്ചീന്തി. അവർക്ക് കൂട്ടായി അമ്മയുംകൂടി."

പറഞ്ഞിട്ട് അവൾ തേങ്ങി തേങ്ങിക്കരഞ്ഞു.

"വാസന്തിക്ക് സ്വന്തം വീട്ടിൽപോയി നിന്നുകൂടെ...?"

പൊടുന്നനെ ഞാൻ ചോദിച്ചു.

"അവിടുത്തെ സ്ഥിതിയും വളരെമോശമാണ്. തളർന്നുകിടക്കുന്ന അച്ഛൻ... അമ്മ കൂലിപ്പണിക്ക് പോയിട്ടാണ് കുടുംബം പുലരുന്നത്. എന്റെ ഇളയതായിട്ട് രണ്ടുപെൺകുട്ടികൾകൂടിയുണ്ട് വീട്ടിൽ വിവാഹപ്രായം കഴിഞ്ഞുനിൽക്കുന്നവർ. അതിനിടയിലേയ്ക്ക് ഞാനുംകൂടി ചെന്നാൽ എന്താവും അവസ്ഥ... എന്റെ ഇവിടുത്തെ അവസ്ഥ അച്ഛനെ അറിയിച്ചിട്ടില്ല ഞാനിതുവരെ. അറിഞ്ഞാൽ ആനിമിഷം ഹൃദയംപൊട്ടി മരിക്കും അച്ഛൻ. ശരീരം വിറ്റിട്ടാണെങ്കിലും കിട്ടുന്ന തുകയിൽനിന്നൊരു വിഹിതം വീട്ടിലേയ്ക്ക് കൊടുക്കാൻ അമ്മ അനുവദിക്കാറുണ്ട്. അതുതന്നെ വലിയൊരാശ്വാസമാണ് എന്റെ വീട്ടിലുള്ളവർക്ക്."

പറഞ്ഞിട്ട് അവൾ വീണ്ടും തേങ്ങിക്കരഞ്ഞു.

വാസന്തിയുടെ കഥകേട്ട് എന്റെ നെഞ്ച് പിടഞ്ഞു. കണ്ണുകൾ ഈറനണിഞ്ഞു. അങ്ങനെ ചോദിക്കേണ്ടിയിരുന്നില്ലെന്ന് എനിക്കപ്പോൾ തോന്നി. ഞാൻ മെല്ലെ കട്ടിലിൽ നിന്നെഴുന്നേറ്റ് മുറിയിലെ ജനാലയ്ക്കരികിലേയ്ക്ക് നടന്നു. എന്നിട്ട് നിലാവ് പരന്നുതുടങ്ങിയ മുറ്റത്തേയ്ക്ക് നോക്കി വെറുതേ നിന്നു. വാസന്തിയുടെ അവസ്ഥയോർത്ത് എന്റെ കരളുപിടഞ്ഞു. ആ രക്‌തം കണ്ണുനീർതുള്ളികളായി കവിളിലൂടെ പെയ്തിറങ്ങി. ഒരുനിമിഷം വാസന്തിയുടെ സ്‌ഥാനത്ത് ഞാൻ എന്റെ ഭാര്യയെ സങ്കൽപിച്ചുനോക്കി. അവൾക്കാണീ അവസ്ഥവന്നതെങ്കിലോ..? ആ ഓർമ പോലും എന്റെ ഹൃദയത്തെ നടുക്കിക്കളഞ്ഞു.

ഈ സമയം വാസന്തി എന്റെ അരികിലേയ്ക്ക് നടന്നുവന്നു. കണ്ണുനീരുകൊണ്ട് നനഞ്ഞ ചുണ്ടുകൾ കടിച്ചമർത്തികൊണ്ട് അവൾ എന്നെനോക്കി ചോദിച്ചു.

"എന്തേ എഴുന്നേറ്റുപോന്നത്...? എന്നെ ഇഷ്ടമായില്ലേ...? എന്റെ ജീവിതകഥകേട്ട് ബോറടിച്ചിട്ടുണ്ടാവുമല്ലേ...? എന്നോട് ക്ഷമിക്കൂ..."

പറഞ്ഞിട്ട് അവൾ കണ്ണുനീരുകൊണ്ട് നനഞ്ഞ ചുണ്ടുകളാൽ എന്റെ കൈയിൽ ഉമ്മവെച്ചു.

പൊടുന്നനെ ഞാൻ കൈ പിൻവലിച്ചു. എന്നിട്ട് അവളെനോക്കി പറഞ്ഞു.

"എന്നോട് ക്ഷമിക്കൂ... നീയുമായി ബന്ധപ്പെടാൻ എനിക്കാവില്ല. ഒരുനിമിഷം നിന്റെ സ്‌ഥാനത്തു ഞാനെന്റെ ഭാര്യയെ സങ്കൽപിച്ചുപോയി. അവൾക്കാണ് നിന്റെ അവസ്ഥ വന്നതെങ്കിൽ എന്ന് ഞാനാലോചിച്ചുപോയി. അതിലുപരി ആദ്യമായിട്ടാണ് ഞാനിങ്ങനൊരു പണിക്ക് ഇറങ്ങിത്തിരിക്കുന്നത്... അവസാനമായിട്ടും."

പറഞ്ഞിട്ട് ഞാൻ അവളെനോക്കി പുഞ്ചിരിക്കാൻ ശ്രെമിച്ചു.

"താങ്കളുടെ പെരുമാറ്റത്തിൽനിന്നും എനിക്ക് തോന്നിയിരുന്നു ആദ്യമായിട്ടാണ് താങ്കളിത്തരത്തിലൊരു അവസ്ഥ നേരിടുന്നതെന്ന്. താങ്കളിൽ നന്മയുണ്ട് അതുകൊണ്ടുതന്നെ താങ്കൾക്കൊരിക്കലും തെറ്റ്‌ ചെയ്യാനാവില്ല. ആദ്യമായിട്ടാണ് ഞാനിത്രയും നന്മയുള്ളൊരു പുരുഷനെ കാണുന്നത്. താങ്കളുടെ ഭാര്യ ഭാഗ്യവതിയാണ്. താങ്കൾക്കെന്നും നന്മകൾ മാത്രമേ ഉണ്ടാകൂ ..."

പറഞ്ഞിട്ട് അവൾ കണ്ണുനീർതുടച്ചു.

എത്ര മെല്ലെയാണവൾ സംസാരിച്ചത്... എത്ര ആഴമേറിയതാണാ വാക്കുകൾ... എന്ത് സമാധാനമാണ് ഞാനവളോട് പറയുക... ഒരുനിമിഷം ഞാനാലോചിച്ചു.

"എനിക്ക് ഏതാനും നൈറ്റികൾ വേണം. എന്റെ ഭാര്യയ്ക്ക് കൊടുക്കാൻ. വാസന്തിയെപ്പോലെതന്നെ സുന്ദരിയാണവൾ. വാസന്തി തന്നെ വേണം അവൾക്കുള്ള നൈറ്റികൾ സെലക്റ്റ് ചെയ്യാൻ..."

പറഞ്ഞിട്ട് ഞാൻ അവളുടെ മിഴികളിലേയ്ക്ക് നോക്കി.

ആ സമയം അവളുടെ കണ്ണുകളിൽനിന്നും ആനന്ദാശ്രുക്കൾ അടർന്നുവീണു. അവൾ ഉടൻതന്നെ ഏതാനും നൈറ്റികൾ കവറിലാക്കി കൊണ്ടുവന്നു. ഞാനതുവാങ്ങി പൈസ കൊടുത്തിട്ട് വീടിനുള്ളിൽനിന്ന് പുറത്തേക്ക് നടന്നു.

പോകാൻനേരം അപ്പുണ്ണി ഏതാനും നോട്ടുകൾ... ഓമനയുടെ കൈയിൽ വെച്ചുകൊടുത്തു. പ്രതീക്ഷിച്ചതിലും കൂടുതൽ പണം കിട്ടിയതുപോലെ ഓമനയുടെ മുഖം പ്രകാശിച്ചു. അവർ ഞങ്ങളെനോക്കി പുഞ്ചിരിച്ചു എന്നിട്ട് പറഞ്ഞു.

"ഇനിയും വരണേ മക്കളേ..."

വരാമെന്ന് പറഞ്ഞിട്ട് തിരിഞ്ഞുനടക്കാൻ തുടങ്ങുമ്പോൾ... ഞാനൊരിക്കൽകൂടി മുഖംതിരിച്ചു വാതിലിനുനേർക്ക് നോക്കി. അവിടെ എന്നെനോക്കി പുഞ്ചിരിനിറഞ്ഞ മുഖവുമായി വാസന്തി. അവളുടെ കണ്ണുകൾ സന്തോഷത്താൽ ഈറനണിഞ്ഞിരിക്കുന്നു. അവളെനോക്കി ഒരിക്കൽക്കൂടി പുഞ്ചിരിതൂകിയിട്ട് കണ്ണുകൾകൊണ്ട് യാത്ര പറഞ്ഞ് ഞാൻ അപ്പുണ്ണിക്ക് പിന്നാലെ വീട്ടിലേയ്ക്ക് നടന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ