mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Pearke Chenam

''സ്വാമി, കുടജാദ്രിയ്ക്ക് ബസ്സില്‍ പോകുന്ന വഴി ഒന്നു പറഞ്ഞു തരാമോ...'' നെറ്റിയില്‍ നീണ്ട കുറി വരച്ച് ദേവിസ്തുതികള്‍ മന്ത്രിച്ചുകൊണ്ടിരുന്ന കടക്കാരന്‍ അഡിഗറോട് ചായ കൂടിച്ചുകൊണ്ടിരിയ്‌ക്കേ ആരാഞ്ഞു.


''തനിച്ചേ ഉള്ളൂ.''
''അതേ...''
''അതു പറവാനില്ലേ, ബസ്സില്‍ എപ്പോഴും നടന്നു മല കയറാന്‍ തയ്യാറായി പോകുന്നവരുണ്ടാവും. അവരോടൊത്ത് പോയാല്‍ മതി. നടവഴിയെല്ലാം വ്യക്തമായി കാണാം. എന്നും ആളുകള്‍ പോയി വരുന്ന സ്ഥലമല്ലേ. ഇവിടെ നിന്ന് ജീപ്പും പോകുന്നുണ്ട്. ജാസ്തി ചിലവ് വരും. സ്റ്റാന്റില്‍ നിന്നും രാവിലെ ബസ്സുകളുണ്ട്.''
''ശരി സ്വാമി.''
ചായയുടെ പണം കൊടുത്ത് അഡിഗറോട് യാത്ര പറഞ്ഞ് ബസ് സ്റ്റാന്റിലേയ്ക്ക് പുറപ്പെട്ടു. ഷിമോഗയിലേയ്ക്ക് ഒരു ബസ് തയ്യാറായി നില്‍ക്കുന്നുണ്ടായിരുന്നു. അതില്‍ ഓടി കയറി ഇരിക്കാന്‍ സീറ്റൊന്നും ഒഴിവുണ്ടായിരുന്നില്ല. ക്ഷേത്രവും പരിസരവും കടന്നുപോയതും ബസ് വനപാതയിലേയ്ക്ക് കടന്നു. വിജനമായ പാതയിലൂടെ ബസ് അതിവേഗം പാഞ്ഞു. മനസ്സ് അതിനേക്കാളേറെ വേഗം കൈവരിച്ചിരുന്നു. ബസ്സിന്റെ വേഗത്തിനനുസരിച്ച് മനസ്സും കറങ്ങിക്കൊണ്ടിരുന്നു. എല്ലാ ദിനങ്ങളും ഒരുപോലെയാകില്ലല്ലോ... ഇന്നലെ ഒരു ശപിക്കപ്പെട്ട ദിനമായിരുന്നു. രാവിലെ വീട്ടില്‍ നിന്ന് ഇറങ്ങുമ്പോള്‍ത്തന്നെ ഉടക്കായിരുന്നു. ഭാര്യയോട് ആവശ്യമില്ലാതെ കോപിച്ച് വഴക്കുകൂടിയതിനുശേഷമാണ് ഓഫീസിലെത്തിയത്. അവിടെയെത്തിയതും വീണ്ടും പ്രശ്‌നങ്ങള്‍. ഒരു ദിനം തുടങ്ങുന്നത് തന്നെ പ്രശ്‌നങ്ങളാലാകുമ്പോള്‍ കൂടുതല്‍ ശ്രദ്ധവേണമെന്ന് മനസ്സെപ്പോഴും പറയാറുണ്ട്. അന്നുകോടതിയില്‍ വിളിക്കേണ്ട ഒരു ഫയല്‍ കാണാനില്ല. പ്രതികളും സാക്ഷികളും വിസ്താരത്തിനായി റെഡിയായി നില്‍ക്കുന്നു. രണ്ടിലധികം തവണ മാറ്റിവെച്ച് തിരിച്ചുപോയ സാക്ഷികളായതിനാല്‍ അവര്‍ അക്ഷമരായി. പ്രോസിക്യൂട്ടര്‍ കുറ്റപ്പെടുത്തി സംസാരിക്കാന്‍ തുടങ്ങി. പ്രതിഭാഗം വക്കീലിന് വലിയ പ്രശ്‌നങ്ങളുണ്ടായിരുന്നില്ല. എന്നാല്‍ അന്നത്തെ കേസുകെട്ടുകള്‍ നിരത്തിവെച്ചതില്‍ ആ ഫയല്‍ കാണാനില്ലെന്നറിഞ്ഞപ്പോള്‍ മുതല്‍ പ്രോസിക്യൂട്ടര്‍ അസ്വസ്ഥനാകാന്‍ തുടങ്ങി.
''നിങ്ങള്‍ പ്രതികളെ സഹായിക്കാനായി ഫയല്‍ മാറ്റിവെച്ചതാണ്.''
പ്രോസിക്യൂട്ടര്‍ പരാതി പറയാന്‍ തുടങ്ങി. പ്രതിഭാഗം വക്കീല്‍ പറഞ്ഞു.
''വിളിച്ചില്ലെങ്കിലും സാരമില്ല. അടുത്ത ഡേറ്റ് കിട്ടിയാല്‍ മതി.''
ഫയല്‍ എവിടെ പോയി അതായിരുന്നു ഏറെ കുഴക്കിയ പ്രശ്‌നം. ബെഞ്ച് വിട്ട് ഫയല്‍ പോകാന്‍ വഴിയുള്ള എല്ലാ മാര്‍ഗ്ഗങ്ങളിലും തിരഞ്ഞു. സ്റ്റെനോ, കോപ്പി സെക്ഷന്‍, പ്രോസ്സസ് സെക്ഷന്‍ ഒരിടത്തും ഫയല്‍ കണ്ടെത്താനായില്ല.

''വിഐപികള്‍ പ്രതികളായ കേസാണ്. അവരില്‍ നിന്നും പണം വാങ്ങി മുക്കിയതുതന്നെ.''
പ്രോസിക്യൂട്ടര്‍ മുഖത്തുനോക്കി തറപ്പിച്ചു പറഞ്ഞു. അത് മനസ്സിനെ കൂടുതല്‍ പ്രക്ഷുബ്ധമാക്കി. ആദ്യമായൊരാള്‍ മുഖത്തുനോക്കി അപവാദം പറയുമ്പോള്‍ അതങ്ങനെയല്ലെന്ന് ബോധ്യപ്പെടുത്താന്‍ ഫയലെടുത്ത് അയാളുടെ മുന്നിലേയ്ക്കിട്ടുകൊടുക്കാന്‍ മനസ്സു വെമ്പി. അതിന് ഫയലെവിടെ. ഒരിക്കലും സംഭവിക്കാത്ത ഒരു മിസ്റ്റേയ്ക്ക്. ബെഞ്ച് കയറുന്നതിനുമുന്നേ മജിസ്‌ട്രേറ്റിന്റെ ശ്രദ്ധയില്‍ പെടുത്തി. അദ്ദേഹവും കോപിഷ്ടനായി സംസാരിച്ചു.
''അതെങ്ങന്യാ ശര്യാവാ... ആരെങ്കിലും പരാതി കൊടുത്താല്‍ അനുഭവിക്കണ്ടി വരും.''
അന്നത്തെ ദിവസത്തെ റോള്‍കോള്‍ എങ്ങനെയൊക്കെയോ തീര്‍ത്തു. അവസാനം ഒരു ഷീറ്റ് പേപ്പറില്‍ താല്ക്കാലിക പ്രൊസീഡിങ്ങ്‌സ് എഴുതിപ്പിച്ച് കിട്ടാത്ത കേസ് അടുത്തൊരു ദിവസത്തേയ്ക്ക് മാറ്റിച്ചു. സാക്ഷികള്‍ കേസു വിളിച്ചപ്പോള്‍ പരാതി പറഞ്ഞു.
''ഞങ്ങള്‍ ജോലി കളഞ്ഞ് മുന്നു നാളായി ഇതിന് നടക്കുന്നു. ഞങ്ങളുടെ നഷ്ടം ആരാ സഹിയ്ക്കാ...''
മജിസ്‌ട്രേറ്റ് അവരെ തറപ്പിച്ചു നോക്കി. അവരും ഒട്ടും പിന്മാറാന്‍ തയ്യാറല്ലായിരുന്നു. പ്രോസിക്യൂട്ടര്‍ അവരെ ന്യായീകരിച്ച് ഒരു പ്രസംഗം തന്നെ നടത്തി. മജിസ്‌ട്രേറ്റ് അവസാനം പറഞ്ഞു.
''ശരി. ഇന്ന് വന്നതിന് നിങ്ങള്‍ മൂന്നു സാക്ഷികള്‍ക്കും അടുത്ത ഡേറ്റില്‍ വരുമ്പോള്‍ നാനൂറു രൂപ വീതം കോമ്പന്‍സേഷന്‍ തരും.''
അതും പറഞ്ഞ് മജിസ്‌ട്രേറ്റ് പ്രൊസീഡിങ്ങ് ഷീറ്റില്‍ നീട്ടി വലിച്ച് എഴുതി എന്നെ ഒന്നു തറപ്പിച്ച് നോക്കി പ്രൊസീഡിങ്ങ് ഷീറ്റ് താഴേയ്ക്കിട്ടു. ഞാനത് എടുത്ത് നോക്കി ഡേറ്റ് പറഞ്ഞു. അതിലെഴുതിയ വാക്കുകള്‍ കൂടുതല്‍ പ്രയാസപ്പെടുത്തി. അടുത്ത കേസ് ദിവസം അവര്‍ വരുമ്പോള്‍ മൂന്നുപേര്‍ക്കുമായി ആയിരത്തിഇരുനൂറ് രൂപ താന്‍ അവര്‍ക്ക് കൊടുക്കണം. ഏഴുദിവസത്തിനുള്ളില്‍ ഫയല്‍ കണ്ടെത്താനും മിസ്സായതിന് സമാധാനം ബോധിപ്പിക്കാനുള്ള മെമ്മോയും തനിക്കെതിരെ ഓര്‍ഡര്‍ ആക്കിയിരുന്നു. കലങ്ങിയ മനസ്സ് കൂടുതല്‍ അശാന്തമായതല്ലാതെ ഒരു പരിഹാരവും ഉയര്‍ന്നുവന്നില്ല. ബെഞ്ചിലെ അന്നത്തെ വര്‍ക്കുകള്‍ തീര്‍ന്നപ്പോഴേയ്ക്കും അവശനായീട്ടുണ്ടായിരുന്നു. രണ്ടുദിവസത്തെ ലീവ് എഴുതികൊടുത്ത് അഞ്ചുമണിയ്ക്ക് പുറത്തിറങ്ങി നടന്നു.
ഓഫീസ് വിട്ടാല്‍ എന്നും നേരെ വീട്ടിലേയ്ക്കാണ് പോകാറ്. എന്നാല്‍ ഇന്ന് എവിടെ പോകണമെന്നറിയാതെ കുഴഞ്ഞു. അല്പം സമാധാനം കിട്ടുന്ന എവിയെങ്കിലും പോയേ പറ്റൂ എന്ന് മനസ്സ് ശഠിച്ചു. നേരെ ട്രാന്‍സ്‌പോര്‍ട്ട് സ്റ്റാന്റിലെത്തി. അവിടെ നിന്ന് പുറപ്പെടാനായി നിന്നിരുന്ന കൊല്ലൂര്‍ ബസ്സില്‍ കയറി. മൊബൈലെടുത്ത് ഭാര്യയ്ക്ക് ഒരു മെസ്സേജ് അയച്ചു. രണ്ടുദിവസത്തേയ്ക്ക് ഞനൊരിടം വരെ പോകുന്നു. അതിനുശേഷം ഫോണ്‍ ഡിസ്‌കണക്റ്റ് ആക്കി ബാഗില്‍ വെച്ചു. സീറ്റില്‍ തലചായ്ച്ച് കിടന്നു. ചിന്തകളെല്ലാം കുഴഞ്ഞുമറിഞ്ഞുകിടക്കുകയായിരുന്നു. അതിനാല്‍ നല്ല ഉറക്കത്തിലേയ്ക്ക് വഴുതിവീണു.
രാവിലെ ആറിനാണ് കൊല്ലൂരെത്തിയത്. അടുത്തുകണ്ട കടയില്‍ നിന്നും ഒരു തോര്‍ത്തുമുണ്ട് വാങ്ങിയശേഷം നേരെ പോയത് സൗപര്‍ണ്ണികയില്‍ കുളിക്കാനായിരുന്നു. കുളി കഴിഞ്ഞതും യാത്രാക്ഷീണവും വിശപ്പുമെല്ലാം പോയിമറഞ്ഞു. മറ്റുവസ്ത്രങ്ങളൊന്നും കയ്യില്‍ കരുതാത്തതിനാല്‍ ഉടുത്തുവന്ന അതേ വസ്ത്രം തന്നെയുടുത്തു. ക്ഷേത്രത്തിനകത്ത് വെറുതേ ചുറ്റി നടന്നു. പിന്നെ അടുത്തുകണ്ട അഡിഗറുടെ കടയില്‍ കയറി ഒരു ചായ കുടിച്ചു. വളരെ നേരത്തെ ഭക്ഷണം കഴിച്ചു ശീലമില്ലാത്തതിനാല്‍ യാത്രാമദ്ധ്യേ എന്തെങ്കിലും കഴിയ്ക്കാം എന്നുകരുതി യാത്ര തുടരുകയായിരുന്നു. അരമണിക്കൂറിലേറെ സഞ്ചരിച്ചിരിക്കും ബസ് കൊടുംകാടിന്റെ ഏതോ ഒരു തിരിവില്‍ നിര്‍ത്തി. കണ്ടക്ടര്‍ വിളിച്ചു പറഞ്ഞു.
''കുടജാദ്രി പോകേണ്ടവര്‍ക്ക് ഇവിടെ ഇറങ്ങാം.''

വേഗം ബാഗുമായി ചാടിയിറങ്ങി. ബസ് സ്ഥലം വിട്ടപ്പോഴാണ് മനസ്സിലായത്. കുടജാദ്രിയില്‍ പോകാന്‍ താനൊരുത്തന്‍ മാത്രമേ ബസ്സിലുണ്ടായിരുന്നുള്ളൂ. കാട്ടുപാത കിഴക്കോട്ട് പോകുന്നത് കണ്ടു. അവിടെ ഒരു ചെറിയ ബോര്‍ഡും തൂക്കിയിരുന്നു. കന്നടയിലെഴുതിവെച്ച അതിലെന്താണ് എഴുതിയിരിക്കുന്നതെന്ന് ഒട്ടും മനസ്സിലായില്ല. എങ്കിലും അത് കുടജാദ്രിയ്ക്കുള്ള വഴിയെന്നാണെന്ന് വിശ്വാസിച്ചു മുന്നോട്ടുപോയി. വിജനമായ വനപാതയില്‍ കുറച്ചുനേരം മുന്നോട്ടുനടന്നു. മുന്നേ ഇതുവഴി യാത്രപോയ സുഹൃത്ത് പറഞ്ഞ കണക്കുകള്‍ മനസ്സിലുണ്ട്. അതുപ്രകാരം പന്ത്രണ്ടുകിലോമീറ്റര്‍ യാത്രയുണ്ട്. അഞ്ചുകിലോമീറ്റര്‍ എത്തിയാല്‍ ഒരു ചായക്കടയുണ്ട്. അതുവരെയുള്ള പ്രദേശങ്ങളില്‍ ആളുകള്‍ താമസമുണ്ട്. കാടിനകത്ത് വനംവകുപ്പ് അധികാരികള്‍ അനുവദിച്ചുനല്‍കിയ കൃഷിയിടങ്ങളിലായി അവര്‍ കൃഷി ചെയ്ത് വസിക്കുന്നു. സുഹൃത്ത് ഇതുവഴി യാത്രപോയത് നാലുകൂട്ടുകാരുമൊത്ത് ഒരു ചെറിയ സംഘമായിയായിരുന്നു. എന്നാല്‍ തനിച്ച് പരിചിതമല്ലാത്ത വനപാതയിലൂടെ... ആലോചിച്ചപ്പോള്‍ ഉള്ളില്‍ ഭയം ത്രസിച്ചുവന്നു. ആരെ ഭയക്കണം. എന്തിനുഭയക്കണം. മുന്നോട്ടു നടക്കുകതന്നെ. ഈ യാത്രയില്‍ തീരുന്നെങ്കില്‍ തീരട്ടേ... കരടിയും കടുവയുമുള്ള കാടാണെന്ന് കേട്ടീട്ടുണ്ട്. പലയിടത്തും അവയുടെ സാന്നിദ്ധ്യം അറിയീച്ചുകൊണ്ടുള്ള ബോര്‍ഡുകളും കണ്ടു. എന്തും വരട്ടേ നടവഴിനോക്കി വനപാതയിലൂടെ നടന്നു. പലയിടത്തും നടവഴികള്‍ മുറിഞ്ഞുപോയിരുന്നു. അവിടമെത്തുമ്പോള്‍ മുന്നോട്ട് പോകുന്ന വഴിയുടെ ലക്ഷണം നോക്കി കുറേ മുന്നോട്ടു നടക്കും കണ്ടില്ലെങ്കില്‍ തിരിച്ചു നടക്കും പിന്നെ മറ്റൊരു വഴിതേടും.

ഒരു മണിക്കൂറോളം സമയമെടുത്ത യാത്ര എത്തിപ്പെട്ടത് ചായക്കടയുടെ മുന്നിലായിരുന്നു. നിര്‍ഭാഗ്യമെന്നു പറയട്ടേ അത് അടഞ്ഞുകിടക്കുകയായിരുന്നു. അവിടെ ആരും ഉള്ളതായി തോന്നിയില്ല. ഒരു ചായ കഴിക്കണമെന്ന ആഗ്രഹത്തോടെയായിരുന്നു അവിടെവരെയെത്തിയത്. അതിനുസാധ്യമല്ലാതായപ്പോള്‍ നിരാശ തോന്നി. ഒരിടത്താവളത്തിന്റെ ആശ്വാസം നഷ്ടപ്പെട്ടതില്‍ കുണ്ഠിതം തോന്നി. എങ്കിലും കുറച്ചുനേരം ആ വീടിന്റെ ഇറയത്ത് കയറിയിരുന്നു. അവിടെയിരുന്ന് ആ വനത്തിന്റെ ഭംഗി ആസ്വദിച്ചു. എവിടേയോ അരുവിയൊഴുകുന്നതിന്റെ ആരവം കേള്‍ക്കാനുണ്ടായിരുന്നു. എന്നാല്‍ അതുതേടി നടക്കാന്‍ താല്പര്യം തോന്നിയില്ല.

കുറച്ചുനേരത്തെ വിശ്രമത്തിനുശേഷം വീണ്ടും എണീറ്റു നടന്നു. കുറേ ദൂരം പിന്നിട്ടുകഴിഞ്ഞപ്പോള്‍ ഒരു ചെറിയ ഗ്രൗണ്ട് പോലുള്ള സ്ഥലത്ത് എത്തിചേര്‍ന്നു. അവിടെ നിന്ന് പലവഴിയ്ക്കായി നടവഴികള്‍ പോയിരുന്നു. ഏതിലൂടെയാണ് പോകേണ്ടത് എന്ന് ഒരു നിമിഷം ചിന്താക്കുഴപ്പത്തിലായി. നല്ലപോലെ തെളിഞ്ഞുകിടന്നിരുന്ന ഒരു വഴി തിരഞ്ഞെടുത്ത് മുന്നോട്ട് പോയി. അരമണിക്കൂറിലധികം നടന്നുകഴിഞ്ഞപ്പോഴാണ് മനസ്സിലായത്. താന്‍ നടന്നുകൊണ്ടിരിക്കുന്നത് കുടജാദ്രിയിലേയ്ക്കുള്ള നടവഴിയിലൂടെയായിരുന്നില്ല. കൂടുതല്‍ കൂടുതല്‍ നിഗൂഢമായ വനത്തിലേയ്ക്കാണ് പോയിക്കൊണ്ടിരുന്നതെന്ന്. അവസാനം വഴി എന്ന് തോന്നിയിരുന്ന ചിഹ്നങ്ങളെല്ലാം അവസാനിച്ചു. മുന്നില്‍ ഇരുട്ടുനിറഞ്ഞ കാട് മാത്രം അവശേഷിച്ചു. ഏതുനിമിഷവും വന്യമൃഗങ്ങള്‍ ചാടിവീണേക്കാമെന്ന ഭയം മനസ്സിനെ ആകുലപ്പെടുത്തി. കുറച്ചുസമയം ഒരു മരത്തിനു കീഴെയിരുന്നു. പിന്നെ തിരിച്ചുനടന്നു.
വീണ്ടും ഗ്രൗണ്ടില്‍ തിരിച്ചെത്തി. ഗ്രൗണ്ടിലെ മറ്റു പലവഴികളും സൂക്ഷ്മമായി നിരീക്ഷിച്ചു. ഗ്രൗണ്ടില്‍ നിന്ന് നേരെയല്ലാതെ അല്പം ചരിഞ്ഞ ഒരു വഴി പോകുന്നത് കണ്ട് സന്ദേഹിച്ചു നിന്നു. വീണ്ടും പരീക്ഷണമായിതീരുമോയെന്ന ഭയം മുന്നോട്ടുപോകാന്‍ ഒന്നു മടിച്ചു. അല്പംനേരം അവിടെത്തന്നെ ചുറ്റിയടിച്ച് നടന്നുനോക്കി.
''അതുവഴിയല്ല ഇതിലേ...''
ആരോ ഉറക്കേ വിളിച്ചു പറയുന്നത് കേട്ട് അങ്ങോട്ട് നോക്കി. കാവിയുടുത്ത ഒരാള്‍ തോളിലൊരു ഭാണ്ഡവുമായി പുറകില്‍നിന്ന് വരുന്നുണ്ടായിരുന്നു. അയാള്‍ തനിച്ചായിരുന്നു. അയാള്‍ പറഞ്ഞു.
''ചിലര്‍ക്ക് ഇവിടെ വഴിതെറ്റാറുണ്ട്. അതിനാല്‍ ഒരു ബോര്‍ഡും ഇവിടെ വെച്ചീട്ടുണ്ട്.''
അപ്പോഴാണ് കുറച്ചുമാറി വഴികാണിച്ചുകൊണ്ട് ഒരു ബോഡ് ശ്രദ്ധയില്‍പെട്ടത്. പക്ഷെ അത് പൂര്‍ണ്ണമായും കന്നടയിലാണ് എഴുതിയിരുന്നത്.
''സ്വാമി എങ്ങോട്ടാണ്.''
''മേലേയ്ക്കുതന്നെ...''
''മുമ്പ് അവിടെ പോയീട്ടുണ്ടോ...''
''കുറച്ചുകാലങ്ങളായി ഞാനവിടെയാണ്. ഭക്ഷ്യവസ്തുക്കളെല്ലാം തീര്‍ന്നതിനാല്‍ കുറച്ചുവാങ്ങാനായി കൊല്ലൂര്‍ക്ക് പോയതാണ്.''
''സ്വാമി അവിടെ എവിട്യാ താമസം.''
''ചെറിയൊരു ആശ്രമംണ്ട്. ഗണപതി ഗുഹയ്ക്കുതാഴെ, വെള്ളച്ചാട്ടത്തിനു മുകളിലായി. അതില്‍ കഴിയുന്നു. താങ്കള്‍ തനിച്ചേ ഉള്ളൂ.''
''അതേ.''
''അന്വേഷകര്‍ക്ക് തനിച്ചുള്ള യാത്രകളാണ് ഉചിതം.''
''ഒന്നും അന്വേഷിച്ചിറങ്ങിയതല്ല. എവിടെയാണ് തിരയേണ്ടതെന്നറിയാന്‍ ഇറങ്ങിപുറപ്പെട്ടതാ...''
''അങ്ങനെത്തന്നെയാണ് എല്ലാം തുടങ്ങുന്നത്. തനിച്ചുള്ള വനത്തിലൂടെയുള്ള യാത്ര കണ്ടപ്പഴേ തോന്നി. മനസ്സിനെ എന്തൊക്കെയോ കുഴയ്ക്കുന്നുണ്ടെന്ന്.''
''യാത്രകള്‍ എപ്പഴും സ്വാസ്ഥ്യം തരാറുണ്ട്. ചിന്തകള്‍ക്ക് തെളിച്ചം കിട്ടാറുണ്ട്.''
''തനിച്ചുള്ള യാത്രകള്‍ക്ക് വനമേഖലകള്‍ തിരഞ്ഞെടുക്കുന്നവര്‍ ശരിയായ പാത തിരയുന്നവരാണ്.''
''പറഞ്ഞുകേട്ട ഒരിഷ്ടമാണ് എവിടേയ്‌ക്കെന്നറിയാതെ യാത്രപുറപ്പെട്ടപ്പോള്‍ ഇങ്ങോട്ടാകര്‍ഷിച്ചത്.''
സംസാരിച്ചുകൊണ്ട് നടന്നപ്പോള്‍ ഉയരങ്ങളിലെത്തിയത് അറിഞ്ഞില്ല. സമതലങ്ങളിലെ കാടുകളെ പിന്നിട്ട് മേടുകളിലെ ഇടുങ്ങിയ ഒറ്റയടിപ്പാതകളിലൂടെ കാലുകള്‍ ആഞ്ഞുവെച്ച് മുകളിലേയ്ക്ക് കയറിക്കൊണ്ടിരുന്നു. ഓരോ മേടുകള്‍ പിന്നിടുമ്പോഴും മനസ്സിന്റെ പിരിമുറുക്കങ്ങള്‍ അയഞ്ഞുവരുന്നതിന്റെ ഒരു സുഖം വന്നുനിറഞ്ഞിരുന്നു. പച്ചപുതച്ച ചോലവനങ്ങള്‍ നയനങ്ങള്‍ക്ക് ആകര്‍ഷകമായിരുന്നു. ഒരു മേടുകൂടി കടന്നുകയറിയപ്പോള്‍ മരങ്ങളുടെ വിടവിലൂടെ കണ്ട മറ്റൊരു മലയുടെ ഉച്ചിയിലേയ്ക്ക് ചൂണ്ടി സന്യാസി പറഞ്ഞു.
''ആ കാണുന്നതാണ് നമ്മുടെ ലക്ഷ്യസ്ഥാനം.''

അദ്ദേഹം ചൂണ്ടികാണിച്ച സ്ഥത്തേയ്ക്ക് നോക്കി. ഒന്നുരണ്ടു ചെറിയവീടുകള്‍ പോലെ ചില നിര്‍മ്മിതികള്‍ അവിടെ തലയുയര്‍ത്തി നിന്നിരുന്നു. മലനിരകളിലൂടെ ചാടികയറുന്ന മലയാടുകളെപോലെ കുത്തനെ മേലോട്ടുപോകുന്ന ഒറ്റയടിപ്പാതകളെ മുട്ടുകള്‍ നെഞ്ചോടുചേരും വിധം ഉയര്‍ത്തിചവുട്ടിയാണ് കയറിക്കൊണ്ടിരുന്നത്. ചിലകയറ്റങ്ങള്‍ കയറുമ്പോള്‍ ഇതെവിടെയാണ് ചെന്നുനില്‍ക്കുകയെന്ന് സന്ദേഹം തോന്നിയിരുന്നു. എന്നാല്‍ ലക്ഷ്യസ്ഥാനം മുന്നേ കണ്ടപ്പോള്‍ തെല്ലൊരാശ്വാസം തോന്നി. ഈ മല കൂടി മറികടന്നാല്‍ ലക്ഷ്യത്തിലെത്താം. പക്ഷെ അതും ഉയരത്തിലേയ്ക്കാണ് കയറിപ്പോകുന്നതെന്നത് ചില ആശങ്കകള്‍ മനസ്സിലുണ്ടാക്കി. മേലോട്ട് കയറിക്കയറിപോകുന്ന ഒറ്റയടിപ്പാതകള്‍. നിരപ്പാര്‍ന്ന സ്ഥലങ്ങള്‍ക്കായി മനസ്സ് കൊതിച്ചു. വരയാടുകളും കാട്ടുപോത്തുകളും കടുവകളും കരടികളും ധാരാളമായി കാണുന്ന സ്ഥലമാണെന്നുകൂടി പറഞ്ഞപ്പോള്‍ അവയെ കാണാനുള്ള ആകാംക്ഷയും എന്നാല്‍ അവയില്‍ നിന്നും ശല്ല്യങ്ങളുണ്ടാകുമോയെന്ന് ആശങ്കയുമുണര്‍ന്നു.
''എപ്പോഴെങ്കിലും സ്വാമിയ്ക്ക് മൃഗങ്ങളുടെ ശല്യം നേരിടേണ്ടി വന്നീട്ടുണ്ടോ...''
''യാത്രകളില്‍ നേരില്‍ അവയെ ഒരിക്കലും കണാനായിട്ടില്ല. ഒരിക്കല്‍ ദൂരെക്കൂടി ഒരു കടുവ നടന്നുപോകുന്നത് കാണാനായി. അതിനെകണ്ടതും അനങ്ങാതെ അവിടെ നിന്നു. അതുപോയി മറഞ്ഞപ്പോള്‍ യാത്ര തുടര്‍ന്നു. ഒരു ശല്യവും ഇതുവരെ ആര്‍ക്കും ഇവിടെയുണ്ടായിട്ടില്ല.''
''മുകളിലും ഇവയൊക്കെയുണ്ടോ...''
''ഇവിടെ എല്ലായിടത്തുമുണ്ട്. നമ്മളെ തേടി അവര്‍ വരാറില്ല. നമ്മളായിട്ട് അവരെ തേടി പോകാതിരുന്നാല്‍ മതി. ഇന്നുവരെ അവകളെക്കൊണ്ട് യാതൊരു ശല്യവും എനിയ്ക്കുണ്ടായിട്ടില്ല. മൃഗങ്ങളല്ല, മനുഷ്യനാണ് എവിടേയും പ്രശ്‌നങ്ങളുണ്ടാക്കുന്നവര്‍.''
സ്വാമിയുടെ വാക്കുകള്‍ മനസ്സില്‍ ധൈര്യം പകര്‍ന്നു. കുടജാദ്രിയെ ലക്ഷ്യമാക്കി കാലുകള്‍ വീണ്ടും വീണ്ടുമുയര്‍ന്നു. ഓരോ പത്തടി കയറുമ്പോഴും ഒന്നുനില്‍ക്കും നന്നായി ദീര്‍ഘമായി ശ്വാസമെടുക്കും. വീണ്ടും നടന്നുകയറും. കാടിന്റെ അന്തരീക്ഷം ക്ഷീണമുണ്ടാക്കിയില്ല. ഈ യാത്രയ്ക്ക് സ്വാമിയെ കൂട്ടുകിട്ടിയത് അനുഗ്രഹമായി തോന്നി.
അവസാനത്തെ കയറ്റം കുറച്ചു കഠിനമായിരുന്നു. വശങ്ങളിലെ കാട്ടുവള്ളികളില്‍ പിടിച്ചും ഇരുന്നുനിരങ്ങിയുമെന്നോണം മുകളിലേയ്ക്ക് കയറിചെന്നു. ചെന്നു കയറിയിടത്തുതന്നെ ഒരു ചെറിയ വീടും അതോടു ചേര്‍ന്ന് ഒരു ക്ഷേത്രവും ഉണ്ടായിരുന്നു. സ്വാമിജി പറഞ്ഞു. ഇത് ശൂദ്രേടെ വീടും അവരുടെ നിയന്ത്രണത്തിലുള്ള വീരഭദ്രന്റെ ക്ഷേത്രവുമാണ്. വരുന്ന ചെറുപ്പക്കാരെല്ലാം ഇവിടെ തങ്ങും. മദ്യവും മാംസവും കിട്ടും. അപ്പുറത്തുകാണുന്നതാണ് ഭദ്രകാളിക്ഷേത്രം. അതിന്റെ നടത്തിപ്പ് ഭട്ട്‌ര് ആണ്. അവരുടെ വീട്ടിലും താമസസൗകര്യങ്ങളുണ്ട്. അവിടെ ശുദ്ധമായ വെജിറ്റേറിയന്‍ ഭക്ഷണം മാത്രമേ കിട്ടൂ.
ശൂദ്രയുടെ വീടും വീരഭദ്രന്റെ ക്ഷേത്രവും അതിനുമുന്നിലെ ഉയരത്തില്‍ നാട്ടിയ തുരുമ്പെടുക്കാത്ത ഇരുമ്പുസ്തംഭവും പിന്നിട്ട് മൂകാംബികദേവിയുടെ മുലസ്ഥാനമെന്ന് അറിയപ്പെടുന്ന ഭട്ടിന്റെ ഭദ്രകാളിക്ഷേത്രാങ്കണത്തിലെത്തിയതും അവിടെ നിന്നു. സ്വാമിജി യാത്രപോലും പറയാതെ മുന്നോട്ടു നീങ്ങി. സ്വാമിയുടെ കൂടെ നടന്നാലോയെന്ന് ആലോചിച്ചു. പിന്നെ പതുക്കെ ഭട്ടിന്റെ വീട്ടിലേയ്ക്കുള്ള സ്റ്റെപ്പുകളിറങ്ങി തീര്‍ത്ഥങ്ങളൊഴുകിയെത്തുന്ന കുളത്തിനരികിലൂടെ ആ വീട്ടിലേയ്ക്ക് കയറിചെന്നു. ചെന്നതും ഭട്ട്‌ര് എണീറ്റുനിന്ന് സ്വീകരിച്ചു. അദ്ദേഹം നീക്കിയിട്ട കസേരയിലിരുന്നു.
''കുടിയ്ക്കാന്‍ കാപ്പിയോ, ചായയോ...''
''ചായ മതി.''
അല്പസമയത്തിനകം ചായ വന്നു. അതു കഴിച്ചുകൊണ്ടിരിക്കേ ഭട്ട്‌ര് പറഞ്ഞു.
''ഭക്ഷണം തയ്യാറായി വരുന്നു. ഒന്നു കുളിച്ചു വരുമ്പോഴേയ്ക്കും എല്ലാം ശരിയാവും. അതിനുശേഷം ഇവിടത്തെ സ്ഥലമെല്ലാം ചുറ്റിനടന്ന് കാണാം. വൈകീട്ട് പൂജയെല്ലാം കഴിഞ്ഞ് രാത്രി ഇവിടെതങ്ങിയശേഷം നാളെ രാവിലെ തിരിയ്ക്കാം. എന്താ...''
''ശരി. അങ്ങനെയാകട്ടെ സ്വാമി.''
''എങ്കില്‍ സമയം കളയണ്ട. ഈ കുളത്തില്‍ വേണമെങ്കില്‍ കുളിച്ചോളൂ. അല്ലെങ്കില്‍ കുറച്ചു മുകളില്‍ വലത്തോട്ട് പോയാല്‍ ഒരു വെള്ളച്ചാട്ടമുണ്ട.് അവിടെ കുറേകൂടി വിസ്തരിച്ചു കുളിയ്ക്കാം.''.
ഭട്ട്‌ര് പറഞ്ഞു തന്ന വഴിയിലൂടെ മേലോട്ടു നടന്നു. കുറേദൂരം നടന്നശേഷം വലത്തോട്ട് തിരിഞ്ഞ നടവഴിയിലൂടെ മുന്നോട്ടുനടന്നു. കുറിഞ്ഞിക്കാടുകള്‍ നിറഞ്ഞ സമതലത്തിലേയ്ക്കാണ് ആ വഴിയെത്തിയത്. അവിടെനിന്നും താഴോട്ട് ഇറങ്ങിപോകുന്ന നടവഴിയിലൂടെ താഴോട്ടേയ്ക്കിറങ്ങി. വെള്ളച്ചാട്ടത്തിന്റെ ശബ്ദം അവിടെ മുഴങ്ങിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു.
വസ്ത്രങ്ങളെല്ലാം അഴിച്ചെടുത്ത് കഴുകി അല്പം വെളിച്ചം വീണിരുന്ന പാറയുടെ മുകളില്‍ വിരിച്ചിട്ടു. അതിനുശേഷം വെള്ളച്ചാട്ടത്തിലിറങ്ങി നിന്ന് കുളിച്ചു. മനസ്സില്‍ അതുവരെ നിലനിന്നിരുന്ന എല്ലാ സംഘര്‍ഷങ്ങളും ആ വെള്ളച്ചാട്ടത്തിലൂടെ ഒലിച്ചുപോയി. വസ്ത്രങ്ങളുണങ്ങുന്നതുവരെ കുറച്ചുസമയം പിറന്നപടി അവിടെത്തന്നെയിരുന്നു. കാടിന്റെ വിജനതയില്‍ അതിലൊരു വിശേഷവും തോന്നിയില്ല. പിന്നെ വസ്ത്രങ്ങളുടുത്ത് തിരിച്ചുനടന്നു.
ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുമ്പോഴും ഭട്ട്‌ര് ഓരോരോ വിശേഷങ്ങള്‍ പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹത്തിന്റെ അമ്മയും ഭാര്യയും കഴിയുന്നതിനനുസരിച്ച് ഓരോരോ വിഭവങ്ങള്‍ വിളമ്പിക്കൊണ്ടിരുന്നു. ഭക്ഷണം കഴിച്ചുകഴിഞ്ഞ് ഉമ്മറത്തെ തിണ്ണയിലിരുന്ന് കുറച്ചുനേരം വിശ്രമിച്ചു. കുടജാദ്രിയിലേയ്ക്ക് ജീപ്പില്‍ വന്നുകൊണ്ടിരുന്ന യാത്രികര്‍ മേലോട്ടുകയറിപ്പോകുന്നുണ്ടായിരുന്നു. ഭട്ട്‌ര് സര്‍വ്വജ്ഞപീഠത്തെക്കുറിച്ചും ചിത്രമൂലയെക്കുറിച്ചും നല്ലൊരു വിവരണം തന്നു. ആ വിവരണങ്ങള്‍ മനസ്സിലേറ്റി തോര്‍ത്ത് മാത്രം കയ്യിലെടുത്ത് പുറത്തേയ്ക്കിറങ്ങി. അപ്പോഴദ്ദേഹം വിളിച്ചുചോദിച്ചു.
''ഇന്നുത്തന്നെ തിരിച്ചുപോകുമോ... വൈകീട്ട് ഇവിടെ തങ്ങുന്നില്ലേ.''
''ഇന്നിവിടെ തങ്ങിയശേഷം നാളെയേ തിരിക്കുന്നുള്ളൂ.''
''ഇതുവരെ എത്തിയതല്ലേ, സന്ധ്യാപൂജ കഴിഞ്ഞ് നാളെപോകുന്നതാണ് നല്ലത്.''
''ശരി. അങ്ങനെയാവട്ടേ.''
''എങ്കില്‍ ഞാന്‍ പൂജകള്‍ക്കുള്ള സാമഗ്രികളെല്ലാം തയ്യാറാക്കി വെയ്ക്കാം.''
''ശരി.''

പൂജകളിലൊന്നും വിശ്വാസമില്ലാതിരുന്നീട്ടും ഭട്ട്‌ര് പറഞ്ഞതിനോട് വിയോജിച്ചില്ല. വല്ലപ്പോഴും ഇവിടെ വന്ന് രാത്രി തങ്ങുന്നവരുടെ പൂജകളില്‍ നിന്നാണ് അദ്ദേഹത്തിന്റെ നിത്യവൃത്തിയ്ക്കുള്ള വരുമാനമെന്ന് ഭക്ഷണം കഴിയ്ക്കുന്നതിനിടയില്‍ അദ്ദേഹം തന്നെ പറഞ്ഞിരുന്നു.

മേലോട്ടു കയറിപോകുന്ന ഒറ്റയടിപ്പാതയിലൂടെ കാലുകള്‍ ഉയര്‍ത്തിവെച്ച് നടന്നു. കുറച്ചുദൂരം പിന്നിട്ടപ്പോള്‍ കുറേകൂടി തുറന്ന നടവഴിയിലേയ്ക്ക് പ്രവേശിച്ചു. അതിലൂടെ ആളുകള്‍ പോകുന്നതിന്റെ ആരവങ്ങള്‍ കേള്‍ക്കാനുണ്ടായിരുന്നു. ആ വഴിയിലൂടെത്തന്നെ മുന്നോട്ട് നടന്നു. ഏറ്റവും ഉയര്‍ന്ന പ്രതലത്തിലൂടെ നടന്ന് താഴോട്ട് നോക്കി. താഴെ ഇരുഭാഗത്തും കണ്ണെത്താദൂരത്തോളം സമതലങ്ങള്‍ വിസ്തൃതമായി കിടക്കുന്നു. ഞാന്‍ പടിഞ്ഞാറ് അതിരില്ലാതെ കിടക്കുന്ന സമതലത്തിലേയ്ക്ക് നോക്കി. മോഹവലയങ്ങള്‍ തീര്‍ത്ത് മേഘങ്ങള്‍ കൂട്ടംക്കൂട്ടമായി അവിടെനിന്നും ഉയര്‍ന്നു വരുന്നുണ്ടായിരുന്നു. കാറ്റിന്റെ വിളയാട്ടങ്ങളില്‍ പിടിച്ചുനില്‍ക്കാനായി അവിടത്തെ മരങ്ങളെല്ലാം ചുരുണ്ടുകൂടി വികൃതമായി നിലകൊണ്ടിരുന്നു. മരങ്ങള്‍ കാറ്റിനെ പ്രതിരോധിക്കാനെടുക്കുന്ന പ്രയത്‌നങ്ങള്‍ അവയുടെ ഭൗതികരൂപങ്ങളില്‍ ആലേഖനം ചെയ്യപ്പെട്ടിരുന്നു. ഇടയ്ക്കിടെ താഴെനിന്ന് ഉയര്‍ന്നു വന്നിരുന്ന മേഘങ്ങള്‍ തലോടി കടന്നുപോകുമ്പോള്‍ രോമകൂപങ്ങളിലെല്ലാം ജലസ്പര്‍ശം മുത്തുകളായി വിടര്‍ന്നു. മരങ്ങളിലവതട്ടിയിടത്തുനിന്നെല്ലാം ജലബാഷ്പങ്ങളായി താഴോട്ട് ഊര്‍ന്നു വീണു. ഓരോ മേഘശകലവും ഓരോ കുഞ്ഞുവര്‍ഷത്തെ മണ്ണിലേയ്ക്ക് ചൊരിഞ്ഞു.
സ്വര്‍ഗ്ഗകവാടത്തിലെന്നോണമുള്ള ആ പുണ്യഭൂമിയിലെ പ്രാണശക്തിയെ ആവോളം ആസ്വദിച്ച് വിടര്‍ത്തിയ മൂക്കും തുറന്ന ശ്വാസകോശവുമായി അലിഞ്ഞു നിന്നു. മനസ്സ് ചിന്തകളെയെല്ലാം ആട്ടിയകറ്റി പ്രകൃതിയുടെ നിര്‍മ്മലതയില്‍ വിലയം കൊണ്ടു. ഈ ഭൂമിയിലെ ഏറ്റവും വലിയ ആത്മീയചൈതന്യം ഇതുതന്നെയാണെന്ന് വിളിച്ചുപറയാന്‍ തോന്നി. മുന്നില്‍ ഒരു മണ്ഡപം ഉയര്‍ന്നു നില്‍ക്കുന്നുണ്ടായിരുന്നു. ശങ്കരാചാര്യര്‍ സര്‍വ്വജ്ഞപീഠം കയറിയതിന്റെ സ്മാരകമായി ഒരു മണ്ഡപം. ആ മണ്ഡപത്തിന്റെ തറയില്‍ അല്പനേരം കയറിയിരുന്നു. പടിഞ്ഞാറ് അറബിക്കടലില്‍ നിന്നും അലയടിച്ചുവരുന്ന കാറ്റ് താഴ്‌വാരങ്ങളെ പിന്നിട്ട് ഈ മണ്ഡപത്തേയും തഴുകി അതിവിശാലമായ കിഴക്കന്‍ സമതലങ്ങളിലേയ്ക്ക് ഊളിയിട്ടിറങ്ങി കടന്നുപോകുന്നു. അതിന്റെ സംഗീതാത്മകമായ താളവും മേളവും എത്ര മനോഹരമായാണ് ഇവിടെ സമ്മേളിക്കുന്നത്.

ഒരാള്‍ക്കുമാത്രം നടക്കാവുന്ന പുല്‍മേടിന്റെ ചരുവിലെ ചെങ്കുത്തായ വഴിയിലൂടെ മുന്നോട്ടു നടന്നു. ഒരുവശം ആഴമാര്‍ന്നകൊല്ലികള്‍ അതിന്റെ അരികുപറ്റിയുള്ള കുണ്ടുംകുഴിയും കല്ലുകളും ശല്യമായിനില്‍ക്കുന്ന ഒറ്റയടിപ്പാതകള്‍. മുന്നില്‍ ഹരിതത്തിന്റെ മാസ്മരികപ്രപഞ്ചം പോലെ അംബാവനം. അടിതെറ്റിയാല്‍, കാലൊന്നിടറിയാല്‍ തിരിച്ചെടുക്കാനാവാത്തവിധം അഗാധമായ ഗര്‍ത്തങ്ങള്‍. ഭയമല്ല തോന്നിയത് ആവേശമായിരുന്നു.

നടന്നിറങ്ങാനുള്ള ബുദ്ധിമുട്ടുകളെ മാറ്റിനിര്‍ത്തിയാല്‍ അപകടകരമായ യാതൊരു സുചനകളും നേരില്‍ കണ്ടാല്‍ തോന്നുമായിരുന്നില്ല. കുറേനേരത്തെ താഴോട്ടുള്ള ഒറ്റയടിപ്പാതയിലൂടെയുള്ള യാത്രകള്‍ക്കുശേഷം ഒരു വലിയ പാറയുടെ മുന്നില്‍ യാത്ര അവസാനിച്ചു. ആ പാറയുടെ മദ്ധ്യത്തില്‍ രണ്ടാളുയരത്തില്‍ ഒരു ഗുഹ തെളിഞ്ഞുനിന്നു. അതിലേയ്ക്ക് മലയുടെ മുകളില്‍ നിന്ന് ഒരു നീരുറവ വന്നുപതിക്കുന്നുണ്ടായിരുന്നു. പണ്ട് അഗസ്ത്യമഹര്‍ഷി ഇവിടെ തപസ്സുചെയ്തിരുന്നെന്നും അന്ന് ഉരുവെടുത്ത തീര്‍ത്ഥമാണ് ആ പതിക്കുന്നതെന്നും അതിനെ അഗസ്ത്യതീര്‍ത്ഥം എന്നാണ് വിളിക്കുന്നതെന്നും ഭട്ട്‌ര് പറഞ്ഞു തന്നിരുന്നു. ആരോ ചാരി വെച്ചിരുന്ന മരത്തിന്റെ ഒരു കോണിയുടെ സഹായത്തോടെ മുകളിലേയ്ക്ക് കയറി. ആ ഗുഹയില്‍ അല്പസമയമിരുന്നു. മുന്നില്‍ അംബാവനം മനോഹരദൃശ്യങ്ങള്‍ തീര്‍ത്ത് പരിലസിച്ചിരുന്നു. ഗുഹയുടെ ഒരു വശത്തായി മുകളില്‍ നിന്നുംപതിച്ചിരുന്ന തീര്‍ത്ഥത്തില്‍ കൈകൂമ്പിള്‍ തീര്‍ത്ത് ആവോളം കുടിച്ചു. കൊടുംവനത്തിന്റെ പശ്ചാത്തലത്തില്‍ ആ ഗുഹയിലെ ഇരുപ്പ് മനസ്സിന് അതിന്ദ്രിയമായ സൗഖ്യം കൊണ്ടുവന്നു. മനസ്സില്‍ സ്വച്ഛന്ദത വന്നു നിറയുന്നതിന്റെ അനിര്‍വ്വചനീയമായ സുഖം വന്നു നിറഞ്ഞു. ദൃഷ്ടികളെ ഭ്രൂമധ്യത്തില്‍ കേന്ദ്രീകരിച്ച്, നെഞ്ചിനെമുന്നോട്ടുതള്ളി, നട്ടെല്ലിനെ നിവര്‍ത്തി, മിഴികള്‍ കൂപ്പി കൈകള്‍ തുടയിടുക്കുകളില്‍ മലര്‍ത്തിവെച്ച് പത്മാസനത്തില്‍ വെറുതേയിരുന്നു.
വിശ്രാന്തിയുടെ നറുമണം ചുറ്റിലും നിറഞ്ഞുനിന്നു. കഴിഞ്ഞ ദിവസത്തിന്റെ വികാരവിക്ഷുബ്ധമായിരുന്ന മനോനിലകളിലൂടെ ഏറെനേരം സഞ്ചരിച്ചു. കാറ്റടങ്ങി ശാന്തതകൈവരിച്ചപ്പോള്‍ അതിലലിഞ്ഞ് അവിടെയിരുന്നു. മൂര്‍ദ്ദാവില്‍ നിന്നും ഒരു പ്രകാശം അരിച്ചിറങ്ങുന്നതിന്റെ ആനന്ദം നുകര്‍ന്ന് നേരം പോയതറിഞ്ഞില്ല. ആ പ്രകാശധാരയില്‍ പല ചിത്രങ്ങളും രംഗങ്ങളും നിറഞ്ഞു കവിയാന്‍ തുടങ്ങി. വീട്ടിലെ സുന്ദരനിമിഷങ്ങള്‍, ഓഫീസിലെ ജോലിത്തിരക്കുകള്‍ക്കിടയിലും വീണുകിട്ടുന്ന സന്തോഷത്തിന്റെ നിമിഷങ്ങള്‍. കൂട്ടത്തില്‍ മജിസ്‌ട്രേറ്റും ചേമ്പറും കടന്നുവന്നു. കഴിഞ്ഞ ദിവസം മജിസ്‌ട്രേറ്റ് ആവശ്യപ്പെട്ടതനുസരിച്ച് ഒരു ഫയല്‍ നല്‍കിയത്. അതിലെ വിസ്താരം തുടങ്ങുന്നതിനുമുമ്പ് കേസ് വായിച്ചുമനസ്സിലാക്കണമെന്ന് ആവശ്യപ്പെട്ടത്. എല്ലാം ഒരു മിന്നായം പോലെ ഓടിയെത്തി. പെട്ടെന്നാണ് ഒരു കൊള്ളിയാന്‍ പോലെ ഒരു ചിന്ത കത്തിക്കയറിയത്. അന്ന് വിസ്തരിക്കാന്‍ കിട്ടാതിരുന്ന, തനിയ്ക്കു പഴികേള്‍ക്കേണ്ടി വന്ന ഫയലായിരുന്നില്ലേ അത്. മനസ്സ് എല്ലാം ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. അതേ, അതു തന്നെയാണ് ആ ഫയല്‍. മനസ്സ് ആനന്ദത്താല്‍ തുള്ളിച്ചാടി. അന്ന് അല്പംകൂടി ക്ഷമ കാണിച്ചിരുന്നെങ്കില്‍, മനസ്സ് അന്ന് ശാന്തമായിരുന്നെങ്കില്‍ രാവിലെത്തന്നെ പരിഹരിക്കാവുന്ന പ്രശ്‌നമായിരുന്നു. വൈകാരികതകൊണ്ട് എത്രമാത്രം പ്രശ്‌നങ്ങളാണ് വരുന്നത്.

ചിത്രമൂലയില്‍ പിന്നെ കൂടുതല്‍ സമയം ചിലവഴിയ്ക്കാന്‍ തോന്നിയില്ല. വേഗം താഴെയിറങ്ങി തിരിച്ചു നടന്നു. ഉയരങ്ങളില്‍ ഉരുവെടുക്കുന്ന ശാന്തതയില്‍ തെളിഞ്ഞ തടാകമായി മനസ്സ്. മനസ്സിന് നിര്‍മ്മലതയുടെ തിളക്കമുണ്ടായിരുന്നു. ആനന്ദം നിറഞ്ഞുതുളുമ്പുന്നുണ്ടായിരുന്നു. യാത്ര എന്തൊക്കെയോ സമ്മാനിച്ചതായി മനസ്സ് അടിവരയിട്ടു.
ഭട്ട്‌ര് വീടിന്റെ മുന്നില്‍ തന്നെ ഇരിക്കുന്നുണ്ടായിരുന്നു. വരാന്തയില്‍ ഇരുന്നിരുന്ന പുതിയ ഗസ്റ്റുകളോട് തന്നോട് പറഞ്ഞ അതേ കഥകള്‍ ആവര്‍ത്തിക്കുകയായിരുന്നു. അവരോട് സംസാരിക്കുന്നതിനിടെ എനിയ്ക്കുനേരെ മുഖംതിരിച്ച് ചോദിച്ചു.
''വേഗം തിരിച്ചുപോന്നോ...''
''എനിയ്ക്ക് ഇന്നുത്തന്നെ തിരിച്ചുപോകണം.''
''ചായയെടുക്കട്ടേ...''
''എടുത്തോളൂ.''
ചായകുടിച്ച് അതുവരെയുള്ള അവിടത്തെ കണക്കുകള്‍ തീര്‍ത്ത് വൈകീട്ടുള്ള പൂജയ്ക്കുള്ള നാളും പേരും എഴുതികൊടുത്തു. ഒപ്പം പൂജയ്ക്കുള്ള ചാര്‍ജ്ജ് കൂടി നല്‍കിയപ്പോള്‍ ഭട്ട്‌ര് മനസ്സുതുറന്ന് ചിരിച്ചു. ബാഗെടുത്ത് പുറത്തുകടക്കുമ്പോള്‍ ഭട്ട്‌ര് വിളിച്ചു പറഞ്ഞു.
''ഇനിപ്പം നടന്ന് പോകണ്ട. ഇരുട്ടും മുമ്പേ കാട് കടക്കാനാകില്ല. അവിടെ കാത്തു കിടക്കുന്ന ജീപ്പുകാരോട് പറഞ്ഞാല്‍ മതി. അവര് എങ്ങനെയെങ്കിലും താഴെയെത്തിക്കും.''
''ശരി.'' ഭട്ട്‌ര്ക്ക് നന്ദി പറഞ്ഞ് യാത്രക്കാരെ കാത്തുകിടന്നിരുന്ന ജീപ്പുകാരുടെ അടുത്തെത്തി. ഇപ്പോള്‍ പോയാല്‍ വൈകീട്ടുള്ള ബസ്സില്‍ യാത്ര തിരിക്കാം. രാവിലെ വീട്ടിലെത്താം. ബാഗില്‍ നിന്നും സ്വിച്ച്ഓഫ് ചെയ്തുവെച്ചിരുന്ന ഫോണ്‍ ഓണാക്കി. കുറേയധികം മിസ്ഡ് കോളുകള്‍ അതില്‍ വന്നുകിടന്നിരുന്നു.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ