രാവിലെ കണ്ണ് തുറന്നു നോക്കുമ്പോൾ അടുത്ത് ഉണ്ണ്യേട്ടൻ ഇല്ലാ. നേരത്തെ എണീറ്റു പോയിക്കാണും. അല്ലെങ്കിലും എന്റെ വീട്ടിൽ വരുമ്പോൾ, ഇതു സ്ഥിരം പരിപാടിയാണ്. നേരത്തെ എണീറ്റ്, അമ്മയുടെ കൂടെ അടുക്കളയിലോ, അല്ലെങ്കിൽ അച്ഛന്റെ കൂടെ കത്തിയും അടിച്ചു സിറ്റ് ഔട്ടിലോ കാണും... ഞാനിതൊക്കെ എത്ര കണ്ടിരിക്കുന്നു.
എണീക്കാൻ മടി. ഒന്നൂടെ മൂടിപ്പുതച്ചു കിടന്നാലോ. എന്നാലും കത്തിയടിക്കലിന്റെ ശബ്ദമൊന്നും കേൾകുന്നില്ലല്ലോ. എണീറ്റേക്കാം. പതിയെ ഞാൻ കട്ടിലിൽ എണീറ്റിരുന്നു.. അപ്പോഴാ ഞാൻ ശ്രദ്ധിച്ചത്, കഴുത്തിൽ ആരോ ബലപ്രയോഗം നടത്തിയ പോലെയുണ്ട്.. പതുക്കെ കഴുത്തിൽ തൊട്ടു നോക്കി. കഴുത്തു വല്ലാത്ത വേദന. ഇടതു വശത്തേക്ക് തിരിക്കാനേ വയ്യാ.. ഇനിയെന്റെ കെട്ടിയോൻ വല്ല പണിയും തന്നോ രാത്രിയിൽ കഴുത്തിനിട്ട്. ഒന്നും ഓർമയുമില്ല. ചരിഞ്ഞു കിടന്നതിന്റെ വല്ലതും ആയിരിക്കും എന്ന് തോന്നുന്നു. അല്ലെങ്കിലും ഈ പിടലി വേദന ഇടയ്ക്ക് വരാറുണ്ട്. അതും വല്ല കല്യാണദിവസമോ ഒക്കെ ക്ഷണിച്ചു വരുത്തിയ പോലെ വരും. സിതാരയുടെ കല്യാണത്തിന് പോകുമ്പഴും എന്റെ പിടലി ഉളുക്കി ഇരിക്കുവാരുന്നു. ആൽബത്തിൽ കഴുത്തും ചരിച്ചു നിക്കുന്ന ഫോട്ടോ കണ്ടു, അവളത് അയച്ചു തന്നിരുന്നു. അന്നത് കണ്ടു കുറേ ചിരിച്ചതാ. പക്ഷേ, അന്നേ എനിക്ക് ഒരു പേര് വീണു. പിടലി.
ശോ, എന്തൊരു കഷ്ടം, നല്ലൊരു വെള്ളിയാഴ്ചയായിട്ട്. ഇന്നാണെങ്കിൽ, കുറേ പരിപാടികൾ പ്ലാൻ ചെയ്തു വച്ചിരുന്നതാ.. ഒന്നും ഇനിയിപ്പോ നടക്കത്തില്ലന്നാ തോന്നുന്നത്... ഞാൻ പതുക്കെ നടന്നു ഹാളിലെത്തി.
അവിടെ ചെന്നപ്പോൾ ഉണ്ണ്യേട്ടനും അച്ഛനും ബ്രേക്ഫാസ്റ് കഴിക്കുന്നു. എന്നെ വിളിക്കാതെ ബ്രേക്ഫാസ്റ് കഴിക്കുന്ന ലെവലിൽ വരെയെത്തി അല്ലേ.. ശരിയാക്കി തരാം. ഞാൻ കണ്ണോടിച്ചു.. ഇഡലിയും സാമ്പാറും. ഞാനും ഒരു കസേര വലിച്ചിട്ടു ഇരുന്നു.
"വേദന ആണോ ഉളുക്ക് ആണോ അനൂ.. " ഇടതുഭാഗത്തു നിന്നൊരു അശരീരി. അതിന്റെ കൂടെ ഒരു ആക്കിയ ചിരിയും. കൂട്ടത്തിൽ പിടലീ ന്നൊരു വിളിയും. ആരെന്നല്ലേ. ബ്രേക്ഫാസ്റ്റിന്റെ ഒപ്പം കൊടുത്ത, പുഴുങ്ങിയ മുട്ടയും വായിലാക്കി കൊണ്ട് പ്രിയതമയുടെ വേദന എങ്ങനെയുണ്ടെന്നു തിരക്കാൻ ഉണ്ണ്യേട്ടനല്ലാതെ വേറെ ആർക്കാ കഴിയുക..
ധൈര്യം ഉണ്ടേൽ വലതു ഭാഗത്തേക്ക് വാ, കാണിച്ചു തരാം എന്നു മനസ്സിൽ പറഞ്ഞു. തല്ക്കാലം വെറുതെ വിടുന്നതാ ഇപ്പോഴത്തെ ആരോഗ്യത്തിന് നല്ലത്.. ഉത്തരം ഞാനൊരു മൂളലിൽ ഒതുക്കി.
അച്ഛനാണേൽ ഇഡലി ആദ്യമായിട്ടു കാണുന്ന പോലെയുണ്ട്. എന്നാലും ഇവിടെ സ്വന്തം മോൾ കഴുത്തു തിരിക്കാൻ പറ്റാതെ ഇരിക്കുന്നു, അപ്പുറത്ത് അമ്മ മുട്ട പുഴുങ്ങുന്നു.. പാല് കൊടുക്കുന്നു... ആർക്കും, എന്റെ കാര്യത്തിൽ പഴയ പോലെ ഒരു താല്പര്യം കാണുന്നില്ല.
"ഇന്നു പഴം പുഴുങ്ങീലെ അമ്മേ.." വീണ്ടും അശരീരി. ഇടതു ഭാഗത്തു നിന്നു തന്നെ.
"ഇല്ലാ മോനെ, നമുക്കു വൈകുന്നേരം പഴംപൊരി ആക്കാം..."
ഓഹോ അപ്പൊ, കാര്യങ്ങൾ അവിടെ വരെയെത്തി... എന്റെ വീട്ടിൽ എന്നേക്കാൾ സ്ഥാനം മറ്റൊരാൾക്ക് കിട്ടുകയോ. ..
ഞാനിത് എങ്ങനെ സഹിക്കും എന്റെ മുത്തപ്പാ...
എന്നെ തന്നെ പറഞ്ഞാൽ മതി, ഞാനാദ്യമേ നിലപാട് കടുപ്പിക്കണമായിരുന്നു. ഇനി പറഞ്ഞിട്ടെന്തു കാര്യം.
ഇതിപ്പോ എല്ലാം കയ്യീന്ന് പോയില്ലേ. എണീറ്റു വന്നിട്ടൊരു ചായ പോലും തരുന്നില്ല. ചോദിച്ചാലേ രക്ഷയുള്ളൂ എന്നു തോന്നുന്നു. കരയുന്ന കുഞ്ഞിനേ പാലുള്ളൂ എന്നത് വാസ്തവം തന്നെ.. വലതു വശത്തേക്ക് നോക്കി ഞാൻ നീട്ടി വിളിച്ചു,
അമ്മേ എനിക്കൊരു ചായ...