മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

katu kadha parayunnu

Binobi Kizhakkambalam

ആവണിപ്പുഴ -  ഒരുകാലത്ത് നിറഞ്ഞൊഴുകിയിരുന്ന പുഴ. ഇന്ന് ആവണിപ്പുഴയിൽ മണൽത്തരികൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. ആവണി പുഴ കുറുകെ കടന്നാൽ ചെന്നെത്തുക കാടിനുള്ളിലേക്ക് ആണ്. അതൊരു എളുപ്പവഴിയാണ്. എന്നാൽ ആവണിപ്പുഴ നിറഞ്ഞൊഴുകിയാൽ പിന്നെ കിലോമീറ്ററോളം സഞ്ചരിച്ചു വേണം ഗ്രാമത്തിൽ എത്താൻ.

കാടിനുള്ളിലൂടെ ഉള്ള നടത്തം ദുഷ്കരമാണ്. കാരണം അപകടകാരികളായ മൃഗങ്ങളുടെ ആക്രമണം എപ്പോൾ വേണമെങ്കിലും ഉണ്ടാകാം. സന്ധ്യയായാൽ ആരും ഇതിലൂടെ ഒറ്റയ്ക്ക് നടക്കാറില്ല. ഇരുട്ട് നിറഞ്ഞ കാടിനകം പേടിപ്പെടുത്തുന്നതാണ്. നിശബ്ദമായ അന്തരീക്ഷത്തിലും ഏതൊക്കെയോ മൃഗങ്ങളുടെ കൂവലും, ഓരിയിടലും കാലുകളുടെ വേഗത പലപ്പോഴും കുറയ്ക്കും.

പട്ടണത്തിൽ പോയി, വീടുകളിലേക്ക് സാധനം വാങ്ങാൻ പോകുന്നവർ, ഇരുട്ടുന്നതിനു മുന്നേ, കൂട്ടംകൂട്ടമായി, ആവണിപ്പുഴ കടന്നു കാട്ടിലൂടെ ഗ്രാമത്തിൽ എത്തിപ്പെടാറുണ്ട്. ബസ്സിറങ്ങി കിലോമീറ്റർ ഓളം കാട്ടിലൂടെ നടന്നുവേണം ഓരോരുത്തർക്കും അവരവരുടെ വീടുകളിലേക്ക് എത്താൻ. വാങ്ങിച്ച സാധനങ്ങൾ എല്ലാം തലച്ചുമടായി ചുമക്കുകയും വേണം.

ഇന്ന് ആവണി പുഴയിൽ മണൽ മാത്രമേ അവശേഷിക്കുന്നുള്ളൂ. അതുകൊണ്ടുതന്നെ നടത്തം സുഖകരമാണ്.

അന്തരീക്ഷത്തിൽ ഇരുട്ട് വ്യാപിക്കാൻ തുടങ്ങിയിരിക്കുന്നു.  ദിവസങ്ങളോളം പെയ്യുന്ന മഴയുടെ തോരാപെയ്ത്തിൽ ആവണിപ്പുഴ കലങ്ങിമറിഞ്ഞ് ഒഴുകും ആയിരുന്നു. അതൊരു പേടിപ്പെടുത്തുന്ന സ്വപ്നമാണ് ഗ്രാമവാസികൾക്ക്. കാരണം ആ തോര പെയ്ത്ത് ചിലപ്പോൾ അവരെയൊക്കെ പട്ടിണിയിലേക്ക് വലിച്ചെറിയും ആയിരുന്നു.

കാട്ടിലൂടെ സുരക്ഷിതമായ റോഡും, ആവണി പുഴയ്ക്ക് പുറകെ ഒരു പാലവും ആ ഗ്രാമവാസികളുടെ സ്വപ്നമായിരുന്നു. അതിന്നും ഒരു നഷ്ടസ്വപ്നമായി അവശേഷിക്കുന്നു.

ഇരുട്ടിന് കനം വയ്ക്കാൻ തുടങ്ങി. കാടിന്റെ നിശബ്ദതയാണ് അതിന്റെ ഏറ്റവും വലിയ സൗന്ദര്യം. പക്ഷേ അതൊരു വന്യമായ നിശബ്ദതയാണ്. എവിടെയോ പതിയിരിക്കുന്ന മരണത്തിന്റെ കാലൊച്ച അതിന്റെ താളവും.

ഈ സമയം ആവണിപ്പുഴയുടെ മണലിലൂടെ ഒരു മനുഷ്യൻ ഒരല്പം ഭയപ്പാടോടെ നടന്നുവരുന്നുണ്ടായിരുന്നു. അയാളുടെ കയ്യിൽ തൂക്കി പിടിച്ച ഒരു സഞ്ചിയും ഉണ്ട്. കാലുറക്കാതെ യുള്ള നടത്തം ആയിരുന്നു അയാളുടേത്.

ഗ്രാമത്തിലുള്ളവർക്ക് ഒപ്പം പട്ടണത്തിൽ പോയതാണ് മണി. പക്ഷേ മദ്യം തലയ്ക്കു പിടിച്ചപ്പോൾ എല്ലാ കാര്യങ്ങളും മറന്നു പോയി. അവസാനം തപ്പിപ്പിടിച്ച് എത്തിയപ്പോൾ ഈ നേരമായി.

കാടിന്റെ ഇരുട്ടിലേക്ക് കാലെടുത്തു വയ്ക്കുമ്പോൾ തന്നെ വയറ്റിൽ കിടന്ന മദ്യത്തിന്റെ കെട്ട് ഇറങ്ങി തുടങ്ങിയിരുന്നു. ഭയപ്പാട് നിറഞ്ഞ കാലടികളും ആയി മണി കാടിന്റെ അന്ധകാരത്തിലേക്ക് കാലെടുത്തുവച്ചു.

കരയുന്ന കുഞ്ഞിനെ തോളത്തിട്ട് അതിന്റെ കരച്ചിൽ മാറ്റാൻ പാടുപെടുകയായിരുന്നു ലക്ഷ്മി. അതിനിടെ ആ കണ്ണുകൾ അങ്ങ് അകലെ ഇരുട്ടിലേക്ക് പായുന്നുണ്ടായിരുന്നു . അന്തരീക്ഷത്തിൽ നിന്നുള്ള പലപല ശബ്ദങ്ങൾ ആ മുഖത്ത് ഭീതിയുടെ നിഴൽ വിരിച്ചു. എവിടെപ്പോയാലും മദ്യപിച്ച് കാലുറക്കാതെ ആണെങ്കിലും ഗ്രാമവാസികൾക്ക് ഒപ്പം തിരിച്ചെത്താറുള്ളതാണ്. ഇന്ന് ആ പതിവ് തെറ്റിയിരിക്കുന്നു.

ഗ്രാമത്തിലെ കുടിലുകളിൽ വെട്ടം ഓരോന്നായി അണയാൻ തുടങ്ങി. പുറത്ത് തണുപ്പിന്  കാഠിന്യമേറി  തുടങ്ങി.

ലക്ഷ്മി അങ്ങകലെ അന്ധകാരത്തിലേക്ക് വീണ്ടും കണ്ണുകൾ വായിച്ചു. എന്നും മദ്യപിച്ച് കാലുറക്കാതെയാണ് വരവ്. അതിലേറെ വന്നു കഴിഞ്ഞാൽ അടിയും തൊഴിയും ആണ്. വേദന സഹിച്ചു കൊണ്ടാണ് ഓരോ ദിവസവും തള്ളിനീക്കുന്നത്.

പിറകിൽ ആരുടെയോ കാൽ പെരുമാറ്റം കേട്ടതും ലക്ഷ്മി തിരിഞ്ഞു നോക്കി.

"നല്ല തണുപ്പാണ്. നീയാ കൊച്ചിനെയും കൊണ്ട് കുടിലിന് അകത്തേക്ക് പോ... "- അമ്മയുടെ വാക്കുകൾ കേട്ടതും ലക്ഷ്മി അകത്തേക്ക് നടന്നു.

"നീ ആരെയാ നോക്കിയിരിക്കുന്നത്. അവൻ വന്നു കൊള്ളും. കുടിച്ച് ബോധം കെട്ടു പോയിട്ടുണ്ടാവും. ബോധം തെളിയുമ്പോൾ ഇങ്ങു എത്തി കൊള്ളും. "

അച്ഛന്റെ വാക്കുകൾ കേട്ടതും ലക്ഷ്മി ആ മുഖത്തേക്ക് നോക്കി.

"കുടിയൻ ആണേലും എന്റെ കെട്ടിയോൻ അല്ലേ അച്ഛാ.. എത്ര തല്ലിയാലും കെട്ടിയോൻ, കെട്ടിയോൻ അല്ലാതെ ആകുമോ? എത്ര നെറികേട് കാണിച്ചാലും ഈ കുഞ്ഞിന്റെ തന്തയല്ലേ... "

ലക്ഷ്മിയുടെ കണ്ണുകൾ നിറയാൻ തുടങ്ങി. അവൾ ഉറങ്ങിയ കുഞ്ഞിനെ കട്ടിലിൽ കിടത്തി.

"അച്ഛന് എന്റെ ഒപ്പം ഒന്ന് വരാമോ... നമുക്ക് കുറച്ചു ദൂരം പോയി നോക്കിയാലോ? " - ഇതു പറയുമ്പോൾ ആ കണ്ണിൽനിന്ന് കണ്ണുനീർ മുത്തുകൾ പൊടിഞ്ഞ് ഇറങ്ങി. അത് അച്ഛൻ കണ്ടു. തിരിച്ചു ഒന്നും പറയാൻ അച്ഛനായില്ല.

തലയ്ക്കു മുകളിലൂടെ ഇട്ടിരുന്ന കമ്പിളി പുതപ്പ് ശരീരം മൊത്തം വാരി പുതച്ചിട്ട്, കഴുക്കോലിൽ സൂക്ഷിച്ചു വച്ചിരുന്ന വെട്ടുകത്തിയും, വടിയും ഒരു പാട്ടയും കയ്യിലെടുത്തു. ലക്ഷ്മി അടുപ്പിൽ നിന്ന് ഉയരുന്ന തീനാളത്തിൽ നിന്ന് ഒരു ചൂട്ടു കത്തിച്ചു. അച്ഛനും, അമ്മയും, ലക്ഷ്മിയും പുറത്തേക്കിറങ്ങി.

മീപത്തെ കുടിലുകളിൽ എല്ലാം വിളക്ക് അണഞ്ഞിരിക്കുന്നു.

"അധികം ദൂരത്തേക്ക് ഒന്നും പോകേണ്ട " - പിറകിൽ നിന്നുള്ള അമ്മയുടെ വാക്കുകൾക്ക് ലക്ഷ്മി തലയാട്ടി. അകലെ ഇരുട്ടിൽ ആ ചെറിയ വെട്ടം മറയുന്നത് വരെ നോക്കി നിന്നിട്ട് അമ്മ കുടിലിന് അകത്തേക്ക് നടന്നു.

കാടിനുള്ളിൽ കയറിയതു മുതൽ മണിയുടെ ശരീരമാസകലം ഒരു വിറയൽ അനുഭവപ്പെടാൻ തുടങ്ങിയിരുന്നു. തങ്ങൾ ഒക്കെ ചവിട്ടി നടന്ന ആ നടപ്പാതയിലൂടെ, ഇരുട്ടിന്റെ മറവിൽ, പതുക്കെ പതുക്കെ ശബ്ദം ഉണ്ടാക്കാതെ മണി നടന്നു.

മദ്യത്തിന്റെ കെട്ടെല്ലാം അകന്നു പോയിരിക്കുന്നു. മനസ്സു മുഴുവൻ ഇപ്പോൾ ഭയമാണ്. എവിടെയോ തന്റെ നേരെ പാഞ്ഞടുക്കാൻ ഒരു ശത്രു  ഇരുളിന്റെ മറവിൽ ഒളിച്ചിരിക്കുന്നുണ്ടെന്ന തോന്നൽ മണിയുടെ ഭയം ഇരട്ടിയാക്കി.

കയ്യിലിരുന്ന സഞ്ചിയും തൂക്കി അയാൾ മുന്നോട്ടു തന്നെ നടന്നു. പെട്ടെന്ന് ഒരു മരത്തിന്റെ മുകളിൽ നിന്ന് എന്തോ വലിയ ശബ്ദം കേട്ടതും മണി ഭയന്ന് തൊട്ടടുത്തു കണ്ട ഒരു മരത്തിന്റെ പിന്നിലൊളിച്ചു.  ആ മരത്തിന്റെ പിറകിൽ നിന്ന് കൊണ്ട് ശബ്ദം കേട്ട ഭാഗത്തേക്ക് മണി നോക്കി. ഒരു മരത്തിനു മുകളിൽ ഇരുന്ന് രണ്ടു കുരങ്ങന്മാർ,ഒരു കുഞ്ഞു കുരങ്ങന്റെ, വായിൽ എന്തോ വച്ചു കൊടുക്കുകയാണ്. അത് ആ കുഞ്ഞു കുരങ്ങ് ആർത്തിയോടെ തിന്നുന്നു. ഇതിനിടെ എവിടെനിന്നോ ഒരു കുരങ്ങൻ ആ ഭക്ഷണം തട്ടിപ്പറിക്കാൻ വന്നു. ആ കുരങ്ങനും, അച്ഛൻ കുരങ്ങനും തമ്മിലുണ്ടായ വഴക്കിന്റെ ശബ്ദമാണ് ഉയർന്നു കേട്ടത്.

മണി കുറച്ചുനേരം അത് നോക്കി നിന്നു. മനുഷ്യർക്ക് മാത്രമല്ല മൃഗങ്ങൾക്കുമുണ്ട് കുടുംബവും, സ്നേഹബന്ധങ്ങളും എല്ലാം.അച്ഛനും, അമ്മയ്ക്കും നടുവിൽ ഇരിക്കുന്ന ആ കുഞ്ഞു കുരങ്ങൻ എത്ര സന്തോഷവാനാണ്.

മണി ചുറ്റുപാടും ഒന്ന് കണ്ണോടിച്ചു. താൻ പതിയിരിക്കുന്ന ആ വലിയ മരത്തിന്റെ മുകളിലെ സ്ഥിതിയും മറ്റൊന്നുമല്ല. ആ മരത്തിന്റെ ചില്ലയിലെ ഒരു കൂട്ടിൽ, ഒരു അമ്മക്കിളി,തന്റെ കുഞ്ഞിക്കിളിയുടെ വായിൽ ഭക്ഷണം കൊടുക്കുകയാണ്. ഇതുകണ്ട് ആ കൂട്ടിൽ മറ്റൊരു കിളിയും ഇരിക്കുന്നുണ്ട്.

ഇതെല്ലാം കണ്ടപ്പോൾ മണിയുടെ മനസ്സിലേക്ക് തന്റെ കൊച്ചു കുടുംബത്തിന്റെ ഓർമ്മ ഓടിയെത്തി. തനിക്ക് ഒരിക്കലും ഓർമയിൽ സൂക്ഷിക്കാൻ ഇങ്ങനെ ഒരു നിമിഷം പോലും ഇല്ല.

തനിക്ക് തന്റെ സുഖങ്ങൾ ആയിരുന്നു വലുത്. ഭയം മനസ്സിനെ വീണ്ടും മൂടാൻ തുടങ്ങിയിരിക്കുന്നു. മണി ചുറ്റുപാടും ഒന്ന് കണ്ണോടിച്ച് പതുക്കെ പതുക്കെ മുന്നോട്ട് നടന്നു. ആകാശത്ത് പ്രകാശിച്ചു നിൽക്കുന്ന ചന്ദ്രനാണ് വഴികാട്ടി. ആ ചെറു വെളിച്ചത്തിൽ നടപ്പാത ചെറുതായി തെളിഞ്ഞു കാണാം. ആനയുടെ ചിന്നം വിളിയും, മറ്റു മൃഗങ്ങളുടെ ഓ രിയിടലും അന്തരീക്ഷത്തിൽ ഇടയ്ക്കിടെ മുഴങ്ങുന്നുണ്ടായിരുന്നു.

ഒത്തിരി ദൂരം മുന്നോട്ടു പോയിരിക്കുന്നു. ഇനി എത്ര ദൂരം സഞ്ചരിക്കണം എന്ന് ഒരു നിശ്ചയവും ഇല്ല. ഏതോ പക്ഷിയുടെ ഉച്ചത്തിലുള്ള ശബ്ദം മണിയുടെ മനസ്സിൽ ഭീതി ഉണർത്തി. അതൊരു കരച്ചിൽ പോലെ മണിക്ക് തോന്നി.

അറിയാതെയാണെങ്കിലും തന്റെ കുടിലിനെ കുറിച്ചുള്ള ഓർമ്മ വീണ്ടും വീണ്ടും മണിയുടെ മനസ്സിലേക്ക് ഓടിയെത്തി. കാട്ടിലെ ഓരോ മൃഗങ്ങൾ പോലും തങ്ങളുടെ മാളത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നു. തന്റെ കുടുംബത്തിലെ ഓരോ അംഗങ്ങളെയും കുറിച്ച് എത്ര കരുതലാണ് അവർക്ക്. പക്ഷേ താൻ...

തന്റെ കുടുംബത്തിലുള്ളവരുടെ അവസ്ഥ ഇപ്പോൾ എന്തായിരിക്കും. ഒരിക്കൽപോലും താൻ ഇങ്ങനെ ഒന്നും ചിന്തിച്ചിട്ടു പോലുമു ണ്ടായിരുന്നില്ല. പക്ഷേ ഇപ്പോൾ... ഈ രാത്രി തന്റെ മനസ്സിൽ എന്തൊക്കെയോ ഉരുണ്ടുകൂടുന്നു.

ഒറ്റപ്പെട്ടവന്റെ വേദന സ്നേഹമായി മാറുകയാണോ? തന്റെ കുടിൽ എന്ന ആ സ്നേഹതീരത്തേക്ക് ഇനി എത്ര ദൂരം ഉണ്ടെന്നു പോലും തനിക്കറിയില്ല. കാലുകൾ തളരുന്നത് പോലെ മണിക്ക് തോന്നി. ഈ നടത്തം തുടർന്നിട്ട്  മണിക്കൂറുകളായി. പാത്തും പതുങ്ങിയും ആണ് മുന്നോട്ടു ഉള്ള യാത്ര. മനുഷ്യൻ, മൃഗം ആകുന്ന അവസ്ഥ...

ഭയം സിരകളെ ചൂടുപിടിപ്പിച്ചു. കൈകാലുകളുടെ വിറയൽ അയാൾ അറിയുന്നുണ്ടായിരുന്നു. മൃഗങ്ങളെല്ലാം അവരവരുടെ കൂടണഞ്ഞിരിക്കുന്നു പക്ഷേ തന്റെ അവസ്ഥ... മനുഷ്യൻ, മനുഷ്യനല്ലാതെ ആകുന്ന അവസ്ഥയിലാണ് താൻ ഇപ്പോൾ.

കാടും,കോളനിയും എല്ലാം ഇപ്പോൾ ഉറക്കത്തിലേക്ക് വഴുതി വീണിരിക്കുന്നു. മദ്യപാനമാണ് തന്നെ ഇവിടെ കൊണ്ടെത്തിച്ചത്. ഗ്രാമവാസികൾക്ക് ഒപ്പം താനും വീട് എത്തേണ്ട സമയം കഴിഞ്ഞിരിക്കുന്നു. അയാൾ നിസ്സഹായതയോടെ അടുത്തു കണ്ട മരത്തിൽ കൈ കുത്തി നിന്നു.

പെട്ടെന്ന് തന്നെ അയാളുടെ ശരീരത്തിൽ ഒരു വിറയൽ അനുഭവപ്പെട്ടു. താൻ നടന്നു നീങ്ങിയ ഒറ്റയടിപ്പാതയ്ക്ക്, കുറച്ചു ദൂരം മാറി,പാതയ്ക്ക് കുറുകെ ഒരു ആന.

ഇനി മുന്നോട്ടുള്ള യാത്ര പ്രയാസം ആണ്. തുമ്പിക്കൈ നീട്ടി, തല ഇരുവശങ്ങളിലേക്കും ആട്ടിക്കൊണ്ട് ഒറ്റയാനെ പോലെ ഒരു ഗജവീരൻ. മുന്നിൽ മരണമാണ്. അതും ഒരു ആനയുടെ തുമ്പി കൈയ്ക്കോ, കാലടികൾക്ക് അടിയിലോ അമർന്ന് ഒരു മരണം. വഴിതെറ്റിയ ജീവിതം ഇങ്ങനെ ഈ പാതയോരം പോലെയാണ്. മുന്നേ നടന്നു പോയവർ ജീവിതത്തിലേക്കും, പിന്നെ നടന്നുവരുന്ന താൻ ആകട്ടെ മരണത്തിന്റെ മുന്നിലും. ഇനി മുന്നോട്ടു പോകണമെങ്കിൽ ഈ കൊമ്പൻ വഴിമാറണം.

ഇരുട്ടിന് കനം വയ്ക്കുകയാണ്. ആന വഴിമാറുന്നത് നോക്കി നിന്നാൽ ചുറ്റിലും അപകടമാണ്. എന്തു ചെയ്യും എന്നറിയാതെ മണി ഒരു നിമിഷം ആലോചിച്ചു നിന്നു പോയി. എല്ലാം തന്റെ കുറ്റം തന്നെ. ജീവിതവും മരണവും ഇപ്പോൾ ഒരേ പോലത്തെ അവസ്ഥ. ജീവിച്ചിരിക്കുമ്പോൾ തന്നെ മറ്റുള്ളവർക്ക് മുന്നിൽ മരിച്ചു കഴിഞ്ഞവനാണ് താൻ. ഭാര്യയുടെ, അച്ഛന്റെ, അമ്മയുടെ ഒക്കെ സ്നേഹം തിരിച്ചറിയാതെ പോയവൻ. അതിലുപരി വെറുക്കപ്പെട്ടവൻ. സ്നേഹം നൽകാത്തവൻ അത് തിരിച്ച് ആഗ്രഹിക്കാനും പാടില്ല.

തന്റെ കണ്ണുകളിൽ ഒരു നനവ് പടരുന്നുണ്ടോ? ഉണ്ടെങ്കിൽ അത് തന്റെ ജീവിതത്തിൽ ആദ്യമാണ്. ശരിയാണ്, കണ്ണുനീരിന്റെ ഒരു ചെറിയ തുള്ളി തന്റെ കൈകളിൽ വീണു.  ആ കൊമ്പൻ ഇപ്പോഴും പാതയ്ക്ക് നടുവിൽ നിന്ന് മാറിയിട്ടില്ല. തന്നെയും കൊണ്ടേ പോകൂ എന്ന് ഉറപ്പിച്ചുള്ള നിൽപ്പാണെന്ന് അവന്റെ നോട്ടം കണ്ടാൽ തോന്നും.

പെട്ടെന്ന് ആ ഗജവീരന് അപ്പുറം ഒരു ചെറിയ വെളിച്ചം തെളിഞ്ഞു വരുന്നതു പോലെ മണിക്കു തോന്നി. അതങ്ങനെ അടുത്ത് വരികയാണ്. പെട്ടെന്ന് തന്നെ ആ വെളിച്ചവും നിശ്ചലമായി. കുറുകെ നിൽക്കുന്ന ആനയെ അപ്പോഴാണ് അവർ കണ്ടതെന്ന് മണിക്ക് മനസ്സിലായി. അത് ആരാണെന്ന് അറിയാനുള്ള ആകാംക്ഷ മണൽ ഉണ്ടായി. കാരണം തന്റെ മുന്നിൽ നിൽക്കുന്ന രണ്ടും ജീവിതവും മരണവും ആണ്.

ഈ സമയം പാതയ്ക്ക് അപ്പുറം ഉണ്ടായിരുന്നത് ലക്ഷ്മിയും അച്ഛനും ആയിരുന്നു. ഒരല്പം ഭയത്തോടെ ലക്ഷ്മി, അച്ഛനെ നോക്കി. എന്നാൽ ഭാവമാറ്റം ഒന്നും കൂടാതെ അച്ഛൻ കഴുത്തിൽ കിടന്നിരുന്ന പാട്ട കൈയിലെടുത്തു. കയ്യിൽ കരുതിയിരുന്ന വടിയെടുത്ത് പാട്ടയിൽ ഉറക്കെ അടിച്ചു. ആ ശബ്ദം അന്തരീക്ഷത്തിൽ മുഴങ്ങി. മരക്കൊമ്പിൽ ഇരുന്ന കിളികൾ ചിലച്ചുകൊണ്ട് പറന്നുയർന്നു.

പാട്ടയുടെ ശബ്ദം കേട്ടതും ഗജവീരൻ തുമ്പിക്കൈ മുകളിലേക്ക് ഉയർത്തി ചിന്നം വിളിച്ചു. പാട്ടയുടെ ശബ്ദം ഉയർന്നുകൊണ്ടിരുന്നതും ആനയിൽ ഒരു ചെറിയ ഭാവമാറ്റം ഉണ്ടായി. ഒരല്പം ഭയത്തോടെ ആന ഒരടി മുന്നോട്ടു നടന്നു. അതുകണ്ട മണി ഒരടി പിറകോട്ട് വച്ചു. ഇതിനിടെ ആനയ്ക്ക് പിറകിലായി പന്തം പിടിച്ചു നിന്നിരുന്ന തന്റെ ഭാര്യയുടെ മുഖം മണി കണ്ടു. അത് അയാൾക്ക് വിശ്വസിക്കാനായില്ല. ഈ ഇരുട്ടിലും കാട്ടിലൂടെ തന്നെ തേടി വന്ന ഭാര്യയെ അയാൾ അത്ഭുതത്തോടെ നോക്കി. അതൊരു വെളിച്ചമായി അയാളുടെ ഹൃദയത്തിൽ പ്രകാശിച്ചു.

മുന്നോട്ടു നടന്നു വന്ന ആന പെട്ടെന്ന് മുന്നിൽ നിൽക്കുന്ന മണിയെ കണ്ടതും, പാതയ്ക്ക് അരികിലേക്ക് തിരിഞ്ഞ് കാടിനകത്തേക്ക് പോയി. അപ്പോഴാണ് മണിക്ക് ശ്വാസം നേരെ വീണത്.

ഈ സമയം അച്ഛനും, ലക്ഷ്മിയും അയാൾക്ക് അരികിൽ എത്തിയിരുന്നു. ആ കണ്ണുകളിലേക്ക് നോക്കാൻ മണി പാടുപെടുകയായിരുന്നു.

"ഈ കൂരാകൂരിരുട്ടിൽ നിന്നെപ്പോലെ ഒരു മകനെയും തിരഞ്ഞ് ഒരു അച്ഛനും വരില്ല. പക്ഷേ നിന്റെ ഈ ഭാര്യ വന്നു. അവളുടെ കണ്ണീരാണ് എന്നെയും ഇവിടെ കൊണ്ട് എത്തിച്ചത്.  ആ സ്നേഹം നീ കാണാതെ പോയാൽ ഒരു ഈശ്വരനും നിന്നോട് പൊറുക്കില്ല" - അച്ഛന്റെ വാക്കുകൾക്ക് മണിയിൽ നിന്ന് ഒരു മറുപടിയും ഉണ്ടായില്ല. പകരം ലക്ഷ്മിയുടെ കയ്യിലിരുന്ന പന്തം മണി വാങ്ങിച്ചു. അതിനുശേഷം സ്നേഹത്തോടെ മുഖത്തേക്ക് നോക്കി.

"ഈ വെറുക്കപ്പെട്ടവനെ തിരഞ്ഞുവന്ന ഈ സ്നേഹം ഞാൻ തിരിച്ചറിയുന്നു"

 മണിയുടെ വാക്കുകൾ കേട്ടതും ലക്ഷ്മി അച്ഛന്റെ മുഖത്തേക്ക് നോക്കി. അച്ഛന്റെ കണ്ണുകളിലെ തിളക്കം അവൾ കണ്ടു. ലക്ഷ്മിയുടെ മനസ്സിൽ വല്ലാത്തൊരു സന്തോഷം തോന്നിയ നിമിഷം ആയിരുന്നു അത്. എല്ലാറ്റിനും നിമിത്തമായത് ഈ കാടാണ്.

നടപ്പാതയിലൂടെ, മുന്നിൽ വെളിച്ചവുമായി നടന്നു നീങ്ങുന്ന മണിയെ അവൾ നോക്കി. ഈ ഇരുട്ടിൽ നിന്ന് നാളെ ഒരു പ്രകാശത്തിലേക്ക് ആകട്ടെ തന്റെ ജീവിതവും.

അതിന്റെ ആരംഭമായി തീരട്ടെ പ്രകാശവും പേറിയുള്ള ഈ യാത്ര.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ