മൃഗങ്ങൾ...
മൃഗങ്ങൾ...
മൃഗങ്ങൾ...
പുറത്ത് കാക്കിയിട്ട ചില മൃഗങ്ങൾ, കാട്ടിൽ: ആന, പുലി, കടുവാ, സിംഹം.
വന്യമൃഗങ്ങളെ കാണാൻ ആർക്കാണ് കൊതിയില്ലാത്തത്! തടാകത്തിനു ദൂരെ കാട്ടിൽ അവയെ കണ്ടപ്പോൾ യാത്രികർ കൂട്ടത്തോടെ ബോട്ടിന്റെ ഒരു ഭാഗത്തേക്ക് നീങ്ങി.
ആകാംക്ഷ!
ബോട്ട് ഭാരം കൂടിയ ഭാഗത്തേക്ക് ആടിയുലഞ്ഞു. താൻ ബോട്ടിന്റെ ഗതിനിയന്ത്രണം കൈവരുതിയിലാക്കാൻ ശ്രമിച്ചപ്പോൾ അത് കൂടുതൽ ശക്തിയായി ആടിയുലഞ്ഞു. തങ്ങളുടെ ജീവിതം ജലത്തിന്റെ മീതേയാണെന്ന സത്യം മനസ്സിലാക്കി ടൂറിസ്റ്റുകൾ മറുവശത്തേക്ക് മാറിയത് പാതി നിലവിളിയോടെയാണ്. പലഭാഷയിൽ...
ബോട്ടിനു ഭാരം കൂടുന്നതുപോലെ. വേഗത കുറയുന്നു. കൂട്ട നിലവിളി ഉയരുന്നു. താൻ ഒരിട പകച്ച് നെഞ്ചത്ത് കൈവെച്ചു.
“കർത്താവേ”
ടിക്കറ്റിന്റെ കണക്ക് പ്രകാരം എഴുപത്തിയാറ് ജീവനുകൾ. അല്ല അതിൽ കൂടുതൽ ഉണ്ടാകുമോ?.
തനിക്കിനിയൊന്നും ചെയ്യാനില്ല.
ഭയത്തോടും പരിഭ്രമത്തോടും അയാൾ എണീറ്റ് ബോട്ടിനുള്ളിലേക്ക് നോക്കി.
താണഭാഗത്തു നിന്നും വെള്ളം ഇരമ്പലോടെ അകത്തേക്ക് കയറുന്നു. ജീവിക്കാനുള്ള അഗാധമായ കൊതിയോടെ പലഭാഗത്തേക്കും ചിതറുന്ന മനുഷ്യർ. അമ്മമാർ മക്കൾ മധ്യവയസ്കർ യുവാക്കൾ.
കൂട്ട നിലവിളികൾ തടാകത്തിന്റെ നടുവിൽ പ്രകമ്പനം കൊണ്ടു. നീന്തലറിയാവുന്നവർ കൂടെയുള്ളവരേയും കൊണ്ട് ജലപ്പരപ്പിലേക്ക് ചാടി. മരണവെപ്രാളത്തിൽ ചിലർ തിക്കിലും തിരക്കിലും പെട്ട് താഴെ വീണു.
മറ്റുചിലർ പ്രജ്ഞയറ്റ് തടാകത്തിൽ മുങ്ങിത്താണു. മറിഞ്ഞ ബോട്ടിൽ കുരുങ്ങി ജീവനു വേണ്ടി കേഴുൻന്നവർ വേറേയും.
തടാകത്തിലേക്ക് വീണ തനിക്ക് വേണമെങ്കിൽ നീന്തി രക്ഷപെടാമായിരുന്നു. പാടില്ല. ഓളം തല്ലുന്ന ജലപാളികളിൽ മരണത്തിലേക്ക് മുങ്ങിത്താഴുന്നവരെ അയാളുടെ മനസാക്ഷി ചൂണ്ടികാട്ടി. ഒരു ജീവനെങ്കിലും രക്ഷിക്കാനായാൽ-
അയാളുടെ ചിന്തയും പ്രവർത്തിയും പിന്നെ അമാന്തിച്ചില്ല. ആദ്യം നീന്തി പിടിച്ചതു മുങ്ങിത്താണ ഒരു കുട്ടിയെയാണ്. മുടിയിൽ പിടിച്ചുയർത്തിയപ്പോൾ ചിന്നുവിന്റെ മുഖം.
“മോളെ”
ആ കുട്ടിയുടെ മുഖത്തേക്ക് വിണ്ടും അയാൾ നോക്കി.
“അല്ല തന്റെ മോളല്ല ”
പാതി ജീവനുള്ള കുട്ടിയെ തോളിലേറ്റി നീന്തി ബോട്ടിന്റെ വക്കിലെത്തിക്കുമ്പോൾ ചിന്നുവായിരുന്നു മനസ്സിൽ.
“അപ്പാ..അപ്പായിന്നു പോവണ്ട.”
രാവിലെ ഡ്യൂട്ടിക്ക് പോകാനായിറങ്ങിയ തന്നെ ചിന്നു മോള് തടഞ്ഞു.
“അപ്പ പോയിട്ടു വാരാം മോളെ...”
മോളുടെ കവിളിൽ ഒരുമ്മകൊടുത്ത് താൻ കൂട്ടി ചേർത്തു:
“വരുംബോഴെ അപ്പ മോൾക്കൊരു പുത്തനുടുപ്പ് വാങ്ങിക്കൊണ്ട് വരാം.”
മകളോടും ഭാര്യയോടും യാത്ര പറഞ്ഞ് താൻ രാവിലെ ഇറങ്ങിയതാണ്. ചിന്നുവിന്റെ പോലെതന്നെ നിഷ്ക്കളങ്കമായ മുഖം. അതേ പ്രായം. ജീവനുണ്ട്. ശ്വാസത്തിന്റെ തുടിപ്പ്. താൻ ധരിച്ചിരുന്ന ബനിയൻ കീറി മുറിച്ച് അയാൾ ആ കുട്ടിയെ ശ്വാസം കിട്ടത്തക്ക വിധം മുങ്ങിചരിഞ്ഞു കിടന്ന ബോട്ടിന്റെ വക്കിൽ ബന്ധിച്ചു..
തടാകത്തിന്റെ പലഭാഗത്തു നിന്നും മരണം മുഖാമുഖം കണ്ടവരുടെ രോദനങ്ങൾ. ഓരോ ദിശയിലേക്കും വേഗത്തിൽ നീന്തി അയാൾ ഓരോരുത്തരേയും തോളിലേറ്റി നീന്തി ബോട്ടിന്റെ വക്കിലെത്തിച്ചു.
വയ്യ. കൈകാലുകൾ കുഴയുന്നു. ശരീരം പൂർണ്ണമായും തളരുന്നു. അരുത് ഇനിയും ജീവനുകൾ ബാക്കിയുണ്ട്. മനസ്സാക്ഷി മുരണ്ടു.
അബോധത്തിന്റെ വലയം ഭേദിച്ച് അയാൾ കണ്ണുകൾ തുറക്കാൻ ശ്രമിച്ചു..ശരീരം അനങ്ങുന്നില്ല.താൻ കിടക്കുകയാണ് . കലപില ശബ്ദങ്ങൾ.
ലോഷന്റെ രൂക്ഷഗന്ധം .
ഹോസ്പിറ്റലാണ്.
പാതി ബോധത്തിൽ ജീവനിൽ മനസ്സ് പലതും കാണുന്നു, കേൾക്കുന്നു. ലാഡനടിച്ച ഷൂവിന്റെ ഖനമാർന്ന സ്വരം അടുത്ത് വരുന്നു.
“എന്തായി സിസ്റ്ററേ ഇവനു ബോധം വന്നോ?. മൊഴിയെടുക്കാനുള്ളതാ.”
പരുഷ ശബ്ദം. പോലീസുകാരനാണ്.
“ഇല്ല .ഉണർന്നിട്ടില്ല. രണ്ട് മണിക്കൂറെങ്കിലും കഴിയും.”
ശുശ്രൂഷിക്കുന്ന നേഴ്സിന്റെ ഉത്തരം.
“ഈ പൊലയാടിമോൻ ബോട്ടോടിച്ച് തുലച്ചത് ഒന്നല്ല, നാൽപ്പെത്തിയെട്ട് ജീവനുകളാ. ഇവനെയൊക്കെ എത്രവട്ടം തൂക്കിക്കൊല്ലേണ്ടി വരും... എന്തായാലും ഞാൻ കാവലിരിക്കാം. ബോധം വരുംബോൾ ഓടിക്കളഞ്ഞാലോ.”
“കർത്താവേ താനെന്തു പിഴച്ചു.”
നാല്പെത്തിയെട്ടുപേരുടെ ജീവിതങ്ങൾ....സന്തോഷങ്ങൾ... അവരുടെ പ്രിയപ്പെട്ടവർക്കുണ്ടായ നഷ്ടങ്ങൾ.....പകരം വെക്കാൻ മറ്റൊന്നുമില്ല.
മനസ്സറിഞ്ഞൊരുപദ്രവും താനാർക്കുമെതിരെയിതുവരെ ചെയ്തിട്ടില്ല. ഇപ്പോൾ സമൂഹത്തിനു മുന്നിൽ താൻ ഒരു കൊലായാളി. കൊടും കുറ്റവാളി .താൻ മാത്രം പ്രതിയാക്കപ്പെട്ടിരിക്കുന്നു. തലക്കു മുകളിൽ തൂങ്ങി നിൽക്കുന്ന നിയമത്തിന്റെ വാൾ.
ശിക്ഷയോ മോചനമോ?
തന്റെ മനസ്സാരും കാണില്ലേ, മനസ്സിലാക്കില്ലേ. മനസ്സു വിഹ്വലമായി അയാൾ തലയിട്ടട്ടടിച്ചു.
“എന്തായിരുന്നു നിന്റെ ഉദ്ദേശ്യം? എങ്ങനെയാണു നീ അപകടം വരുത്തിവെച്ചത്? ഇതു അട്ടിമറിയല്ലേ? നീ ഏതു തീവ്രവാദിഗ്രൂപ്പിൽ പെട്ടതാണ്?
മനസ്സറിയാത്ത ആരോപണങ്ങൾ.
“ഇല്ല എനിക്കൊന്നുമറിയില്ല. ഞാൻ ഒന്നും ചെയ്തിട്ടില്ല.
മനസ്സ് കൈവിട്ട് അയാളലറി. ചോദ്യം ചെയ്യൽ നീണ്ടു. താൻ കുറ്റമേറ്റെടുക്കുനത് വരെ പോലീസ് മുറയും.
മനസ്സിനിപ്പോൾ നിസ്സംഗതയാണ്. തന്റെ ഭാര്യക്ക്ം മോൾക്കും ഇനിയാരുണ്ട്. മനസ്സിനും ശരീരത്തിനും വേദന. ത്ൻ ചെയ്ത തെറ്റെന്താണ്. അപകടം നടന്നപ്പോൾ നീന്തി രക്ഷപെടാതിരുന്നതോ?
അതോ തന്നാൽ കഴിയുന്ന ജീവനുകൾ രക്ഷിച്ചതോ?
അതിനുള്ള ശിക്ഷയുടെ തുടക്കമാണോയിത്.
അയാൾ ശരീരത്തിലേക്ക് നോക്കി. ലാഡനടിച്ച ഷൂവിന്റെ ഞെരിച്ചിലിൽ ചതഞ്ഞ കാൽനഖങ്ങൾ. ലാത്തിയടിയിൽ നീലച്ച് കിടക്കുന്ന കൈത്തണ്ടകൾ. ചതവേറ്റ തോളെല്ലുകൾ .മുഖം തുടച്ചപ്പോൾ കയ്യിൽ ചോര.
മനസ്സറിയാതെ അപരാധിയാക്കപ്പെട്ട ആരും സഹായിക്കനില്ലാത്ത ഒരു സാധാരണക്കാരന്റെ പ്രതിരൂപം. അയാളുടെ ഹൃദയം പിടഞ്ഞ്ഞു.
പുതിയ ഉടുപ്പുമായിയെത്തുന്ന അപ്പായെ കാത്തിരിക്കുന്ന ചിന്നുമോൾ. കഷ്ടതകളിലും എപ്പോഴും കൂട്ടായി നിൽക്കുന്ന ഭാര്യ. അവർക്കാരുണ്ട്. തനിക്കീ ജീവൻ ബാക്കി തരില്ലേ.
അയാൾ കണ്ണുകളടച്ച് കൈകൂപ്പി കേണു...
ആരോടെന്നറിയാതെ...