മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

"ടീച്ചർ ആരോ കാണാൻ വന്നിരിക്കുന്നു.. "

ക്ലാസ്സ്‌ മുറിയുടെ വാതിൽക്കൽ വന്ന് അറിയിച്ചിട്ടു പോയ കുട്ടിയുടെ പിന്നാലെ നടക്കുമ്പോൾ ആരായിരിക്കും എന്ന് ആലോചിച്ചു.

പുതിയ അഡ്മിഷൻ ആയിരിക്കും..

ഓഫീസിന്റെ മുന്നിൽ കാത്തു നിന്ന ആളെ കണ്ടപ്പോൾ അത്ഭുതം കൊണ്ട് കണ്ണുകൾ മിഴിഞ്ഞു പോയി. നൈന!

"നീയോ.. "

"അതെ ഞാൻ തന്നെ. ഒട്ടും പ്രതീക്ഷിച്ചില്ല അല്ലേ ഇവിടെ?"

സന്തോഷത്തോടെ പ്രിയപ്പെട്ട കൂട്ടുകാരിയെ ചേർത്ത് പിടിച്ചു കസേരയിൽ ഇരുത്തിയിട്ട് അവളെ തന്നെ നോക്കിയിരുന്നു. രക്തബന്ധത്തേക്കാളൊക്കെ അടുത്തറിഞ്ഞവൾ. ദുബായ് സ്കൂളിൽ ഒരുമിച്ചു വർക്ക്‌ ചെയ്തും  ഒരേ മുറിയിൽ സുഖദുഃഖങ്ങൾ പങ്കു വെച്ചും ഒരാത്മാവ് പോലെ അടുത്തുപോയതാണ്. 

അവൾക്ക് ചൂട് ചായ ഫ്ലാസ്ക്കിൽ നിന്ന് പകർന്നു കൊടുത്തു കൊണ്ട് വിശേഷങ്ങൾ ചോദിക്കുമ്പോൾ അവൾ തിരിച്ച് ഒരു ചോദ്യം ഇട്ടു.

"അതിരിക്കട്ടെ നിന്റെ വിശേഷങ്ങൾ പറ. നീയിപ്പോൾ ഒരുപാട് മാറിയിരിക്കുന്നു. ഒരു ഡാൻസ് സ്കൂൾ തുടങ്ങി എന്നറിഞ്ഞപ്പോഴും ഇത്രയും ഞാൻ പ്രതീക്ഷിച്ചില്ല കേട്ടോ. റിയലി എക്സലന്റ്.. "

അഭിനന്ദനങ്ങൾ കേട്ട് മനസ്സും ഹൃദയവും നിറഞ്ഞു.

"ഒരുപാട് വിശേഷങ്ങൾ ഉണ്ട് പറയാൻ.പക്ഷെ ഇപ്പോൾ ക്ലാസ്സ്‌ നടന്നു കൊണ്ടിരിക്കുകയാണ്. നമുക്ക് വിശദമായി കാണാം. നീയിവിടെ കുറച്ചു നേരം ഒന്ന് വെയിറ്റ് ചെയ്യ്. ഞാൻ കുട്ടികളെ പറഞ്ഞു വിട്ടിട്ട് വരാം.. "

"ഏയ്‌ അത് സാരമില്ല. ഞാൻ മറ്റൊരു ദിവസം വരാം. ഇതുവഴി പോയപ്പോൾ ജസ്റ്റ്‌ നിന്നെയൊന്നു കാണാൻ കേറിയതാണ്.

ഒരുപാട് പറയാനും ചോദിക്കാനും ഉണ്ട്. വിളിച്ചു പറഞ്ഞിട്ട് ഒരു ദിവസം വരാം. എന്താ.. " 

സന്തോഷത്തോടെ തലകുലുക്കി അവളെ യാത്രയാക്കുമ്പോൾ മനസ്സിൽ വല്ലാത്തൊരു നീറ്റൽ തോന്നി.

ക്ലാസ്സ്‌ കഴിഞ്ഞു സ്കൂൾ പൂട്ടി ഇറങ്ങുമ്പോൾ വല്ലാത്ത ക്ഷീണം തോന്നി.

മോൻ സ്കൂളിൽ നിന്ന് എത്തിയിട്ടുണ്ടാവും. സ്കൂട്ടർ എടുത്തു റോഡിലേക്കിറങ്ങി. ഒരു ബേക്കറിയുടെ മുൻപിൽ നിർത്തി അവനിഷ്ടപ്പെട്ടതെല്ലാം വാങ്ങിച്ചു.

പതിവ് പോലെ കുളിയും കഴിഞ്ഞു അമ്മയെ കാത്തിരിപ്പുണ്ട്.

ഒന്ന് ഫ്രഷ് ആയി വന്ന് ബാക്കി ജോലികളിലേക്ക് നൂണ്ടിറങ്ങി. പക്ഷെ മനസ്സ് അവിടെയെങ്ങും അല്ലായിരുന്നു.

നൈനയുടെ വാക്കുകൾ തന്നെ ഒന്ന് കോരിത്തരിപ്പിച്ചിട്ടുണ്ട് തീർച്ചയാണ്. അല്ലെങ്കിലും മനസ്സിനിഷ്ടപ്പെട്ടവരുടെ അഭിനന്ദനങ്ങൾക്ക്‌ ഒരു വജ്ര തിളക്കമാണ്!

പക്ഷെ ഇന്നത്തെ ഈ നിലയിൽ എത്തുന്നതിനും മുൻപ് നൃത്തത്തെ മാത്രം സ്നേഹിച്ചിരുന്ന  അനാമികയെന്ന ആരുമറിയാതിരുന്ന ഒരു  പെൺകുട്ടിയുടെ മുള്ളും മുരിക്കും നിറഞ്ഞ ജീവിത വഴികൾ ഇന്ന് ആരും ചികഞ്ഞു നോക്കാൻ മെനക്കെടില്ല എന്നതാണ് സത്യം. എല്ലാവർക്കും തിളക്കമുള്ള കാഴ്ചകൾ കാണുവാൻ  മാത്രമാണ് താല്പ്പര്യം!

പാവപ്പെട്ട ഒരു അച്ഛന്റെയും അമ്മയുടെയും  രണ്ട് പെണ്മക്കളിൽ മൂത്തവൾക്ക് എന്നും നൃത്തത്തോട് മാത്രമായിരുന്നു കമ്പം.

നാലാം വയസ്സ് മുതൽ കുഞ്ഞ് കാലിൽ ചിലങ്ക കെട്ടിക്കൊടുക്കാൻ കരഞ്ഞ അവൾക്ക് അച്ഛൻ നല്ലൊരു നൃത്താധ്യാപികയെ കണ്ടു പിടിച്ചു പഠനവും ആരംഭിച്ചു.

ഓരോ വയസ്സും ക്ലാസ്സും കഴിയുംതോറും അവളൊരു മികച്ച ഡാൻസുകാരിയായി മാറിത്തുടങ്ങി.

അരങ്ങേറ്റം കഴിഞ്ഞപ്പോൾ ഒരുപാട് പേർ അഭിനന്ദനങ്ങൾ കൊണ്ട് പൊതിഞ്ഞു.

അങ്ങനെ ഡാൻസും പാട്ടും പഠനവും ഒക്കെയായി ദിവസങ്ങളും മാസങ്ങളും തിമിർത്തു പെയ്യ്തു.

കോളേജ് കാലഘട്ടങ്ങൾ കഴിഞ്ഞതോടെ നൃത്തത്തെ കൂടുതൽ അറിയണം എന്ന മോഹം വീണ്ടും കൊടുമ്പിരി കൊണ്ടു.

അച്ഛന്റെയും അമ്മയുടെയും ആശിർവാദത്തോടെ പലരുടെയും സഹായത്തോടെ മദ്രാസിലെ ഒരു പ്രശസ്തമായ നൃത്ത വിദ്യാലയത്തിൽ പഠനം ആരംഭിച്ചു.

ശാസ്ത്രീയ നൃത്തത്തിന്റെ ആഴത്തിലേക്ക് ഇറങ്ങിച്ചെന്നതോടെ അവളൊരു പുതിയ ലോകത്ത് എത്തിച്ചേർന്നത് പോലെ ആയി!

ഇടയ്ക്ക് അവധിദിവസങ്ങളിൽ വീട്ടിലേക്കുള്ള തീവണ്ടി യാത്രകളിലൊരിക്കലാണ് അത് സംഭവിച്ചത്.

സ്റ്റേഷനിലേക്കുള്ള ബസ് കിട്ടാൻ വൈകിയത് കൊണ്ട് വിടാറായ ട്രെയിനിലെ കമ്പാർട്ട്മെന്റിലേക്ക് ഓടിക്കയറുകയിരുന്നു. ഒഴിഞ്ഞു കിടന്ന ഒരു സീറ്റിലേക്ക് ഇരിക്കാൻ തുടങ്ങിയതും  മറ്റൊരാൾ ഓടിവന്ന് അവിടെ സ്ഥാനം പിടിച്ചു.

ഓവർസ്മാർട്ട് കാണിച്ചു ഞെളിഞ്ഞിരുന്ന അയാളെയൊന്നു രൂക്ഷമായി നോക്കിയിട്ട് ആണ് മറ്റൊരു സീറ്റിൽ ഇരുന്നത്.

ലേശം വിളറിയ മുഖത്തോടെ അയാളൊന്നു ചിരിച്ചു. മലയാളിയാണെന്ന് പെരുമാറ്റത്തിൽ തന്നെ ബോധ്യമായി.

പക്ഷെ പിന്നീടുള്ള യാത്രകളിലെല്ലാം അയാളെ അവിചാരിതമായി കാണാൻ തുടങ്ങിയതോടെ പരിചയപ്പെടാൻ ഒരു കാരണം കണ്ടെത്തിയതുപോലെ അയാൾ എന്തെങ്കിലുമൊക്കെ പറഞ്ഞടുത്ത് കൂടി. പക്ഷെ ഒരു പരിചയം തിരിച്ചങ്ങോട്ട് കാട്ടാൻ മനസ്സ് അനുവദിച്ചില്ല.

പിന്നീടാണ് അയാൾ നൃത്ത വിദ്യാലയത്തിലെ ഒരു വയലിൻ സ്റ്റുഡന്റ് ആണെന്നും കാസർഗോഡ് ആണ് വീടെന്നും മനസ്സിലായത്. അവധി ദിനങ്ങളിൽ നാട്ടിലേക്ക് പോകുന്ന ട്രെയിനിൽ അയാളെ കാണേണ്ടി വരുന്നതിന്റെ കാരണവും ഇതായിരുന്നു.

പിന്നീടെപ്പോഴോ അയാളുമായി മാനസീകമായൊരു അടുപ്പം ഉടലെടുത്തു.

വിവാഹം കഴിക്കാൻ താല്പ്പര്യം ഉണ്ടെന്ന് തുറന്നു പറഞ്ഞപ്പോൾ വീട്ടിലെ അഡ്രസ് കൊടുത്തു. അച്ഛനുമായി ആലോചിച്ചിട്ടേ ഒരു മറുപടി പറയാൻ പറ്റൂ എന്നറിയിച്ചപ്പോൾ എങ്കിൽ അങ്ങനെ ആവട്ടെ എന്ന് പറഞ്ഞു പിരിഞ്ഞു. ഒരു കലാകാരനെ കല്യാണം കഴിക്കാനായിരുന്നു തനിക്കും താല്പ്പര്യം. ഒരേ പ്രഫഷൻ ആകുന്നത് കൂടുതൽ നല്ലതാണെന്നു കരുതി.

വീട്ടിൽ അച്ഛനോട് പറയുമ്പോൾ എതിർപ്പ് പറയുമെന്നാണ് കരുതിയത്.

നിന്റെ ഇഷ്ടം അതാണെങ്കിൽ അങ്ങനെ നടക്കട്ടെ എന്നറിയിച്ചപ്പോൾ എത്ര പെട്ടന്ന് ആണ് ജീവിതം മാറിമാറിയുന്നതെന്ന് അത്ഭുതപ്പെട്ടു.

ആർഭാടങ്ങൾ കുറച്ചു വളരെ ലളിതമായൊരു വിവാഹമാണ്നടന്നത്. അടുത്തുള്ള ദേവി ക്ഷേത്രത്തിൽ വളരെ കുറച്ചു പേരെ ക്ഷണിച്ചുകൊണ്ട് വിവാഹം നടന്നു.

 അജയ് എന്നായിരുന്നു ഭർത്താവിന്റെ പേര്.

അമ്മയും ചേട്ടനും ചേട്ടത്തിയും വിവാഹം വേർപെടുത്തിയ ഒരു പെങ്ങളും അടങ്ങുന്ന അയാളുടെ കുടുംബത്തിലേക്ക് നവവധുവായി കയറി ചെല്ലുമ്പോൾ മനസ്സിൽ ഒരുപാട് പ്രതീക്ഷകളുണ്ടായിരുന്നു.

രണ്ട് പേരും കലയോട് ബന്ധമുള്ളത് കൊണ്ട് സ്വന്തമായി ഒരു സ്കൂൾ തുടങ്ങണം എന്നൊക്കെ ആരോടും പറയാതെ ഉള്ളിൽ സൂക്ഷിച്ചു വെച്ചൊരു. മോഹമായിരുന്നു.

മദ്രാസിലെ പഠനം അതിനിടയ്ക്ക് പൂർത്തിയാക്കിയിരുന്നു. പുതിയ ജീവിതത്തോട് ഇണങ്ങി വരുമ്പോഴും ഡാൻസ് പഠിക്കാൻ വീട്ടിൽ വരുന്ന കുട്ടികളെ ഉപേക്ഷിക്കാൻ തോന്നിയില്ല.

ആദ്യം പരിചയപ്പെട്ടപ്പോൾ അറിഞ്ഞ ഒരാളല്ല അജയ് എന്ന് പതിയെ പതിയെയാണ് തിരിച്ചറിഞ്ഞു തുടങ്ങിയത്.

എന്തിനും ഏതിനും സംശയവും ചോദ്യം ചെയ്യലും പിണങ്ങിക്കഴിഞ്ഞാൽ സ്വയം ബ്ലേഡ് കൊണ്ട് കയ്ത്തണ്ടകൾ വരഞ്ഞു കീറുന്നതും എല്ലാം അയാളുടെ ഒരു ഹോബിയായിരുന്നു.

സ്കൂൾ തുടങ്ങുന്നതിനെക്കുറിച്ച് പറയുമ്പോഴൊക്കെ നിനക്ക് ഇനി അവിടെ കൂടെ അഴിഞ്ഞാടാനാണോ എന്നുള്ള ചോദ്യം കേട്ട് ഞടുങ്ങി.

അതിനിടയിൽ ഒരു കുഞ്ഞും പിറന്നിരുന്നു. അവനെ നോക്കുന്നതിലുള്ള ശ്രദ്ധ കുറയുന്നു എന്ന് പറഞ്ഞായിരുന്നു പിന്നീടുള്ള വഴക്കുകളെല്ലാം. ഇയാൾ എന്താണ് ഇങ്ങനെ എന്ന് വിഷമിക്കുമ്പോൾ ചേട്ടത്തിയാണ് ആ സത്യം വെളിപ്പെടുത്തിയത്.

അജയ് ചെറുപ്പത്തിൽ എന്തോ കണ്ട് ഭയന്ന് മെന്റൽ ട്രീറ്റ്മെന്റ് നടത്തിയതാണെന്നും പിന്നീട് കുറച്ചു നാൾ മരുന്നുകൾ മുടങ്ങാതെ കഴിക്കുന്നുണ്ടായിരുന്നു എന്നും കേട്ടപ്പോൾ പ്രത്യേകിച്ച് ഒന്നും തോന്നിയില്ല.

അതുകൊണ്ട് അയാൾ ഒരു മാനസീക രോഗിയാണെന് വിധി എഴുതുന്നത് ശരിയല്ലല്ലോ.

പക്ഷെ ഒരു സാഡിസ്റ്റിനെപ്പോലെ സ്വയം പീഡിപ്പിക്കുകയും തന്നെ പീഡിപ്പിക്കുന്നതിൽ സന്തോഷം കണ്ടെത്തുകയും ചെയ്യുന്ന ആളോടൊത്തുള്ള ജീവിതം സഹിക്കാൻ കഴിയാതെയാണ് കുഞ്ഞുമായി വീട്ടിലേക്ക് തിരികെ എത്തിയത്.

അപ്പോഴേക്കും അവൻ പിച്ച നടക്കാറായിരുന്നു.

അമ്മയുടെ കൈയിൽ ഏൽപ്പിച്ചു കുട്ടികളുടെ വീടുകളിൽ പോയി നൃത്തം പഠിപ്പിക്കാൻ ആരംഭിച്ചു. അതോടെ മനസ്സിനൊരു ഉണർവ്വും തിളക്കവും തോന്നിത്തുടങ്ങി..

അയാൾ പിന്നെയും വന്ന് തുടങ്ങി. കുഞ്ഞിനെ കളിപ്പിച്ചും ഭാര്യയെ സന്തോഷിപ്പിക്കാൻ ശ്രമിച്ചും കഴിയുമ്പോൾ ആണ് വീണ്ടും ഉപദ്രവം തുടങ്ങുന്നത്. അച്ഛൻ ഉപദേശിച്ചു, അമ്മ കരഞ്ഞു. പക്ഷെ അതൊന്നും അയാളെ മാറ്റിയില്ല. ഒരു സ്കൂളിൽ ജോലി കിട്ടിയിട്ടും പോകാൻ തയ്യാറാകാതെയും ഭാര്യ വീട്ടിൽ തന്നെ ഉണ്ടും ഉറങ്ങിയും കഴിയുന്ന ഭർത്താവിന്റെ കൂടെ തിരിച്ചു പോയെങ്കിലും ജീവിതം കൂടുതൽ നരകതുല്യമായതല്ലാതെ മാറ്റങ്ങൾ ഒന്നും സംഭവിച്ചില്ല.

ഒടുവിൽ കുഞ്ഞുമായി തിരികെ വരുമ്പോൾ ഒരു തീരുമാനം എടുത്തിരുന്നു. അച്ഛനും അമ്മയും അത് കേട്ട് ഒന്നും മിണ്ടാതെ വിഷണ്ണരായി കുഞ്ഞിന്റെ കളികൾ നോക്കിയിരുന്നു.

വക്കീൽ നോട്ടിസ് കൈപ്പറ്റാതെ ഒഴിഞ്ഞു നടന്ന അയാൾക്ക് കോടതിയിൽ ഒടുവിൽ ഹാജരാകാതെ തരമില്ലായിരുന്നു..

അങ്ങനെ കുറെ നാളുകൾ കേസും കോടതിയുമായി കുഞ്ഞിനേയും കൊണ്ട് അലഞ്ഞു തിരിഞ്ഞു.

വിവാഹമോചനം അനുവദിച്ചപ്പോൾ ഒരു ഭാരം നെഞ്ചിൽ നിന്നിറങ്ങിപ്പോയ അവസ്ഥയായിരുന്നു!

പിന്നീട് വീട്ടിൽ തന്നെ ഒരു മുറി ഡാൻസ് ക്ലാസ്സ്‌ ആക്കി. കിട്ടിയ ചെറിയ വരുമാനം ഒന്നിനും തികയില്ലെങ്കിലും മനസ്സമാധാനം വേണ്ടുവോളമുണ്ടായിരുന്നു..

അതിനടിയിൽ അനിയത്തി കാമുകനോടൊപ്പം ഇറങ്ങിപ്പോയതോടെ കുടുംബം തീപ്പിടിച്ച അവസ്ഥയിലായി. പെണ്മക്കളുടെ  ജീവിതം ഈയാമ്പാറ്റകളെ പോലെ എരിഞ്ഞടങ്ങി പോകുമോ എന്നോർത്ത് അച്ഛൻ കിടപ്പിലായി.

അമ്മ വാത രോഗിയും കൂടെയായപ്പോൾ വീട് ആകെ ഇരുണ്ടു പോയി. തുച്ഛമായ വരുമാനം കൊണ്ട് ഒന്നിനും തികയാതെ വന്നപ്പോഴാണ് ഡാൻസ് സ്കൂളിൽ പഠിച്ച ഒരു സുഹൃത്തു സഹായിക്കാൻ മുന്നോട്ട് വന്നത്.

വിദേശത്ത് ജോലിയുള്ള അവൾ അവിടുത്തെ ഒരു സ്കൂളിൽ ഡാൻസ് ടീച്ചറിന്റെ വേക്കൻസി ഉണ്ടെന്ന് അറിയിച്ചതോടെ ലക്ഷ്യം അത് മാത്രമായി. എങ്ങനെയെങ്കിലും അക്കരെ എത്തുക. ഒന്ന് പച്ച പിടിക്കുന്നത് വരെ മോനെ അമ്മയെ ഏൽപ്പിക്കാൻ തീരുമാനിച്ചു. അല്ലാതെ മറ്റൊരു മാർഗ്ഗവും മുന്നിലില്ലായിരുന്നു.

അവിടെ വെച്ചാണ് നൈനയെ പരിചയപ്പെടുന്നത്. റൂം മേറ്റ്സ് ആയിരുന്ന അവളോട് പറയാത്ത ഒരു ജീവിത രഹസ്യവും തനിക്കില്ലായിരുന്നു.

ജീവിതം പതിയെ പൂത്തു തളിർത്തു തുടങ്ങി. കുഞ്ഞിന്റെ വിവരങ്ങൾ എന്നും ഫോണിലൂടെ അറിഞ്ഞു. അവനെ കാണാനുള്ള അതിയായ ആഗ്രഹം ഉള്ളിലടക്കി പിടിച്ചു. ഇപ്പോൾ ഒരു രക്ഷപ്പെടലാണ് ആവശ്യം.

പക്ഷെ അപ്പോഴും വിധി കരുതി വെച്ചത് മറ്റൊന്നായിരുന്നു. വെറും രണ്ട് വർഷം മാത്രമേ അവിടെ നിൽക്കാൻ ആയുള്ളൂ. അച്ഛന് സീരിയസ് ആണെന്ന് വിവരം കിട്ടിയതോടെ തിരികെ നാട്ടിലേക്ക് പോകേണ്ടി വന്നു.

അച്ഛന്റെ തണുത്തുറഞ്ഞ ദേഹമാണ് എതിരേറ്റത്..

അമ്മയോടും മകനോടുമൊപ്പം നിശ്ചലമായ ഭാവിയിലേക്ക് നോക്കി നെടുവീർപ്പിടുമ്പോൾ ബാധ്യതകൾ അവിടെയും ഇവിടെയും വന്നെത്തി നോക്കിക്കൊണ്ടിരുന്നു.

കൈയിൽ സ്വരൂപിച്ച പൈസ ഒന്നൊന്നായി ത്തീർന്നു തുടങ്ങിയപ്പോൾ അറിയാവുന്ന ഏക ജോലിയിലേക്ക് വീണ്ടും തിരിഞ്ഞു.

മുൻപ് ഡാൻസ് പഠിപ്പിച്ച വീടുകളിൽ പോയി തിരക്കുകയും പുതിയ കുട്ടികളെ കണ്ടു പിടിച്ചും  ജീവിതത്തെ മുന്നോട്ട് ഉന്തി നീക്കാൻ ശ്രമിച്ചു കൊണ്ടിരുന്നു.

ഒരുപാട് ദൂരെയുള്ള പല കുട്ടികളുടെയും വീടുകളിൽ നടന്നലച്ചു പഠിപ്പിച്ചു തിരികെയെത്തുമ്പോൾ നേരം ഇരുട്ടിതുടങ്ങിയിട്ടുണ്ടാവും. ആളുകൾ അടക്കത്തിൽ പലതും പറഞ്ഞു തുടങ്ങി.

പക്ഷെ ഒന്നും ശ്രദ്ധിക്കാൻ നേരമില്ലായിരുന്നു.

ഏറ്റവും അത്യാവശ്യം സ്വന്തമായി ഒരു സ്കൂട്ടറായിരുന്നു. ബാങ്കുകളിൽ ഒരുപാട് തവണ കേറിയിറങ്ങി ലോൺ ശരിയാക്കി ഒരു സ്കൂട്ടർ  സംഘടിപ്പിച്ചു.

അതോടെ കാര്യങ്ങൾ കുറച്ചു കൂടി എളുപ്പമായി.

കൂടുതൽ കൂട്ടികളെ പഠിപ്പിക്കാൻ സമയം കിട്ടിത്തുടങ്ങി. ഒരുപാട് വീടുകളിൽ കയറിയിറങ്ങുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ വീട്ടിൽ തന്നെ ക്ലാസ്സ്‌ റെഡിയാക്കി.

അനാമിക നൃത്തവിദ്യാലയം എന്നൊരു ബോർഡും തൂക്കി ക്ലാസ്സ്‌ ശുഭ മുഹൂർത്തത്തിൽ ആരംഭിച്ചു.

പെൺ കുട്ടികൾക്കിടയിൽ ഒരു കുട്ടി കൃഷ്ണനായി മകനും ഓടിനടന്നു.

അങ്ങനെ നിരങ്ങിയും വലിഞ്ഞും ഏന്തിയും ചലിച്ചിരുന്ന ആ കുടുംബത്തിൽ പതിയെ വെളിച്ചം വീശിതുടങ്ങി.

എന്നിട്ടും ഒരു സന്തോഷത്തിനൊരു ദുഃഖം എന്നുപറഞ്ഞതു പോലെ പെട്ടന്നായിരുന്നു അമ്മയുടെ മരണം!

വീണ്ടും ഒറ്റപ്പെടലിന്റെ നൊമ്പരത്തിൽ തല കുനിഞ്ഞു തുടങ്ങി. വല്ലാത്ത ഒരു മടുപ്പ് ദേഹം മുഴുവനും അരിച്ചിറങ്ങി.

പക്ഷേ പഠിക്കാൻ വന്നിരുന്ന കുട്ടികളുടെയും വീട്ടുകാരുടെയും സഹകരണവും സ്നേഹവും വീണ്ടും ഉയർത്തെഴുന്നേൽപ്പിച്ചു.

അതോടെ ജീവിതത്തോട് തന്നെ വാശിയായി. ഇനിയും എന്നെ തട്ടികളിക്കാൻ ഞാനനുവദിക്കില്ല.. വീടിന്റെ ആധാരം ബാങ്കിൽ പണയം വെച്ച് കിട്ടിയ മോശമല്ലാത്തൊരു  തുകകൊണ്ട്  വീട് ആദ്യം അടച്ചുറപ്പുള്ളതാക്കി.

പിന്നെ വീടിന്റെ ഒരു ഭാഗം മുഴുവനും   ഡാൻസ് സ്കൂളിന്റെ എല്ലാവിധ മോടിയും പരിഷ്ക്കാരങ്ങളും  വരുത്തി പഴയതിലും കൂടുതൽ കുട്ടികളെയും കൊണ്ട് നാട്യ വിസ്മയങ്ങളുടെ ലോകത്തേക്കുളള ജൈത്ര യാത്ര തുടങ്ങാനുള്ള പുറപ്പാടിലായി.

അന്ന് വാശിയോടും വീറോടും തുടങ്ങിയ ഒറ്റയാൾ പോരാട്ടമാണ് ഇന്ന് സ്വന്തമായി ഒരു ഡാൻസ് സ്കൂൾ എന്ന സ്വപ്നത്തിൽ എത്തിനിൽക്കുന്നത്. 

ഇന്ന് നാലാൾ അറിയുന്ന ഒരു നൃത്താധ്യപിക ആണ്. മൂന്നാം ക്ലാസ്സിൽ പഠിക്കുന്ന മകനോടൊത്തു തനിച്ചുള്ള ജീവിത യാത്രയിൽ  മുന്നോട്ട് നയിക്കുന്നത് ആത്മവിശ്വാസം മാത്രമാണ്. പിന്നെ ഗുരുത്വവും!

കോളിങ് ബെല്ലിന്റെ മുഴക്കം കേട്ട് ചിന്ത വിട്ടുണരുമ്പോൾ വൈകുന്നേരത്തെ ക്ലാസ്സിന് നേരമായല്ലോ എന്ന് അപ്പോഴാണ് ഓർത്തത്..

വീണ്ടും ചിലങ്കയുടെ മണിനാദങ്ങൾ അവിടെ മുഴങ്ങാനാരംഭിച്ചു. ഒപ്പം പ്രതീക്ഷകളുടെയും പ്രയത്‌നത്തിന്റെയും താളമേളങ്ങളും!!

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ