(Jinesh Malayath)
ആന്റണി പതിവുപോലെ ഉറക്കമുണർന്ന ഉടൻ മൊബൈൽ ഫോണെടുത്ത് രാത്രിയിലെ നോട്ടിഫിക്കേഷനുകൾ പരിശോധിക്കാൻ തുടങ്ങി.പെട്ടന്നാണ് ഒരു വാർത്തയിൽ അയാളുടെ കണ്ണുടക്കിയത്. 'ഇന്ന് മദേഴ്‌സ് ഡേ'.
മനസിൽ ഒരു നൊമ്പരം. കഴിഞ്ഞ വർഷം ഈ സമയത്ത് അമ്മ തങ്ങളുടെ കൂടെ ഉണ്ടായിരുന്നെന്ന് അയാളോർത്തു.എത്ര പെട്ടെന്നാണ് ഒരു വർഷം കഴിഞ്ഞുപോയത്?ആ വേർപാട് ഇന്നും ഒരു വേദനയായി ഉള്ളിൽ ശേഷിക്കുന്നു.എന്നും അമ്മയുടെ ജീവിതം മുഴുവൻ താനായിരുന്നു.പപ്പ പോയതിനു ശേഷം തനിക്കുവേണ്ടി മാത്രമാണ് അമ്മ ജീവിച്ചത്.അമ്മയുടെ താരാട്ടുപാട്ടുകളും കുട്ടിക്കഥകളും അയാളുടെ കാതിൽ മുഴങ്ങി.സ്നേഹം നിറഞ്ഞ ശാസനകൾ അയാളെ പലതും ഓർമ്മിപ്പിച്ചു.കോളേജ് അഡ്മിഷന് വേണ്ട പണം സ്വരൂപിക്കാൻ പെടാപ്പാട് പെടുന്ന അമ്മയുടെ വേവലാതി അയാളുടെ ഉള്ളം പൊള്ളിച്ചു. മകന്റെ വിവാഹദിനം ആ മനസിലെ ചാരിതാർത്ഥ്യം ആന്റണി അനുഭവിച്ചറിഞ്ഞു. ഒടുവിൽ, അമ്മയുടെ മുഖത്തെ ആ ദയനീയതയും നിരാശയും മനസിലാക്കാൻ മാത്രം അമ്മ തനിക്ക് അവസരം തന്നില്ല.
അയാൾ പെട്ടെന്നെഴുന്നേറ്റു കുളി കഴിച്ചു താഴെയെത്തി. "ഇന്നെന്താ ഇത്ര നേരത്തെ?" ഭാര്യയുടെ ചോദ്യം അയാളെ ഉണർത്തി. "ഇന്ന് മതേഴ്‌സ് ഡേ അല്ലേ, അമ്മയെ ഓർത്തുപോയി". ആന്റണി ഭാര്യയുടെ മുഖത്തു നോക്കാതെ പറഞ്ഞു.
ചായ കുടിച്ചുകൊണ്ടിരുന്ന അയാളുടെ മുടിയിഴകളിൽ തലോടിക്കൊണ്ട് അവൾ അടുത്തു നിന്നു."നിങ്ങളെന്നു വെച്ചാൽ ജീവനായിരുന്നു അമ്മക്ക്. എന്തിനും ഏതിനും ആന്റണിയായിരുന്നു അവസാന വാക്ക്. എനിക്കെപ്പോഴും രണ്ടാം സ്ഥാനമായിരുന്നു. അതു മാത്രമായിരുന്നു അമ്മയും ഞാനും തമ്മിലുണ്ടായിരുന്ന വഴക്ക്". അവൾ നെടുവീർപ്പിട്ടു.
പെട്ടന്നാണ് അവൾ ചോദിച്ചത്,
"അന്ന് എല്ലാം കഴിഞ്ഞ് പോന്നതിന് ശേഷം നിങ്ങൾ അങ്ങോട്ട് പോയിട്ടേയില്ലല്ലോ? ഇന്നൊന്ന് പൊയ്‌ക്കൂടെ?"
അയാൾ മുഖമുയർത്തി അവളെ നോക്കി.
പള്ളി മുറ്റത്തേക്ക് കാറോടിച്ചു കയറുമ്പോൾ അയാൾ നിർവികാരനായിരുന്നു. മനസ്സിനെ കടിഞ്ഞാണിടാൻ ശ്രമിക്കുന്നതിന്റെ പിരിമുറുക്കം ആന്റണിയെ ഇടക്ക് ചെറുതായൊന്നുലക്കുന്നുണ്ട്.
മുറ്റത്ത് കാർ നിർത്തി അച്ഛനോട് അനുവാദം വാങ്ങി അയാൾ നേരെ പള്ളി സെമിത്തേരിയിലേക്ക് നടന്നു.
അതിലൂടെ പോയാൽ വളരെ പെട്ടന്ന് തന്നെ പള്ളിവക വൃദ്ധസദനത്തിലെത്താം! അവിടെ അമ്മ പ്രതീക്ഷയോടെ ഇരിക്കുന്നുണ്ടാവും, ഒരേയൊരു മകനെ ഒരു നോക്കു കാണാൻ.