(കണ്ണന്‍ ഏലശ്ശേരി)
ഇറാഖിലെ സിഞ്ചാർ ജില്ലയിൽപ്പെടുന്ന കോച്ചോ ഗ്രാമത്തിൽ 1993ലാണ് ഫർസാന ബാസി താഹ എന്ന പെൺകുട്ടി ജനിക്കുന്നത്. പിതാവ് ബാസി ഇസ്മാ ഇൽ. മാതാവ് ഷാമി. യസീദികൾ അനുഭവിക്കുന്ന എല്ലാ ദുരിതങ്ങൾക്കും നാടുവിലേക്കാണ് ഫർസാന പിറന്നു വീണത്.
മൺകട്ടകൾ കൊണ്ട് നിർമ്മിച്ച ആ ചെറിയ വീട്ടിൽ ഫർസാനക്ക് മുകളിൽ നാല് ജേഷ്ഠൻമാരും രണ്ട് സഹോദരിമാരും ഉണ്ടായിരുന്നു. തീർത്തും ദരിദ്രമായ ആ ചുറ്റുപാടിൽ അവരെ പോലെ നിരവധി യസീദികൾ ആ ഗ്രാമത്തിൽ ജീവിച്ചിരുന്നു. ആടുകളെയും കോഴികളെയും വളർത്തിയും ചെറിയ കൃഷി ചെയ്തും മറ്റിടങ്ങളിൽ നിന്നു വരുന്ന അറബികളുമായി കച്ചവടം നടത്തിയുമാണ് മിക്ക വീടുകളിലും അടുപ്പ് പുകഞ്ഞിരുന്നത്. കൃഷിപ്പണി ചെയ്യാൻ കൂടുതൽ ആളുകൾക്ക് വേണ്ടിയും, സ്വന്തം മത വിഭാഗത്തിന്റെ വർദ്ധനവിന് വേണ്ടിയും യസീദി പെൺകുട്ടികൾ ചെറുപ്രായത്തിൽ തന്നെ കല്ല്യാണം കഴിക്കുകയും കണക്കില്ലാതെ പ്രസവിക്കുകയും ചെയ്യുമായിരുന്നു.
ഒരു പ്രായത്തിൽ കൂടുതൽ ആൺകുട്ടികൾ വളർന്നാൽ അവർ ആടുമേക്കാനും കൃഷിക്കുമൊക്കെയായി ഗ്രാമം വിട്ടു പോകുകയും, പെൺകുട്ടികൾ കല്ല്യാണം കഴിഞ്ഞ് പോകുകയുമാണ് അവിടുത്തെ പതിവ്. ഫർസാനയുടെ വീട്ടിലും ഉണ്ടായിരുന്നു തന്റെ ജേഷ്ടന്റെ രണ്ട് ചെറിയ കുട്ടികൾ. പർവിൻ, ജാസ്മിൻ എന്ന് പേരുള്ള അവരെ ഫർസാനയാണ് സ്വന്തം മക്കളെ പോലെ വളർത്തിയിരുന്നത്. അവരെ കുളിപ്പിക്കുകയും ഭക്ഷണം കഴിപ്പിക്കുകയും പ്രാർത്ഥ ഗീതങ്ങൾ പഠിപ്പിക്കുകയും ഒക്കെ ഫർസാന ചെയ്യുമ്പോൾ അവരുടെ മാതാപിതാക്കൾ കൃഷിയിലും മറ്റ് വീട്ടുപണികളിലുമായിരിക്കും. ദാരിദ്ര്യത്തിനിടയിലും ഫർസാന ഈ കുട്ടികളിലൂടെ സന്തോഷം കണ്ടെത്തിയിരുന്നു. പ്രസവിച്ചില്ലെങ്കിലും ആ കുട്ടികൾ ഫർസാനയെ "ദയെ" എന്നായിരുന്നു വിളിച്ചിരുന്നത്. കുർദിഷ് ഭാഷയിൽ അതിനർത്ഥം അമ്മ എന്നായിരുന്നു.
കണ്ണുപൊത്തി കളിച്ചും ചരമണൽകൂനയായുള്ള ചെറിയ കുന്നുകളിൽ പർവിനും ജാസ്മിനും ഫർസാനയോടൊപ്പം ഓടി കളിച്ചും സന്തോഷം കണ്ടെടുത്തിയിരുന്നു.
അവരുടെ ആ ചെറിയ സന്തോഷങ്ങളെ തകർത്തു കൊണ്ടാണ് കോച്ചോ ഗ്രാമം ഇസ്ലാമിക് സ്റ്റേറ്റ് എന്ന തീവ്രവാദി സംഘടന പിടിച്ചെടുക്കുന്നത്. പേടിപ്പെടുത്തുന്ന വെടിയൊച്ചകളും നിലവിളികളും നിറഞ്ഞ ആ സമയത്തും ഫർസാനയുടെ ചൂട് പറ്റി ആ രണ്ട് കുട്ടികൾ ആ ചെറിയ മൺകുടിലിൽ കഴിഞ്ഞു. ഒരു അമ്മയുടെ കരുതൽ ആ കുടിലിൽ കുരുന്നുകൾ അനുഭവിച്ചത് ഫർസാനയുടെ കൈകൾക്കിടയിലാണ്. പക്ഷേ അധികകാലം അവർക്ക് ആ കുടിലിൽ ഒളിച്ചിരിക്കാൻ സാധിച്ചില്ല.
ഒരു ദിവസം ഒരു കൂട്ടം ഭീകരൻ ഫർസാനയുടെ കുടിലിന്റെ വാതിലും ചവിട്ടി തുറന്നു. ഭയന്ന് കൊണ്ട് അവർ അമ്മയെ വിളിച്ചു കരഞ്ഞു. അവിടെയുള്ള ആണുങ്ങളെ ആ ഭീകരർ നിഷ്കരുണം വെടിവെച്ചു കൊന്നു. കുട്ടികളെ പിടിച്ച് വലിച്ചു ട്രക്കിൽ ഇട്ട് കൊണ്ട് ദൂരേക്ക് പോയി. ബാക്കി സ്ത്രീകളെ അവരവിടെ വെച്ച് പീഡിപ്പിച്ചു. നിരന്തരമായ പീഡനങ്ങളും ദുരിതങ്ങളും സഹിക്കാൻ കഴിയാതെ ഫർസാനയുടെ എല്ലാ കുടുബാംഗങ്ങളും ജീവൻ വെടിഞ്ഞു. ഒടുവിൽ ചുറ്റും ഭീകരറാൽ നിറഞ്ഞ ആ കുടിലിൽ ഫർസാന ഒറ്റപ്പെട്ടു. അധികം താമസിയാതെ പിതാവാരെന്നറിയാത്ത ഒരു കുഞ്ഞിനും അവൾക്ക് ജന്മം നൽകേണ്ടി വന്നു. ഭീകരതയുടെ ബാക്കി പാത്രമായി പിറന്ന ആ കുഞ്ഞിനെ കാണുന്നത് പോലും ഫർസാനയുടെ അമ്മ മനസ്സിന് വലിയ നീറ്റൽ പടർത്തിയിരുന്നു. മരണം ആണ് തനിക്ക് ഏറ്റവും വലിയ ആശ്വാസം എന്ന് കരുതിയിരുന്ന അവളുടെ മനസ്സിന് പതിയെ ആ കുഞ്ഞിന്റെ നിഷ്കളങ്കത കലർന്ന നോട്ടങ്ങൾ മനസ്സ് മാറ്റി.
പക്ഷേ അധികം ആ ആശ്വാസം നീണ്ട് നിന്നില്ല. പ്രസവാനന്തരം ഭീകരർ നടത്തിയ നിരന്തര പീഡനങ്ങൾ താങ്ങാനാകാതെ ഒരു ദിവസം ഫർസാന എന്നെന്നേക്കുമായി കണ്ണടച്ചു. മുലകുടി മാറാത്ത അവളുടെ കുഞ്ഞ് അപ്പോഴും നിർത്താതെ അമ്മയെ വിളിച്ചു കരഞ്ഞു കൊണ്ടിരുന്നു. ഇതേ സമയം ആ ഗ്രാമത്തിലെ മറ്റു കുടിലുകളിലും ഇതുപോലെ അനാഥരായ കുഞ്ഞുങ്ങൾ അമ്മയെ വിളിച്ചു കരയുന്നുണ്ടായിരുന്നു. ഒരു നേരത്തെ ആഹാരത്തിനും മാതൃത്വത്തിനും വേണ്ടിയുള്ള നിലവിളികൾ.