അമ്മ മരിക്കുമ്പോൾ തനിക്ക് ഇരുപത്തെട്ട് വയസ്സ് തികയുന്നേ ഉണ്ടായിരുന്നുള്ളൂ. മാളുവിനും അരവിന്ദനും സ്കൂളിൽ പഠിക്കുന്ന പ്രായം. മാളു പഠിക്കാൻ മിടുക്കിയായിരുന്നു . എന്നാൽ അരവിന്ദൻ പഠിക്കാൻ പിന്നോക്കം ആയിരുന്നു.
അതുകൊണ്ട് എന്നും തനിക്ക് ആശങ്ക അവനെക്കുറിച്ച് ആയിരുന്നു. പഠിപ്പിക്കാൻ പണം ഉണ്ടായിരുന്നില്ലെങ്കിലും അവർക്ക് രണ്ടുപേർക്കും ഒരിക്കലും അതറിയാൻ ഇട വന്നിട്ടില്ല. അറിയിച്ചിട്ടില്ല എന്ന് പറയുകയായിരിക്കും കൂടുതൽ ശരി.
വിവാഹാലോചനകൾ പലതും വന്നിരുന്നെങ്കിലും കൂടപ്പിറപ്പുകളെ ആലോചിച്ച് വേണ്ടെന്നു വയ്ക്കുകയായിരുന്നു. താൻ പോയാൽ അവർക്ക് തുണയായി ആരും ഉണ്ടാകില്ല എന്ന് നന്നായി അറിയാമായിരുന്നു. പക്ഷേ ഇന്ന് ആ കാര്യത്തിൽ ചെറിയൊരു ദുഃഖമുണ്ട്. ഈ വാർദ്ധക്യത്തിൽ ഇങ്ങനെ തനിച്ച് താമസിക്കേണ്ടി വരില്ലായിരുന്നു.അരവിന്ദൻ അമേരിക്കയിൽനിന്നും ആഴ്ചയിലൊരിക്കൽ വിളിക്കാറുണ്ട്. ജോലിത്തിരക്കിനെകുറിച്ചും കഴിഞ്ഞ അവധിക്ക് വരാൻ പറ്റാത്തതിനെ കുറിച്ചും പറയും. ശരിയാണ് അവൻറെ കുട്ടികളും ഭാര്യയുമൊക്കെ അവിടെ ജോലിക്കാരാണ്.
ഓർമ്മകൾ വീണ്ടും പിറകിലേക്ക് പോയി. ഇപ്പോൾ അങ്ങനെയാണ്. ചിന്തകൾ വർത്തമാനകാലത്തിൽ നിന്നും ഭൂതകാലത്തിലേക്കും അവിടെ നിന്ന് പെട്ടെന്ന് തിരിച്ച് വർത്തമാനകാലത്തിലേക്കും നിരന്തരം യാത്ര ചെയ്യും.
അച്ഛൻറെ തയ്യൽ മെഷീൻ ഉണ്ടായിരുന്നതിനാൽ വീട്ടിൽ പണത്തിന് വലിയ ബുദ്ധിമുട്ടില്ലാതെ കാര്യങ്ങൾ നടത്താൻ കഴിഞ്ഞു. പലരും വീട്ടിലെ അവസ്ഥ കണ്ടു ആവശ്യമില്ലെങ്കിലും എന്തെങ്കിലും തയ്ക്കാനായി കൊണ്ടുവരാറുണ്ട്. അമ്പലത്തിൽ മാല കെട്ടുന്ന അമ്മാളുകുട്ടി അമ്മയാണ് രാത്രി തുണയ്ക്കു കിടക്കുന്നത്. അടുത്തുതന്നെ ബന്ധുവീടുകൾ ഉള്ളതുകൊണ്ട് കുട്ടികളുമായി ജീവിക്കുമ്പോൾ മറ്റ് ബുദ്ധിമുട്ടുകൾ ഒന്നും ഉണ്ടായിട്ടില്ല. അവരെല്ലാവരും എന്തെങ്കിലും സഹായം വേണോ എന്ന് അന്വേഷിക്കാറുണ്ട് . എന്നാൽ അച്ഛൻ പറയാറുള്ളത് ഓർത്ത് ഒന്നും സ്വീകരിക്കാറില്ല.
അച്ഛൻ വലിയ അഭിമാനി ആയിരുന്നു. ബുദ്ധിമുട്ടുകൾ ബന്ധുക്കളെ അറിയിക്കാതെ തന്നെയാണ് മരിക്കുന്നത് വരെ ജീവിച്ചത്. മരിക്കുമ്പോൾ ചില്ലറ കടങ്ങൾ പോലും ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ഗോവിന്ദേട്ടൻ എന്ന് പറഞ്ഞാൽ ബന്ധുവീടുകളിൽ വലിയ കാര്യമായിരുന്നു. അവിടെയൊക്കെ എന്ത് കാര്യങ്ങൾ ഉണ്ടായാലും ആദ്യവസാനം അച്ഛൻ ഉണ്ടാവണം എന്ന് അവർക്ക് നിർബന്ധമാണ്. കല്യാണം ആയാലും ചോറൂൺ ആയാലും അലക്കിയ മുണ്ടും ഷർട്ടും തോളിലൊരു രണ്ടാം മുണ്ടുമായി മുന്നിൽ അച്ഛൻ ഉണ്ടാകും.
അച്ഛൻ മാത്രമാണ് കൃഷിക്കാരനായി ഉണ്ടായിരുന്നത്. വല്യച്ഛനും ചെറിയച്ഛനും ഒക്കെ ഉദ്യോഗസ്ഥന്മാർ ആയിരുന്നു. ഒരാൾ പട്ടാളത്തിലും ഒരാൾ സിംഗപ്പൂരിലും ആയിരുന്നു. കുടുംബസമേതം അവധിക്കാലത്ത് മാത്രമാണ് അവർ തറവാട്ടിൽ എത്താറ്. എപ്പോൾ വരുമ്പോഴും ഞങ്ങൾക്ക് വിലകൂടിയ വസ്ത്രങ്ങളും പെന്നുകളും മിഠായികളും എല്ലാം കൊണ്ടുവന്നിരുന്നു. അച്ഛൻറെ മരണശേഷം മെല്ലെ മെല്ലെ അവരുടെ വരവ് പോലും കുറഞ്ഞു. അമ്മ മരിക്കുന്നതിനുമുമ്പ് ആ നല്ല കാലത്തെക്കുറിച്ച് ഇടയ്ക്കിടെ പറഞ്ഞു കേട്ടിട്ടുണ്ട്.മരിക്കുന്നതിനു മുമ്പ് അവരെയൊക്കെ കാണണം എന്ന് അമ്മ പറഞ്ഞിരുന്നു. പക്ഷേ ആ ആഗ്രഹം സാധിക്കാതെയാണ് അമ്മ മരിച്ചത്.
അമ്മ അമ്മമ്മയ്ക്കും മുത്തച്ഛനും ഉള്ള ഒരേയൊരു മകളായിരുന്നു. പഠിപ്പും പത്രാസും ഇല്ലാത്ത ഒരു സാധു. അച്ഛനായിരുന്നു അമ്മയുടെ ലോകം . എപ്പോഴും അച്ഛന് വേണ്ട കാര്യങ്ങൾ ചെയ്തു കൊടുത്തു അച്ഛനെ ചുറ്റിപ്പറ്റിയാണ് എപ്പോഴും കാണാറുള്ളത്. ഞങ്ങൾ പോലും അച്ഛനെ കഴിഞ്ഞേ അമ്മക്ക് ഉണ്ടായിരുന്നുള്ളൂ.ഒരിക്കലും അച്ഛൻ അമ്മയെ ശകാരിച്ചു കണ്ടിട്ടില്ല. അച്ഛൻറെ ശാരദേ.... എന്ന വിളി പലപ്പോഴും കുട്ടിക്കാലത്ത് ബന്ധുവീടുകളിൽ ചർച്ച ചെയ്യുന്നത് കേട്ടിട്ടുണ്ട്. അച്ഛൻ ഊണുകഴിഞ്ഞു കിടക്കുമ്പോൾ വിശറി എടുത്തു വീശി അമ്മ അടുത്തുണ്ടാകും. പുറത്തു നിന്ന് വന്ന് കയറുമ്പോഴേക്കും ഒരു കിണ്ടി വെള്ളവുമായി അമ്മ എത്തിയിരിക്കും. അമ്മ തന്നെയാണ് കാൽ കഴുകാൻ വെള്ളം ഒഴിച്ചു കൊടുക്കുക.
തൻറെ സ്വപ്നങ്ങളിലും ഉണ്ടായിരുന്നു അച്ഛനെ പോലൊരു പുരുഷസങ്കല്പം. അമ്മയെപ്പോലെ അദ്ദേഹത്തെ പരിചരിക്കാനും സ്നേഹിക്കാനുമെല്ലാം മനസ്സിൽ സങ്കൽപ്പിചിട്ടുമുണ്ട്.
അച്ഛൻ ജീവിച്ചിരിക്കുമ്പോൾ സാമ്പത്തിക പ്രയാസങ്ങൾ തൻറെ വിവാഹ സ്വപ്നങ്ങൾക്ക് തടസ്സമായി മാറിയിരുന്നു. ആലോചനകളുമായി എത്തുന്നവർക്ക് അവർ ചോദിക്കുന്ന പൊന്നും പണവും കൊടുക്കാൻ അച്ഛൻറെ പക്കൽ ഉണ്ടായിരുന്നില്ല. അഭിമാനം മറ്റുള്ളവരോട് ചോദിക്കുന്നതിൽ നിന്നും അച്ഛനെ വിലക്കിയിരുന്നു. അവസാനം പാടത്തിനടുത്തുള്ള മുണ്ടക്കൽ പറമ്പ് വിറ്റ് തൻറെ കല്യാണം നടത്താനായിരുന്നു അച്ഛൻ വിചാരിച്ചിരുന്നത്. പക്ഷേ പെട്ടെന്ന് രോഗബാധിതനായി മരിച്ചു പോകുകയായിരുന്നു.
അച്ഛൻ മരിച്ച അധികം താമസിയാതെ അമ്മയും മരിച്ചു. അങ്ങനെ അരവിന്ദനും മാളുവിനും താൻ മാത്രമായി.
മാളു ഇന്ന് ഓർമ്മ മാത്രമാണ്. വിവാഹം കഴിഞ്ഞ് ആദ്യ പ്രസവത്തിൽ തന്നെ അവളും കുഞ്ഞും മരിച്ചു. ഡോക്ടറുടെ കയ്യബദ്ധം എന്നാണ് നാട്ടിൽ സംസാരം. മാളു വിൻറെ ഭർത്താവ് അപ്പുക്കുട്ടൻ ഒരുവർഷം കഴിഞ്ഞപ്പോൾ അയാളുടെ ബന്ധത്തിലുള്ള ഒരു പെൺകുട്ടിയെ കല്യാണം കഴിച്ചതായി പറഞ്ഞു കേട്ടു. അതിൽ ഒരു കുട്ടിയും ഇന്ന് അയാൾക്കുണ്ട്. ദൈവം മാളുവിൻറെ കുഞ്ഞിനെയെങ്കിലും തന്നിരുന്നെങ്കിൽ ഇന്ന് തനിക്ക് ജീവിക്കാൻ ഒരു ലക്ഷ്യം ഉണ്ടാവുമായിരുന്നു. അതങ്ങിനെയാണ് ചിലർക്ക് . ജീവിതം തനിയെ ജീവിച്ചു തീർക്കേണ്ടി വരും . തനിക്കു തുണയായി താൻ തന്നെ. എന്നാലും ഒരു കാര്യത്തിൽ സംതൃപ്തിയുണ്ട്. സ്വന്തം കാര്യം നോക്കി ജീവിക്കാതെ മറ്റുള്ളവർക്ക് വേണ്ടി ജീവിച്ചതിന്റെ ചാരിതാർത്ഥ്യം. അവരെല്ലാം സന്തോഷത്തോടെ ജീവിക്കുന്നുണ്ട് എന്നറിയുന്നതിലുള്ള സന്തോഷം. അവരാരും അടുത്ത് ഇല്ലെങ്കിലും അകത്തുണ്ട്. തന്നെ അവർ എല്ലായ്പ്പോഴും ഓർക്കുന്നുണ്ടോ എന്നറിയില്ല. താൻ എന്തായാലും അവരെ ഓർത്തു തന്നെയാണ് ജീവിക്കുന്നത്. ഈ ഓർമ്മകളാണ് തൻറെ ജീവിതത്തെ മുന്നോട്ടുനയിക്കുന്നതും.