mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 


കോളേജ് വിദ്യാർത്ഥികളാണ് തരുണും, ആഘോഷും. കാലവർഷം ആരംഭിച്ച ആദ്യ ദിവസങ്ങളിലൊന്നിൽ അവർ പാറമടയിൽ ചൂണ്ടയിടാൻ പോകാൻ തീരുമാനിച്ചു.മഴ തോർന്നു നിൽക്കുന്ന രാവിലെ, തരുൺ

ഒരുപാട് തവണ ഫോണിൽ വിളിച്ചിട്ടാണ് ആഘോഷ് ഉറക്കത്തിൽ നിന്നും എഴുന്നേറ്റത്.

'' എന്താടാ രാവിലെ, ഉറങ്ങാനും സമ്മതിക്കൂലെ ''

'' പത്തുമണിയായെടാ പട്ടീ, ചൂണ്ടയിടാൻ പോണ്ടെ ''

അപ്പോഴാണ് തലേദിവസത്തെ പ്ളാനിനെകുറിച്ച് ആഘോഷ് ഓർത്തത്. ഉടൻ തന്നെ ഫോൺ കട്ട് ചെയ്ത് അവൻ കുളിമുറിയിൽ കയറി.

തരുൺ മണ്ണിരയെ ശേഖരിക്കാൻ തൂന്പയെടുത്ത് പറന്പിലേക്ക് നടന്നു. പിന്നാലെ കുഞ്ഞനിയൻ ടിട്ടുവും.

' ഞാനും വരട്ടെ ചുണ്ടയിടാൻ '
ടിട്ടു ചേട്ടനോട് കെഞ്ചി.

അവനങ്ങനെയാണ്, തരുൺ എവിടെ പോയാലും അവൻറെ പിറകിലുണ്ടാവും തരുൺ അനുവദിച്ചാലും ഇല്ലെങ്കിലും. പലപ്പോഴും വീടിൻറെ പിറകുവശം വഴി ടിട്ടു കാണാതെയാണ് തരുൺ കറങ്ങാൻ പോകാറുള്ളത്‌. തിരിച്ചു വരുന്പോഴേക്കും തരുണിൻറെ എന്തെങ്കിലുമൊക്കെ ടിട്ടു നശിപ്പിച്ചിട്ടുണ്ടാവും. ദേഷ്യം മൂത്താൽ ടിട്ടുവിന് ഭ്രാന്താണ്. അച്ഛനുപോലും നിയന്ത്രിക്കാൻ പറ്റാറില്ല. തരുണിൻറെ കൂട്ടുകാരൊക്കെ ടിട്ടുവിനെ 'വേതാളം' എന്നാണ് വിളിക്കുന്നതുതന്നെ.

'ഞാൻ കൊണ്ടുപോവില്ല മോനെ '
തരുൺ തീർത്തു പറഞ്ഞു

'എൻറെ ചേട്ടനല്ലാതെ എന്നെ പിന്നെ ആര് കൊണ്ടുപോവാനാ '
ടിട്ടു തരുണിനെ സോപ്പിട്ടു. അവനതിനും മിടുക്കനാണ്.

'നിൻറെ സോപ്പിങ്ങൊന്നും എൻറടുത്ത് വേണ്ട, കൊണ്ടുപോവില്ലെന്ന് പറഞ്ഞാൽ കൊണ്ടു പോവില്ല. തരുൺ ഉറപ്പിച്ചു പറഞ്ഞുകൊണ്ട് മണ്ണ് കിളച്ചുമറിച്ചു. മണ്ണിരകളെ പിടിച്ചെടുത്ത് പകുതി കീറിയ പ്ളാസ്റ്റിക് കുപ്പിയിലേക്കിട്ടു.

'നീ ഇന്നലെ രാത്രി ഫോണിൽ ഉമ്മ ചോദിക്കണത് ഞാൻ കേട്ടു ' ടിട്ടുവിൻറെ വാക്കുകൾക്ക് ഭീഷണിയുടെ സ്വരമുണ്ടായിരുന്നു.

തരുണിൻറെ മുഖത്ത് വിവരിക്കാനാവാത്ത ഒരു പ്രെത്യേകതരം ഭാവം വിരിഞ്ഞു.

'വരുന്നതൊക്കെ കൊള്ളാം, ചൂണ്ട നീ പിടിക്കേണ്ടി വരും '

ആഘോഷ് അമ്മയുടെ സ്കൂട്ടിയുമെടുത്ത് തരുണിൻറെ വീട്ടിലെത്തി. അവര് മൂന്ന് പേരും ചൂണ്ടകളും ഇരയുമായി പാറമടയിലേക്ക് തിരിച്ചു. വീടിനകത്തു നിന്നും അമ്മയുടെ ശബ്ദം മാത്രം പുറത്തേക്ക് വന്നു.

'രണ്ടും കൂടി ഒത്തുപോവുന്നതൊക്കെ കൊള്ളാം, വഴീൽ കെടന്ന് തല്ലുപിടിക്കരുത് '

പാറമടയിലേക്കുള്ള ഇടവഴി തിരിഞ്ഞപ്പോൾ രണ്ട് വനപാലകർ വരുന്നുണ്ടായിരുന്നു. പിള്ളേരെ കണ്ടപ്പോഴെ പാറമടയിൽ ചൂണ്ടയിടാൻ പോകുന്നതാണെന്ന് അവർക്ക് മനസിലായി.

'വണ്ടി തിരിച്ചോ ' വനപാലകരിലൊരാൾ ആംഗ്യം കാണിച്ചുകൊണ്ട് പറഞ്ഞു.

ആഘോഷ് പതിയെ വണ്ടി തിരിച്ചു.

'പാറമടയിൽ വരരുതെന്ന് നിന്നോടൊക്കെ പലവട്ടം പറഞ്ഞിട്ടുള്ളതല്ലേ ?' അടുത്ത വനപാലകൻ ദേഷ്യപ്പെട്ടു

അവർ അവിടെ നിന്നും തിരിച്ചു പോന്നു. വഴി കുറച്ച് കഴിഞ്ഞപ്പോൾ ആഘോഷ് വണ്ടി മറ്റൊരു ഊടുവഴിയിലേക്ക് ഓടിച്ചുകയറ്റി.

'ഇതുവഴി പോയാൽ അവന്മാര് കാണൂല '
ആഘോഷ് പുറകിലോട്ട് തിരിഞ്ഞ് പറഞ്ഞു

'ആഘോഷേട്ടൻ പൊളിയല്ലേ ' ടിട്ടു പ്രോത്സാഹിപ്പിച്ചു.

പാറമടയിലെത്തിയ അവർ ഇരയെടുത്ത് ചൂണ്ടകളിൽ കോർത്ത് പലയിടങ്ങളിലായി പോയി ഇരുന്നു.

'അവരെങ്ങാനും വരുവോ...' തരുൺ ആഘോഷിനോട് ചോദിച്ചു.

'ഹേയ്, അവരിറങ്ങി പോയതാ. ഇനി നാളെയേ വരൂ..' ആഘോഷ് തിരിച്ചു പറഞ്ഞു.

വിചാരിച്ചതിലും പെട്ടെന്ന് മീനുകൾ അവരുടെ ചൂണ്ടകളിൽ കൊത്തി. അവർ വീണ്ടും വീണ്ടും ഇരകോർത്ത് ചൂണ്ടക്കൊളുത്ത് വെള്ളത്തിലേക്കിട്ടു.

'ആഘോഷേട്ടോയ്, ഇവനിന്നലെ ഒരു പെണ്ണിനോട് ഉമ്മ ചോദിക്കണ് '
ടിട്ടുവിൻറെ സംസാരം കേട്ടതും തരുൺ ഞെട്ടിത്തരിച്ചു

'മിണ്ടാതിരിയെടാ '

'ഞാനതിന് അച്ഛനോടൊന്നുമല്ലല്ലോ പറഞ്ഞെ, ആഘോഷേട്ടനോടല്ലെ '
ടിട്ടുവിന് ഒരു തെറ്റും സംഭവിച്ചതായി തോന്നിയില്ല.

'ഇനി ഞാൻ എങ്ങോട്ടും കൊണ്ടുവരില്ല ' തരുൺ ദേഷ്യപ്പെട്ടു. അവൻ എഴുന്നേറ്റ് വന്ന് ടുട്ടുവിൻറെ ചെവിക്ക് പിടിച്ചു. ടുട്ടു കുതറി മാറി

'നീ പോടാ പട്ടീ, നീ എൻറെ ആരുമല്ല ' അവൻ കരയാൻ തുടങ്ങി

ആഘോഷ് ചൂണ്ട ഒരിടത്ത് സൂക്ഷ്മമായി വെച്ചതിനുശേഷം എഴുന്നേറ്റ് വന്നു

'എന്താടാ തരുണെ, നീ എന്തിനാ വെറുതെ തല്ലുപിടിക്കണെ '

അവൻ ടുട്ടുവിനെ ചേർത്തുപിടിച്ചു. അവൻറെ ചെവി നല്ലപോലെ ചുവന്നിരിക്കുന്നത് ശ്രദ്ധിച്ചു.

'നിനക്ക് വട്ടാണോ '
ആഘോഷ് തരുണിൻറെ നേരെ പരിഹാസ്യത്തോടെ നോക്കി.

മീനുകൾ ഇരകളെ മറന്ന് കരയിലേക്ക് നോക്കി.

ആഘോഷ് ടിട്ടുവിനെയും ചേർത്തുപിടിച്ച് ഒരു പാറക്കല്ലിന് മുകളിലിരുന്നു. കുറച്ചു നേരം, അസ്വസ്ഥനായി നിൽക്കുന്ന തരുണിനെ നോക്കി നിന്ന ശേഷം പറഞ്ഞു.

'നീ എൻറടുത്ത് എന്തോ മറക്കുന്നുണ്ട് '

അത് കേട്ടതും തരുൺ തലവെട്ടിച്ച് ആഘോഷിനെ നോക്കി. ചേട്ടനാകെ വിളറി നിൽക്കുന്നത് കണ്ടപ്പോൾ ടുട്ടുവിന് സംശയത്തിനൊപ്പം ഭയവും മണത്തു.


തരുണിൻറെ വീടിൻറെ മുൻപിൽ രണ്ട് കാലുകൾ വന്ന് നിന്നു.

'രാജീവാ...'

തരുണിൻറെയും ടുട്ടുവിൻറെയും അച്ഛൻ രാജീവൻ പുറത്തിറങ്ങി വന്നു

'എന്താ സലീമേ..'

'നിങ്ങളൊരു ഷർട്ടെടുത്തിട് എന്നിട്ട് എൻറൊപ്പം വാ ' സലീം ഒരു രഹസ്യം ഒളിപ്പിക്കുന്നതുപോലെ രാജീവന് തോന്നി. രാജീവൻ ഷർട്ടിട്ട് സലീമിനൊപ്പം ഇറങ്ങിച്ചെന്നു.

' എന്താ സലീമേ.. എന്തെങ്കിലും പ്രശ്നം '

സലീം ശ്രദ്ധയോടെയാണ് ഓരോ വാക്കും ഉച്ചരിച്ചത്.

'നമുക്ക് പാറമടയിലൊന്ന് പോകണം '

രാജീവന് കെെയ്യും കാലും തളരുന്ന പോലെ തോന്നി

'മക്കൾക്കെന്തെങ്കിലും...'

'ഹേയ്... ' സലീം ചിരി വരുത്താൻ ശ്രമിച്ചു.

പാറമടയിലേക്കുള്ള വഴി നിറയെ ആൾക്കൂട്ടം നിറഞ്ഞിരിക്കുന്നു. ആളുകളുടെ മുഖത്തെല്ലാം ദുഃഖം. സ്ത്രീകൾ താടിക്ക് കയ്യും കൊടിത്തിരിക്കുന്നു. ആംബുലൻസ് ശബ്ദത്തോടുകൂടി എത്തി. പോലീസ് ആംബുലൻസിന് വഴി കാണിച്ചു. അൽപ്പ സമയത്തിനു ശേഷം രണ്ടു സെട്രക്ച്ചറിൽ ശരീരം മറച്ച രണ്ട് ശവശരീരങ്ങൾ ആംബുലൻസിനടുത്തേക്ക് കൊണ്ടുവന്നു.

'കഷ്ടം ' ആളുകൾ മുഖത്തോട് മുഖം നോക്കി പറഞ്ഞു.

സലീമിനൊപ്പം ടൂ വീലറിൽ വന്നിറങ്ങിയ രാജീവൻ പരിസരം കണ്ട് അന്പരന്നു.

'സലീമേ എൻറെ മക്കൾ.. ' അയാളുടെ തൊണ്ട കനത്തു.

'മക്കൾക്കൊന്നുമില്ല, രാജീവേ..' സലീം സമാധാനിപ്പിച്ചു.

ആംബുലൻസ് അവരെ കടന്നുപോയി. അപ്പോൾ മറുവശത്ത് പേടിച്ചു നിൽക്കുന്ന മൂന്ന് കുട്ടികളെയും രാജീവൻ കണ്ടു. അയാൾ അവരുടെ അടുത്തേക്ക് ഓടി.

'എന്താ സംഭവം '
ആളുകളിലൊരാൾ മറ്റൊരാളോട് ചോദിച്ചു.

മറ്റൊരാൾ വിശദീകരിച്ചു കൊടുത്തു.
'കോളേജിൽ പഠിക്കണ കുട്ടികളാണ്, പെണ്ണ് പൊക്കത്തെ വീട്ടിലുള്ളതാ, ചെക്കനെ എനിക്ക് പിടികിട്ടീട്ടില്ല. വീട്ടുകാര് എതിർത്തപ്പോ ചാവാൻ ചാടിയതാ, ഒന്നു രണ്ട് ദിവസായി. ചൂണ്ടയിടാൻ പോയ പിള്ളേരാ കണ്ടത് '


എല്ലാവരും ഉറങ്ങിയിട്ടുണ്ട്. തരുൺ ഫ്രിഡ്ജ് തുറന്ന് ഐസ് ക്രീം എടുത്ത് ലെെറ്റ് ഓഫ് ചെയ്ത് അവൻറെ റൂമിലേക്ക് പോയി. വാതിൽ ചാരിയിട്ടു. അവൻറെ ഫോണിലേക്ക് ആഘോഷിൻറെ കോൾ വന്നു.

'ഹലോ, പറയടാ '

'നീ കിടന്നോ ' മറുതലക്കൽ ആഘോഷ്

'ഇല്ല, പറ'

'ഇവിടെ, അഷിത പറയണ് അവളോട് ഇന്നലെയൊരുത്തൻ ഫോൺ വിളിച്ച് ഉമ്മ ചോദിച്ചെന്ന് '

'ആണോ' തരുണിന് പിടിക്കപ്പെട്ടതുപോലെ തോന്നി

'അമ്മ പറഞ്ഞു, അമ്മ അവനെ വിളിച്ച് വിരട്ടിക്കോളാമെന്ന് '

'ആ, അതാ നല്ലത് ' തരുൺ വിറച്ചുകൊണ്ട് പറഞ്ഞു

'എന്നാൽ ഞാൻ ഫോൺ അമ്മക്ക് കൊടുക്കാം ട്ടാ ' ആഘോഷ് ഫോൺ അമ്മക്ക് കൊടുത്തു.

തരുണിന് ലോകം അവസാനിക്കുന്നതുപോലെ തോന്നി

'അമ്മ തന്നാൽ മതിയോ, ഉമ്മ?' മറുതലക്കൽ ആഘോഷിൻറെയും അഷിതയുടേയും അമ്മയുടെ ശബ്ദം കേട്ടപ്പോൾ ഭയപ്പെടാനൊന്നുമുള്ളതായി തരുണിന് തോന്നിയില്ല.

അമ്മയുടെ പിന്നിലിരുന്ന് അഷിതയും ആഘോഷും പൊട്ടിച്ചിരിക്കുകയാണ്. അതും കൂടി കേട്ടപ്പോൾ തരുണിന് ആശ്വസമായി. അവരുടെ തമാശ അപ്പോഴാണ് തരുണിന് പിടി കിട്ടിയത്. അവൻ ഫോൺ കട്ട് ചെയ്ത് അഷിതക്ക് മെസേജ് അയച്ചു.

' Ninakku njan vechittundedi, Nokkikko'

അവൾ മറുപടി അയച്ചു

'pedippakkal okke kalllyanathinu sesham'

ചാരിയിട്ട വാതിൽ പതിയെ തുറന്ന് തരുണിൻറെ മുറിക്കകത്ത് കയറിയ ടുട്ടു. ഐസ്ക്രീം പേക്കറ്റ് കണ്ടതും അലറിവിളിച്ചു.

'ഈ കാലമാടൻ എൻറെ ഐസ്ക്രീം കട്ടെടുത്ത് തിന്നുന്നമ്മേ..'

ആ അലർച്ച മുറിയും കടന്ന്, വീടും കടന്ന്, നാടും കടന്ന്, ഭൂമിയും കടന്ന്, ആകാശത്തേക്ക് പോയി

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ