ജീവിച്ചിരുന്നപ്പോൾ നീ മറ്റുള്ളവർക്കു വേണ്ടി ജീവിക്കുകയായിരുന്നു. അന്ന് നിനക്കു ചുറ്റും മധു നുകരാൻ പറക്കുന്ന തേനീച്ചകളെ പോലെ
ബന്ധുക്കൾ നിരവധിയായിരുന്നു!
അനാഥത്വം ഉപേക്ഷിക്കപ്പെടുമ്പോൾ മാത്രം സംഭവിക്കുന്നതല്ല, എല്ലാവരും ഉണ്ടായിട്ടും അർഹിക്കുന്ന പരിഗണന ലഭിക്കാതെ വരുമ്പോൾ
അതിനെ മറ്റെന്താണ് വിളിക്കേണ്ടത്?
ജീവിച്ചിരുന്നപ്പോൾ നീ... നിനക്കു വേണ്ടി ജീവിക്കാതിരുന്നതിന്, പകരം മറ്റുള്ളവർ അനുഭവിച്ച സുഖത്തിന് എന്ത് തെളിവാണ്, മുട്ടു മടങ്ങി തല കുനിഞ്ഞു പോകുമ്പോൾ മാത്രമാണ് അറിയാൻ കഴിയുക നാം നമുക്കു വേണ്ടി ജീവിക്കാതിരുന്നതിന്റെ നഷ്ടം!
നീ അദ്യ വിശ്രമം കൊണ്ട് കിടക്കുമ്പോൾ നിന്റെ ചുറ്റുമിരുന്ന് വിലപിക്കുന്നവരെ കണ്ട് എന്റെ മിഴികൾ ഈറനായിരുന്നു. എന്നാൽ അതിന് അൽപ്പ നേരത്തെ ആയുസ് മാത്രമേ ഉണ്ടായിരുന്നുള്ളു.
ഒരു കടമ പോലെ എല്ലാവരും അവരവരുടെ സന്തേഷങ്ങളിലേയ്ക്കു തിരിച്ചു പോകുന്നതും ഞാൻ കണ്ടു.
അപ്പോൾ എനിക്ക് ചിരിക്കാനും കഴിഞ്ഞില്ല. മറ്റുള്ളവരുടെ ഹൃദയങ്ങളിൽ എന്തെങ്കിലും ബാക്കിയാക്കി പോകുവാൻ വൃഥാ തത്രപ്പെടുംബോൾ, അത് ഒരു പാഴ്‌വേല ആയിരുന്നു എന്ന് പറയുന്നതാവും ശരി!
നിനക്ക് ഞാൻ ആരുമായിരുന്നില്ലെങ്കിലും, നീ... എനിക്ക് ഓർമ്മകളിൽ വസന്തം നിറയ്ക്കുന്ന ഋതു കന്യകയെപ്പോലെ ആത്മാവിന്റെ അംശമായിരുന്നു.
ഈ പനിനീർ പുഷ്പങ്ങളുമായി നിന്റെ ശവകുടീരത്തിൽ വരുമ്പോൾ ഒരുപാട് മുഖങ്ങൾ പ്രതീക്ഷിച്ചിരുന്നു. പക്ഷെ, അന്യനായ ഞാൻമാത്രം, ഹൃദയം
നുറുങ്ങുന്ന വേദനയോടെ നിന്റെ സ്മൃതി മണ്ഡപത്തിൽ ഓർമ്മകളുടെ ഗന്ധമുള്ള ഈ പനിനീർ സൂനങ്ങൾ സമർപ്പിക്കുന്നു.