മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

അയാൾ വരച്ചു പൂർത്തിയാക്കിയ ആ എണ്ണച്ചിത്രത്തിലേക്ക് അവൾ ഏറെ നേരം നോക്കിയിരുന്നു. അവൾ അന്നുവരെ കണ്ടിട്ടുള്ളതിൽ വെച്ച് ഏറ്റവും വലുപ്പമുള്ള കാൻവാസിൽ. എങ്കിലും അതവളെ സന്തുഷ്ടയാക്കിയില്ല.

"ആർക്കും ഈ ചിത്രം ഇഷ്ടമാകാൻ പോകുന്നില്ല." അവൾ പിറുപിറുത്തു:
"ചേറു പിടിച്ച ഉരുളക്കിഴങ്ങുകൾ മണ്ണിൽ നിന്ന് പറിച്ചെടുത്ത് അതുപോലെ കൂട്ടി വെച്ചത് പോലെയുണ്ട് ഞങ്ങളിതിൽ"

അവളുടെ വാക്കുകൾ അയാളെ നിരാശപ്പെടുത്തിയില്ല. അന്നുവരെ അറിഞ്ഞിട്ടില്ലാത്ത ഒരു അനുഭവത്തിന്റെ ആലസ്യത്തിൽ കിടക്കുകയായിരുന്നു അയാൾ. ഒരു പകൽചൂട് മുഴുവനും ആവാഹിച്ച് പ്രാണൻ മുളപൊട്ടിയ ഒരു വിത്ത്, മണ്ണിനാഴത്തിൽ നിന്ന് പുറത്തേക്കുയർന്ന് അതിന്റെ ഇലക്കണ്ണുകൾ നീട്ടി ആകാശത്തിലെ നക്ഷത്രത്തിളക്കങ്ങൾ നെഞ്ചിൽ നിറയ്ക്കുന്നത് പോലെ, അജ്ഞാതമായ ഒരു ഉറവിടത്തിൽ നിന്ന് ഒഴുകിയെത്തിയ അപൂർവ്വമായ ആനന്ദം; അസാധാരണമായ സ്വാസ്ഥ്യം.

അയാൾ മനസ്സിലോർത്തു: ഒരു മിന്നൽപ്പിണരിന്റെ അരികോളം മൂർച്ചയുള്ളതാണെങ്കിലും ആ സ്പർശനം അഭയമാണ്. മനുഷ്യൻ എന്നും അപരനിൽ അന്വേഷിക്കുന്നതും അത് തന്നെയാണ്.
എങ്കിലും പ്രകൃതി നേരിട്ട് കൈമാറുമ്പോൾ, അത് പൂർണ്ണമാകുന്നു; ശാന്തി നിറഞ്ഞതും.

കഴിഞ്ഞ രാത്രിയിൽ ആ ഊർജ്ജപ്രവാഹം തന്നിലൂടെ നിറഞ്ഞൊഴുകുകയായിരുന്നു. അന്നുവരെ അയാൾ താണ്ടിയ എല്ലാ യാതനകളേയും അത് ശമിപ്പിച്ചു കഴിഞ്ഞിരിക്കുന്നു.

അയാൾ കണ്ടു: മഞ്ഞുകാലത്തിന്റെ നനവ് മാറിത്തുടങ്ങിയ കുഴഞ്ഞ മണ്ണിന്റെ നിറം. അതിൽ പടരുന്ന ജീവന്റെ പച്ച. നിഴലുകളിലൊഴുകുന്ന കറുപ്പ്. വെളിച്ചത്തിന്റെ ഒരു തുള്ളി ചുവന്ന മഞ്ഞ. ജീവനുകളിൽ ശ്വാസമെന്നത് പോലെ നേർത്ത നീല.

മരവിച്ച തണുപ്പ് മാറിത്തുടങ്ങിയ വയലിലേക്ക് വസന്തകാലത്തിന്റെ വരവോടെ വിത്തുകൾ പാകാൻ നിലമൊരുക്കുന്ന കർഷകനെപ്പോലെ കാൻവാസിനടുത്ത് അയാൾ ആ ചായങ്ങൾ ഒരുക്കിവെച്ചു. ഞരമ്പുകൾ ആകാംക്ഷയിൽ തുടിച്ചുകൊണ്ടിരുന്നു. അതിന്റെ താളത്തിൽ അയാളുടെ വിരലുകൾ ചലിച്ചു. ആ ഒഴുക്കിൽ, നിമ്‌നോന്നതങ്ങളിൽ നദിയെന്നത് പോലെ, അയാൾ കാൻവാസിലേക്ക് നിറങ്ങൾ പകർന്നു.

ഒരു മേശയ്ക്ക് ചുറ്റുമിരുന്ന് ഭൂമിയ്ക്കടിയിൽ കായ്ക്കുന്ന ആപ്പിളുകൾ നട്ടുനനച്ചുണ്ടാക്കി പങ്കിട്ടു ഭക്ഷിക്കുന്നവരുടെ ചിത്രം. ഓർമ്മകളിൽ നിന്ന് അയാൾ മുഖങ്ങൾ വരച്ചെടുത്തു.

ഭൂമിയ്ക്കടിയിൽ ഉറവ് പൊട്ടി വെളിച്ചത്തിലേക്ക് കടന്ന് വരുന്ന ഒരു പുതുനാമ്പിന്റെ ഉള്ളകം അയാൾ ആ നേരം സ്പർശിച്ചറിയുകയായിരുന്നു. പ്രകൃതി പങ്കിടുന്ന സൃഷ്ടിയുടെ ഗൂഢരഹസ്യങ്ങൾ.
അതിന് മാത്രം പകർന്നു നല്കാനാകുന്ന ആനന്ദമൂർച്ഛകൾ. നിസ്സാരനായ ഒരു മനുഷ്യനെ അത് വല്ലാതെ ലഹരി പിടിപ്പിക്കുന്നു.

"പക്ഷേ ചിത്രത്തിലെങ്കിലും ഞങ്ങൾക്ക് തുടിപ്പുള്ള കവിളുകളും ഭംഗിയുള്ള കൈവിരലുകളും ആകാമായിരുന്നു..."
അനു പരിഭവിച്ചു: 
"ചിത്രത്തിലെങ്കിലും ഞങ്ങളുടെ അത്താഴമേശയ്ക്ക് ഒരല്പം കൂടി വലുപ്പവും വിളക്കിന് കൂടുതൽ വെളിച്ചവും..."

അവളെ തിരുത്തണമെന്നുണ്ടായിരുന്നു. അവളോട് പറയാൻ അയാൾ ആഗ്രഹിച്ചു:
'സത്യസന്ധമായ ജീവിതത്തിന് ആകർഷകമായ നിറങ്ങളോ ഹൃദ്യമായ ഭാവങ്ങളോ സൗമ്യമായ ചലനങ്ങളോ ഉണ്ടാകണമെന്നില്ല. അത് അതിന്റെ പരുക്കൻ ഭാഷയിൽ തന്നെ സംവദിക്കും.
അലങ്കാരങ്ങൾ അണിയാതെ തന്നെ. അത് അഭംഗിയല്ല ...'

അയാൾ ആ നേരം ഓർക്കുകയായിരുന്നു, വിശപ്പോളം ആഴമുള്ള ദാരിദ്ര്യത്തിന്റെ/ മരണത്തോളം മരവിപ്പറിഞ്ഞ സ്നേഹഭംഗങ്ങളുടെ/ പകലുപോലെ ആവർത്തിയ്ക്കപ്പെടുന്ന പരാജയങ്ങളുടെ /
കയ്പുകൾ. അത് അയാളെ, മണ്ണിനാഴത്തിൽ കിടന്ന് വെളിച്ചത്തിലേക്കുള്ള വാതിൽ തുറന്നു കിട്ടാൻ ധ്യാനിയ്ക്കുന്ന, ഒട്ടും ആകർഷകമല്ലാത്ത ഒരു ഭൂകാണ്ഡമാക്കി എന്നോ മാറ്റിക്കളഞ്ഞിരിക്കുന്നു.

ജീവിതം കൊണ്ടോ, ജീവിതപ്പകർച്ചകൾ അടയാളപ്പെടുത്തിയ കാൻവാസുകൾ കൊണ്ടോ, ഇതുവരേയും ആരേയും തൃപ്തിപ്പെടുത്താനാകാത്തൊരാൾ. ഒരു പക്ഷേ ചെടിയിൽ നിന്ന്- ജീവിതത്തുടർച്ചകളിൽ നിന്ന്- വേർപെട്ടു പോകുമ്പോൾ മാത്രം ആരുടേയെങ്കിലും വിശപ്പ് ശമിപ്പിയ്ക്കാൻ വെന്തു പാകമായേക്കാവുന്ന ഒരു ഫലം.

ഗോതമ്പ് വയലുകൾക്കിടയിലൂടെയും ഉരുളക്കിഴങ്ങ് പാടങ്ങൾക്കിടയിലൂടെയും അലഞ്ഞ്, താൻ വരച്ചെടുത്ത കർഷകരുടെ ചിത്രങ്ങൾ അയാൾ മറിച്ചു നോക്കി.

പണിയായുധങ്ങളേന്തുന്ന കൈകളുടെ/ വിരലുകളുടെ പരുക്കൻ ഭാവങ്ങൾ. അവരുടെ നിറമില്ലാത്ത നഖങ്ങളും വിണ്ടുകീറിയ ഉള്ളം വിരലുകളും അയാൾ ഓർത്തു. ജീവിതത്തോടുള്ള സത്യസന്ധമായ സംഭാഷണങ്ങളുടെ മായാത്ത അടയാളങ്ങൾ. ആ അഭംഗികളെ ദൈവത്തിന്റെ മുറിവുകൾ എന്നത് പോലെ അയാൾ ആരാധിച്ചിരുന്നു.

പണിപ്പുരയിലേക്കുള്ള ആദ്യസന്ദർശനം അയാൾ മറന്നിട്ടില്ല. ഇലകൾ പൊഴിച്ച് തുടങ്ങിയ മരങ്ങൾ, ചുവപ്പു മഞ്ഞ ആകാശത്തിൽ, പെൻസിലുകളായ് മാറി ഇരുണ്ട വരകൾ വരച്ചു തുടങ്ങുന്ന നവംബറിലെ ഒര സന്ധ്യയ്ക്ക്. താഴ്ത്തി മേഞ്ഞ മേൽക്കൂരയുള്ള ഒറ്റമുറി വീട്ടിനകത്ത് ഉയരം കുറഞ്ഞ, അരികുകൾ ദ്രവിച്ച, ഒരു അത്താഴമേശ. അതിന് മുകളിലായി കത്തിച്ചു വെച്ച റാന്തൽ.

അയാൾ നോക്കിനിന്നു: അവിടമാകെ വെളിച്ചത്തിനേക്കാൾ നിഴലുകൾ- ജീവിതത്തിൽ പ്രതീക്ഷകളേക്കാൾ എണ്ണമറ്റു പെരുകിയ അനിശ്ചിതത്വങ്ങൾ പോലെ.

ആ നിമിഷത്തെ നിറങ്ങളിലേക്ക് പരിഭാഷപ്പെടുത്തുമ്പോൾ, താൻ ഭൂമിയിൽ ബാക്കിവയ്ക്കാൻ പോകുന്ന ഏറ്റവും മൂല്യമുള്ള ഓർമ്മകളിൽ ഒന്നായിരിക്കുമതെന്ന് അയാളുടെ മനസ്സ് പറഞ്ഞു.
തലമുറകളുടെ വിശപ്പ് ശമിപ്പിയ്ക്കാൻ സാധ്യമാകുന്നയത്രയും ആസ്വാദ്യമായേക്കാവുന്ന കാഴ്ചയുടെ ഒരു വിരുന്ന്.

അയാൾക്ക് പകർത്തിയെഴുതേണ്ടതുണ്ട്: നിശബ്ദമെങ്കിലും, അദൃശ്യമല്ലാത്ത സ്നേഹവാഗ്ദാനങ്ങളുടെ കൺതിളക്കങ്ങൾ, കരുതലിന്റെ കൈ ചലനങ്ങൾ.

വീടുകളിൽ നിന്ന് പുറത്താക്കപ്പെട്ട- സ്നേഹിയ്ക്കപ്പെടാനുള്ള എല്ലാ പരീക്ഷണങ്ങളിലും പരാജയപ്പെട്ട- ആരും അത്താഴമൊരുക്കി കാത്തിരിയ്ക്കാനില്ലാത്ത- സ്വപരിശ്രമങ്ങളെ , വിശപ്പുമാറ്റാനുള്ള അപ്പമാക്കി മാറ്റേണ്ടത് എങ്ങനെയെന്ന് അറിയാത്ത- അനുകമ്പയുടെ ഇളം ചൂടോടെ ഒരു കാപ്പിപ്പാത്രം മുന്നിൽ വച്ച് നീട്ടാൻ ആരുമില്ലാത്ത- ഒരുവൻ,
ഒരു വീടിനെ- അതിലെ മനുഷ്യരുടെ -  അവർ പങ്കിടുന്ന അത്താഴത്തിന്റെ- ചിത്രം വരച്ചെടുക്കാൻ ഒരുങ്ങുന്നു. തന്റെ വീടിനെക്കുറിച്ച് , പ്രിയപ്പെട്ടവരായിരുന്നവരെക്കുറിച്ച് അയാൾ ഓർത്തു.

അവിടെയുള്ള വെളിച്ചം നിറഞ്ഞ മുറികളെ, വിഭവസമൃദ്ധമായ ഭക്ഷണവേളകളെ, അലങ്കാരങ്ങൾ പതിപ്പിച്ച അഴകുള്ള തീന്മേശകളെ..

കൃത്യമായ് പാലിയ്ക്കേണ്ട ശീലങ്ങൾ കൊണ്ട്, ശ്രദ്ധാപൂർവ്വം തിരഞ്ഞെടുത്ത് അവതരിപ്പിയ്‌ക്കേണ്ട ചലനങ്ങളും വാക്കുകളും കൊണ്ട്, ആകർഷകമായി നിലനിർത്തേണ്ട ആ പ്രദർശന വേദിയ്ക്ക് അയാളൊരു മോശം നടനാണ്.

വിയർപ്പും വിശപ്പും. മണ്ണും മനുഷ്യനും.

മണ്ണിനേക്കാൾ പൊരുളാർന്ന ഒരു വേദപുസ്തകവും മനുഷ്യന് വായിച്ചറിയാനില്ല. അതറിഞ്ഞവന് വിത്തുകളെ ജീവനുകളാക്കി മാറ്റാനാകുന്നു. ജീവന്റെ വിശപ്പ് ശമിപ്പിക്കാനാകുന്നു. അയാം പ്രകൃതിയുടെ നാമസങ്കീർത്തനം കേട്ടു.

അയാൾ അറിയുകയായിരുന്നു: ഏറ്റവും ആദരവർഹിയ്ക്കുന്ന ആരാധനാരീതി അതാണ്. ഏറ്റവും ശുദ്ധമായ, അർത്ഥപൂർണ്ണമായ, സത്യസന്ധമായ പ്രാർത്ഥന.

ആരും കാത്തിരിയ്ക്കാനില്ലാത്ത, ആരുടേയും പ്രിയപ്പെട്ടവനല്ലാത്ത, ഹൃദയങ്ങളിൽ നിന്ന് ബഹിഷ്‌കൃതനായ ആ പരാജിതന് അവിടം ഒരു ദേവാലയത്തിനകം പോലെ തോന്നി. ഒരു അൾത്താരയ്ക്ക് അരികിലെന്നത് പോലെ അയാളാ അത്താഴമേശയ്ക്കു മുൻപിൽ മുട്ടുകുത്തി.

കടന്നുപോയ തണുപ്പ് കാലം മുഴുക്കെ, ആ ഉൾക്കാഴ്ചയെ സംവദിയ്ക്കാൻ ആഴമുള്ള മുഖങ്ങളെ വരച്ചെടുക്കാൻ സ്വയം പരിശീലിയ്ക്കുകയായിരുന്നു അയാൾ. അസാധാരണമായ ഒരു നിർമ്മിതിയിലേക്ക് ജീവനാവാഹിയ്ക്കുന്ന പ്രകൃതിയെപ്പോലെ. ഏകാഗ്രമായ്. തളർച്ചകളറിയാതെ ദാഹവും വിശപ്പും മറന്ന്.

കൃത്യമായ അളവുകൾ പാലിയ്ക്കുന്ന നിർമ്മിതികളെ മാത്രം, പൂർണ്ണതയുള്ള ഒരു കലാസൃഷ്ടിയായ് ആസ്വദിയ്ക്കാൻ പഠിച്ചവർക്ക് അയാളുടെ ശ്രമങ്ങൾ അപ്രധാനമായേക്കാം. വിശപ്പറിയാത്തവന്റെ മുന്നിൽ ദരിദ്രൻ വിളമ്പുന്ന വിരുന്നു പോലെ പരിഹാസ്യമായേക്കാം...
അയാളിലെ സ്വപ്നങ്ങളും കാഴ്ചകളും വാക്കുകളും പോലെ ആ ചിത്രങ്ങളും അസ്വീകാര്യമായേക്കാം. സുഗന്ധപൂരിതമായ, മാർദ്ദവമാർന്ന, നിറചേർച്ചയുള്ള ഒരു ജീവിതം അയാളെ എന്നും തിരസ്കരിച്ചത് പോലെ.

അനു അയാളോട് യാത്രപറഞ്ഞു. ആ വാടകമുറിയിൽ അയാളുടെ അവസാനത്തെ ദിവസമാണ്. കർഷകരുടെ ആ ഗ്രാമം അയാളിലെ ഭ്രാന്തനെ ഭയക്കുന്നു.

ചെന്ന് പെട്ട മറ്റ് പലയിടത്തേയും പോലെ അവിടെയും അയാളിപ്പോൾ അപകടകാരിയായ അതിഥിയാണ്. ആൾക്കൂട്ടങ്ങളിൽ നിന്ന് ആട്ടിപ്പായിക്കപ്പെടുന്നവൻ. 
അവൾക്ക് പക്ഷേ ഭയമില്ല. കുടുംബത്തിലെ എല്ലാവരും അയാളെ അറിയുന്നു. സഹതപിയ്ക്കുന്നു.
അയാൾക്ക് എപ്പോൾ വേണമെങ്കിലും കടന്നു ചെല്ലാവുന്ന വിധം ആ വീടിന്റെ വാതിലുകൾ തുറന്നു തന്നെ കിടക്കും. പള്ളിയും പാതിരിയും വിലക്കിയാലും.

അയാളുടെ ചിത്രങ്ങളുടെ ശേഖരത്തിൽ നിന്ന് അവൾ, അയാൾ വരച്ച അവളുടെ അനേകം മുഖചിത്രങ്ങളിൽ ഭംഗി തോന്നിയ ഒന്ന് ഓർമ്മയ്ക്കായി തിരഞ്ഞെടുത്തു.

ഉരുളക്കിഴങ്ങ് തിന്നുന്നവരെ വരച്ച കാൻവാസിന് അടുത്ത് ചെന്ന് ഒരു ചെറുപുഞ്ചിരിയോടെ അയാളോട് പറഞ്ഞു:
"കാണാൻ ഭംഗിയില്ലെങ്കിലും ഈ ചിത്രത്തിന് ഞങ്ങളുടെ വീടിന്റെ മണമുണ്ട്; അമ്മയുടെ കാപ്പിത്തട്ടിന്റെയും .."

അയാൾക്ക് ആ വാക്കുകൾ പ്രിയങ്കരമായി തോന്നി. അതുതന്നെയാണ് അയാൾ കേൾക്കാൻ ആഗ്രഹിച്ച അഭിനന്ദനവാക്കുകളും.

തന്റെ വിരൽ പതിയുന്ന കാൻവാസുകളിൽ മനുഷ്യന്റെ ഗന്ധവും അവരുടെ ജീവിതത്തിന്റെ നിറവും ഉണ്ടായിരിക്കുക.

ഏതും അത്ര സത്യസന്ധമാകുമ്പോൾ കാലത്തിന്റെ നിശ്ചയമതിനെ അനശ്വരമാക്കും. അത് തലമുറകളുമായ് പ്രകൃതിയുടെ ഹൃദയതാളം പങ്കിടും.

ഭൂമിയ്ക്കടിയിൽ കായ്ക്കുന്ന ആപ്പിളുകൾ പങ്കിട്ടു ഭക്ഷിയ്ക്കുന്നവരുടെ അത്താഴം! 
അതിന്റെ ചിത്രം മണ്ണിനോട് സംവദിയ്ക്കാനറിയാവുന്നവരുടെ ഭാഷയിൽ അയാൾ അടയാളപ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു!
ഏറ്റവും സത്യസന്ധമായ്,
ഏറ്റവും എളിമയോടെ,
ഏറ്റവും ഹൃദയപൂർവ്വം.

പുതിയ കാൻവാസിലേക്ക് നിശബ്ദം കണ്ണയച്ചു നിൽക്കെ അയാൾ തന്നിലെ കുറവുകളോടെല്ലാം നന്ദിയുള്ളവനായ്.

അയാൾ മനസ്സിലോർക്കുകയായിരുന്നു: താനിതുവരേയും ബാഹ്യമായ സൗന്ദര്യലോകത്ത് സ്വീകരിയ്ക്കപ്പെടാൻ തക്ക നാട്യങ്ങൾ പഠിച്ചെടുത്തിട്ടില്ല. തന്നിലെ മെരുക്കമില്ലാത്ത പ്രാകൃതനെ ഉൾക്കൊള്ളാനാകുന്ന വേദികളോ സദസ്സുകളോ ഇല്ല. എങ്കിലും ആ നിരാകരണങ്ങളാണ് തന്റെ ഉള്ളിൽ നിറങ്ങളുടെ അടരുകൾ പതിപ്പിച്ചു വയ്ക്കുന്നത്. ഒരു വിത്തിനകം പോലെ കാഴ്ചകളെ ഏകാഗ്രമാക്കുന്നത്.

'മനുഷ്യരെ സത്യസന്ധമായ് അഭിമുഖീകരിയ്ക്കാൻ ഉറപ്പിച്ചു കഴിഞ്ഞ ഒരുവനെ, കേവല നാട്യങ്ങൾ കൊണ്ട് നേരിടാൻ നിങ്ങൾക്ക് കഴിയണം എന്നില്ല. അവൻ നിങ്ങളെ രസിപ്പിയ്ക്കാനുള്ള കൃത്രിമഭാഷ ശീലിയ്ക്കില്ല; അവന് നിങ്ങളോട് പങ്കിടാൻ ഹൃദ്യമായ നുണകളുണ്ടാകില്ല. നിങ്ങളെ തൃപ്തിപ്പെടുത്താൻ മാത്രമൊരു ജീവിതം അവന് ജീവിയ്ക്കാനാകില്ല. '

പതിയെ അയാളുടെ കണ്ണുകൾ നിറഞ്ഞു.

കൈവിരലുകളിൽ പൊതിഞ്ഞ നിറങ്ങളിൽ ആ നനവ് പടർന്നു.

ചായങ്ങളുടെ ചെറു ചാലുകൾ ഒഴുകുന്ന കൈകളിലേക്ക് മുഖമമർത്തി അയാൾ കരഞ്ഞു; ഭൂമിയിലെ ഏറ്റവും ആഹ്ളാദവാനായ മനുഷ്യനെപ്പോലെ ആ രാത്രി മുഴുക്കെ.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ