മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

dad and daughter

Binoby Kizhakkambalam

പെയ്തിറങ്ങാൻ കൊതിച്ചിട്ടും അതിനു കഴിയാതെ എങ്ങുനിന്നോ വന്നുകൊണ്ടിരുന്ന ശക്തിയായ കാറ്റിൽ, കൂട്ടംതെറ്റിച്ച്, പ്രകൃതിയെ വരണ്ട മനസ്സുമായി വരവേൽക്കുകയാണ് ഇടവപ്പാതി. പ്രകൃതി ഇപ്പോൾ ഇങ്ങനെയാണ്.... കാലവും മനുഷ്യന്റെ മനസ്സും തമ്മിൽ ഇന്ന് യാതൊരു ബന്ധവുമില്ലാതെ ആയിരിക്കുന്നു. പഴമക്കാരുടെ മനസ്സിലെ ഇടവപ്പാതിയും, തുലാവർഷവും ഒക്കെ ശരിയായ ദിശയിൽ തന്നെ പെയ്തൊഴിഞ്ഞു പോകുമായിരുന്നു. എന്നാൽ ഇന്നിന്റെ മനസ്സിലെ കറുപ്പ് മഴമേഘങ്ങളെ പോലും കൊടുങ്കാറ്റായി ആട്ടിപ്പായിച്ചുകൊണ്ടിരിക്കുന്നു.

നീലാകാശത്തിന് കീഴെ ഓടിമറയുന്ന കാർമേഘങ്ങളിലേക്ക് നോക്കിയിരിക്കുകയായിരുന്നു അനന്തൻ. നിളയുടെ മാറിലെ മൺതരികളിലൂടെ ഇടയ്ക്കിടെ ആ കൈകൾ പരതുന്നുണ്ടായിരുന്നു. വറ്റിവരണ്ട നിളയുടെ മാറിൽ അങ്ങിങ്ങായി വലിയ കുഴികൾ കാണാമായിരുന്നു. നിളയുടെ അരികിലുള്ള ഇടവഴിയിലൂടെ മണൽ ലോറികൾ കടന്നുപോകുന്നത് അനന്തൻ വേദനയോടെ നോക്കി ഇരുന്നു. ആ ഇടവഴി പണ്ട് ഉണ്ടായിരുന്നതല്ല. തന്റെ ബാല്യത്തിൽ നിളയെ കാണാൻ എന്തു ഭംഗിയായിരുന്നു. എത്രയോ കഥാപാത്രങ്ങളാണ് നിളയുടെ മടിത്തട്ടിൽ ജന്മം കൊണ്ടിരിക്കുന്നത്. എന്നാൽ ഇന്ന് കഥയില്ലാത്ത ജീവിതം പോലെ നിളയും ഒഴുകികൊണ്ടിരിക്കുന്നു. നിളയുടെ അടിത്തട്ടിൽ ഒരു അഗ്നിപർവ്വതം പുകഞ്ഞു കൊണ്ടിരിക്കുകയാണ്. ആ ചൂടിൽ നിളയുടെ മണൽത്തരികൾ വെന്തു നീറുകയാണ്. 

അനന്തന്റെ കണ്ണുകൾ വിദൂരതയിലേക്ക് പാഞ്ഞു. ഉത്തരം കിട്ടാത്ത ചോദ്യം പോലെ തുടരുകയാണ് തന്റെ ജീവിതവും. നഗരത്തിലെ അറിയപ്പെടുന്ന ഹോസ്പിറ്റലിലെ ഡോക്ടറായ അനന്തന്റെ ജീവിതവും ഇന്ന് നിളാ നദിയെ പോലെ കഥയില്ലാത്ത ജീവിതമാണ്. പിഴച്ചത് എവിടെയാണെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ട്. നഗരത്തിലെ ഇരുനില ബംഗ്ലാവിൽ നിന്ന് ഒറ്റപ്പാലത്തെ തറവാട്ടിലേക്കുള്ള യാത്രയാണ് ഇന്നീ ജീവിതത്തിന്റെ അവസാനം. സ്വരച്ചേർച്ചയില്ലാത്ത കുടുംബജീവിതം പലപ്പോഴും താളം തെറ്റാറുണ്ട്. അവസാനം അത് ചെന്നെത്തുക വിവാഹമോചനത്തിലാണ്. ആ മോചനത്തിൽ സ്വയം തളയ്ക്കപ്പെടുന്ന കുറേ ജീവിതങ്ങളുണ്ട്. അതാണ് തന്റെ ഇന്നത്തെ ഏറ്റവും വലിയ ദുഃഖവും.

ഒരു അപകടത്തിൽപ്പെട്ട് ശരീരത്തിന്റെ ഒരു ഭാഗം തളർന്നു കിടക്കുന്ന തന്റെ മകൻ ഹരി.. പിന്നെ എന്തിനും എന്നും തനിക്ക് താങ്ങായി നിന്നിട്ടുള്ള മകൾ ആതിര... തങ്ങൾ എല്ലാം ഇപ്പോൾ രണ്ട് ധ്രുവങ്ങളിൽ ആണ്. ക്ലബ്ബും കൂട്ടവുമായി നടക്കുന്ന ഭാര്യ രാധയ്ക്ക്, മകൻ ഹരി എന്നും ഒരു അധികപ്പറ്റായിരുന്നു. അവിടം മുതലാണ് തന്റെ ജീവിതത്തിന്റെ താളം തെറ്റിയത്. മകനെയും കൊണ്ട് ഒറ്റപ്പാലത്തെ തറവാട്ടിലേക്ക് താമസം മാറ്റുമ്പോൾ, ഒറ്റപ്പെടലിന്റെ നീറ്റലിൽ സ്വയം എരിഞ്ഞത് ആതിരയായിരുന്നു. അവളും തന്റെ ഒപ്പം ഇറങ്ങിയപ്പോൾ രാധ സമ്മതിച്ചില്ല. ആ കണ്ണുകൾ ഇന്നും തന്നെയും ഹരിയേയും ഓർത്ത് നിറയുന്നുണ്ടാവും എന്ന് തനിക്കറിയാം. ഫോണിലൂടെയുള്ള ഓരോ വാക്കുകളും വിതുമ്പലോടെ താൻ കേൾക്കാറുണ്ട്. പത്താം ക്ലാസിൽ പഠിക്കുന്ന ആതിരയായിരുന്നു ഹരിയുടെ എല്ലാ കാര്യങ്ങളും നോക്കിയിരുന്നത്.

കോളേജ് ജീവിതത്തിനിടയിലെ ഒരു ബൈക്ക് ആക്സിഡന്റ് ആണ് ഹരിയുടെ ജീവിതത്തിന്റെ താളം തെറ്റിച്ചത്. ഇന്നിപ്പോൾ ഒറ്റപ്പാലത്തെ തറവാട്ടിൽ താനും മകനും കുറെ വേലക്കാരും മാത്രമാണ്. പിന്നെ ഒരാൾ കൂടിയുണ്ട്... തന്റെ കളിക്കൂട്ടുകാരൻ ആയിരുന്ന രാഘവന്റെ മകൾ ഹരിത. തങ്ങൾ ഒറ്റപ്പാലത്ത് എത്തുമ്പോൾ വീട് അടിച്ചുവാരുകയും വൃത്തിയാക്കുകയും ചെയ്തിരുന്നത് ഹരിതയും വേലക്കാരും ചേർന്നായിരുന്നു. ആതിരയുടെ അതേ പ്രായം ആയിരുന്നു ഹരിതയ്ക്കും. ആ മുഖത്തേക്ക് നോക്കുമ്പോൾ തനിക്ക് ഓർമ്മ വരിക തന്റെ മകളുടെ മുഖമാണ്. എന്തിനേയും തന്റേടത്തോടെ നേരിടുന്ന അവളുടെ വാക്കുകൾ താൻ അത്ഭുതത്തോടെ കേട്ടു നിന്നിട്ടുണ്ട്.

"പഠിക്കണമെന്ന് ആഗ്രഹമുണ്ട് സാറേ... പക്ഷേ എങ്കില് വീട്ടിൽ അടുപ്പ് പുകയണമെങ്കിൽ ഞാൻ തന്നെ മുന്നിട്ടിറങ്ങണം. അച്ഛന്റെ മരണശേഷം അമ്മ കിടപ്പിലായി. പിന്നെയുള്ളത് രണ്ട് അനിയത്തിമാരാ... അവര് പഠിക്കുന്നുണ്ട്. അതുമതി... പിന്നെ സാറ് വന്നതിൽ പിന്നെ നമ്മുടെ കഞ്ഞി കൂടി മുട്ടി.... അതെയ്, ഈ പറമ്പിലെ തെങ്ങിൽ നിന്ന് വീഴുന്ന നാളികേരം കൊണ്ടുപോയാണ് ചമ്മന്തി അരച്ചിരുന്നത്.. അതിനിപ്പോൾ അവകാശികൾ ആയില്ലേ.... "

അവളുടെ ചിരി നിറഞ്ഞ വാക്കുകൾ ഇന്നും തന്റെ കാതുകളിൽ ഉണ്ട്. നാളെയാണ് വിവാഹമോചനത്തിന്റെ കോടതി വിധി. വിധി എന്തായിരിക്കും എന്ന് തനിക്ക് അറിയാം. പക്ഷേ തന്റെ മകൾ ആതിര.... അവളെ കുറിച്ച് ഓർക്കുമ്പോൾ മനസ്സ് നോവുന്നു. അച്ഛനും ഹരിയേട്ടനും ഇല്ലാതെ തനിക്ക് ജീവിക്കാൻ ആവില്ല എന്ന അവളുടെ വാക്കുകൾ ഇപ്പോഴും തന്റെ കാതുകളിൽ ഉണ്ട്. നിളയുടെ മാറിലെ മണൽത്തരികൾക്ക് ചൂട് ഏറി തുടങ്ങിയിരിക്കുന്നു.

"സാറേ... " ആരുടെയോ വിളി കേട്ട് അനന്തൻ കണ്ണുകൾ ഉയർത്തി നോക്കി. കൽപ്പടവുകളിൽ ഹരിത.

"ഹരിയേട്ടൻ അന്വേഷിച്ചു..... " അവളുടെ വാക്കുകൾ കേട്ടതും അനന്തൻ എഴുന്നേറ്റ് മുന്നോട്ടു നടന്നു. ഓർമ്മകളുടെ പച്ചപ്പിൽ നിന്ന്, ജീവിതത്തിന്റെ കൽപ്പടവുകളിലേക്ക് ആ കാലടികൾ അമർന്നു. ഹരിതയ്ക്കൊപ്പം കൽപ്പടവുകൾ കയറുമ്പോൾ അനന്തൻ അവളുടെ മുഖത്തേക്ക് നോക്കി. " രാഘവൻ മരിച്ച വിവരം ഞാൻ അറിഞ്ഞിരുന്നില്ല. അറിഞ്ഞിരുന്നുവെങ്കിൽ ഞാൻ വരുമായിരുന്നു.... "ഒരു ക്ഷമാപണം പോലെയുള്ള അനന്തന്റെ വാക്കുകൾ കേട്ടതും ഹരിതയുടെ ചുണ്ടിൽ ചെറുപുഞ്ചിരി വിടർന്നു. "അങ്ങനെ അധികം പേരൊന്നും ഉണ്ടായിരുന്നില്ല... അല്ലേലും അത് നന്നായി. മനസ്സ് തുറന്നു ഒന്ന് കരയാൻ സാധിച്ചല്ലോ.... കാരണം അത്രമാത്രം അച്ഛൻ ഞങ്ങളെ സ്നേഹിച്ചിരുന്നു.... " അവളുടെ കണ്ണുകളിലെ നനവ് അനന്തൻ കണ്ടു. ആ തലമുടി ഇഴകളിലൂടെ വാത്സല്യത്തോടെ അനന്തൻ കയ്യോടിച്ചു.

"നീ ഇങ്ങനെ അടുക്കള പുറത്ത് തടവിൽ കഴിയേണ്ടവളല്ല. നീ ഇനിയും പഠിക്കണം.... എല്ലാ കാര്യങ്ങളും ഞാൻ നോക്കിക്കൊള്ളാം. രാഘവന്റെ മകൾ എന്റെയും മകളാണ്.... " അവൾ എതിർക്കും എന്നാണ് താൻ കരുതിയത്. കാരണം അവളുടെ പ്രകൃതം അങ്ങനെയായിരുന്നു. പക്ഷേ ഒന്നും പറയാതെ അവൾ, അനന്തന്റെ ഒപ്പം നടന്നു. എന്നാൽ അനന്തൻ മനസ്സിൽ ഒരു തീരുമാനം എടുത്തിരുന്നു. മനസ്സ് ശാന്തം അല്ലാത്തതുകൊണ്ടാണ് ഹോസ്പിറ്റലിൽ നിന്ന് രണ്ടു ദിവസം അവധി എടുത്തത്. നാളത്തെ ദിവസം തന്റെ ജീവിതയാത്രയുടെ അവസാനമാണ്. ഒപ്പം തന്നെ രണ്ടു ജീവിതങ്ങൾ ബാക്കിപത്രം പോലെ നിൽക്കുന്നു.... എല്ലാറ്റിനും ഒരു മനക്കരുത്ത് നേടാനാണ് ഇന്നുകൂടി അവധി എടുത്തത്. ഒറ്റയ്ക്ക് ഇരിക്കുമ്പോൾ ഒരു ഏകാന്തത മനസ്സിനെ പിടികൂടുന്നു.

ഹോസ്പിറ്റലിൽ പോയി വരാം എന്ന് കരുതി അനന്തൻ വസ്ത്രം മാറി കാറിന് അരികിലേക്ക് നടന്നു. പോകുന്നതിനു മുന്നേ ഹരിയുടെ കാര്യം ഹരിതയെ ഏൽപ്പിച്ചിട്ടാണ് അനന്തൻ പോന്നത്. കാർ ഹോസ്പിറ്റലിൽ അരികിൽ പാർക്ക് ചെയ്തിട്ട് അനന്തൻ അകത്തേക്ക് നടന്നു. തിരക്ക് നിറഞ്ഞ ആശുപത്രി വരാന്തയിലൂടെ അനന്തൻ തന്റെ മുറിയിലേക്ക് നടന്നു. തന്റെ റൂമിന് അകത്തേക്ക് കടക്കുന്നതിനു മുന്നേ തൊട്ടരികിൽ ഉള്ള ഡോക്ടർ നന്ദകുമാറിന്റെ റൂമിലേക്ക് അനന്തൻ വാതിൽ തുറന്നു നോക്കി. ശൂന്യമായി കിടക്കുന്ന കസേര കണ്ടതും നന്ദകുമാർ വാർഡിൽ ആയിരിക്കുമെന്ന് അനന്തൻ ഊഹിച്ചു. തന്റെ റൂമിൽ കടന്ന് വാതിൽ അടച്ച് അനന്തൻ, തന്റെ ചെയറിൽ ചാരി കിടന്നു. ഈ സമയം ഒരു നേഴ്സ് അകത്തേക്ക് കടന്നുവന്നു. അനന്തനെ കണ്ടതും ആ മുഖത്ത് ചിരി വിടർന്നു. " ഡോക്ടർ രണ്ടുദിവസം ലീവ് ആണെന്ന് പറഞ്ഞിട്ട്... " ആ ചോദ്യം കേട്ടതും അനന്തന്റെ ചുണ്ടിൽ പുഞ്ചിരി വിടർന്നു. " അതെ, വെറുതെ ഒന്ന് ഇറങ്ങി എന്ന് മാത്രം . എന്നു കരുതി രോഗികളെ ആരെയും കടത്തിവിടേണ്ട കേട്ടോ.... " നേഴ്സ് പുഞ്ചിരി തൂകിക്കൊണ്ട് പുറത്തേക്ക് നടന്നു. അനന്തൻ ചെയറിലേക്ക് ചരിഞ്ഞു. ഒരു ശാന്തത മനസ്സിനെ തലോടുന്നുണ്ട്. എന്നിരുന്നാലും മനസ്സിൽ എവിടെയോ ഒരു വിങ്ങൽ... നാളെ ദാമ്പത്യ ജീവിതത്തിന്റെ പരിസമാപ്തിയാണ്... പക്ഷേ തന്റെ രണ്ടു മക്കൾ... ഹരിക്കുവേണ്ടി ഇതുവരെ തന്റെ ഭാര്യ വാശി പിടിച്ചിട്ടില്ല. ആതിര... അവളുടെ മനസ്സ് തന്റെ ഭാര്യക്ക് അറിയാം. ആതിരയുടെ പിടിവാശിയിൽ അവൾ തന്റെ ഒപ്പം വന്നാൽ അത് തന്റെ ഏറ്റവും വലിയ തോൽവി ആയിരിക്കുമെന്ന് രാധയ്ക്ക് അറിയാം. ഇന്ന് ആ മകളാണ് തന്റെ ഏറ്റവും വലിയ ദുഃഖവും. അനന്തൻ കണ്ണുകൾ ഇറുകെ അടച്ചു. പൊടിഞ്ഞു ഇറങ്ങാറായ കണ്ണുനീർത്തുള്ളികൾ അനന്തൻ തുടച്ചു. ഈ സമയം വാതിൽ തുറന്ന് ഒരു നേഴ്സ് അകത്തേക്ക് വന്നു. അവരുടെ മുഖത്തെ പരിഭ്രമം കണ്ടപ്പോൾ എന്തോ അത്യാവശ്യമാണെന്ന് അനന്തന് തോന്നി. " ഡോക്ടർ, ഒരു രോഗിയെ കൊണ്ടുവന്നിട്ടുണ്ട്. ഡോക്ടർ നന്ദകുമാർ എന്തോ ആവശ്യത്തിന് പുറത്തുപോയിരിക്കുകയാണ്..... " 

ഇതുകേട്ടതും അനന്തൻ ചെയറിൽ നിന്ന് എഴുന്നേറ്റു. ഒരു ഡോക്ടർക്ക് എപ്പോഴും രോഗിയുടെ ജീവനാണ് വലുത്. അനന്തൻ വേഗം അവർക്കൊപ്പം മുറിക്കു പുറത്തേക്ക് കുതിച്ചു. അത്യാഹിത വിഭാഗത്തിന് മുന്നിലെ മുറി തള്ളിത്തുറന്ന് അനന്തൻ അകത്തേക്ക് നടന്നു. ഈ സമയം ബെഡിൽ കിടത്തിയിരുന്ന രോഗിയുടെ ചുറ്റും കുറച്ചു ജൂനിയർ ഡോക്ടർമാർ നിൽക്കുന്നുണ്ടായിരുന്നു. അനന്തനെ കണ്ടതും അവർ കുറച്ചു മാറി നിന്നു. " വിഷം അകത്തു ചെന്നതാണെന്നാണ് പറഞ്ഞത്..... " നേഴ്സിന്റെ വാക്കുകൾക്ക് മറുപടി പോലെ ഒന്ന് ഇരുത്തി മൂടിയിട്ട് അനന്തൻ ബെഡിൽ കിടന്നിരുന്ന രോഗിയുടെ കൈകളിൽ പിടിച്ചു. ഒരു നിമിഷം അറിയാതെ അനന്തന്റെ കണ്ണുകൾ ആ മുഖത്തേക്ക് പാഞ്ഞു. അനന്തന് തല കറങ്ങുന്നതുപോലെ തോന്നി. വീണ്ടും വീണ്ടും ആ കണ്ണുകൾ ആ മുഖത്ത് തന്നെ തറച്ചു.

"ആതിരേ.... "- അതൊരു നിലവിളിയായിരുന്നു. അനന്തൻ താഴെ വീഴാതിരിക്കാൻ ബെഡിൽ മുറുകെ പിടിച്ചു. ഈ സമയം വാതിൽ തള്ളി തുറന്നു ഡോക്ടർ നന്ദകുമാർ അകത്തേക്ക് വന്നു. കൂടെ നിന്ന ഡോക്ടർമാരെ ഒന്ന് രൂക്ഷമായി നോക്കിയിട്ട് ഡോക്ടർ അനന്തനെ വേഗം മുറിയിലേക്ക് കൊണ്ടുപോകാൻ നന്ദകുമാർ പറഞ്ഞു. എന്നാൽ അനന്തൻ പോകാൻ കൂട്ടാക്കിയില്ല. "അനന്താ ഞാനാ പറയുന്നത് ആതിര മോൾക്ക് ഒന്നും സംഭവിക്കില്ല..... "

അവസാനം നന്ദകുമാറിന്റെ നിർബന്ധത്തിനു വഴങ്ങി അനന്തൻ തന്റെ മുറിയിലേക്ക് നടന്നു. അനന്തൻ പോയതും ഡോക്ടർ നന്ദകുമാർ ചുറ്റും നിന്നിരുന്ന നേഴ്സുമാരെയും ജൂനിയർ ഡോക്ടർമാരെയും നോക്കി. "ആരു പറഞ്ഞു ഡോക്ടർ അനന്തനെ ഈ വിവരം അറിയിക്കാൻ... അത് അദ്ദേഹത്തിന്റെ മകളാണ്..."അതൊരു ഞെട്ടലോടെ ആണ് അവിടെ നിന്നവർ കേട്ടത്. എല്ലാം തകർന്നവനെ പോലെ ചെയറിൽ തലചായ്ച്ചു കിടക്കുകയായിരുന്നു അനന്തൻ . ഹൃദയം പറിച്ചെറിയുന്ന വേദന....

"അനന്തേട്ടാ.... " ആ വിളി കേട്ടതും ആകാംക്ഷയോടെ അനന്തൻ മുഖമുയർത്തി നോക്കി. നിറഞ്ഞു തുളുമ്പി നിന്ന കണ്ണുകളിൽ ആമുഖം തെളിഞ്ഞു വന്നു. ഭാര്യയുടെ അനുജൻ ദേവൻ. " രാവിലെ അമ്മയും മകളും തമ്മിൽ ചെറിയ വഴക്കുണ്ടായി. അനന്തേട്ടനെ കാണാൻ മോൾക്ക് വരണം എന്നും പറഞ്ഞായിരുന്നു. പക്ഷേ രാധേടത്തി സമ്മതിച്ചില്ല.... " അവരുടെ ഇടയിൽ കുറച്ചുനേരം നിശബ്ദത പരന്നു. ഈ സമയം ഡോക്ടർ നന്ദകുമാർ മുറിയിലേക്ക് വന്നു. അനന്തന്റെ കണ്ണുകളിൽ ഭീതിയുടെ നിഴൽ വെട്ടം നന്ദകുമാർ കാണുന്നുണ്ടായിരുന്നു. നന്ദകുമാർ, അനന്തന്റെ ചുമലിൽ കൈകൾ വച്ചു. " ദൈവം നമ്മോടുകൂടെയുണ്ട് അനന്ത... മോൾക്ക് ഒരു കുഴപ്പവുമില്ല..." നന്ദകുമാറിന്റെ വാക്കുകൾ, അനന്തന്റെ മനസ്സിൽ കുളിമഴയായി പെയ്തിറങ്ങി. നന്ദി നിറഞ്ഞ മുഖവുമായി അനന്തൻ, നന്ദകുമാറിന്റെ കൈകളിൽ മുറുകെ പിടിച്ചു.

"എനിക്കൊന്ന് മോളെ കാണണം... " അതിനു മറുപടി പോലെ നന്ദകുമാർ തലയാട്ടി. വരാന്തയിലൂടെ അനന്തൻ ഓടുകയായിരുന്നു. "അനന്താ.... " ആ വിളി അനന്തന്റെ കാലുകൾക്ക് വേഗത കുറച്ചു. പിറകിലേക്ക് തിരിഞ്ഞുനോക്കുമ്പോൾ വരാന്തയിലൂടെ നടന്നുവരുന്ന ആ മുഖം പെട്ടെന്ന് തന്നെ അനന്തനു മനസ്സിലായി .

"മാധവേട്ടൻ.... " അനന്തന്റെ ചുണ്ടുകൾ ചലിച്ചു. രാധയുടെ മൂത്ത ഏട്ടൻ. എന്തിനും തനിക്ക് താങ്ങായി നിന്ന മനുഷ്യൻ. ഒരു പരിധിവരെ തങ്ങളെ രണ്ടുപേരെയും കൂട്ടിച്ചേർക്കാൻ വളരെയധികം മാധവേട്ടൻ ശ്രമിച്ചിരുന്നു.

"അനന്താ...മോൾക്ക് ഇപ്പോ..? "

"കുഴപ്പമൊന്നുമില്ല മാധവേട്ടാ... " ഒരല്പം നീരസത്തോടെ അനന്തൻ പറഞ്ഞു. ആ മനസ്സിലെ വിങ്ങൽ മാധവൻ അറിയുന്നുണ്ടായിരുന്നു. അയാൾ സ മാശ്വസിപ്പിക്കാൻ എന്നപോലെ അനന്തന്റെ ചുമലിൽ കൈകൾ വച്ചു. ഇതിനിടെ മാധവൻ കയ്യിലിരുന്ന കവർ അനന്തന് നേരെ നീട്ടി. ഒരു നിമിഷം ഒന്നും മനസ്സിലാവാതെ അനന്തൻ ആ മുഖത്തേക്ക് നോക്കി.

"ഇതു വാങ്ങിച്ചോളൂ അനന്താ... നീയും രാധയും തമ്മിലുള്ള ദാമ്പത്യത്തിന്റെ മോചനം നാളെ കോടതി നിങ്ങൾക്ക് അനുവദിച്ചു തരും. ഇത് ആതിര മോൾ നിനക്കുമാത്രം അവകാശപ്പെട്ടതാണെന്ന് രാധ എഴുതി നൽകുന്ന സമ്മതപത്രം... " അനന്തൻ ഒന്നും മനസ്സിലാവാതെ മാധവനെ നോക്കി." ആതിര അവളുടെ അച്ഛനെ എത്രമാത്രം സ്നേഹിക്കുന്നുണ്ടെന്ന് രാധയ്ക്ക് ഇന്ന് മനസ്സിലായി.... അതും അല്ലെങ്കിൽ പേറ്റുനോവ് കൊണ്ടുമാത്രം ഒരു സ്ത്രീക്ക് അമ്മയാവാൻ കഴിയില്ലെന്ന് അവൾക്ക് മനസ്സിലായിട്ടുണ്ടാകും... "

മാധവന്റെ സ്വരം താഴ്ന്നിരുന്നു. മാധവൻ നൽകിയ കവർ വാങ്ങിക്കുമ്പോൾ അനന്തന്റെ ചുണ്ടിൽ പരിഹാസത്തോടെയുള്ള പുഞ്ചിരി വിടർന്നു.

"സ്വന്തം മകൾക്ക് ഒരു അമ്മയുടെ സമ്മാനം അല്ലേ മാധവേട്ടാ.... മക്കളുടെ സ്നേഹം ഒരിക്കലും പിടിച്ചു വാങ്ങിക്കാൻ ആവില്ല. സ്വന്തം മകളെ കുറിച്ചുള്ള വേദന ഈ ഹൃദയത്തിൽ പേറി കൊണ്ടാണ് ഞാൻ നടന്നിരുന്നത്. മറ്റൊന്നും കൊണ്ടല്ല... എന്റെ മോളുടെ ഭാവി ഒരിക്കലും എന്റെ ഭാര്യയുടെ കൈകളിൽ സുരക്ഷിതമല്ല എന്ന് എനിക്കറിയാമായിരുന്നു. എന്റെ ദാമ്പത്യം എനിക്ക് നൽകിയ പാഠം അതായിരുന്നു. വഴിപിഴച്ചതും പിഴപ്പിക്കുന്നതുമായ ഒരു സമൂഹത്തിലാണ് എന്റെ മകൾ ജീവിക്കുന്നത് എന്ന സത്യം... അതാണ് എന്റെ ഉറക്കം കെടുത്തിയിരുന്നത്...."

പൊടിഞ്ഞിറങ്ങാറായ കണ്ണുനീർ തുടച്ചുകൊണ്ട് മകളെ കാണാനുള്ള കൊതിയോടെ അനന്തൻ മുന്നോട്ടു നടന്നു. തളർന്ന കണ്ണുകളും പുഞ്ചിരിക്കാൻ ശ്രമിക്കുന്ന മുഖവുമായി ആതിര, അച്ഛന്റെ മുഖത്തേക്ക് നോക്കി .

"എന്തിനാ മോളെ നീ ഇങ്ങനെയൊക്കെ ചെയ്തത്... " അച്ഛന്റെ കണ്ണുകൾ നിറയുന്നത് ആതിര കണ്ടു. അത് ആതിരയുടെ മനസ്സിനെയും വേദനിപ്പിച്ചു.

"നിന്നെ എനിക്ക് പണ്ടേ അവിടെ വന്ന്, എത്ര വലിയ പ്രതിസന്ധികളെയും മറികിടന്ന്, കൂട്ടിക്കൊണ്ടു വരാമായിരുന്നു... പക്ഷേ അവരും ഒരു സ്ത്രീയാണ്, അമ്മയാണ് എന്ന ചിന്തയാണ് എന്നെ പുറകോട്ട് വലിച്ചത്... ആരെയും വേദനിപ്പിക്കാൻ അച്ഛന് ആവില്ല മോളെ.... "

ആതിര, അച്ഛന്റെ കൈകളിൽ മുറുകെ പിടിച്ചു.

"ഇതാണ് എന്റെ അച്ഛൻ... ഈ അച്ഛനെയാണ് എല്ലാത്തിലും വലുതായി എനിക്ക് വേണ്ടതും... " അവളുടെ വാക്കുകൾ കേട്ടതും അനന്തന്റെ കണ്ണുകൾ നിറഞ്ഞു. ആതിര, അച്ഛന്റെ കൈകൾ മെല്ലെ തലോടി തന്റെ ചുണ്ടോട് അടുപ്പിച്ചു. അവളുടെ കണ്ണുകളിൽ നിന്ന് അടർന്നുവീണ കണ്ണുനീർത്തുള്ളിയുടെ ചൂട് അനന്തൻ അറിയുന്നുണ്ടായിരുന്നു.... അങ്ങകലെ വറ്റി വരണ്ട നിളയുടെ മാറിലെ മണൽത്തരികളിലെ അതേ ചൂട്.. ശരിയാണ്, ഈ ചൂടായിരിക്കാം ഓരോ മനസ്സിലെയും നോവ്.... അനന്തൻ, മകളുടെ തലമുടി ഇഴകളിലൂടെ വാത്സല്യത്തോടെ തഴുകി. 

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ