mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 
 
അടഞ്ഞവാതിലിനുമുന്നിൽ കോളിങ് ബെല്ലമർത്തി അവരിരുവരും കാത്തുനിന്നു. അൽപ്പം കഴിഞ്ഞതും അകത്തെങ്ങോ പാദചലനം കേട്ടു. വൈകാതെ വാതിൽ തുറന്ന് ജോലിക്കാരി ഇറങ്ങിവന്നു.
"ടീച്ചർ എവിടെ... ഒന്നു കാണാൻ."

"ടീച്ചർ ഇവിടില്ലല്ലോ ... ഹോസ്പിറ്റലിൽ പോയതാണ്."

"ആണോ... എന്തുപറ്റി... പോകുന്നകാര്യം ഒന്നും പറഞ്ഞിരുന്നില്ല."

"രാവിലേ കാപ്പികുടിയും കഴിഞ്ഞ് പത്രം വായിച്ചുകൊണ്ടിരുന്നതാ... പെട്ടെന്നൊരു നെഞ്ചുവേദന. ഗുളിക കഴിച്ചിട്ടും കുറവ് വന്നില്ല... പിന്നെ അയൽവക്കത്തെ ചേച്ചിയെ വിളിച്ച് ആശുപത്രിയിൽ പോയി. പറയാൻ പറ്റിയിട്ടുണ്ടാവില്ല."

ഇനിയെന്ത് ചോദിക്കണമെന്നറിയാതെ ഇരുവരും ഒരുനിമിഷം നിന്നു.പോകാം എന്നഭാവത്തിൽ അവൾ അവനെ നോക്കി.വെയിലിന് ചൂടുപിടിച്ചു വരുന്നതേയുള്ളൂ...മുറ്റത്തെ പൂച്ചെടികളിൽ തേൻ നുകരാനായി വണ്ടുകൾ പാറിനടക്കുന്നു.

തിരിഞ്ഞുനടക്കാനൊരുങ്ങുമ്പോൾ വേലക്കാരി പിന്നിൽ നിന്നും വിളിച്ചുചോദിച്ചു.

"എന്താ... എന്തെങ്കിലും വിശേഷിച്ച് പറയാനുണ്ടോ...?"

"ഇല്ല... പ്രത്യേകിച്ച് ഒന്നും പറയാനില്ല. ഞങ്ങൾ ഒരിടംവരെ പോകാനിറങ്ങിയതാണ് ടീച്ചറെക്കൂടി കൂട്ടാമെന്നു കരുതി കയറിയതാണ്. നേരത്തേ പറഞ്ഞിരുന്നതാണ്. ഇനിയിപ്പോൾ..."അവർ ഇറങ്ങി നടന്നു.

"ഇനിയെന്താണ് പ്രോഗ്രാം... ഇന്നും പോക്ക് നടക്കില്ലല്ലോ.?"

അവൻ മറുപടിയൊന്നും പറയാൻ നിൽക്കാതെ കാറിൽ കയറി. അവൾ കൂടി കയറിയതോടെ കാർ മുന്നോട്ട് എടുത്തു.

ഈ സമയം അവൾ അവനെയൊന്നു പാളി നോക്കി. അവന്റെ മുഖത്തെ നിരാശ കണ്ടതുകൊണ്ടോ എന്തോ അവൾ കുറച്ചുനേരത്തേയ്ക്ക് ഒന്നും ചോദിച്ചില്ല. ഇനി എന്ത് ചോദിക്കാനാണ്... ഉദ്ദേശിച്ച കാര്യം നടന്നില്ലല്ലോ. കാർ മുന്നോട്ട് നീങ്ങിക്കൊണ്ടിരുന്നു.

സീറ്റിൽ ഇരുന്ന അവളുടെ കൈ ഇടതുകയ്കൊണ്ട് എത്തിപ്പിടിച്ചുകൊണ്ട് അവളുടെ കണ്ണുകളിലേയ്ക്ക് നോക്കി അവനൊരുനിമിഷം ചോദിച്ചു.

"നിനക്ക് നിരാശയുണ്ടോ...?"

"ഏയ്‌... എന്തിന്..."അവൾ പുഞ്ചിരിക്കാൻ ശ്രമിച്ചു.

"നിനക്ക് സങ്കടം ഉണ്ടാവും... എത്രനാളായി മൊട്ടക്കുന്നു കാണാൻ കൊണ്ടുപോകാമെന്നു പറഞ്ഞുകൊണ്ട് നിന്നെ ഞാൻ ആശിപ്പിക്കുന്നു."

"ഏയ്‌... അങ്ങനൊന്നുമില്ല. ഇന്ന് നമ്മൾ അതിനായി ഇറങ്ങിതിരിച്ചതല്ലേ... നിർഭാഗ്യത്തിന് ടീച്ചർ ഹോസ്പിറ്റലിലായിപ്പോയി. ടീച്ചറുമൊത്താണല്ലോ നമ്മൾ യാത്ര പ്ലാൻ ചെയ്തിരുന്നത്. എന്നെക്കാളും ഈ യാത്ര ആഗ്രഹിച്ചിരുന്നതും ടീച്ചറാണല്ലോ... ഇനിയിപ്പോൾ വേറൊരു ദിവസമാകാം."

"ഏയ്‌... അതുവേണ്ട... ഇന്നെന്തായാലും നമുക്ക് മൊട്ടക്കുന്നിലേയ്ക്ക് പോകാം. പിന്നൊരിക്കൽ ടീച്ചറെകൂട്ടി ഒന്നുകൂടി പോവുകയും ചെയ്യാം."

അവൾ മെല്ലെ പുഞ്ചിരിച്ചു. അവളുടെ മനസ്സിൽ കഴിഞ്ഞുപോയ പ്ലസ്ടൂ പഠനകാലവും, സായാഹ്നങ്ങളിലെ സുലൈഖ ടീച്ചറിന്റെ വീട്ടിലെ ട്യൂഷ്യൻക്ലാസും ഓർമ്മവന്നു.

'റിഹാന'... 'റിഷാന്' ഉള്ളതാണ് എന്ന് കൂട്ടുകാരൊന്നടങ്കം പാടിനടന്ന കാലം. ഈ വാർത്ത എങ്ങനെയോ ടീച്ചറിന്റെ കാതിലും എത്തിയിരുന്നു. കുട്ടികളില്ലാത്ത ടീച്ചർ ആ ബന്ധത്തെ പ്രോത്സാഹിപ്പിക്കുകയും കൂടെനിൽക്കുകയും ചെയ്‌തു.

അങ്ങനെ പ്രണയം പങ്കുവെച്ചു കൊണ്ടുള്ള ഒരു സായാഹ്നത്തിൽ... ട്യൂഷ്യൻ ക്ലാസിന്റെ മുറ്റത്തുവെച്ച് റിഷാന്റെ കണ്ണുകളിലേയ്ക്ക് നോക്കി റിഹാന ചോദിച്ചു.

"എനിക്ക് ഒരാഗ്രഹമുണ്ട്... പറഞ്ഞാൽ സാധിച്ചു തരുമോ.?"

"എന്ത് ആഗ്രഹം... പറയൂ."

"എനിക്ക് ആ കാണുന്ന മൊട്ടക്കുന്നുകൾ കാണാൻ പോകണം. അതിന്റെ നിറുകയിൽ കയറണം. കൊണ്ടുപോകുമോ..?" അവൾ ദൂരേയ്ക്ക് കൈ ചൂണ്ടി.

"പിന്നെന്താ... തീർച്ചയായും. പരീക്ഷ കഴിഞ്ഞുള്ള വെക്കേഷൻ സമയത്താവട്ടെ."അവൻ അവൾക്ക് ഉറപ്പ് നൽകി.

ഈ വിവരമറിഞ്ഞ ടീച്ചർ അവരോട് ചോദിച്ചു.

"എനിക്കും വല്ല്യ കൊതിയുണ്ട് ആ കാണുന്ന മൊട്ടക്കുന്നുകൾ കാണാൻ... പക്ഷേ, എന്നെ ആര് കൊണ്ടുപോകാനാണ്... നിങ്ങൾ പോകുമ്പോൾ എന്നെയും കൂടി കൊണ്ടുപോകുമോ.?"

"കൊണ്ടുപോകാമല്ലോ... സന്തോഷം മാത്രം."

അങ്ങനെ ദിവസങ്ങളും മാസങ്ങളും കടന്നുപോയി. മൊട്ടക്കുന്നു കാണാൻ മാത്രം പോയില്ല. അതിന്റെ കാരണങ്ങൾ പലതാണ്. പെട്ടെന്നുള്ള ടീച്ചറിന്റെ ഭർത്താവിന്റെ മരണം, അതിനെതുടർന്നുള്ള ടീച്ചറിന്റെ ഒറ്റപ്പെടൽ... അതുവഴിയുള്ള ഹൃദ്രോഗത്തിന്റെ ആരംഭം, ചികിത്സകൾ... വിശ്രമം.

മൊട്ടക്കുന്നു പച്ചപ്പരവതാനി വിരിച്ചുകൊണ്ട് അവരെ എതിരേറ്റു . തെരുവയും, തുമ്പയും, കൊങ്ങിണിയും നിറഞ്ഞ പ്രകൃതിഭംഗി. താഴ്വരത്തുനിന്ന് കുന്നുകളിലേയ്ക്ക് കയറുമ്പോൾ അവൾ തോളിൽ കൈയിട്ടുകൊണ്ട് അവനോട് പറഞ്ഞു.

"നമ്മളിപ്പോൾ കല്ല്യാണം കഴിഞ്ഞ പുതുപ്പെണ്ണും ചെറുക്കനുമാണെന്ന് തോന്നുന്നു..."

"അതെ... എനിക്കും തോന്നാതില്ല..."അവൻ പൊട്ടിച്ചിരിച്ചു.

"എങ്കിൽ നമുക്ക് സിനിമയിലൊക്കെ കാണുന്നതുപോലെ ഒരു ഡ്യൂയറ്റൊക്കെ പാടി ഡാൻസ് കളിച്ചാലോ... ഈ കുന്നിൻ ചെരുവിലൂടെ പരസ്പരം കൈകോർത്തുപിടിച്ചുകൊണ്ട് ഓടിയാലോ.?"

"തീർച്ചയായും... ഞാൻ എന്തിനും തയ്യാർ..."അവൻ അവളെ സന്തോഷിപ്പിച്ചുകൊണ്ട് പറഞ്ഞു.

അങ്ങനെ അവരിരുവരും സിനിമയിലെ കഥാപാത്രങ്ങളായി പരസ്പരം കൈകോർത്തുപിടിച്ചുകൊണ്ട് ആടിയും പാടിയും കുന്നിൻ നെറുകയിലൂടെ പാറിനടന്നു.

ഒറ്റപ്പെട്ട മരങ്ങളുടെ തണലിൽ വിശ്രമിച്ചു. തോളോടുതോൾ ചേർന്ന് ഇരുന്നുകൊണ്ട്...കണ്ണിൽ കണ്ണിൽ നോക്കി വികാരം കൊണ്ടു.ഒടുവിൽ കുറേയധികം ഫോട്ടോകളുമെടുത്തുകൊണ്ട് കുന്നുകളോട് വിടപറഞ്ഞുകൊണ്ട് താഴേയ്ക്കിറങ്ങി.ഈ സമയം അവന്റെ കണ്ണുകളിലേയ്ക്ക് നോക്കി അവൾ ചോദിച്ചു.

"ഇന്ന് നമ്മോടൊപ്പം ടീച്ചർ കൂടി ഉണ്ടായിരുന്നെങ്കിൽ ഇതൊക്കെ നടക്കുമായിരുന്നോ...?"

ഒരുനിമിഷം അവൻ അവളുടെ മിഴികളിലേയ്ക്ക് നിരാശയോടെ നോക്കി.എന്നിട്ട് പറഞ്ഞു.

"തീർച്ചയായും ഇതിലപ്പുറവും നടക്കുമായിരുന്നു... കാരണം ടീച്ചറെപ്പോലെ നമ്മളെ മനസ്സിലാക്കിയത് മാറ്റാരുണ്ട് ഈ ലോകത്തിൽ... പാവം ടീച്ചർ എത്രമോഹിച്ചതാണ് നമ്മോടൊപ്പം ഈ കുന്നിൽ വരാൻ."അവൻ സങ്കടത്തോടെ പറഞ്ഞു.

"ശരിയാണ് ടീച്ചറിനോളം നമ്മളെ മനസ്സിലാക്കിയ മറ്റാരും ഇല്ല. ടീച്ചർകൂടി ഈ യാത്രയിൽ വേണമായിരുന്നു. പാവം കുട്ടികളില്ലാത്ത അവർക്ക് നമ്മൾ കുട്ടികളാണ്."

അവളുടെ ശബ്ദം അവന്റെ കാതിൽ നൊമ്പരമായി. ഇരുവരും മെല്ലെ കുന്നിറങ്ങി നടന്നു.

പുലർച്ചെ... തലേരാത്രിയിൽ ടീച്ചർ മരണപ്പെട്ടു എന്നറിയിച്ചുകൊണ്ടുള്ള പള്ളിയിലെ അറിയിപ്പാണ് അവനെ വിളിച്ചുണർത്തിയത്. നടുക്കത്തോടെ പിടഞ്ഞേഴുന്നേറ്റു സമയം നോക്കാനായി ഫോൺ എടുക്കുമ്പോൾ വാട്സാപ്പിൽ ഒരുപാട് മെസേജുകളുടെ നോട്ടിഫിക്കേഷനുകൾ.

എടുത്തുനോക്കുമ്പോൾ എല്ലാം ടീച്ചറിന്റെ നമ്പറിൽ നിന്നുള്ളതാണ്.വല്ലാത്തൊരു പകപ്പോടെ വിറയാർന്ന വിരലുകൊണ്ട് അവൻ അത് ഓപ്പൺ ചെയ്തു.

പ്രിയപ്പെട്ട റിഷാൻ... മൊട്ടക്കുന്നുകൾ കാണാൻ പോകാനായി എന്നെക്കൂട്ടാൻ നീയും അവളുംകൂടി വീട്ടിൽ വന്നിരുന്നല്ലേ ...എനിക്ക് വരാൻ പറ്റിയില്ല. എന്തായാലും ഞാൻ ഇല്ലാഞ്ഞിട്ടും നിങ്ങൾ അവിടെ പോയല്ലോ... എനിക്ക് സന്തോഷമായി. ഞാൻ ആഗ്രഹിച്ചിരുന്നതും അതാണ്‌. നീയും അവളുംകൂടി തനിച്ച് അവിടെ പോകണമെന്ന്. പരസ്പരം പ്രണയം പങ്കിടണമെന്ന്. അതുകൊണ്ടാണ് ഓരോതവണ നിങ്ങൾ പോകാമെന്നുപറഞ്ഞപ്പോഴും ഞാൻ ഒഴിഞ്ഞുമാറിയത്. അതിന്റെപേരിൽ നിങ്ങൾക്ക് എന്നോട് ഇഷ്ടക്കേട് ഉണ്ടായിട്ടുണ്ടാവാം. എല്ലാത്തിനും സോറി. നിങ്ങളെ പറഞ്ഞുപറ്റിച്ചതിനും നിങ്ങടെ യാത്ര നീട്ടിക്കൊണ്ട് പോയതിനും. പിന്നെ എനിക്ക് വീണ്ടും ഒരു നെഞ്ചുവേദന... സാരമില്ലെന്നാണ് ഡോക്ടർ പറഞ്ഞത്. എന്തായാലും എന്നെക്കാണാനായി നിങ്ങൾ ഓടിപ്പിടിച്ചു വരുകയൊന്നും വേണ്ട. പ്രിയ ടീച്ചർ.

അവനാ മെസേജുകൾ ഒരിക്കൽക്കൂടി വായിച്ചിട്ട് ഫോണും പിടിച്ചങ്ങനെ കുറേനേരം കട്ടിലിൽ തന്നെയിരുന്നു. പിന്നെ നിറമിഴികളിൽപ്പെട്ട് മങ്ങിപ്പോയ ഫോണിന്റെ ഡിസ്‌പ്ലെയിൽ വിവരം അറിയിക്കാനായി അവളുടെ നമ്പർ തിരഞ്ഞു. 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ