"അമ്മക്കെന്താ...ഈ വെളുപ്പാൻ കാലത്ത്" അരിശം പൂണ്ടാണ് എഴുന്നേറ്റത്. വാതിലിന് ശക്തമായി അടിക്കുന്നു. നേരം പുലരുന്നതേ ഉണ്ടായിരുന്നുള്ളൂ. "മോനേ തുറക്ക്..." ശക്തമായ ഇടിയാണ്. വയസ് 80 ലധികം ആയി. ഇപ്പോഴിങ്ങനെയാണ് പെരുമാറ്റം. അനിയന്റെ കൂടെ തറവാട്ടിലാണ് താമസം.
എന്നാൽ പെട്ടെന്നുള്ള അനിയന്റെ മരണം വല്ലാതങ്ങ് തളർത്തിക്കളഞ്ഞു. പിന്നെ വല്ലാത്ത ഭയമാണ്...അവിടെ കിടക്കാൻ രാത്രി മോനേ...എന്നു വിളിച്ച് കരയും. അമ്മ ഇവിടെ നിന്നാ പോരെ? എന്തിനാ തറവാട്ടിൽ പോയി കിടന്നത്. ദേഷ്യം മറച്ച് പിടിച്ച് ഞാൻ ചോദിച്ചു. മോനേ...എന്റെ കാലിന് പാമ്പ് കടിച്ചു. ഞാൻ നോക്കുമ്പോൾ കാലിന് ചരട് കൊണ്ട് വരിഞ്ഞു കെട്ടിയിരിക്കുന്നു. ഇത്തരം തോന്നലുകളാണ് അമ്മയ്ക്ക്. ഡോക്ടർ പറഞ്ഞത് പ്രായത്തിന്റെ പ്രശ്നമാണെന്നാണ്. രാത്രി ഉറങ്ങുന്നതിനുള്ള ഗുളികയും തന്നു. ഈ തോന്നലുകൾക്കെല്ലാം എന്റെ സമാധാനത്തിന് ഒരു ചരട് ജപിച്ച് കയ്യിൽ കെട്ടി കൊടുത്തതാണ്. അതാണ് ഇപ്പോ കാലിൽ കെട്ടിയിരിക്കുന്നത്.
ഗുളിക കുടിച്ചില്ലേ അമ്മേ ഇന്നലെ? ആ കുടിച്ചു...അമ്മമ്മ കള്ളം പറയുകയാ അത് അവിടെ തന്നെ ഉണ്ട്. കൊച്ചുമകൾ സത്യം എന്നെ ബോധിപ്പിച്ചു. ഓഹ് ഈ അമ്മയെക്കൊണ്ട് തോറ്റു. അമ്മ കരയാൻ തുടങ്ങി. മോനേ നീ ശ്രദ്ധിക്കണം. നിന്നെ ആലോചിക്കുമ്പോ പേടിയാ അമ്മക്ക്. ഇനി ഒന്നും താങ്ങാൻ അമ്മയ്ക്കാവില്ല. ഓ...ഗുളിക അതിന് വല്ലാത്ത മണം. എനിക്ക് വേണ്ട. അതിൽ ആരോ എന്തോ വിഷം കുത്തിവച്ചിട്ടുണ്ട്. ഞാൻ അന്ധാളിച്ച് പോയി. ഒരിക്കൽ അമ്മ ഒരുച്ചക്ക് ഫ്രിഡ്ജിൽ നിന്നും അനിയന്റെ ഭാര്യ തലയിൽ ഇടാൻ വച്ച ഹെന്ന കൂട്ട് എടുത്ത് കാണിച്ചിട്ട് പറഞ്ഞു. ഇത് വിഷമാണ്, ഇത് തേച്ചിട്ടാണ് നമ്മുടെ പറമ്പിലെ തെങ്ങ് ഉണങ്ങുന്നത്. അവളാ ഇതിന് കാരണം. ഭർത്താവ് മരിച്ച വിഷമത്തിൽ നിൽക്കുന്ന അനിയന്റെ ഭാര്യ എന്തെങ്കിലും പറഞ്ഞ് പോയില്ലെങ്കിൽ അത് അൽഭുതമാണ്.
അമ്മ കുറച്ച് ചേട്ടന്റെ വീട്ടിൽ നിൽക്ക്, വീടുപണി കഴിഞ്ഞിട്ട് അമ്മയ്ക്ക് ഇവിടെ നിൽക്കാം. അമ്മയുടെ സാധനങ്ങൾ ഒക്കെ പാക്ക് ചെയ്തു ഞാൻ. ആ...അമ്മ രണ്ടാഴ്ചയായി പോയിട്ട് അവിടേക്ക്. എവിടെയോ ഒരു സങ്കടം, ഓർമയിൽ വിശന്ന് വലഞ്ഞ ഞങ്ങൾക്ക് അമ്മ നെല്ല് കുത്തി അരിയെടുക്കുന്ന ചിത്രം ഓർമ വന്നു. അത് വയറ് നിറയെ ഒരു നേരം കഴിക്കും. പിന്നെ അമ്മ കയറ് പിരിക്കും. ആ പൈസ കൊണ്ട് രണ്ട് മുട്ട വാങ്ങി മുട്ടക്കറി വെച്ചതും കുഞ്ഞായിരുന്ന അനിയൻ മടിയിൽ നിന്ന് അപ്രതീക്ഷിതമായി കഴിക്കാൻ എടുത്ത മുട്ടക്കറിയിലേക്ക് മൂത്രവർഷം നടത്തിയതും അമ്മയുടെ കണ്ണിൽ അത് കളയുമ്പോൾ പൊടിഞ്ഞ കണ്ണുനീരും ഓർമയിൽ മിന്നി വന്നു. വയലിലെ പൊരിഞ്ഞ വെയിലത്ത് നിന്ന് അമ്മ കയറി വരും. നെല്ലാണ് കൂലി...ഞങ്ങളുടെ വിശപ്പാറ്റുവാൻ. അച്ഛന്റെ തുച്ഛമായ കൂലി കൊണ്ടൊന്നും എവിടെയും എത്തില്ലായിരുന്നു.
പുഴ വക്കത്താണ് അമ്മയുടെ വീട്. അവിടെ പോകുമ്പോൾ കുഞ്ഞു കടത്ത് തോണിയിൽ കയറി വലയിട്ട് പുഴമീനെ പിടിച്ച് തന്നിട്ടുണ്ടമ്മ. പൊരിച്ച് മുമ്പിൽ വയ്ക്കും കഴിക്ക് മക്കളേ...ഇപ്പോ അമ്മയുടെ താളം തെറ്റിയ മനസ് ചിലപ്പോഴൊക്കെ ദേഷ്യപെട്ടു പോകാൻ കാരണമാകാറുണ്ട്. ഉടൻ തന്നെ നേരെ നടന്നു. ഏട്ടൻ ഉമ്മറത്തുണ്ട്. അവിടെ അമ്മ ഇരിപ്പുണ്ട്. മോനേ പണി ഒക്കെ കഴിഞ്ഞോ. അമ്മ അങ്ങോട്ട് വരട്ടെ അമ്മക്ക് തറവാട് വീടും തൊട്ടടുത്ത് നിക്കുന്ന എന്റെ വീടും നൂറു തവണ കയറി ഇറങ്ങണം എന്നാലേ സമാധാനം ആകൂ. ഇവിടെ അമ്മക്ക് അതൊന്നും നടക്കില്ല. കുറച്ച് ദൂരെ ആണല്ലോ. അമ്മ വാ നമുക്ക് പോകാം, ഞാൻ പറഞ്ഞതും അമ്മ കരയാൻ തുടങ്ങി. സന്തോഷം കൊണ്ട്...5 മക്കളെ പൊന്നുപോലെ വളർത്തിയ അമ്മക്ക് 2 പേർ നഷ്ടപെട്ടു എങ്കിലും ബാക്കിയുള്ള ഞങ്ങളുണ്ട്. എത്ര താളം തെറ്റിയാലെന്ത്? ഞങ്ങൾക്ക് താളമായ അമ്മയുടെ വിരലുകൾ എത്ര അധ്വാനിച്ചിട്ടുണ്ട്. മോനേ...നീ കണ്ടോ ഞാൻ പോയപ്പോ ഇവിടത്തെ നിന്റെ തേങ്ങ എണ്ണം കുറഞ്ഞത്? ആരോ കടത്തിക്കൊണ്ട് പോയതാ...ഞാൻ മറുപടി ഒന്നും പറഞ്ഞില്ല. അമ്മ അമ്മയുടെ ലോകത്താണ്. അവിടെ ഇപ്പോ അമ്മയ്ക്ക് ആധിയാണ്, മക്കളുടെ എല്ലാം ആരോ നഷ്ടമാക്കുന്നുണ്ട് എന്ന വെറും മനസിന്റെ തോന്നലിന്റെ നൊമ്പരപ്പെടുത്തുന്ന ആധി...