ഇന്നലെ ഏടത്തി എന്നെ കാണാൻ വന്നിരുന്നു. ഇരുൾ പരക്കാൻ തുടങ്ങിയ ഒരു നനഞ്ഞ സന്ധ്യയിൽ! കുരുക്ഷേത്ര യുദ്ധം പ്രഖ്യാപിച്ചു കഴിഞ്ഞിരുന്നു.
"യുദ്ധം അനിവാര്യമാണ്!" എന്ന് ഇന്നലെ കൃഷ്ണൻ എന്നോടു പറഞ്ഞിരുന്നു.
ഏടത്തി ദുഖിതയായിരുന്നു. എന്നാൽ അനിവാര്യമായ യുദ്ധമോ, കലഹങ്ങളോ ഒന്നുമായിരുന്നില്ല അവരുടെ ദുഃഖം.
മക്കൾ മനസ്സിലേൽപ്പിച്ച ചോരയൊലിക്കുന്ന മുറിവുകളായിരുന്നു അവരുടെ ദുഖത്തിന്റെ കാരണം.
ഏടത്തിയെ നിങ്ങൾ അറിയും. ഗാന്ധാര രാജാവിന്റെ ഓമനപ്പുത്രിയെ. ധൃതരാഷ്ട്രരുടെ പ്രിയ പത്നിയെ, ഹസ്തിനപുരിയിലെ മഹാറാണിയെ... പ്രശസ്തരും, ശക്തിമാന്മാരുമായ നൂറ്റുവരുടെ അമ്മയെ..."ഗാന്ധാരിയെ."
എന്റെ കൈപിടിച്ച് അവർ പൊട്ടിക്കരഞ്ഞു. പിന്നെ ചോദിച്ചു. "കുരുക്ഷേത്രയുദ്ധത്തിന് കാരണം ഞാനാണോ കുന്തീ."
അവർ അങ്ങനെ പറയുന്നു. എന്റെ പ്രിയമക്കൾ. ഇന്നലെ ദുര്യോധന പത്നി എന്റെ മുഖത്ത് നോക്കി ചോദിച്ചു
നിങ്ങളുടെ വളർത്തുദോഷം കൊണ്ടല്ലേ ഈ മക്കൾ ഇങ്ങനെ ആയതെന്ന്.
ഞങ്ങൾ അവരുടെ ശരീരം മാത്രമേ വളർത്തിയുള്ളു, മനസ്സ് വളർത്തിയില്ലെന്ന്. ആയോധന കലകൾ മാത്രമേ അവരെ പഠിപ്പിച്ചുള്ളൂ. മനസ്സിൽ, ദയ, പരസ്പര സ്നേഹം,സഹകരണം,ഒന്നും വളർത്തിയില്ലത്രേ...
കേട്ടു നിന്ന മക്കളാരും അവളെ എതിർത്തില്ല.
"അന്ധനായ ഭർത്താവിനൊപ്പം കണ്ണും മൂടിക്കെട്ടി, പതിവ്രത ചമഞ്ഞു നടന്ന ദുഷ്ട സ്ത്രീയെ... നിങ്ങളാണ് ഞങ്ങളെ നശിപ്പിച്ചത്."
എന്ന ദുര്യോധനന്റെ വാക്കുകൾ എന്റെ ഹൃദയത്തിൽ ആഴത്തിലുള്ള മുറിവുകളുണ്ടാക്കി. ഒരിക്കലും ഉണങ്ങാത്ത മുറിവുകൾ. എന്റെ ഏക മകൾ ദുശശള എന്നോടുപറയുന്നു, അവളുടെ സഹോദന്മാരായ പഞ്ചപാണ്ഡവർക്ക്
അവളോടുള്ള സ്നേഹമില്ലായ്മക്ക് കാരണം ഞാനാണെന്ന്. ഏടത്തി പൊട്ടിക്കരഞ്ഞു.
ഞാൻ അവരെ ചേർത്തു പിടിച്ചു. ആ വീര വനിതയുടെ ദേഹം വിറക്കുന്നുണ്ടായിരുന്നു.
"ആരാണ് പഴി കേൾക്കാത്തവർ ഏടത്തീ?" ഞാൻ ചോദിച്ചു.
"മക്കൾക്ക് സന്തതികളുണ്ടാകാൻ തന്റെ ആദ്യ പുത്രനായ വേദവ്യാസനെ വിളിച്ചു വരുത്തിയ സത്യവതിയമ്മ കേൾക്കുന്നില്ലേ പഴി?"
"സൂര്യ പുത്രനായ കർണനെ പ്രസവിച്ച ഞാൻ കേൾക്കുന്നില്ലേ പഴി."
"ഭർത്താവ് ജീവിച്ചിരിക്കെ, യമൻ, വായു, ഇന്ദ്രൻ, അശ്വനി ദേവകൾ എന്നിവരിൽ നിന്ന് ഗർഭം ധരിച്ച കുന്തി എന്ന എന്നെ കാലം പഴിക്കില്ലേ?"
കഴിഞ്ഞ ദിവസം കൃഷ്ണ എന്നോട് ചോദിച്ച ഒരു ചോദ്യമുണ്ട്.
"ചരിത്രത്തിനു മുൻപിൽ അഞ്ചു പുരുഷൻമാരെ ഒരേപോലെ ഭർത്താവാക്കി..."പാഞ്ചാലി "എന്ന പേര് അവൾക്ക് ചാർത്തിക്കൊടുത്തത് ഞാനല്ലേ" എന്ന്. ഭിക്ഷതേടി കിട്ടിയത് അവളെയാണെന്നറിയാതെ, "അഞ്ചുപേരും തുല്യമായി വീതിച്ചെടുത്തു കൊള്ളാൻ പറഞ്ഞതാണോ ഞാൻ ചെയ്ത തെറ്റ്?"
പിന്നെയവൾ ചോദിച്ചു..
ഭീമനെ ഭക്ഷണപ്രിയനാക്കിയതു ഞാനല്ലേയെന്ന്.യുധിഷ്ഠിരൻ എല്ലാവരോടും താഴ്ന്നു നിൽക്കാനും കാരണക്കാരി ഞാനല്ലേ എന്ന്.
"സാരമില്ല ഏടത്തീ... അവർ നമ്മുടെ പ്രിയ മക്കളല്ലേ!"
"എത്ര ആഴത്തിലുള്ള മുറിവുകൾ അവർ നമ്മുടെ ഹൃദയത്തിലേൽപ്പിച്ചാലും ക്ഷമിക്കാനും, പൊറുക്കാനും മാതൃഹൃദയത്തിനല്ലേ കഴിയൂ? കാരണം അവർ നമ്മുടെ മക്കളാണ്."
"നമ്മൾ പത്തുമാസം ഉദരത്തിൽ പൊന്നുപോലെ കാത്തുസൂക്ഷിച്ചു, പ്രസവിച്ചു വളർത്തിയവരാണ്. അവരോട് ക്ഷമിക്കാൻ നമ്മൾ മാത്രമേയുള്ളു."
"ഇനി വരുന്ന യുഗങ്ങളിലും ഇത് ആവർത്തിച്ചുകൊണ്ടേയിരിക്കും. വാക്കുകൾകൊണ്ട് ഹൃദയത്തിൽ മാത്രമല്ല.. ആയുധം കൊണ്ട് മാതാപിതാക്കളുടെ ശരീരത്തെ വെട്ടിനുറുക്കുന്ന മക്കളുണ്ടാകുന്ന കാലവും വിദൂരമല്ല."
"ഉണങ്ങാത്ത മുറിവുകളേറ്റ്, ചോര വാർന്നൊഴുകുമ്പോഴും മാതൃഹൃദയം പ്രാർത്ഥിച്ചു കൊണ്ടേയിരിക്കും, എന്റെ മക്കൾക്ക് ഒരാപത്തും വരുത്തരുതേ... "എന്ന്.
ശ്രീരാമചന്ദ്രൻ വനവാസത്തിനു പോയപ്പോൾ കൗസല്യാദേവി പ്രാർത്ഥിച്ചതും അതല്ലേ...
"സാരമില്ല എടത്തീ... നമുക്ക് ക്ഷമിക്കാം."
"അവർ മക്കളല്ലേ?"
ഞാൻ അവരുടെ കണ്ണുനീരൊപ്പി.
മടങ്ങിപ്പോകുമ്പോൾ ഏടത്തി എന്നോടു പറഞ്ഞു... "ശരിയാണു കുന്തി പറഞ്ഞത്.നമ്മളല്ലാതെ ആരുണ്ട് അവരോടു ക്ഷമിക്കാൻ? അവർ നമുക്കെന്നും കുട്ടികളാണ്."
ഏടത്തി പോയപ്പോൾ ഞാൻ ആരും കാണാതെ കണ്ണുനീരോപ്പി!