പഠനകാലം കഴിഞ്ഞ് എവിടെയും ജോലിക്ക് കയറിപ്പറ്റാനാകാതെ വിഷണ്ണനായി നടക്കുന്ന കാലം. നാട്ടുകാരുടേയും വീട്ടുകാരുടേയും ചോദ്യശരങ്ങൾ ഭയന്ന് രാവിലെത്തന്നെ കുളിച്ചൊരുങ്ങി വീട്ടിൽ നിന്നിറങ്ങും. ലൈബ്രറിയിൽ
സിവിൽസർവ്വീസ് പഠനം അതാണ് വീട്ടിൽ പറയുക. ആദ്യം ടൗണിലൊക്കെ ഒന്നു കറങ്ങും. വലിയ തിരക്കില്ലെങ്കിൽ ഒരു സിനിമ കാണും.അതിനു ശേഷം മണീസ് കഫേയിൽ നിന്ന് അതിമുദുലമായ ഇഡലി ചുകന്ന ചമ്മന്തിയും സാമ്പാറും കൂട്ടിക്കഴിക്കും. മേമ്പൊടിയായി രുചികരമായ ഒരു ഗ്ലാസ്സ് കാപ്പി ആസ്വദിച്ച് കുടിക്കും. പിന്നെ ലൈബ്രറിയിൽ പോയി ജോലി അറിയിപ്പുകളും മറ്റു വിവരങ്ങളും കുറിച്ചെടുത്ത് അവിടെയുള്ള പുത്തൻ മാസികയും വാരികകളും വിസ്തരിച്ചു വായിക്കും. ഉച്ചയായാൽ അമ്മ തന്നു വിട്ട വാട്ടിയ വാഴയിലയിൽ കട്ടത്തൈരൊഴിച്ച് ഉടച്ച ചോറ്, തോരനും ചുട്ട മുളക് ചമ്മന്തിയും കയ്പക്ക/പപ്പടം വറുത്തതും കൂട്ടി സിവിൽ സർവ്വീസ് കോർണറിൽ പോയിരുന്നു കഴിക്കും.പിന്നെ പത്രവായന .പുതിയ ലോകവിവരങ്ങൾ കുറിച്ചെടുക്കും. സന്ധ്യയാകുമ്പോഴേക്കും വീടു പറ്റും. ഇതാണ് പതിവ് .സമയമങ്ങനെ ഇഴഞ്ഞു നീങ്ങാൻ തുടങ്ങി. തൊഴിലന്വോഷണം ലക്ഷ്യത്തിലെത്തുന്നില്ല. താത്കാലിക ജോലിക്കു കയറി വിലപ്പെട്ട സമയം നഷ്ടപ്പെടുത്തില്ല എന്ന് മുൻപേ നിശ്ചയിച്ചതാണ് .കയറുന്നെങ്കിൽ സ്ഥിര ജോലിക്കേ ചേരൂ . ഒപ്പം പഠിച്ചവർ ഓരോ തുരുത്തുകളിൽ കയറിപ്പറ്റാൻ തുടങ്ങി. എനിക്കാകട്ടെ ഒരു തരം മടുപ്പും ബാധിച്ചു തുടങ്ങി.
അങ്ങിനെയിരിക്കെയാണ് ഒരു ഫോൺ കോൾ. പഴയ ഒരു സുഹൃത്താണ്. പഠിപ്പിക്കാൻ താത്പര്യമുണ്ടോ എന്നതാണ് ചോദ്യം. ആദ്യം ഒന്നു ശങ്കിച്ചെങ്കിലും മത്സരപ്പരീക്ഷകളിൽ ഉയർന്ന മാർക്കു നേടാൻ ഏറ്റവും നല്ല മാർഗ്ഗം പഠിക്കലല്ല, പഠിപ്പിക്കലാണെന്ന് അവൻ ഉപദേശിച്ചു.ഒന്നാലോചിച്ചാൽ ശരിയാണ് പഠിച്ച വിഷയങ്ങളോടുള്ള ഇടപഴകൽ കുറഞ്ഞു വരുന്നു. പിന്നെ അത്യാവശ്യം സാമ്പത്തികവും കിട്ടും. പിന്നെ അമാന്തിച്ചില്ല.ഒ.ക്കെ പറഞ്ഞു. ബയോഡേറ്റയും കൊണ്ട് പോയി പിറ്റേന്നു തന്നെ പോയി ജോയിൻ ചെയ്തു .അന്നുതന്നെ ക്ലാസ്സിൽ പോയി പഠിപ്പിക്കലുമാരംഭിച്ചു. ഏതായാലും പരിചയപ്പെട്ടും തമാശയൊക്കെ പറഞ്ഞുമുള്ള പഠിപ്പിക്കൽ വളരെ രസകരമായിത്തോന്നി. പഴയ കോളേജ് ജീവിതം തിരിച്ചു കിട്ടിയ പോലെ ഒരു പ്രതീതി. പിള്ളേർക്കൊക്കെ എന്തൊരു ബഹുമാനം. എവിടെ വച്ച് കണ്ടാലും ഭയഭക്തി ബഹുമാനത്തോടെ അവർ നോക്കും... അഭിവാദ്യം ചെയ്യും.തൊല്ലൊരു ഗൗരവം ഭാവിച്ച് ക്ലാസ്സെടുപ്പ് തകൃതിയായി മുന്നോട്ടു നീങ്ങി. പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സാങ്കേതിക വിദ്യഭ്യാസം നല്കി ,ഒരു തൊഴില് അഭ്യസിപ്പിച്ച് ജീവിതവിജയം നേടാൻ താനൊരു നിമിത്തമാകുന്നതിൽ അഭിമാനവും ചാരിതാർത്ഥ്യവും തോന്നി തുടങ്ങി. ഇടക്ക് കല്ലുകടിയായത് ബാക്ക് പേപ്പറുകൾ വല്ലവണ്ണം പാസ്സാകാൻ വേണ്ടി ട്യൂഷനു വരുന്ന എഞ്ചിനീയറിങ്ങ് വിദ്യാർത്ഥികളാണ് . അഞ്ചു മണിക്കു ശേഷം ഒരാളായും രണ്ടാളായും അങ്ങിനെ വന്നുകൊണ്ടിരിക്കും. നമ്മുടെ വിഷയങ്ങൾ ഒന്നുകൂടെ മനസ്സിൽ ഉറക്കുമല്ലോ എന്നു കരുതി അതങ്ങു സഹിക്കാൻ തീരുമാനിച്ചു. ഒരു പ്രൈവറ്റ് സ്ഥാപനത്തിൽ ചെറിയൊരു ശമ്പളത്തിന് അധ്യാപകനായി പോകുന്നതിനോട് വീട്ടുകാർക്ക് വലിയ താത്പര്യമുണ്ടായില്ല. വേണമെങ്കിൽ സിവിൽ സർവ്വീസ് കോച്ചിങ്ങിന് പോകാനായിരുന്നു നിർദേശം. അങ്ങിനെയിരിക്കെ ഒരു ശനിയാഴ്ച ദിവസം എന്തിനോ അമ്മയോട് ഇടഞ്ഞു. അമ്മയുടെ നിർബന്ധത്തെ അവഗണിച്ച് പൊതിഞ്ഞുവച്ചിരുന്ന ഉച്ചഭക്ഷണമെടുക്കാതെ ബൈക്കുമെടുത്ത് വീട്ടിൽ നിന്നു മിറങ്ങി. നേരമൽപ്പം വൈകിയിരുന്നു. ഇൻസ്റ്റിറ്റൂട്ടിൽ ചെന്നതും ക്ലാസ്സിൽ കയറേണ്ടി വന്നു. കുട്ടികൾക്ക് ശനിയാഴ്ച പ്രാക്ടിക്കലാണ്. അതു പറഞ്ഞും പരിശീലിപ്പിച്ചും സമയം കടന്നു പോയതറിഞ്ഞില്ല. പെട്ടന്നാണ് ഉച്ചതിരിഞ്ഞത്. ഒരഞ്ചു മിനിറ്റ് സ്റ്റാഫ് റൂമിലിരുന്ന് വിശ്രമിച്ചപ്പോഴേക്കും ഉച്ചക്കു ശേഷമുള്ള ബാച്ച് ക്ലാസ്സുറൂമിലെത്തിയിരുന്നു. ദുരഭിമാനം കൊണ്ട് ഉച്ചഭക്ഷണമെടുക്കാതെ വീട്ടിൽ നിന്നിറങ്ങിയ നിമിഷത്തെ ശപിച്ചു കൊണ്ട്ഒരു രണ്ടു ഗ്ലാസ്സ് വെള്ളം കുടിച്ച് ക്ലാസ്സെടുക്കാൻ തുടങ്ങി. അല്പം കഴിഞ്ഞപ്പോൾ തല തിരിയുന്ന പോലെ. ഒരു ഗ്ലാസ്സ് കൂടെ വെള്ളം കുടിച്ചെങ്കിലും മാറ്റമില്ല. അങ്ങിനെ ഒരു വിധം ആ ബാച്ചിനെയും പറഞ്ഞയച്ചു. പുറത്തു പോയി എന്തെങ്കിലും കഴിക്കാമെന്ന് വിചാരിച്ചെങ്കിലും പുറത്തിറങ്ങാൻ നേരം എഞ്ചിനീയറിങ്ങ് ബാക്ക് പേപ്പറുകാരൻ കാത്തു നിൽക്കുന്നു. അവനെ ഒഴിവാക്കാൻ കഴിയില്ല. കനത്ത ഫീസ് കൊടുക്കുന്ന അവൻ മാനേജ്മെൻ്റിനോട് പരാതി പറഞ്ഞ് തന്നെ മോശമാക്കിക്കളയും. അവന് ക്ലാസ്സെടുത്ത് കഴിഞ്ഞ് ഒരു ചായ കുടിക്കാനായി പുറത്തിറങ്ങിയപ്പോൾ സമയം ആറു മണി കഴിഞ്ഞിരുന്നു.. പുറത്ത് ഇൻസ്റ്റിറ്റൂട്ടിലെ സ്റ്റാഫുകൾ എങ്ങോ പോകാനായി അക്ഷമരായി നിൽക്കുന്നു. അടുത്ത് ഒരു വാഹനവും തയ്യാറായുണ്ട് . എന്നെ കണ്ടതും സുഹൃത്ത് ഓടി വന്ന് കൈ പിടിച്ചു കൊണ്ട് പറഞ്ഞു .' മ്മടെ മാനേജരുടെ അമ്മ മരിച്ചു. നിന്നെ കാത്തു നിൽക്കുകയായിരുന്നു. വേഗം വാ .. ഒന്നു കണ്ടിട്ടു വരാം.പോയില്ലെങ്കിൽ മോശമാണ്.'തളർന്നവശനായ എനിക്ക് ശബ്ദം പോലും പുറത്തു വന്നില്ല. ഒന്നും മിണ്ടാതെ അവൻ്റെ കൈയ്യും പിടിച്ച് വണ്ടിയിൽ കയറിയിരുന്നു സീറ്റിൽ തല ചായ്ചു കിടന്നു. എന്തു പറ്റിയെന്ന് ആരോ ചോദിച്ചെങ്കിലും ഒന്നുമില്ലെന്ന് പറഞ്ഞൊഴിഞ്ഞു. ശുശ്രൂഷകളെല്ലാം കഴിഞ്ഞ് തിരിച്ച് ഇൻസ്റ്റിറ്റൂട്ടിൽ തിരിച്ചു കൊണ്ടാക്കി . അവശേഷിച്ച ഊർജ്ജമുപയോഗിച്ച് ബൈക്കു തള്ളി സ്റ്റാർട്ടാക്കി പുറപ്പെട്ടു. ഹോട്ടലുളെല്ലാം അടച്ചിരിക്കുന്നു. ഈ സമയത്ത് തട്ടുകടകൾ വല്ലപ്പോഴും തുറന്നു കാണാറുണ്ട്. അതു പോലും അടച്ചു പൂട്ടിയിരിക്കുന്നു. ക്ഷീണവും എപ്പോഴോ പിടികൂടിയ തലവേദനയും കടിച്ചമർത്തി കുറച്ചു ദൂരം ബൈക്കോടിച്ചുപോയപ്പോൾ കൊയ്തൊഴിഞ്ഞ പാടത്തിൻ്റെ ഗന്ധം അനുഭവപ്പെട്ടു.ഒപ്പം പാടവരമ്പി നോരത്ത് തുറന്നു വച്ചിരിക്കുന്ന ചെറിയ തട്ടുകടയും. വരണ്ടുണങ്ങിയ ഭൂമിയിൽ കുളിർമഴ പെയ്ത പോലെ തോന്നി. . വണ്ടി പാതയോരത്ത് നിർത്തി തട്ടുകടയുടെ മുന്നിലിട്ടിരുന്ന മരബഞ്ചിൽ ഇരുന്നു. തട്ടുകടക്കാരൻ പയ്യൻ കട പൂട്ടി പോകാനുള്ള ഒരുക്കത്തിലാണെന്നു തോന്നുന്നു. നിരാശ അടക്കി ഒരു അവസാന ശ്രമമെന്ന നിലയിൽ അവനെ വിളിച്ചു. അവൻ തിരിഞ്ഞു നോക്കി. അവൻ്റെ മുഖം വ്യക്തമല്ല.
കഴിക്കാൻ ?
ബലഹീനമായ ശബ്ദം എന്നിൽ നിന്നും പുറത്തുവന്നു. കപ്പയും ചാറുമുണ്ട് പിന്നെ ഓംലൈറ്റുമുണ്ടാക്കാം പതിഞ്ഞ ശബ്ദത്തിൽ പയ്യൻ പറഞ്ഞു.. അവൻ്റെ ശബ്ദം നല്ല പരിചയം തോന്നി. ഏതായാലും അവൻ്റെ വാക്കുകൾ അമൃതായാണ് അനുഭവപ്പെട്ടത്. ആരെങ്കിലുമാകട്ടെ അവനോട് എല്ലാം എടുക്കാൻ പറഞ്ഞു. പാടത്തേക്കു കണ്ണുനട്ടു കൊണ്ടിരുന്നു. ആകാശം ആ പാടത്തേക്കിറങ്ങി വന്നെന്ന പോലെ മിന്നാമിന്നികൾ അവിടവിടെ മിന്നിക്കൊണ്ടിരുന്നു. പല തവണ അമ്മ ഭക്ഷണപ്പൊതിയെടുക്കാൻ നിർബന്ധിച്ചതാണ്. താനത് ചെവിക്കൊണ്ടില്ല. ആ പൊതിയിൽ പയറുതോരനുണ്ടായിരിക്കും. തേങ്ങാച്ചമ്മന്തിയുണ്ടായിരിക്കും. ഒഴിച്ചു കറിയായി മോരു കറി പ്രത്യേകം ഡമ്പയിൽ വച്ചു കാണും. പൊള്ളിച്ച വാഴയിലയിൽ സ്പെഷലായി മുട്ട പൊരിച്ചതോ ചെറുമീൻ വറുത്തതോ ഉണ്ടായിരിക്കും. താനത് നിസ്സാര സൗന്ദര്യപ്പിണക്കം മൂലം നിഷേധിച്ചു.താൻ നിഷേധിച്ചത് അമ്മയുടെ സ്നേഹത്തെ കൂടെയാണ്. അതു കൊണ്ടു തന്നെയാണ് പരിക്ഷീണനായി ഈ പാതയോരത്ത് ഇരിക്കണ്ട അവസ്ഥ വന്നത്. തനിക്കു നേരെ നീട്ടിയ ആഹാരത്തെ ഒരിക്കലും നിന്ദിക്കരുത്... നിഷേധിക്കരുത്..
പയ്യൻ നല്ല വെന്തുടഞ്ഞ ഇളം മഞ്ഞ നിറമുള്ള കപ്പ തൂത്തെടുത്ത് ചൂടു പിടിച്ച കല്ലിലേക്കിട്ടു.ഇറച്ചിയുടെ ചാറ് അതിൻമേൽ ഒഴിച്ച് ഒരു സ്റ്റീൽ ഗ്ലാസ്സുകൊണ്ട് പ്രത്യേക താളത്തിൽ കൂട്ടാൻ തുടങ്ങി. കൊതിപ്പിക്കുന്ന ഗന്ധം അവിടെങ്ങും പരന്നു. അക്ഷമനായി ഇരിപ്പുറപ്പിക്കാതെ എഴുന്നേറ്റപ്പോഴാണ് അടുപ്പിൻ്റെ അരണ്ട വെളിച്ചത്തിൽ അവൻ്റെ മുഖം കണ്ടത്. സർവ്വേയർ ട്രേഡ് മോണിങ്ങ് ബാച്ചിലെ ശിവൻ!
"സാർ റഡിയായിട്ടോ"
അതും പറഞ്ഞ് ശിവൻ കഴുകിത്തുടച്ച വാഴയില വച്ച സ്റ്റീൽ പ്ലേറ്റിലേക്ക് കപ്പയും ചാറും കുടഞ്ഞിട്ടു .ഉള്ളി പൊടിയായി അരിഞ്ഞത് മുകളിൽ വിതറി .ഒപ്പം ഒരു കുഴിയൻ പ്ലേറ്റിൽ ചാറും തൻ്റെ നേരെ നീട്ടി. അതു വാങ്ങി ധൃതിയിൽ അരികിൽ നിന്നും കപ്പയെടുത്ത് ഇറച്ചി ചാറിൽ ഒന്ന് കുഴച്ചു ഒരു വായ കഴിച്ചു. ഇളം ചൂടോടെ, നാവിലെ രസമുകുളങ്ങളെ തഴുകി, വയറിലെ ജഠരാഗ്നി ഏറ്റുവാങ്ങിയ അതിൻ്റെ ആ രുചി ഓർമ്മയുടെ അടരുകളിൽ നിന്നും ഇന്നും മാഞ്ഞു പോകാതെ നിൽക്കുന്നു. അഞ്ചു മിനിറ്റിനുള്ളിൽ ചൂടു ഓം ലൈറ്റ് പ്ലേറ്റിൽ വന്നു വീണു.അതും കുഴച്ച കപ്പയൊടൊപ്പം കഴിച്ചു. അഞ്ചു മിനിറ്റിൽ പ്ലേറ്റു കാലിയായി. ഭക്ഷണം കഴിച്ച് എഴുന്നേറ്റപ്പോൾ ശിവനോട് വല്ലാത്ത നന്ദി തോന്നി. ഒപ്പം അവനെ ക്കുറിച്ചോർത്ത് അഭിമാനവും...പൈസ വാങ്ങാതെ പരുങ്ങി നിന്ന അവൻ്റെ പോക്കറ്റിൽ നിർബന്ധപൂർവ്വം നോട്ടു തിരുകി. നീയെങ്ങിനെ വീട്ടിൽ പോകുമെന്ന് ചോദിച്ചപ്പോൾ ഈ പാടത്തിനപ്പുറമാ എൻ്റെ വീടെന്നു പറഞ്ഞ് അവൻ പാടത്തേക്കു വിരൽ ചൂണ്ടി. ശിവനോട് യാത്ര പറഞ്ഞ് തിരിച്ച് ബൈക്കിൽ കയറുമ്പോൾ ഞാൻ ശിവനെ മനസ്സിൽ അനുഗ്രഹിക്കുകയായിരുന്നു. പഠനത്താടൊപ്പം ജോലി ചെയ്ത് ജീവിക്കുന്ന നീ നന്നാവും. ഉയർന്ന നിലയിലെത്തും.. അതിലൊരു സംശയവുമില്ല. അക്കാര്യത്തിൽ ഈ നിഷേധിയുടെ പ്രാർത്ഥന എന്നും നിന്നോടൊപ്പം ഉണ്ടാകുകയും ചെയ്യും. ഇരുട്ടിനെ കീറി മുറിച്ചു കൊണ്ട് ബൈക്കോടിക്കുമ്പോൾ നിറഞ്ഞ മനസ്സോടെ ശിവനെ മനസാ അനുഗ്രഹിക്കുകയായിരുന്നു.