അയ്യേ.... മൊത്തം തെറ്റുകളാണെ, ഇതുവരെ ജീവിച്ചത് മൊത്തം തെറ്റുകളാണ്. ആത്യേപൂത്യേ ജനിക്കാനും ജീവിക്കാനും പറ്റിയിരുന്നെങ്കിൽ.! കളികൾക്കിടയിൽ വഴക്കുണ്ടാകുമ്പോൾ പറയാറുള്ളത്, എത്ര സമയമാണ് വീട്ടിലെ മാറാല പിടിച്ച മുറിയിൽ തടവുകാരനായതെന്ന് നിശ്ചയമില്ല.
നീണ്ട ഇരുപത് വർഷത്തെ സഞ്ചാരത്തിന് ശേഷം കൃപേഷ് വീട്ടിലെത്തിയിരിക്കുന്നു. ഇപ്പോഴവന് വയസ് നാൽപത് കഴിഞ്ഞിരിക്കും. ഗൂഗിളിൽ സെർച്ച് ചെയ്തു നോക്കി. ഹൗ ടു ഗെറ്റ് എ ജോബ്. മാട്രിമോണിയൽ സൈറ്റുകളിൽ റജിസ്റ്റർ ചെയ്തു. ജോബ് നിൽ,ബാച്ച്‌ലർ. വീട് ഒന്നടിച്ച് വാരി വൃത്തിയാക്കി വരണ്ട വളപ്പിലേക്ക് നോക്കിയപ്പോൾ. കശുമാവിൻ ചോട്ടിൽ ഒരനക്കം കൂത്താടിക്കുട്ടികൾ കൊരട്ട പെറുക്കാൻ വന്നതാണ്.അവർ കുറെ സമയം കൃപേഷിന്റെ മുഖത്തേക്ക് നോക്കി നിന്നു.ഇതുവരെയില്ലാത്ത ഒരുടമസ്ഥനെ കണ്ടിരിക്കുന്നു.കഠിനമായ തീരുമാനങ്ങളിലൊന്നാണ് പ്രവാസം. ഒറ്റയ്ക്ക് ഒറ്റയ്ക്ക് എന്തൊരു ഭീകരമാണത്.
"നീ ആ ഗംഗനോട് പറഞ്ഞിറ്റ് എന്തെങ്കിലും പണിയ്ണ്ടോന്ന് ചോദിക്ക് മോനെ ഓന്പ്പൊ പഞ്ചായത്ത് കാര്യോല്ലായിറ്റ് നല്ല നെലേലാണ്."
കൂത്താടിക്കുട്ടികൾക്ക് പിറകെ വന്ന കമ്മാട്ത്തു ഏട്ടി പഴയപരിചിതനെ പോലെ പെരുമാറി. ഇനി കുറച്ചു കാലം നാട്ടിൽ തന്നെ തങ്ങാം അതിനൊരു ജോലി വേണം.ഗംഗേട്ടനെ കാണാം കൃപേഷിനും തോന്നലുണ്ടായി.
"നിനക്ക് പണി ശരിയാക്കാം, ആദ്യം നീ ഫെയ്സ്ബുക്കില് ഇട്ട പാർട്ടി വിമർശന പോസ്റ്റുകൾ പിൻവലിക്കണം.ബാങ്കില് കലക്ഷന് ആള് വേണം, പിന്നെ പഴയത് മാതിരി മീറ്റിംഗും കാര്യോം."
കൃപേഷ് കുറെ സമയം അയാളെ തുറിച്ച് നോക്കി. സിറ്റിസൺ ജേർണലിസം ജനാധിപത്യ സംവിധാനത്തെ കൂടുതൽ കാര്യക്ഷമമാക്കുമെന്ന വിലയിരുത്തലിൽ അവനവിടെ നിന്നും കുതറിമാറി.
"നീ ആ കുഞ്ഞിരാമന്റട്ത്ത് പോട് മോനെ, ഓന്പ്പൊ ബില്ലെ ആളെല്ലെ."
കൃപേഷിന്റെ അനാഥത്വം മനസിലാക്കിയവരിലാരൊ വീണ്ടും മന്ത്രിച്ചു. എല്ലാം നിസ്സംഗനായി നേരിടാമെന്ന ധാരണയിൽ കുഞ്ഞിരാമന്റടുത്തേക്ക് പോയി.
"ഞാന്പ്പൊ രണ്ട് അമ്പലകമ്മിറ്റീരെ പ്രസിഡന്റ്ട, നിന്റെ യുക്തിവാദോം പ്രാന്തൊന്നും നടക്കീല. അമ്പലത്തിന്റെ ഓഡിറ്റോറിയത്തില് പരിപാടി ഇണ്ടാവുമ്പൊ മൈക്കോണാക്കാനും, കാര്യങ്ങള് നടത്താനും ഒരാള് വേണം നിന്റെ കാര്യം പറഞ്ഞാല് നിന്റെ പൂർവ്വകാല സ്വഭാവം നോക്കീറ്റ് ആരും സമ്മതിക്കീല."
കൃപേഷിന് കുഞ്ഞിരാമന്റെ ജീവിതവീക്ഷണമാറ്റത്തിൽ അത്ഭുതമൊന്നും തോന്നിയിരുന്നില്ല. അവനും അത്യേപൂത്യേ ജീവിച്ചു തുടങ്ങിയാലൊ എന്നൊരു തോന്നലുണ്ടായിരിക്കുന്നു.! അതാദ്യം തന്നെ പറഞ്ഞതുമാണല്ലൊ.
"ജോലി തരുന്നത് കൊണ്ട് കുഴപ്പോന്നുല്ല, നിന്ന എനിക്കറിയാം, ചത്തുപോയ നിന്റെ അച്ഛനേം അമ്മേനേം അറിയാം..... ഇതാണ് ചെറുപ്പത്തില് തോന്ന്യാസം കളിച്ചിറ്റ് നടക്കും, ആവശ്യം വരുമ്പൊ ജാതിക്കാരും വേണം,മതക്കാരും വേണം, കുടുംബക്കാരും വേണം."
ജാതിബോധവും, വർഗ്ഗീയ ചിന്തയുമുള്ളവനോട് ജോലി ഇരന്നതിലുള്ള കുറ്റബോധം മനസിനെ അലട്ടി.അങ്ങനെ ഇരന്നു വാങ്ങേണ്ടതായിരുന്നില്ലല്ലൊ ജോലി. പത്താം ക്ലാസ് സർട്ടിഫിക്കറ്റിലെ ജാതിപ്പേര് സ്വയം തിരുത്തിയപ്പോൾ തുടങ്ങിയതാണ് കഷ്ടകാലം, പത്താംക്ലാസിനപ്പുറം പഠനമില്ലെന്നുറപ്പിച്ചതും അതുപോലെ സമൂഹിക നിർമ്മാണത്തിലെ അപാകതകളെ പറ്റി ചിന്തിച്ചതും നാട് വിട്ടതും വായനമൂലമാണ്. അത്രയും നല്ല വായനക്കാരനായിരുന്നില്ല. എങ്കിലും യുക്തിവാദസംബന്ധമായത്, ജനാധിപത്യ സംബന്ധമായത്, ശാസ്ത്രീയമായത് എന്തൊക്കെയൊ വായിച്ച് മനസ് നിറച്ചിരുന്നു. ദരിദ്രനായ ഒരു യുക്തിവാദിക്ക് ജീവിതത്തിൽ നേരിടേണ്ടി വരുന്ന എല്ലാ പ്രയാസങ്ങളും അനുഭവിച്ചിരുന്നു. കൂട്ടുകാർക്കിടയിൽ.
"ഓന, ഓനേല്ലം നീ ഉത്സവത്തിന് വിളിക്ക്വൊ."
ആദർശങ്ങളൊന്നും വച്ച് പുലർത്തിയിരുന്നില്ല. എങ്കിലും ചിലത് ഇപ്പൊഴും ബാക്കിയുണ്ടായിരുന്നു. അത് കൂടി നഷ്ടപ്പെടുമെന്നുറപ്പാണ്. അങ്ങനെയായിരുന്നില്ല, താൻ കാര്യങ്ങളെ കാണേണ്ടതെന്ന് ബോധ്യപ്പെട്ടിരിക്കുന്നു.മതപരമെന്നൊ ജാതീപരമെന്നൊ നോക്കാതെ എല്ലാ ഉത്സവങ്ങളിലും എത്തുക. ഭക്ഷണം കഴിച്ചെങ്കിലും പോരുക. അങ്ങനെയെങ്കിൽ എന്തൊരാനന്ദമായിരിക്കും, എന്തൊരു മൈത്രിയായിരിക്കും പാടെ നിഷേധിച്ചത് കൊണ്ട് എന്ത് നേടാനാണ്. എല്ലാറ്റിനെയും സ്വീകരിക്കുമ്പോൾ മനസ് വിശാലമാവുകയെങ്കിലും ചെയ്യും. മനസ് വിശാലമാകും തോറും, വിശാലമനസ്കരുടെ ഉദാരവൽക്കരണം മൂലം പഴയ നിയമങ്ങളും,വിശ്വാസങ്ങളും കൊണ്ടാടപ്പെട്ടുകൊണ്ടിരിക്കും.അതിനൊരു മാറ്റമാഗ്രഹിച്ച പോരാളിയെ പോലെ താൻ ഏകാന്തതയിലേക്ക് ലയിക്കും. മാറിയിട്ടില്ല.... വ്യാഖ്യാനങ്ങളെല്ലാം തെറ്റാണ്, വ്യാഖ്യാനങ്ങളിൽ രാഷ്ട്രീയവും, മതപരവുമായ സ്വാധീനങ്ങളുണ്ടാകും. ചിലന്തി വലയ്ക്കകത്ത് പിടയുന്ന പ്രാണികളുടെ ജീവിതമാണ് ഭൂരിഭാഗവും.എല്ലാം മനുഷ്യൻ പണിതവ... എല്ലാം മനുഷ്യർക്ക് വേണ്ടിയുള്ളവ....
"കൃപേഷെ നിനക്ക് എന്റെ മോള തരാം.നിന്റെ ജീവിതം ഏറെ ദുഷിച്ചിരിക്കുന്നു.നീ പോയി രാശി വച്ച് ദോഷങ്ങളെന്താണെന്ന് കണ്ട് പരിഹാരം കാണ്,"
ബന്ധുവിന്റെ ചിരിയോടെയുള്ള പറച്ചിലിൽ പ്രതികാരത്തിന്റെ ദിവ്യ പ്രഭ, അങ്ങനെ ഓരൊ മനുഷ്യരും അവരവരുടെ വിശ്വാസങ്ങളിലേക്ക് മറ്റുള്ളവരെ കൂടി ക്ഷണിക്കുന്നതായി കാണാം, ഓരൊ മനുഷ്യരെയും വിലയിരുത്തിയ പട്ടികയിൽ പേര് ലഭിക്കാത്തവരെല്ലാം അസ്വസ്തരെത്രെ.! കൃപേഷ് നിസംഗനായി. നിർവ്വികാരനായി, അപ്പോഴിനിയും ഏകനായി ജീവിക്കാനുള്ള കാരണങ്ങളിൽ ചിലത് ബാക്കിയുണ്ടായിരുന്നു.