എന്നത്തെയും പോലെ, അന്നും രാവിലെ മാധ്യമങ്ങൾ അഭിപ്രായം തേടിയിറങ്ങി. രൂപ ഭാവം കൊണ്ടും, സ്ഥാനം കൊണ്ടും വലിയ നേതാവാണ്. ഏത് വിഷയത്തെ കുറിച്ചും ആധികാരികമായി സംസാരിക്കുകയും ചെയ്യും. മാധ്യമങ്ങൾ നേതാവിന് നേരെ തോക്ക് ചൂണ്ടുന്നത് പോലെ മൈക്കുകൾ ചൂണ്ടി. മൈക്ക് ഇല്ലാത്തവർ ടൈം ബോംബിന്റെ റിമോട്ട് പോലെ മൊബൈൽ ഫോൺ നീട്ടി പിടിച്ചു.
തോക്കിനെയും, ബോംബിനെയും ഭയമില്ലാത്ത നേതാവ് സഗൗരവം നിന്നു.
ചോ.താങ്കളുടെ നേതാവിനെ ഒരു വ്യവസായ സ്ഥാപനമായി ഒരാൾ വിശേഷിപ്പിച്ചതിനെ കുറിച്ച്...
ഉ. നോക്കൂ.... ലോകം മുഴുവൻ മുതലാളിത്ത വ്യവസ്ഥയുടെ ഭാഗമാണ്. കൊച്ച് സംസ്ഥാനമായ കേരളത്തിന് മാത്രം അതിൽ നിന്നും വ്യതിചലിക്കാൻ കഴിയില്ല. അപ്പോൾ സ്വാഭാവികമായും സംസ്ഥാന തലവനെ വ്യവസായിയായി ആളുകൾ തെറ്റിദ്ധരിക്കുന്നു. കാഴ്ച്ചപ്പാടിന്റെ പ്രശ്നമാണ്...
ചോ. ആരോപണം ഉന്നയിച്ച വ്യക്തി നിസ്സാരനല്ല. ജാമ്യം വേണ്ട എന്ന് പറഞ്ഞ് റിമാൻഡിൽ കഴിയുകയാണ്. വളരെ പ്രായമുള്ള വ്യക്തിയിണ്.
ഉ. അയാളുടെ പേരിന് മുന്നിൽ തന്നെ ഒരു ആംഗലേയ പദമുണ്ടല്ലോ. അതിന്റെ അർത്ഥം വളരു എന്നാണ്. അങ്ങിനെ വിശേഷിപ്പിച്ചിട്ടും, ഇത്രയും വയസ്സായില്ലേ അയാൾ വളരുന്നില്ല. അത് ഞങ്ങളുടെയോ സർക്കാരിന്റെയോ കുറ്റമല്ല. പിന്നെ നിയമം നിയമത്തിന്റെ വഴിക്ക് തന്നെ പോകും.
മാധ്യമങ്ങൾക്ക് അന്നത്തെക്ക് അത്രയും മതിയായിരുന്നു. ഒരു മുതിർന്ന പത്രപ്രവർത്തകൻ ഒഴിച്ച് എല്ലാവരും മടങ്ങി.
ജാമ്യം വേണ്ടെന്ന് പറഞ്ഞയാൾ ആരാണെന്നും പറഞ്ഞതിന്റെ ഗൗവരത്തെ കുറിച്ചും സൂചിപ്പിച്ചപ്പോൾ, നേതാവ് പറഞ്ഞു.
ഞാൻ പറഞ്ഞത് നാളെ വിവാദമായാൽ, ഒരു പ്രാസം ഒപ്പിച്ച് പറഞ്ഞതാണെന്ന് താൻ കാച്ചിക്കോ. ഓക്കേ.