അവർ അയാളെ ആട്ടിയോടിക്കുകയായിരുന്നു. "ഇത് നിന്റെ രാജ്യമല്ല" എന്ന് ആവർത്തിച്ചാവർത്തിച്ച് അയാളുടെ ചെവിയിൽ മുഴങ്ങിക്കൊണ്ടിരുന്നു.
അബലൻ, അശക്തൻ. ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. കാതങ്ങളോളം ഭയന്നോടി. അയാൾ ഒറ്റയ്ക്കായിരുന്നില്ല. രാജ്യാതിർത്തിയിലേക്കാണ് പായുന്നത്. അതിനു ശേഷം? അറിയില്ല. ആർക്കുമറിയില്ല. ആർക്കും.
കത്തുന്ന സൂര്യനു കീഴെ, പൊള്ളുന്ന തീമണ്ണിനു മീതെ, തന്റെ രാജ്യത്തിനു വേണ്ടി യുദ്ധം ചെയ്തു പതം വന്ന കാലുകളിലേറി പായേണ്ടി വന്നപ്പോൾ, മനസ്സിൽ ഒന്നു മാത്രം. ‘ഇതെന്റെ രാജ്യമല്ലത്രേ! എന്നു പറയാൻ ആർക്കാണധികാരം?’ പക്ഷെ പിറകെ കൂടിയ ഫാസിപ്പട്ടാളം ചിന്തകളെ പോലും മുറിവേൽപ്പിച്ചെന്നു തോന്നി.
ഒടുവിൽ അവർ അതിർത്തിയിലെത്തി. ഒന്നു തിരികെ നോക്കാൻ പോലുമാകാതെ പിറന്ന മണ്ണ് വിട്ടിറങ്ങേണ്ടി വരികയാണ്. മുഖം വിറച്ചു. കണ്ണുകൾ ജ്വലിച്ചു. ചലിക്കാനാകുന്നില്ല. ചുറ്റും ശൂന്യത. പതിയെ തിരിഞ്ഞു. ഒരുപക്ഷെ അവസാനമായി, പെറ്റമ്മയെ ഒന്ന് നോക്കി.
പെട്ടെന്നൊരാരവം. എല്ലാവരും ഭയന്നോടുന്നു; ഫാസിപ്പട്ടാളം പോലും! അയാൾ പൊടുന്നനെ തിരിഞ്ഞു നോക്കി. സായുധരായ ഒരു കൂട്ടം അക്രമകാരികൾ!
പിറന്ന നാട്ടിലേക്ക്, താൻ പുറത്താക്കപ്പെട്ട തന്റെ നാട്ടിലേക്ക്, നുഴഞ്ഞുകയറാനെത്തിയ സംഘത്തിനു മുന്നിൽ അയാൾ തലയുയർത്തി നിന്നു! ആയുധങ്ങൾ ചൂണ്ടി അലറിയടുത്ത അവർക്കു നേരെ അയാളും അലറിയാർത്തിരമ്പി. ഒപ്പം നാടുകടത്തപ്പെട്ട മറ്റുള്ളവരും. തങ്ങളുടെ രാജ്യത്തിന് വേണ്ടി!
ഫാസിപ്പട്ടാളം അപ്പോഴേക്കും കാതങ്ങൾ പിന്നിട്ടിരുന്നു. നാടുകടത്തപ്പെടേണ്ടവർ.