മുൻകൂട്ടി ബുക്ക് ചെയ്ത പ്രകാരം 'ബാംഗ്ലൂരി'ൽ നിന്ന് 'തിരുവനന്തപുരത്തേ'ക്കുള്ള ബസ്എടുക്കുന്ന സമയം ഒൻപത് മണിക്ക് ആണെന്ന് അറിയാമെങ്കിലും, ആറ് മണിക്കു തന്നെ ബാംഗ്ലൂർ ബസ്സ്റ്റാൻഡിൽ അവൾ തിടുക്കപെട്ട് എത്തി.
എന്തുകൊണ്ടോ ഒരു പരവേശവും, അലസത നിറഞ്ഞ എകാന്തയും മൂലം, നിൽക്കപൊറുതിയില്ലാതെ, അവിടേക്ക് വരുന്ന ബസുകളെ അശ്രദ്ധമായ നോട്ടം എറിഞ്ഞു കൊണ്ട്, ഒരു നിഗമനത്തിലും എത്താൻ ശേഷിയില്ലെങ്കിലും, വെറുതെ വേവലാതി പൂണ്ട് നിൽക്കാൻ പോലും അവളുടെ മനസ്സിന് കരുത്തും ഉണ്ടായിരുന്നില്ല.
എപ്പോഴും തന്റെ നാസിക വലിച്ചു കൊണ്ട് തനിക്ക് നഷ്ടപ്പെട്ട ആ ഗന്ധത്തെ തേടി അലയുമ്പോൾ അവൾ പലതരത്തിലുള്ള വിഭ്രാന്തിയിൽ പെട്ടു. കാരണം ഏതാനും ദിവസമായി അവൾ ഒരു കടലിന്റെ ചുഴിയിൽ പെട്ട് പോയിരുന്നു , ആ കടൽ അവളെ അഗാധ ഗർത്തതിലേക്ക് കൊണ്ടു പോകുകയും, അവിടെ നിന്ന് ചുഴറ്റി എറിയുകയും ചെയ്തപ്പോൾ അവൾ ഒറ്റപെട്ടുപോയി.
ചുറ്റുമുള്ള അപരിചിതത്തിന്റെ നടുവിൽ നിന്ന് പകച്ചു നിൽക്കെ, രാവിലെ മുതൽ അവളുടെ ചലനങ്ങൾ ശ്രദ്ധിച്ചുകൊണ്ടിരിക്കുന്ന ചായകടക്കാരൻ അവൾക്ക് പരിചിതനായി തോന്നി.വിശപ്പോ, ദാഹമോ അറിയാനുള്ള ചേതന നഷ്‌ടപ്പെട്ട അവൾക്ക് തൊണ്ട വരണ്ടു പോയതിനാൽ അവിടെയുള്ള ചായക്കടക്കാരന്റെ മുന്നിൽ എത്തി, എന്നിട്ട് നരച്ച ശബ്ദത്തിൽ പറഞ്ഞു.
"ഒരു കുപ്പി വെള്ളം"
അയാൾ അവളെ സാകൂതം നോക്കി. എന്നിട്ട് ചോദിച്ചു.
"മലയാളി ആണ് അല്ലെ, എന്താ ഇവിടെ? കൂടെ ആരുമില്ലേ."
"ഇല്ല ഞാൻ തനിച്ചാണ്."
"എങ്ങോട്ടാ പോവേണ്ടത്."
"പോകാനുള്ള ഇടം "അവൾ മൗനിയായി നിന്നു. പിന്നെ പറഞ്ഞു. "അല്പം ദൂരെയാണ്."
"പേരെന്താ...."
അവൾ എന്ത് പറയണമെന്നറിയാതെ ഉഴറി നിന്നു. ഓൾറെഡി, അവൾക്ക് മൂന്ന് പേര് ഉണ്ടായിരുന്നു. എല്ലാം ഒരു തമാശപോലെ തോന്നിയ അവൾ നാലാമതൊരു പേരുകൂടി പറയാൻ ഒരുങ്ങിയതും, അവിടേക്ക് 'തിരുവനന്തപുരം'എന്ന ബോർഡ് വെച്ച ഒരു എയർ ബസ് വന്ന് നിന്നു. അപ്പോൾ അവൾ ഒന്നും ആലോചിക്കാതെ ഓടി അതിൽ കയറി തന്റെ സീറ്റ് കണ്ടു പിടിച്ചു ഇരുന്നു. വിന്റോ സീറ്റ് ആയത് കാരണം, സീറ്റിലേക്ക് തലതാഴ്ച്ച്, കണ്ണുകൾ അടച്ചപ്പോൾ അവൾക്ക് ഏറെ സുഖം തോന്നി. കഴിഞ്ഞയാഴ്ച്ച ഒരു എയർ ബസിൽ തന്റെ പ്രിയതമന്റെ കൂടെയിരുന്നു ദൂരയാത്ര ചെയ്തപ്പോൾ, ഈയം പാറ്റകളെ പോലെ, അണയാനുള്ള വിളക്ക് ആളികത്തുന്നതാണെന്ന് അവൾക്ക് അന്ന് മനസ്സിലായില്ല. ആ യാത്രയിൽ കിട്ടിയ സുരക്ഷിതത്വം, ജീവിതത്തിലൊരിക്കലും കിട്ടുകയില്ലല്ലോ എന്ന് അന്ന് തീർത്തും നിശ്ചയയുണ്ടായിരുന്നില്ല. അയാളിൽ നിന്ന് നിർഗമിച്ചിരുന്ന മനം മയക്കുന്ന ഗന്ധത്തിന്റെ സ്മരണയിൽ ആലസംപൂണ്ട് അവൾ അവളുടെ പൂർവ്വകാലം ഓർക്കാൻ ശ്രമിച്ചു. 'എലിസബത്ത് 'അതായിരുന്നു അവളുടെ പേര്.
പ്രീഡിഗ്രി പഠിക്കുമ്പോൾ ആയിരുന്നു,അവൾ 'മൈക്കിളി'നെ വരാനായി സ്വീകരിച്ചത്, സുഖത്തിലും, ദുഃഖത്തിലും, ഒപ്പമുണ്ടാകും എന്ന വാഗ്ദാനത്തിൽ ജീവിക്കാൻ തുടങ്ങിയെങ്കിലും, അധികം വൈകാതെ എലിസബത്തിന് മനസ്സിലായി, തന്റെ ഭർത്താവ് ലഹരിക്ക് അടിമ പെട്ടവനും, അയാൾ ഇപ്പോഴും പൂർവ്വകാമുകിയുടെ കൂടെ വസിക്കുന്നവനുമാണ് എന്ന്. അയാൾ അകാരണമായി അവളെ മർദിച്ചു.
എപ്പോഴും കാതിൽ വന്നലക്കുന്ന അയാളുടെ സ്വരത്തിന്റെ മൂർച്ചയേറിയ വാക്കുകളുടെ ഓർമ ഒരു സ്വപ്നം പോലെ കണ്മുന്നിൽ കണ്ട് ഞെട്ടിത്തെറിക്കാറുണ്ട്. 'നിന്നെ ഞാൻ ജീവിക്കാൻ അനുവദിക്കില്ല. നിന്റെ ശവം കണ്ടേ ഞാൻ അടങ്ങൂ,' അയാൾ കിതച്ചു കൊണ്ട് പറയും. കഴുത്തിൽ കയറിട്ടു മുറുക്കി അവളുടെ മരണം ആസ്വദിക്കും. വല്ലാത്തൊരു സൈക്കോ ആയിരുന്നു അയാൾ. സ്വന്തം വീട്ടിൽ പരാതിയുമായി പോയപ്പോൾ, 'ഇനി മേലിൽ ഇങ്ങോട്ട് വന്നേക്കരുത്, അനിയത്തിയെ കെട്ടിച്ചു വിടാനുള്ളതാ' എന്ന് പറഞ്ഞു, എലിസബത്തിനെ ആട്ടിപായിച്ചു. ജീവിതം എന്ത് ചെയ്യണമെന്നറിയാതെ ആത്മഹത്യയുടെ വക്കിൽ നിൽക്കുമ്പോൾ ആണ് അയാൾക്ക് ദൂരെ എവിടെയോ ഒരു എസ്റ്റേറ്റിൽ ജോലി കിട്ടിയെന്ന് പറഞ്ഞു അങ്ങോട്ട് പോയത്. അയാളുമായി ഒരു തരത്തിലും അഡ്ജസ്റ്റ് ചെയ്യാൻ കഴിയുമായിരുന്നില്ല.
ഒരു ദിവസം മൈക്കിൾ ഇല്ലാത്ത സമയത്ത് തൊട്ടടുത്തു ഒറ്റക്ക് താമസിക്കുന്ന ഒരു ചെറുപ്പക്കാരൻ അവരുടെ കിണറ്റിൽ പൂച്ചവീണത് കാരണം കുറച്ചു വെള്ളത്തിനായി അവളുടെ അടുത്തു വന്നിട്ട് പറഞ്ഞു.
"ഏയ് ... കുറച്ചു വെള്ളം എടുക്കട്ടെ."
എന്നാൽ ആവൾ ഒന്നും കേൾക്കുന്നുണ്ടായിരുന്നില്ല.... അവൾ അത്ഭുതമൂറുന്ന കണ്ണുകളോടെ അയാളുടെ അടുത്തേക്ക് നീങ്ങി നിന്നു, എന്നിട്ട് തന്റെ നാസദ്വാരങ്ങൾ കൊണ്ട് അയാളുടെ സ്മെൽ വലിച്ചെടുത്തു കൊണ്ട് ചോദിച്ചു.
"നിങ്ങൾ ബ്ലൂ ഫോർ മെൻ പെർഫ്യൂം ആണോ, അതോ? എന്താണെന്ന് എനിക്ക് തന്നെ പിടികിട്ടുന്നില്ല. ഏതാണ് യൂസ് ചെയ്യാറുള്ളത്."
അയാൾ നിഷ്കളങ്കയോടെ അല്ല എന്നർത്ഥത്തിൽ തലയാട്ടി. എന്നിട്ട് പറഞ്ഞു.
"എനിക്ക് പെർഫ്യൂം അലർജി ആണ്. ഞാൻ യൂസ് ചെയ്യാറില്ല."
"അതെയോ... പിന്നെ നിങ്ങളിൽ നിന്ന് നിർഗമിക്കുന്ന ഈ സ്മെൽ, ഞാനീ നിഗൂഢമായ ഗന്ധം അന്വേഷിച്ചു നടക്കാൻ തുടങ്ങിയിട്ട് കുറെ കാലയായി."
"സത്യത്തിൽ എനിക്കൊന്നും മനസ്സിലാവുന്നില്ലട്ടൊ." അയാൾ പറഞ്ഞു.
ഏറെ കാലമായി ഈ ഗന്ധത്തെ അന്വേഷിച്ചു നടക്കുകയായിരുന്നു അവൾ. അവസാനം തേടി അലഞ്ഞ ഗന്ധർവ്വൻന്റെ ഗന്ധത്തിൽ എത്തിപ്പെട്ടപ്പോൾ നഷ്‌ടപെട്ട സ്ഥലകാലബോധം, പെട്ടെന്നവൾ വീണ്ടെടുത്തു.എന്നിട്ട് ചോദിച്ചു.
"എന്തുവേണം, എന്തിനാ വന്നേ"
കുറച്ചു വെള്ളം എടുക്കട്ടെ. വെള്ളം അടിക്കാൻ വയ്യ. കിണറ്റിൽ പൂച്ച വീണു.നിങ്ങൾക്ക് ബുദ്ധിമുട്ട് ആയെന്ന് തോന്നുന്നു. "
"ബുദ്ധിമുട്ടോ? ഒരിക്കലും ഇല്ല, എത്ര വെള്ളം വേണമെങ്കിലും എടുക്കാലോ."
അയാൾ അല്പം സങ്കോചത്തോടു കൂടി ബക്കറ്റിൽ വെള്ളമെടുത്തു കൊണ്ട് നടന്നു നീങ്ങി.
എലിസബത്ത് നൊടിയിടയിൽ അകത്തു കയറി വാതിൽ അടച്ചു കൊണ്ട്, എന്നും ഇരിക്കാറുള്ള കസേരയിൽ ഇരുന്നു. എന്നിട്ട് തന്റെ സങ്കടങ്ങളുടെ എല്ലാം ഭാരം ചുമക്കുന്ന ടേബിളിലേക്ക് പതുക്കെ മുഖം പൂഴ്ത്തി. അതേ.... ആ ഗന്ധം, അവൾ നാസദ്വാരത്തിലൂടെ മുകളിലേക്ക് വലിച്ചു. ആ ത്രസിപ്പിക്കുന്ന ഗന്ധത്തിലെ മാന്ത്രിക ചുഴിയിൽ പെട്ട് ഒരു ഗന്ധർവ്വൻ വന്ന് തഴുകിയത് പോലെ, പിന്നീട് ഓർമ നഷ്‌ടപെട്ടത് പോലെ കിടന്നു. പിന്നെ വാവിട്ടു കരഞ്ഞു.
പിറ്റേന്ന് അവൾ അയാളുടെ കാലൊച്ചയെ കാതോർത്തു ഞെരിപിരികൊണ്ടു നടന്നു. എന്നാൽ അയാൾ തന്റെ ബൈക്ക് ഓടിച്ചു കൊണ്ട് എങ്ങോട്ടോ പോവുകയാണ് ഉണ്ടായത്.
വേഗം വീട്ടുജോലികളൊക്കെ ഒതുക്കി വെച്ച് എന്നും ഇരിക്കാറുള്ള കസേര ലക്ഷ്യമാക്കി പോകുമ്പോൾ ആണ്, ലാൻഡ് ഫോൺ ശബ്‌ദിച്ചത്. 'മൈക്കിൾ'ആയിരിക്കും എന്ന് മനസ്സിലാക്കിയ അവൾ, അതിന്റെ ശബ്‌ദംകേട്ടമാത്രയിൽ പേടിയോടെ പോയി ഫോൺ എടുത്തു ചെവിയോട് ചേർത്ത് വെച്ചു.
ഞാൻ 'മൈക്കിൾ 'ആണ്, ഘനത്തിലുള്ള സ്വരം,
"അതിനു ഞാനെന്തു വേണം?"
ആദ്യമായുള്ള അവളുടെ തർക്കത്തിനുള്ള മറുപടി കേട്ട് അയാൾ നടുങ്ങി.
"എടീ. ഞാൻ അങ്ങോട്ട് തന്നെയാണ് വരുന്നത്. നിന്നെ ഞാൻ ജീവനോടെ വെച്ചേക്കില്ല."
"അതിനു മുമ്പ് നിങ്ങളെ ഞാൻ പൂട്ടും, നിങ്ങളെ കൂടെ പൊറുക്കുന്നവൾക്ക് സുഖം തന്നെ തന്നെയല്ലേ." അവൾ ഒരു പരിഹാസ ചിരി ചിരിച്ചു കൊണ്ട് ഫോൺ കട്ട് ചെയ്തു, അവൾക്ക് അയാളോട് എതിർത്തു സംസാരിക്കാൻ കഴിഞ്ഞതിൽ ആദ്യമായി സ്വയം മതിപ്പ് തോന്നി.
പിറ്റേന്ന് രാവിലെ മുറ്റമടിച്ചു വാരി ചൂല് തിരികെ വെച്ചു എലിസബത്ത് പതുക്കെ ഗേറ്റ് തുറന്നു ഒരല്പം പേടിയോടെ പുറത്തിറങ്ങി.അയൽവക്കത്ത് ആകെ കുറച്ചു വീടുകളെ ഉണ്ടായിരുന്നുള്ളു. എന്നാൽ മൈക്കിളിന്റെ സ്വഭാവവും, ഒച്ചയും, വഴക്കും കാരണം ആരും അങ്ങോട്ട് അടുക്കാറില്ല.അവൾ ഉദ്ദേശിച്ച മൂന്നാമത്തെ വീട്ടിലേക്ക് പോകാൻ അല്പം താഴോട്ട് നടക്കണമായിരുന്നു. പിന്നെയവൾ ഒറ്റ കുതിപ്പിന് ആ വീടിന്റെ ഉമ്മറത്തെത്തി, കാളിങ് ബെല്ലിൽ വിരലമർത്തി. അപ്പോൾ പുഞ്ചിരിയോടെ അയാൾ..... ഒരു നിമിഷം നോക്കി നിന്നുപോയി. പിന്നെയവൾ അനുവാദമില്ലാതെ അകത്തേക്ക് പ്രവേശിച്ചു. ടി ഷേർട്ട് ധരിച്ച അയാളുടെ വിരിഞ്ഞ നെഞ്ചും, കട്ടിമീശയും, വെളുത്തു തുടുത്ത ഗംഭീര്യമുറ്റുനിൽക്കുന്ന വദനമൊന്നും അവളെ കണ്ണിൽ കണ്ടില്ല. അവൾ ആ ഗന്ധത്തിനെ പുറകെ പോകാൻ വേണ്ടി അവിടെയാകെ പരതി നടന്നു. അവസാനം അവൾക്ക് മനസ്സിലായി, അയാളിൽ നിന്നു മാത്രമാണത് സ്ഫുരിക്കുന്നത് എന്ന്.
"എന്താ... എന്തു വേണം?"
അവളുടെ പെരുമാറ്റത്തിൽ എന്തൊക്കെയോ ആസ്വഭാവികത തോന്നിയതിനാൽ അയാൾ അവളോട് ചോദിച്ചു.
"ഏയ്... മിസ്റ്റർ ക്ഷമിക്കണം. ഒന്നും എനിക്ക് തന്നെ മനസ്സിലാകുന്നില്ല. ഒന്ന് മാത്രം എനിക്കറിയാം, ഞാനൊരു ഭ്രാന്തിന്റെ വക്കിലാണെന്ന് മാത്രം, അതും നിങ്ങൾ കാരണം."
"ഞാൻ കാരണമോ? അയാൾ അന്ധാളിപ്പോടെ ചോദിച്ചു. അതൊന്നും ശ്രദ്ധിക്കാതെ അപ്പോഴേക്കും അവൾ അവിടെ കണ്ട സോഫയിൽ ഇരിപ്പുറപ്പിച്ചിരുന്നു.
അവളുടെ വെപ്രാളപെട്ട മുഖം കണ്ട് അയാൾ പറഞ്ഞു.
"എന്തായാലും പറയൂ... "
"എന്ത് പറയണമെന്ന് എനിക്കറിയില്ല" എന്ന് പറഞ്ഞെങ്കിലും അവളുടെ തണുത്ത വാക്കുകൾ പുറത്തേക്ക് വീണു.
"ഞാൻ,'എലിസബത്ത്', നാല് വർഷം മുമ്പ് 'മൈക്കിൾ 'എന്നൊരാളെ വിവാഹം ചെയ്തു. അയാൾക്ക് വിവാഹത്തിന് മുമ്പ് ഒരു റിലേഷൻ ഉണ്ടായിരുന്നു. ആ ബന്ധം ഇപ്പോഴും തുടരുന്നു. അത് ചോദിക്കാൻ പോയാൽ അതിന്റെ പ്രത്യാഘാതം വഴക്കും, തല്ലുമായിരുന്നു. അങ്ങിനെ അടികൊണ്ട് വീർത്തമുഖത്തോടെ, വേദനകളെ മറക്കാനും, എന്റെ സങ്കടങ്ങൾ പറയാനും ഞാൻ പോയിരിക്കുന്ന ഒരിടമുണ്ട്, അവിടെയിരുന്നാൽ സാന്ത്വനം പോലെ, തലോടൽ പോലെ എന്റെ അരികിലേക്ക് ഒഴികിയെത്തുന്ന ഒരു വാസനയുണ്ട്. ഞാൻ ഉറപ്പിച്ചിരുന്നു, അതൊരു അദൃശ്യനായ ഗന്ധർവ്വൻ ആണ് എന്ന്. അത് എന്നെ മത്ത് പിടിപ്പിക്കാൻ തുടങ്ങിയിട്ട് ഏകദ്ദേശം നാലു വർഷങ്ങൾ തന്നെയായി. ഇന്ന് ഞാൻ മനസ്സിലാക്കി നിങ്ങളിൽ നിന്നാണ് ഈ സ്മെൽ വരുന്നതെന്ന്.
"എന്നിൽ നിന്നോ "... അയാൾ അത്ഭുതത്തോടെ ചോദിച്ചു. എനിക്ക് സ്മെൽ അലർജി ഉള്ളത് കാരണം കടുത്ത സോപ്പുകളോ, ഒന്നും ഞാൻ യൂസ് ചെയ്യാറില്ല.
അവൾ സ്വപ്നാടനം പോലെ എണീറ്റു അയാളുടെ മാറിന്റെ അരികിലേക്ക് ചേർന്നു നിന്നു. എന്നിട്ട് പതുക്കെ മന്ത്രിച്ചു, "ഇത് തന്നെ, ഇതു തന്നെ."
അയാൾ പേടിയോടെ ഒരടി പിന്നോട്ട് വെച്ചു. എന്നിട്ട് പറഞ്ഞു, കുട്ടീ... എനിക്കെന്ത് വിളിക്കണമെന്ന് അറിയില്ല.
"എന്റെ പേര്, ജോസഫ്... ഇവിടുത്തെ സ്കൂളിൽ സംഗീത അദ്ധ്യാപകനാണ് ഞാൻ. നിങ്ങൾ നിങ്ങളുടെ വീട്ടിൽ താമസം തുടങ്ങിയ അന്ന് തന്നെയാണ് ഞാൻ വന്നത്. ഹസ്ബൻറ്റിന്റെ അടിയും, വഴക്കുമൊക്കെ ഇവിടം സംസാര വിഷയമാണ്, അത് കൊണ്ട് നമ്മൾ തമ്മിൽ വിരലിൽ എണ്ണാവുന്ന തവണയേ കണ്ടിട്ടുള്ളു." അയാൾക്ക് എന്ത് പറയണോ, ചോദിക്കണോ എന്നറിയാതെ കുറച്ചു നേരം മൗനമായി നിന്നു. പിന്നെ ചോദിച്ചു.
"അല്ല... കുട്ടിക്കോ, അയാൾക്കോ ബന്ധുക്കൾ ഇല്ലേ... എത്ര കാലംന്ന് വെച്ചാഅയാളുടെ ചവിട്ടും, തൊഴിയും കൊണ്ട്."
"എന്റെ ബന്ധുക്കൾക്ക് എന്നെ കെട്ടിച്ചു വിട്ടതോട് കൂടി അവരുടെ കടമ കഴിഞ്ഞു. പിന്നെ അയാളെ ബന്ധുക്കളെ അയാൾ അടിപ്പിക്കില്ല. അയാളുടെ അച്ഛന്റെ ശത്രുവിന്റെ മോൾ ആയിരുന്നു, അയാളുടെ കാമുകി. വീട്ടുകാരുടെ നിർബന്ധത്തിന് എന്നെ കെട്ടി. അല്ലെങ്കിൽ സ്വത്ത് തരൂലാന്ന് പറഞ്ഞു. എന്നാൽ ഇപ്പോഴും കാമുകിയുമായിട്ടാ സഹവാസം. ഇതൊന്നും ഇപ്പോൾ എന്നെ ബാധിക്കാറില്ല. എന്നും ഞാനാ ഗന്ധത്തിന്റെ പുറകെയായിരുന്നു. ഞാൻ വെറുതെ സ്വപ്നം കണ്ടു. എന്നെ സ്നേഹിക്കുന്ന, എന്നെ മനസ്സിലാക്കുന്ന ആ ഗന്ധർവ്വൻ എന്റെ അടുത്ത് നിൽക്കുന്നത്. എന്നെ കേൾക്കുന്നത്, എന്നെ അറിയുന്നത്.
അങ്ങിനെ ജോസഫും, എലിസബത്തും, നല്ല സുഹൃത്തുക്കളും, കാലക്രമേണ നല്ല പ്രണയിതാക്കളും ആയി മാറി. ജോസഫ് അവളെ, സ്നേഹത്തോടെ മൂന്ന് പേര് വിളിച്ചു. ചിലപ്പോൾ എലിസ, എന്നായിരിക്കും, ചിലപ്പോളത്, ലിസിയെന്നോ, ലിസയെന്നോ ആയിരിക്കും.
ജോസഫിന്റെ അച്ഛനമ്മാർ ഒരിക്കലും ഈ ബന്ധത്തിന് സമ്മതിക്കില്ല എന്ന് ഉറപ്പുള്ളത് കൊണ്ടും, മൈക്കിളിൽ നിന്ന് ഒരു മോചനത്തിനും വേണ്ടിയും രണ്ടുപേരും നാടുവിട്ടു. ഇരുപത്തൻഞ്ചു വർഷം അയാളോടുത്തു ജീവിച്ചിട്ടും, കുട്ടികൾ ഒന്നും ഇല്ലാഞ്ഞിട്ടും, ഇവരുടെ ബന്ധത്തിന്,കൂടുതൽ കൂടുതൽ ഊഷ്മളത വർദ്ധിക്കുകയും, പ്രണയ പുഷ്പങ്ങൾ മാധുര്യം തൂകി പൂത്തുലയുകയും ചെയ്തു. ഇതിന്റെയിടയിൽ ഇവർ രണ്ടുപേരും, മൈസൂരിലും, ബാംഗ്ലൂരിലുമായി, ബന്ധുക്കളോ, മിത്രങ്ങളോ, ഇല്ലാതെ...കഷ്ടതകൾ അനുഭവിക്കുന്നവർക്കായി ഓരോരോ "സ്നേഹഭവൻ "എന്ന അഗതി മന്ദിരത്തിന് രൂപം നൽകിയിരുന്നു. ഉച്ചക്ക് ബാംഗ്ലൂരിലും, രാത്രി മൈസൂരിലും പോയി വിവാഹത്തിന്റെ ഇരുപത്തിഅഞ്ചാം വാർഷികം ആഘോഷിക്കാൻ ഇരിക്കെയാണ് പെട്ടെന്ന് ജോസഫിന്റെ മരണം!അതിൽ എലിസബത്ത് ആകെ തകർന്നു. ചിറകറ്റ പക്ഷിയെ പോലെ ശരീരത്തിന്റെ ഭാരവും, തൂക്കി കൊണ്ട് തന്റെ ഗന്ധർവ്വനില്ലാതെ ശ്വാസം കിട്ടാതെ അവൾ പിടഞ്ഞു. പലപ്പോഴും കാരണമില്ലാതെ പിറുപിറുത്തു, സ്ഥലകാലമില്ലാത്തവളെ പോലെ പെരുമാറി. അവസാനം സ്നേഹമന്ദിരത്തിലുള്ള ഡോക്ടറുടെ ചിലകിത്സാ അവൾക്ക് തുണയായി. അങ്ങിനെ എലിസബത്ത്, ബാംഗ്ലൂരിൽ നിന്ന്, സ്വന്തം അമ്മയെയും, അച്ഛനെയും, കൂടപിറപ്പുകളെയും, ഒരു നോക്ക്കാണാൻ വേണ്ടി കേരളത്തിലേക്കുള്ള വണ്ടിയിൽ കയറി. എന്നിട്ട് ശിഷ്‌ടകാലം തന്റെ പ്രിയതമൻ തുടക്കം കുറിച്ച അഗതിമന്ദിരത്തിന്റെ ശാഖകൾ ഇനിയും സ്ഥാപിക്കണമെന്നുണ്ട്, അതിനായി നഷ്‌ടപെട്ട മാനസികവിഭ്രാന്തി വീണ്ടെടുക്കാൻ കൂടിയാണ് ഈ യാത്ര. അവൾ സീറ്റിലേക്ക് ചാഞ്ഞു കിടന്നു കൊണ്ട് ഒന്നും കൂടെ മിഴികൾ അടച്ചു. പെട്ടെന്നവൾ അത്ഭുതം കൊണ്ട് തന്റെ നാസിക ആഴത്തിൽ മണത്തെടുത്തു. അപ്പോൾ അവൾക്ക് മനസ്സിലായി, ആ നഷ്‌ടപെട്ട ഗന്ധം തന്നിൽ നിന്ന് തന്നെ നിർഗമിക്കുന്നു എന്ന്. ഗന്ധത്തിന്റെ മാസ്മരികതയിൽ മതി മറന്ന അവൾക്ക് ഒന്നുമാത്രം മനസ്സിലായി, ജോസഫ് എന്നു പേരുള്ള ആ ഗന്ധർവ്വന്റെ ആത്മാവ് തന്റെ അന്തരാത്മാവിൽ കുടികൊള്ളപെട്ടിരിക്കുന്നു എന്ന്.