രഘുനന്ദനൻ! അതായിരുന്നു അദ്ദേഹത്തിന്റെ പേര്. കുട്ടനാടൻ നിഷ്കളങ്കതയിൽ നിന്നും ബഹറിനിൽ മകന്റെ ഫ്ലാറ്റിലേക്ക് അദ്ദേഹത്തെ പറിച്ചുനട്ടിട്ട് ഇന്നേക്ക് ആറ് മാസം. ആ കൊച്ചു ഫ്ലാറ്റിലെ
ചുവരുകൾക്കുള്ളിൽ തന്റെ ലോകം ചുരുങ്ങിത്തീരുന്നത് ഒരു വേദനയോടെ തിരിച്ചറിഞ്ഞപ്പോഴേക്കും ഒരു മടങ്ങിപ്പോക്കിന് കഴിയാതെവണ്ണം അവിടെ തളയ്ക്കപ്പെട്ടുപോയവൻ.
തന്നെ തനിച്ചാക്കി ഒരിക്കലും പോകില്ലെന്ന് നെഞ്ചിൽതൊട്ടു പറഞ്ഞവൾ തെക്കേത്തൊടിയിലെ തൈത്തെങ്ങിൻചോട്ടിൽ തനിച്ചുറങ്ങാൻ പോയത് കോരിച്ചൊരിയുന്ന മഴയുള്ളൊരു രാത്രിയിലായിരുന്നു. അവിടുന്നിങ്ങോട്ട് തിരിച്ചറിവിന്റെ വലിയൊരു പാഠം തനിക്ക് മുമ്പിൽ തുറന്നിട്ടുകൊണ്ടായിരുന്നു ഓരോ ദിവസവും കടന്നുപോയത്. താങ്ങായും, തണലായും കൂട്ടായിരുന്നവൾ, തളരാതെ ഊന്നുവടിയായിരുന്നവൾ ഒരു ദിവസം ഒന്നും മിണ്ടാതങ്ങു പോയി. പിന്നെയുള്ള ദിവസങ്ങൾ ലേലം വിളിയുടേതായിരുന്നു. അവസാനം മൂന്നു പെണ്മക്കൾക്ക് ശേഷമുണ്ടായ പൊന്നുമോന് നറുക്ക് വീണു. സ്ഥാവരജംഗമങ്ങളടക്കം അച്ഛനെ ഏറ്റെടുത്തു മകൻ തന്റെ കടമയെക്കുറിച്ചു വാചാലമായപ്പോൾ ഏതാണ്ടെക്കെയോ ആശിച്ചുവന്ന മരുമക്കൾ പെൺമക്കളെയും കൂട്ടി മടങ്ങിപ്പോകുന്നത് നോക്കിനിൽക്കുവാനേ തനിക്കും കഴിഞ്ഞുള്ളു.
ബഹറിനിലേക്ക് തിരിച്ചുപോകും മുമ്പ് മകൻ തനിക്കായി പാസ്സ്പോർട്ട് സംഘടിപ്പിച്ചിരുന്നു. മനസ്സില്ലാമനസ്സുമായി 3 മാസത്തെ വിസിറ്റ് വിസയിൽ മകനൊപ്പം പോകും മുമ്പ് അദ്ദേഹം തെക്കേത്തൊടിയിലെ തൈത്തെങ്ങിനോടെന്നവണ്ണം യാത്ര ചോദിക്കാൻ ചെന്നിരുന്നു. തനിക്കു നൽകിയ വാക്ക് തെറ്റിച്ചതുപോലെ താൻ ചെയ്യില്ലന്നും മൂന്നു മാസം കഴിഞ്ഞാൽ മടങ്ങി വരുമെന്നും, പിന്നെ മരണം വരെ ഒരുമിച്ചുതന്നെ ഉണ്ടാകുമെന്നും ഉറപ്പുപറഞ്ഞിട്ടാണ് അന്ന് അവിടുന്നിറങ്ങിയത്.
വന്നു കുറച്ചു കഴിയുംമുമ്പ് തന്നെ അവിടം മടുത്തുതുടങ്ങിയപ്പോൾ തിരിച്ചുപോകാൻ താൻ ആഗ്രഹം പറഞ്ഞപ്പോഴാണ് വിസിറ്റിംഗ് വിസയിലല്ല താനിവിടെ എത്തിയതെന്ന കാര്യം പോലുമറിയുന്നത്. അതുമല്ല വിസിറ്റിംഗ് വിസയുടെ ഫോർമാലിറ്റിക്കുവേണ്ടിയെന്ന് പറഞ്ഞു തന്നെകൊണ്ട് ഒപ്പിടുവിച്ച പല പേപ്പറുകളും തനിക്കവകാശപ്പെട്ടതെല്ലാം കൈമാറ്റം നടത്താനുള്ള സമ്മതപത്രമായിരുന്നെന്നും അറിയാൻ കഴിഞ്ഞത് അപ്പോൾ മാത്രമാണ്.
അവളെപ്പോലെ താനും പറഞ്ഞവാക്ക് പാലിക്കപ്പെടാത്തവനായിതീർന്നിരിക്കുന്നു. ഒരു നെടുവീർപ്പോടെ അദ്ദേഹം തന്റെ റൂമിന്റെ ജാലകത്തിനരികിലേക്ക് നീങ്ങി. തുറന്നിട്ട ജാലകക്കാഴ്ചകളിൽ പതിവിനു വിപരീതമായി, അഭിമുഖമായുള്ള ബിൽഡിങ്ങിന്റെ ബാൽക്കണിയിൽ തന്നോളം പ്രായമുള്ള മറ്റൊരാൾ ചുറ്റും അമ്പരപ്പ് നിറഞ്ഞ കണ്ണുകളോടെ നോക്കി പതറിച്ചിരിക്കുന്നു. തന്നെപ്പോലെ കാഞ്ചനക്കൂട്ടിലകപ്പെട്ട മറ്റൊരു ഭാഗ്യദോഷികൂടി.
പിന്നീടുള്ള ദിനങ്ങൾ തങ്ങളുടെ സന്തോഷങ്ങളും, സങ്കടങ്ങളും പങ്കുവെച്ചും, നാടിനെയും നാടിന്റെ നന്മകളെകുറിച്ചു പറഞ്ഞും അവരുടെ ദിവസങ്ങൾ വാചാലമായി.
കാലങ്ങൾ കഴിഞ്ഞുപോകെ വിരസമായ മറ്റൊരു പകലിന്റെ അന്ത്യത്തിൽ ബാൽക്കണിയിലെ അഴികളിൽ പിടിച്ചുനിന്നു തന്നോട് സംസാരിച്ചുകൊണ്ടുനിന്നയാൾ പെട്ടെന്ന് അസ്വസ്ഥമാകുന്നതും കുഴഞ്ഞു താഴോട്ടിരിക്കുന്നതും ഒരു ഞെട്ടലോടെ രഘുനന്ദനൻ കണ്ടു. എന്തുചെയ്യണമെന്നറിയാതെ ഒരു നിമിഷം പകച്ചു നിന്ന അദ്ദേഹത്തിന്റെ കരച്ചിൽ പുറത്തേക്ക് വരാനാവാതെ തൊണ്ടക്കുഴിയിൽ ശ്വാസംമുട്ടി പിടഞ്ഞുതീർന്നു. മരുമകൾ ഫോണിന്റെ കേബിൾ ഊരിമാറ്റിയതറിയാതെ, നെഞ്ചുതിരുമ്മി അദ്ദേഹം ഫോണിനടുത്തേക്ക് ഓടി. നിരാശയോടെ മുൻവാതിൽ തുറക്കാൻ ശ്രമിക്കവെയാണ് കഴിഞ്ഞൊരു ദിവസം പുറത്തുപോയതറിഞ്ഞപ്പോൾ മുതൽ ജോലിക്ക് പോകുമ്പോൾ മകൻ ഡോർ ലോക്ക് ചെയ്താണല്ലോ പോകുന്നത് എന്ന് അദ്ദേഹമോർത്തത്. ഒന്നും ചെയ്യാൻ കഴിയാത്തൊരു നിസ്സഹായാവസ്ഥ തന്നെ പൊതിയുന്നതറിഞ്ഞു അദ്ദേഹം തിരിച്ചു ജനലരികിലേക്ക് എത്തുമ്പോഴേക്കും ഒരുതുള്ളി വെള്ളത്തിന്റെ ആനുകൂല്യം പോലും പറ്റാതെ പിറന്നനാടിന്റെ ഓർമ്മകളിലേക്കുള്ള ആ മനുഷ്യന്റെ അവസാനയാത്രക്കെന്നപോലെ ശരീരം വല്ലാതൊയൊന്നുപിടഞ്ഞുണർന്നു. പിന്നെ വെയിലിറങ്ങാൻ തുടങ്ങിയ ബാൽക്കണിയുടെ പൊള്ളുന്ന ചൂടിൽ ശാന്തമായുറങ്ങി.
എതിരെ തന്റെ റൂമിന്റെ ജനലരുകിൽ തനിക്കായൊരുങ്ങുന്ന മരണനിമിഷങ്ങളെയോർത്തു രഘുനന്ദനൻ എന്ന ആ പാവം മനുഷ്യൻ മണൽക്കാടുകളിലെ കെട്ടിടങ്ങൾക്കുമുകളിൽ ഇരുൾ പൂക്കുന്നതിനായി കാത്തിരുന്നു.