വിഷു പിറ്റേന്നാണ് ദേശത്തെ ഉത്സവങ്ങളിൽ പ്രമുഖമായ അയിലൂർ വേല. അഞ്ചു ഗജവീരന്മാർ നിരക്കുന്ന എഴുന്നെള്ളത്ത്, പഞ്ചവാദ്യം, വെടിക്കെട്ട് തുടങ്ങിയവ മുഖ്യ കാര്യപരിപാടികൾ. ഒരു വേല ദിവസമാണ് കഥയ്ക്ക് ആസ്പദമായ സംഭവം നടക്കുന്നത്.
പേരുച്ചരിക്കുവാൻ ബുദ്ധിമുട്ടുള്ള ഏതോ ഒരു ഹോർമോൺ ശരീരത്തിലും മനസ്സിലും അപഥസഞ്ചാരം നടത്തുന്ന പ്രായം. മകാര പ്രസിദ്ധീകരണങ്ങൾ മനസ്സിൽ സ്വപ്നങ്ങൾ വിതയ്ക്കുകയും വിത്തൊന്നും മുളപൊട്ടാതെ പോകുകയും ചെയ്യുന്ന ഒരുമാതിരി പ്രണയ ദാരിദ്ര്യം പിടിപെട്ട കാലം. പഴയ ബോംബയിൽ നിന്നും ചന്ദ്രേളേച്ചനും കുടുംബവുമൊക്കെ ലീവിൽ വന്നിട്ടുണ്ട്. മൂപ്പരുടെ കൂടെ ജോലിചെയ്യുന്ന ചീതാവ് കാരൻ അപ്പീസറും കുടുംബവും വേല കാണാൻ വീട്ടിൽ വരുന്നുണ്ടെന്നു തലേ ദിവസത്തെ അന്തിചർച്ചയിൽ പറയുന്നതുകേട്ടു. അവർക്കു എന്റെ പ്രായത്തിലുള്ള ഒരു മകളും താഴെ അഞ്ചു വയസ്സുള്ള മോൺസ്റ്ററും ആണെന്ന് കേട്ടപ്പോൾ മുതൽ മനസ്സിൽ അമ്പലത്തിലെ കൊട്ടുകാരൻ ചുക്രൻ ചെട്ടിയാരുടെ തകിലടി തുടങ്ങി. ആകെയുള്ള നാലു ജോഡി കുപ്പായങ്ങളിൽ ഏറ്റവും മുന്തിയതെടുത്തു ചുളിവ് തീർക്കാൻ കോസറിക്കടിയിൽ വെച്ചു. അയിലൂർ സ്കൂളിലെ സഹപാഠിനികളായിരുന്ന എഴുത്തശ്ശി കുട്ടിയും വാരസ്യാര് കുട്ടിയും അല്ലാതെ ദേശത്തു വേറെ സുന്ദരിക്കുട്ടികളെ കുഞ്ചു വാര്യര്ടെ കടയിലെ മഷി മുഴുവനും ഇട്ടുനോക്കിയിട്ടും അന്നും ഇന്നും കണ്ടിട്ടില്ല. അതുകൊണ്ടു തന്നെ പട്ടണപരിഷ്‌ക്കാരി ബോംബെ വാലിയെ കാണാൻ മനസ്സു് വെമ്പി നിന്ന് കുംഭമാസ നിലാവായി.
വിഷു രാത്രി ഓ. എൻ. വി കവിതയിലെ പോലെ ഒട്ടുമുറങ്ങാത്തോരുത്രാട രാവായി മാറി. ആ പൂനിലാരാവിലാണ് ഒന്നു മോങ്ങാനായി ശുനകൻ ബാബു തോട്ടത്തിൽ പോയതും തെങ്ങിൻ ചോട്ടിലിരുന്നു മോങ്ങുമ്പോൾ തലയിൽ തേങ്ങ വീണ് വട്ടായതും. വീട്ടുമുറ്റത്തിരുന്നു ഓലിയിട്ടാൽ മുത്തശ്ശന്റെ വടി കൊണ്ടുള്ള ഏറു കിട്ടുമെന്ന് പേടിച്ചാണവെ തോട്ടത്തിലേക്ക് പോയത്. വരാനുള്ളത് വഴിയിൽ തങ്ങില്ല എന്നല്ലേ പ്രമാണം.
അങ്ങിനെ ആ വേലദിനം വന്നെത്തി. വൈകീട്ട് കുളികഴിഞ്ഞു കുപ്പായമിടുമ്പോൾ തന്നെ ബോംബേക്കാർ എഴുന്നെള്ളി. പൂമുഖത്തു നിന്നും മമ്മി ഡാഡി കിളിമൊഴികൾ കേട്ടുതുടങ്ങി. ട്രൗസർ കേറ്റി എം. ജി. ആർ സ്റ്റൈലിൽ തലമുടിയിൽ കുരുവികൂടെല്ലാം ഉണ്ടാക്കി ട്രൗസർ പോക്കറ്റിൽ കൈകൾ കുത്തി കണ്ണാടിയിൽ ഒന്നും കൂടി നോക്കി തൃപ്തി വരുത്തി. അപ്പോൾ വേറൊരു അപകടം. രണ്ടു ദിവസം മുൻപ് വിഷുക്കാലത്തെ സ്ഥിരം പലഹാരമായ മനോഹരം ഭരണിയിൽ നിന്നും പോക്കെറ്റിലേക്കു ഷണ്ട് ചെയ്തത് തിന്നാൻ മറന്നിരുന്നു. ട്രൗസർ തിരുമ്പിയപ്പോൾ കുഴമ്പുരൂപത്തിലായ അവനിലേക്കാണ് കൈകൾ പൂന്തിയത് .ചെറിയൊരു നാറ്റവും. വേറെ ടൗസറുമിട്ടു വരുമ്പോഴേക്കും വന്നവർ കാപ്പികുടി കഴിഞ്ഞു ഉമ്മറത്തെത്തി. വേല കാണാൻ ഇട്ട ബെഞ്ചിൽ ആസനസ്ഥരായിരുന്നു. ശിഷ്യൻ കേശവൻ വന്നു മന്നത്തേക്ക് വിളിച്ചപ്പോൾ കിളിയെ കാണാനുള്ള ആകാംക്ഷയിൽ ക്ഷണം നിരസിച്ചിരുന്നു. കുട്ടപ്പനായി വന്നു കിളിയെ തിരഞ്ഞു. മനസ്സിൽ ആകാംക്ഷയുടെ ഉടുക്കുകൊട്ട് . അപ്പോൾ മമ്മിയുടെ അടുത്തിരിക്കുന്ന മഞ്ഞപ്പാവാടക്കാരി കാക്കക്കറുമ്പി അടുത്ത് നിൽക്കുന്ന ബലൂൺ വില്പനക്കാരനെ നോക്കി തനിമ ചോരാത്ത പാലക്കാടൻ പ്രോലിറ്റേറിയൻ സ്ലാങ്ങിൽ കർണകഠോരമായി കരഞ്ഞു. "ഡാഡിയെ എയ്‌ക്കൊരു പൊള്ളം ബാങ്ങി തരീ" ന്ന് . കേശവന്റെ ക്ഷണം നിരസിച്ചതിലും അത്രയും നേരത്തെ വേലപ്പറമ്പ് വിശേഷം നഷ്ടപ്പെടുത്തിയതിലും പശ്ചാത്താപ വിവശനായി കോലം വയ്ക്കപ്പെടുമ്പോൾ മേലേമ്പാട്ടമ്മ നായരോട് പറയുമ്പോലെ "അതേപ്പോ" ന്നു മനസ്സിൽ പറഞ്ഞു നേരെ മന്നത്തേക്കു കിട്ടാവുന്ന സ്പീഡിൽ വെച്ചടിച്ചു. കഥാകാലക്ഷേപാനന്തരം ഡ്രൈവർ ശശി പറഞ്ഞത് ഡാഡി മാത്രമാണ് ബോംബെയിലുള്ളതെന്നും കറുമ്പിയും മോൺസ്റ്ററും മമ്മി തള്ളയും ചീതാവിൽ സ്ഥിരതാമസമാണെന്നും.