പുറത്ത് പോയി വന്നു കൈകാൽ കഴുകി കൊറോണയെ ഒതുക്കി, വസ്ത്രമൊക്കെ വാഷിംഗ് മെഷീനിൽ കുത്തി നിറച്ച് ലുങ്കിയും ടീ ഷർട്ടുമൊക്കെ അണിഞ്ഞ് ഒരു വാരികയും എടുത്ത് വായ്ക്കാനിരുന്നപ്പോഴാണ്
ആ പെൺകുട്ടി കടന്നു വന്നത്. അതിന്റെ അനിയനാണെന്നു തോന്നുന്നു ഒരു ചെറിയ കുട്ടിയും കൂടെയുണ്ട്. എനിക്ക് ഒരു പരിചയവുമില്ല. ഭാര്യയുടെ വിദ്യാർത്ഥിനി ആയിരിക്കുമെന്ന് കരുതി അവളെ വിളിക്കാൻ തുടങ്ങിയതാണ്. പെൺകുട്ടി തടഞ്ഞു "വേണ്ട സാർ, ഞാൻ സാറിനെ കാണാൻ വന്നതാണ്."
ഞാൻ കാരണം തിരക്കി.
"സാറല്ലേ ഈ എഴുത്താണിയിലൊക്കെ എഴുതുന്ന..."
നീട്ടാൻ അനുവദിച്ചില്ല.
"അതെ ഞാൻ തന്നെ"
"സാർ ഒരു ഉപകാരം. ഞാനൊരു കഥ എഴുതി. അതൊന്നു തിരുത്തി തന്നാൽ കൊള്ളാമായിരുന്നു."
"അക്ഷരത്തെറ്റ് തിരുത്താനാണോ?"
"അല്ല സാർ, അക്ഷരത്തെറ്റും വ്യാകരണത്തെറ്റും ഞാൻ തിരുത്തിക്കൊള്ളാം. പക്ഷെ ഇതിന്റെ ഭാഷയെ കുറിച്ചെനിക്ക് തീരെ തൃപ്തി ഇല്ല."
"ക്ഷമിക്കണം കുട്ടീ. തീരെ സമയമില്ല."
"പ്ലീസ് സാർ, അങ്ങനെ പറയരുത്. എന്റെ ഒരു കഥ ഒരു മാസികയിൽ അച്ചടിച്ച കാണണം എന്ന് വലിയ കൊതിയാണ് സാർ."
"ഒരേ ഒരു പേജ് വേണമെങ്കിൽ തിരുത്താം. അതുപോലെ തുടർന്നെഴുതാമല്ലോ."
കുറെ നിർബന്ധിച്ചപ്പോൾ ആ കുട്ടി സമ്മതിച്ചു. ഒരു പേജ് മതിയെന്നു പറഞ്ഞു.
അടുത്ത ദിവസം വരാമെന്ന് പറഞ്ഞ് ആ കുട്ടി പോയി.
അന്ന് രാത്രിയിൽ ആ കഥയുടെ ആദ്യത്തെ പേജുമായി ഞാൻ ഇരുന്നു.
കഥയെ കുറിച്ച് അത്ര അഭിപ്രായം തോന്നിയില്ല.
കഥ ഇങ്ങനെ തുടങ്ങുന്നു:
വഴിവിളക്കുകൾ
ലാവണ്യ
ഒന്പതരയുടെ സരളയിൽ കയറി ടൗണിൽ ഇറങ്ങുമ്പോൾ അനിത വീണ്ടും തലേ ദിവസത്തെ കാര്യങ്ങൾ തന്നെ ഓർക്കുകയായിരുന്നു. സുകു വല്യപ്പന്റെ വീട്ടിൽ എന്ന് ചെന്നാലും ഇങ്ങനെ തന്നെ ആയിരിക്കും. വയറു നിറയെ കപ്പയും കാച്ചിൽ പുഴുക്കും തീറ്റിച്ചിട്ടേ വല്യമ്മ വിടുകയുള്ളു. അവരുടെ ഒരേ ഒരു മകൾ കട്ടപ്പനയിൽ ഒരു കമ്പ്യൂട്ടർ സെന്ററിൽ ജോലി നോക്കുന്നു. അവൾ താമസിച്ചേ വരൂ. അവളെ കാണാൻ പറ്റിയില്ല.
അവളുടെ പുതിയ ഒരു ഫോട്ടോ അവിടെ വെച്ച് കണ്ടു. പട്ടു പാവാടയും ബ്ലൗസുമിട്ട് സുന്ദരിയായിരിക്കുന്നു. കൊഴുത്ത ആ ശരീരം ആ വസ്ത്രത്തിനുള്ളിൽ സുന്ദരമായിരിക്കുന്നു.
താനും അനിതയും സഭയുടെ വകയായ ബിഷപ്പ് ബസേലിയസ് കോളേജിലാണ് ഡിഗ്രിക്ക് പഠിച്ചത്. അവൾ ഹിസ്റ്ററിയും താൻ ബോട്ടണിയും. അന്നൊക്കെ എട്ടരയ്ക്കുള്ള സെന്റ് ആന്റണിയിലായിരുന്നു രാവിലത്തെ യാത്ര. വൈകിട്ടു വന്നാൽ താൻ വീട്ടിനടുത്തുള്ള പാൽ സൊസൈറ്റിയുടെ അടുത്തിറങ്ങും. അവിടെ അച്ഛൻ സൈക്കിളുമായി ഉണ്ടാകും. സൈക്കിൾ തന്നെ ഏൽപ്പിച്ചിട്ടു അച്ഛൻ പോകും പിന്നെ വല്ല തോട്ടുചാരായവുമൊക്കെ അടിച്ച് പാതിരാത്രിയിലാണ് വരവ്.
അച്ഛന്റെ വരവും കാത്ത് 'അമ്മ ഉറങ്ങാതിരിക്കും.
കഴിഞ്ഞ കൊയ്ത്തുകാലത്ത് എലിപ്പനി പിടിച്ചാണ് അച്ഛൻ മരിച്ചത്. പിന്നെ കാര്യങ്ങളൊക്കെ 'അമ്മ നോക്കാൻ തുടങ്ങി.
വഴിയിൽ വൈദ്യശാല കണ്ടപ്പോൾ അനിത മരുന്ന് വാങ്ങുന്ന കാര്യം ഓർത്തു. അമ്മയ്ക്ക് നീരുവീഴ്ചയാണ്.
ഭാഗ്യം കുട്ടിയുടെ കയ്യക്ഷരം വലുതായതു കൊണ്ട് അത്രയും ആയപ്പോൾ ഒരു പേജ് ആയി. ജോലി കുറഞ്ഞു.
പാവം കുട്ടി. ആരാണ് ഒരു കഥയെങ്കിലും അച്ചടി മഷി പുരണ്ടു കാണാൻ ആഗ്രഹിക്കാത്തത്?
ബുദ്ധിയുള്ള കുട്ടിയാണ്. അതുകൊണ്ടാണല്ലോ വെറുതെ അങ്ങ് മാസികയ്ക്ക് അയച്ചാൽ പോയ വേഗത്തിൽ അത് തിരിച്ച് വരും എന്ന് മനസ്സിലാക്കിയത്.
എന്തായാലും ആ കുട്ടിയെ സഹായിക്കണം.
പക്ഷെ അതിന് ആരുടെയും കാലു പിടിക്കാനൊന്നും വയ്യ.
എഴുത്തിന് നിലവാരം ഉണ്ടാകണം. വാരികകൾ ആദ്യത്തെ പേജ് കണ്ടാൽ ഉടനെ പ്രസിദ്ധീകരിക്കാൻ തിരഞ്ഞെടുക്കണം.
ശരിയാണ്. അതിനു ഈ ഭാഷ പോരാ.
പെൺകുട്ടി ആണെന്നത് ഒരു നല്ല കാര്യമാണ്.
ഒരു നല്ല ഫോട്ടോയും കൂടി വെച്ച് അയക്കാൻ പറയാം.
ഒരു പേജ് ആണെങ്കിലും നല്ല പണിയായിരുന്നു.
അടുത്ത ദിവസം തന്നെ തിരുത്തിയ കഥ വാങ്ങാൻ ആ കുട്ടി വന്നു. ഇത്തവണ അമ്മയെയും കൂട്ടിയാണ് വന്നത്. ഓട്ടോയിൽ. ഒരു വരിക്കച്ചക്കയും കൊണ്ടു വന്നിരിക്കുന്നു.
അമ്മയ്ക്കും വലിയ കൊതിയാണെന്നു തോന്നുന്നു മകളുടെ ഒരു കഥ വാരികയിൽ വന്നു കാണാൻ.
തിരുത്തിയ ഭാഗം അവിടെ വെച്ച് തന്നെ ആ കുട്ടി വായിച്ചു.
അവളുടെ കണ്ണുകൾ വിടർന്നു.
അവർ നന്ദി പറഞ്ഞ് ഇറങ്ങി.
നന്നായി വരുമെന്ന് ഞാനും തലയിൽ കൈ വെച്ച് അനുഗ്രഹിച്ചു.
വരിക്ക ചക്ക ഒരു സംഭവം ആയിരുന്നു. നല്ല ചെമ്പരത്തി പോലെ ചുവന്ന, കരിമ്പ് പോലെ മധുരിക്കുന്ന ചക്ക. ഞങ്ങളും തിന്നു അയല് വക്കത്തും കൊടുത്തു.
പത്ത് ദിവസം കഴിഞ്ഞപ്പോൾ ആ കഥയുമായി വാരിക ഇറങ്ങി.
ഞാൻ വാങ്ങി വായിച്ചു. മിടുക്കി കുട്ടി.
ആദ്യത്തെ പേജ് ഞാൻ തിരുത്തിയത് പോലെ മറ്റു പേജുകളും മാറ്റി എഴുതിയിരിക്കുന്നു.
ആദ്യ പേജ് ഞാൻ തന്നെ എഴുതിയതാണെങ്കിലും കഥ തുടക്കം തൊട്ടു തന്നെ ഞാൻ വായിച്ചു
സ്വാസ്ഥ്യത്തിന്റെ പൂക്കാലങ്ങൾ
ലാവണ്യ മേനോൻ
മാൻഹാട്ടനിൽ ട്രാമിൽ നിന്നും ഇറങ്ങുമ്പോൾ ലെറ്റിഷ്യ കഴിഞ്ഞ രാത്രിയിലെ സ്ലീപ് ഓവറിനെ കുറിച്ച് ഓർക്കുകയായിരുന്നു. ഫൗൾട്ടൺ അങ്കിളിന്റെ വില്ലയിൽ എന്ന് ചെന്നാലും ഡിന്നർ ഗംഭീരമായിരിക്കും. അവരുടെ ഷെഫ് ഉണ്ടാക്കുന്ന ബിസ്റ്റക്ക ഫ്ലോരെന്റിന എത്ര കഴിച്ചാലും മതി വരില്ല. കീറ്റോജനിക് ഡയറ്റിന്റെ പരിചിതരുചിതീരങ്ങളെ വിട്ടു താനും ഒരു ഫ്രോയിഡിയൻ ആത്മരതിയിൽ മുഴുകും. റിബോളിറ്റയോ ലാസഗ്നയോ കൂടി ഉണ്ടെങ്കിൽ പിന്നെ ഒരൽപം ഡൈജസ്റ്റീവോ യ്ക്ക് കൂടി സ്ഥലം കാണില്ല
അങ്കിളിന്റെ സ്റ്റെപ് ഡോട്ടർ സഡാറ്റാഫി പ്രിൻസ്ടൺ യൂണിവേഴ്‌സിറ്റിയിൽ അപ്പ്ളൈഡ് ആന്ത്രോപോളജി പ്രൊഫസറാണ്. വല്ലപ്പോഴുമേ വീട്ടിൽ അവളെ കാണാൻ കിട്ടൂ. അഭിഫാഗാമി ആന്റിക്ക് ഒരു ഈജിപ്ഷ്യൻ വൈൽഡ് ലൈഫ് ഫോട്ടോഗ്രാഫറിൽ ഉണ്ടായ കുട്ടിയാണ്.
അവൾക്ക് സ്വന്തമായി യൂട്യൂബ് ചാനൽ ഉണ്ട്. അതിൽ റിലീസ് ആകാത്ത കുറെ ക്ലിപ്പിങ്‌സ് അങ്കിൾ കാണിച്ച് തന്നു. ജൻഡർ ഫ്ലൂയിഡ് ആണെന്ന് തോന്നുന്നു. എങ്കിലും ബ്ലാക്ക് സിങ്കോ ബേക്കൽസ് ബോഡികോണിൽ അവൾ എത്ര ക്യൂട്ട് ആയിരിക്കുന്നു. ടോർസോയും മിഡ്രിഫും കൊത്തിയെടുത്ത പോലെയുണ്ട്. അവളുടെ മുലക്കണ്ണുകൾക്ക് കാരമെലിന്റെ മധുരമാണെന്ന് ലെറ്റിഷ്യ ഓർത്തു
സഡേറ്റാഫിയുടെ കൂടെ ഹാർവാഡിൽ ഒരു വര്ഷം ചിലവഴിച്ചത് ലെറ്റിഷ്യ ഓർത്തു. അന്നൊക്കെ അവൾക്ക് മിഡ്‌ഡിൽ ഈസ്റ്റ് മെഡീവൽ ഹിസ്റ്ററി ഒരു ഹരമായിരുന്നു. തനിക്കാണെങ്കിൽ മൈക്രോ ഓർഗനൈസേഷണൽബിഹേവിയർ തലയ്ക്ക് പിടിച്ച് നടക്കുന്ന സമയം.
അന്ന് ഒരു വിന്റേജ് ബ്യുയിക്ക് ആയിരുന്നു അച്ഛന്റെ വാഹനം. വല്ലപ്പോഴും മൻഹാട്ടനിൽ വന്നാൽ എയർ പോർടിനു പുറത്ത് പപ്പാ കാത്ത് നിൽക്കും. ഹോണിന് മാത്രം ശബ്ദം ഇല്ലാത്ത ആ കാർ ഞങ്ങളെ ഏൽപ്പിച്ച ശേഷം പപ്പാ മുങ്ങും. പിന്നെ അടുത്ത് വിന്ററിൽ ആയിരിക്കും മടങ്ങി വരവ്.
ഡാൽമോർ ബൈ അന്ഗോസ്റ്ററ ആയിരുന്ന പപ്പയ്ക്ക് ഏറ്റവും ഇഷ്ടമുള്ള ബ്രാൻഡ്. അതിന്റെ സെർബിയൻ മസ്ക് സുഗന്ധം തന്റെ ഹൃദയഭിത്തികളിൽ ഇന്നും കാണാവുന്ന ശബ്ദചിത്രങ്ങൾ കോറിയിട്ടിരിക്കുന്നു.
പപ്പ എവിടെയാണെന്നത് മമ്മിയ്ക്ക് ഒരു ഇന്റയൂഷൻ പോലെ അറിയാമായിരുന്നു. ഒരു ഹാലോവീൻറെ തലേന്ന് കൊറോണറി പ്രശ്നം കാരണമാണ് പപ്പാ മരിച്ചത്
ട്വന്റി ത്രീ ആൻഡ് മി എന്ന കമ്പനിയുടെ ടെസ്റ്റ് റിസൾട്ട് പപ്പയുടെ വാളെറ്റിൽ നിന്നും പിന്നെ മമ്മി കണ്ടെടുത്തു.
അന്നാണ് മമ്മി ബൈപോളാറിന്റെ ലക്ഷണങ്ങൾ കാണിച്ചു തുടങ്ങിയത്
പിന്നെയങ്ങോട്ട് ലാവണ്യ മേനോന്റെ വരികളാണ്. അതും തീരെ
മോശം അല്ല
ലെറ്റീഷ്യയുടെ അടുത്ത് കൂടി ഒരു ബ്യുഗാട്ടി വെയ്‌റോൺ പാഞ്ഞു പോയി.....