എഴുത്തുകാരുടെ ഒരു ഫേസ്ബുക് കൂട്ടായ്മയിലെ സാധാരണ മെമ്പരായിരുന്നു ജാനകി. വലിയ വലിയ എഴുത്തുകാരുടെയൊക്കെ പോസ്റ്റുകളൊക്കെ വായിച്ചും, ചിലതിനൊക്കെ കമന്റിയും, ലൈക്കിയും ആരോടും മിണ്ടാതെ അങ്ങിനെ കഴിഞ്ഞുകൂടവേയാണ് ഒരു പോസ്റ്റവളുടെ ശ്രദ്ധയില്‍പ്പെട്ടത്, മനസ്സ് കൈവിട്ടുപോകുമ്പോള്‍ വായിക്കാന്‍ പറ്റിയ ബുക്കുകളേതൊക്കെയാ,? ഏതോ ഒരു മെമ്പറിന്റെ പോസ്റ്റായിരുന്നു.
മനസ്സ് കൈവിട്ടു പോകുകയോ, ആ നേരം എങ്ങനെയാ ബുക്ക് വായിക്കാന്‍ സാധിക്കുക. പുരകത്തുമ്പോള്‍ ആരേലും വാഴവെട്ടുമോ, മനസ്സ് കൈവിട്ടാലങ്ങട് പോട്ടെ. അല്ലാതെ എന്തോന്ന് വായിക്കാനാ മാഷേന്ന് പോയി കമന്റാനവളുടെ വിരലുകള്‍ തരിച്ചതാ, 'കണ്‍ട്രോള്‍ മൈ ബ്യൂട്ടിഫുള്‍ ഗേള്‍' എന്നാരോ അവളുടെ മനസ്സിലിരുന്നു പറഞ്ഞതുകൊണ്ട് പെരുമ്പടവത്തിന്റെ കൃതി 'ഒരു സങ്കിര്‍ത്തനം പോലെ' എന്നെഴുതി അവളാ അദ്ധ്യായം അവസാനിപ്പിച്ചുവെങ്കിലും, വല്ലാത്ത ആകാംഷ, എന്തായിരിക്കും ആ പോസ്റ്റിന്റെ ഉടമസ്ഥന് സംഭവിച്ചിട്ടുണ്ടാകുക?
അവളുടെ വിരലുകള്‍ അയാളുടെ പ്രൊഫൈലുകളാകെ പരതുവാന്‍ തുടങ്ങി. നിരാശയുടെ പടുകുഴിയിലേക്ക് പതിക്കാനാഗ്രഹിക്കുന്ന ഒരു മനസ്സിനെ ജാനകിയവിടെ കണ്ടു. അരവിന്ദ് പ്രഭാകര്‍ എന്ന ആ പ്രൊഫൈലില്‍ നിറയെ വിഷാദം തുളുമ്പുന്ന വരികളോട് കൂടിയ ഒരുപാട് സ്റ്റാറ്റസുകള്‍ അവളവിടെ കണ്ടു.
“ഒരിക്കല്‍ പോലും പൂക്കാത്ത എന്റെ മുല്ലേ,
നിനക്കുവേണ്ടി ഞാനെന്നും കേഴുന്നു
നിറയെ തപ്തമായൊരു മനസ്സുമായ് ഞാനിന്നും നിന്നെ തേടുകയോ.”
നിറയെ കൊച്ചു കൊച്ചു കുറുപ്പുകളുമായൊരു പ്രൊഫൈല്‍. അതിനിടയില്‍ പുഞ്ചിരിക്കുന്നൊരു മുഖം അവള്‍ കണ്ടു. ഇത്രയും നന്നായി ചിരിക്കുന്ന ഇയാളെങ്ങിനെ ഈ നിരാശയുടെ തീരത്തെത്തിനില്‍ക്കുന്നു.
അവന്‍ നന്നായി എഴുതിയിരുന്നു. പലപ്പോഴായി അവന്റെ എഴുത്തുകളില്‍ അച്ചടിമഷി പുരണ്ടിരുന്നുവെന്ന് മനസ്സിലാക്കിയപ്പോള്‍, കൂടുതലവനെ അറിയണമെന്ന ചിന്തയാലവള്‍ കണ്ണും പൂട്ടി ഒരു റിക്വസ്റ്റ് അയച്ചു, കൂട്ടത്തിലൊരു മെസേജും അയച്ചു.
താങ്കള്‍ക്ക് എന്താണ് സംഭവിച്ചത്, പറയാന്‍ ബുദ്ധിമുട്ടില്ലയെങ്കില്‍ കേള്‍ക്കാന്‍ ഞാന്‍ തയ്യാറാണ്.. എന്നിട്ടവള്‍ തന്റെ പതിവ് ജോലികളില്‍ മുഴുകി.
വൈകുന്നേരത്തെ കോഫിക്കൊപ്പം, തന്റെ പതിവ് ഗുഡ്ഡേ ബിസ്ക്കറ്റും കഴീക്കവേയാണ് മെസേജ് നോട്ടിഫിക്കേഷന്‍ വരുന്നത്. വെറുതെ ഒന്നു നോക്കി ദേ മറുപടി വന്നിരിക്കുന്നു.
ഒരു മുഖവുരയും കൂടാതെ അവന്‍ പറഞ്ഞു, ഞാനാണ് മാടമ്പള്ളിയിലെ ആ മനോരോഗി, മനസ്സിനെ സ്വന്തം കൈപ്പിടിയാക്കാനാവാതെ കുറെയധികം മരുന്നുകളില്‍ അഭയം പ്രാപിച്ച കഥകള്‍ കേള്‍ക്കേ, ആദ്യം അത്ഭുതവും, പേടിയും തോന്നിയെങ്കിലും, പതിയെ പതിയെ അവളവനോട് സംസാരിച്ചു തുടങ്ങി, അവന്റെ ഓരോ വേദനകളിലും വരികളിലൂടെ അവളും സഞ്ചരിച്ചുകൊണ്ടിരുന്നു. തന്റെ ജീവിതമൊരു വലിയ പരാജയമാണെന്നവന്‍ പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു അവനവന്റെ മനസ്സിനെ ബലപ്പെടുത്തുവാന്‍ മരുന്നുകളെക്കാളും ഉത്തമം, സ്വയം മനസ്സിനെ ബലപ്പെടുത്താനുള്ള കഴിവ് നേടുകയെന്നതാണ്. ഇയാള്‍ക്ക് സംഭവിച്ചതും അങ്ങിനാവാം.
നിന്നെ മനസ്സിലാക്കുന്ന, ചേർത്ത് പിടിക്കുന്ന നിന്നോട് സംസാരിക്കുന്ന ഒരു നല്ല സുഹൃത്ത് ഇല്ലാത്തതാണ് നിന്റെ പരാജയ കാരണം. നീണ്ടയൊരു മൌനത്തിനുശേഷം അവന്‍ പറഞ്ഞു, "ശരിയാണ് എനിക്ക് വേണ്ടി സമയം ചെലവിടാനോ, എന്നെ കേള്‍ക്കുവാനോ ഇതുവരെ ആരും ഉണ്ടായിട്ടില്ല". ഏവരും എന്നെ കല്ലെറിയുവാനാണ് ശ്രമിച്ചത്. ആ ശ്രമത്തിനിടയില്‍ ഞാന്‍ തകര്‍ന്നു, എന്റെ കരിയര്‍, എന്റെ പ്രണയിനി എല്ലാം എല്ലാം ഞാന്‍ നഷ്ടപ്പെടുത്തിക്കൊണ്ടിരുന്നു. ഞാനൊരു പുറ്റിനുള്ളിൽ നിശ്ബദനായി. അതില്‍ നിന്നും രക്ഷപ്പെടാനാവാതെ മനസ്സിന്റെ വേവലുകളെ നിയന്ത്രിക്കാനാവാതെ ഞാനിന്നും... " അവന്‍ വാക്കുകള്‍ മുഴിമിപ്പിക്കാനാവാതെ നിര്‍ത്തി.
ചെറിയൊരു നിശബ്ദതയ്ക്ക് ശേഷം ജാനകി സംസാരിച്ചു തുടങ്ങി
"സുഹൃത്തേ, നീയാരാണെന്നോ, എന്താണെന്നോ എനിക്കറിയില്ല, എങ്കിലും പറയട്ടേ, നിന്നെ കേള്‍ക്കുവാന്‍ ഞാന്‍ തയ്യാറാണ്, എന്നില്‍ വിശ്വാസം ഉണ്ടെങ്കില്‍ മാത്രം, നല്ലൊരു സുഹൃത്താവാം
അപ്പോഴവന്‍ ചിരിക്കുന്ന ഒരു സ്മൈലി പറത്തിക്കൊണ്ട് പറഞ്ഞു,
"എന്നോട് അടുക്കാനൊരു സൌഹൃദങ്ങളും തയ്യാറാകുന്നില്ല. ഞാനെന്തെങ്കിലും പറഞ്ഞാല്‍ ഹാ അവന് വട്ടാ, ഇന്ന് മരുന്നു കഴിച്ചില്ല അതിന്റെയാണ് എന്നൊക്കെ പറയും, അതോടെ ഞാന്‍ നിശബ്ദനാകും"
പൊടുന്നനേ അവന്‍ ഓഫ് ലൈന്‍ ആയി, ചില നേരത്തെ നിശബ്ദത അതിഭീകരമായിരിക്കും. എന്തുകൊണ്ടോ ജാനകിയുടെ മനസ്സ് വേദനിക്കാന്‍ തുടങ്ങി. എന്നിട്ടും അവള്‍ പറഞ്ഞു, നീ തിരികെ വരുമ്പോള്‍ വായിക്കുമെന്ന് വിശ്വസിക്കുന്നു.
"നിനക്കെന്നെ വിശ്വാസമുണ്ടെങ്കില്‍ എന്റെ സുഹൃത്താകുക. ഞാനൊരിക്കലും നിന്നെ ചതിക്കില്ല, ഈ ലോകത്ത് എല്ലാവരും ഓരോ തരത്തിലുള്ള വിഷമഘട്ടങ്ങളിലൂടെ കടന്നു പോകുന്നവരാണ്. അവരെല്ലാം നിന്നെ പോലെ മരുന്നിലഭയം പ്രാപിക്കാന്‍ പോയാല്‍ ഈ ലോകം എന്താകും. ആദ്യം നമ്മുക്ക് വേണ്ടത് മാനസികബലമാണ് അതുണ്ടെങ്കില്‍ മറ്റെന്തിനെയും തരണം ചെയ്ത് ജീവിതത്തില്‍ വെളിച്ചം നിറയ്ക്കാന്‍ കഴിയും.
നീ ആദ്യം നിന്നെ സ്നേഹിക്കുക. നിന്നെ കുറ്റപറയുന്നവരെപ്പോലും ചിരിയോടെ നേരിടുക. ഒറ്റയ്ക്കാണെന്ന് ചിന്തിക്കുമ്പോഴാണ് മനസ്സ് കൈവിട്ടു പോകുന്നത്. നമ്മുടെ ജീവിതം സ്വയം ഹോമിക്കാനുള്ളതല്ല. അതിനു വേണ്ടിയല്ല നമ്മള്‍ ഈ ലോകത്ത് ജനിച്ചത്. എനിക്ക് ഒരുപാട് അറിവൊന്നുമില്ല. പക്ഷേ മറ്റുള്ളവരെ മനസ്സിലാക്കാന് ശ്രമിക്കാറുണ്ട്."
അവള്‍ പറഞ്ഞു നിര്‍ത്തി. അവനെ ഓണ്‍ ലൈന്‍ കാണാഞ്ഞതുകൊണ്ട് മറുപടി വന്നിട്ട് ബാക്കി ഉപദേശങ്ങള്‍ നടത്താമെന്ന് കരുതി അവളും മറ്റു ജോലികളിലേക്ക് തിരിഞ്ഞു.
മിക്കവാറും തന്റെ മെസേജുകള്‍ വായിച്ച് അവന്‍ വയലന്റാകുമോയെന്നൊരു ശങ്കയുണ്ടായിരുന്നുതാനും.. കുറച്ചു മണിക്കൂറുകള്‍ ശേഷം നോട്ടിഫിക്കേഷന്‍ സൌണ്ട് കേട്ട് വേഗമവള്‍ ഫോണെടുത്ത് നോക്കി. അതെ മറുപടി എത്തിയിരിക്കുന്നു.. സാവകാശം അവള്‍ മെസേജ് ബോക്സ് തുറന്നു...
അതിലിങ്ങനെ എഴുതിയിരുന്നു...
"If u have time i will tell u.i need a good friendship. This time i am alone"
ഇതിനു മറുപടിയായി അവളെഴുതി
"എനിക്കൊരു നല്ലൊരു സുഹൃത്തായിരിക്കാന് കഴിയുമൊയെന്ന് എന്നോട് കൂട്ടായി കഴിഞ്ഞ് ഇയാള് തീരുമാനിക്കുട്ടോ."
"ജീവിതം മനോഹരമാകണമെങ്കില്‍ ഒറ്റയ്ക്ക് എന്ന ചിന്ത കളയണം എനിക്ക് എല്ലാരുമുണ്ട് എന്ന് ചിന്തിച്ചു നോക്കിയേ, വേദനിപ്പിച്ചു പോയവരുണ്ടെങ്കില്‍ അവരെ അവരുടെ വഴിക്ക് വിടു..ഇനിയും എത്രയോ ദൂരം താണ്ടാനിരിക്കുന്നു"
അന്ന് മുഴുവന്‍ അവള്‍ ഒരു പരിചയവും ഇല്ലാത്ത അവനോട് സംസാരിച്ചു കൊണ്ടേയിരുന്നു.
അന്നത്തെ സംസാരം അവസാനിക്കുമ്പോള്‍ വളരെനാളുകള്‍ ശേഷം അവന്‍ ചിരിച്ചു തുടങ്ങിയിരുന്നു. "ഞാനിപ്പോള്‍ എന്റെ കോളേജ് കാലഘട്ടത്തിലെത്തിയപോലെ തോന്നുന്നു" എന്ന് അവന്‍ പറഞ്ഞപ്പോള്‍ അവള്‍ പറഞ്ഞു നമ്മള്‍ ഒരുമിച്ച് പഠിച്ചവരാണെന്ന് കരുതിക്കോളുയെന്ന്.
ഒരു പൊട്ടിച്ചിരിയോടെ അവന്‍ പറഞ്ഞു.
"ഞാന്‍ അരവിന്ദ്, അരവി എന്നാണ് എല്ലാരും വിളിക്കാറ്, നിനക്ക് ഇഷ്ടമുള്ളത് വിളിക്കാം എന്നെ, നീ പറഞ്ഞ വാക്കുകളില്‍ ഞാന്‍ കുറേ നാളുകള്‍ക്കു ശേഷം ചിരിക്കാന്‍ തുടങ്ങി വാക്കുകളുടെ വേലിയേറ്റം വന്നു പൂക്കള്‍ ചിരിക്കാന്‍ തുടങ്ങി ഞാന്‍ ഒറ്റപ്പെട്ടവന്റെ ജീവിതം ഉപേക്ഷിച്ചു."
അതെ അങ്ങിനെ അവിടെ വിശ്വാസത്താലധിഷ്ടതമായ ഒരു സൌഹൃദം ആരംഭിക്കുകയായിരുന്നു. ഓരോ ദിവസം കഴിയുംതോറും, അവളുടെ സാന്നിദ്ധ്യം കൊണ്ടും സംസാര ശൈലി കൊണ്ടും മരുന്നുകളില്‍ നിന്നും മുക്തി നേടാനും, മനസ്സിനെ നിയന്ത്രിക്കാനും അവന്‍ ശ്രമിച്ചുകൊണ്ടേയിരുന്നു. ഒരു ദിനം ഉണര്‍ന്നപ്പോള്‍ അവനിങ്ങിനെ എഴുതി..
"ഇന്നു ഞാനൊരു നല്ല കാര്യം ചെയ്തു"
"എന്താ", അവള്‍ ചോദിച്ചു
"ഇന്ന് ഞാനെന്റെ മരുന്ന് പെട്ടിയെടുത്ത് ആറ്റിലെറിഞ്ഞു."
സന്തോഷത്തോടെ അവള്‍ ചോദിച്ചു..
"അതിന് നിനക്ക് കഴിയുമോ?"
"കഴിയും ഇനിയൊരിക്കലും എനിക്കാ ജീവിതം വേണ്ട. നിന്റെ സാന്നിധ്യം നിന്റെ കൂട്ട് എന്നെ മനുഷ്യനാക്കി, ഇപ്പോഴെനിക്ക് പ്രാന്തന്‍ ചിന്തകളില്ല.. എല്ലാം സംയമനത്തോടെ നിയന്ത്രിക്കാന്‍ കഴിയുന്നു,
അച്ഛനും അമ്മയ്ക്കും സന്തോഷമാണ് അവര്‍ നിന്നെ കാണണമെന്ന് പറയുന്നു."
"ഒരുദിവസം ഞങ്ങള്‍ വരും നിന്റെ വീട്ടിലേക്ക്, എനിക്കെന്നോ കിട്ടേണ്ടിയിരുന്ന നല്ലൊരു സുഹൃത്തായോ, കൂടപ്പിറപ്പായോ, അതിലുപരിയായി അമ്മയെപ്പോലെയോ എന്നെ നിന്റെ ചിറകിനിടയില്‍ ചേര്‍ത്തു വെച്ചതിന് ഈ ജന്മമൊരു നന്ദിവാക്കിലൊതുക്കാനാവില്ല പെണ്ണേ...."
അതേ അരവിന്ദ് ചിരിച്ചു തുടങ്ങി ജീവിതത്തെ സ്നേഹിച്ചു തുടങ്ങിയിരിക്കുന്നു.
അവളുടെ മനസ്സും മിഴികളും സന്തോഷത്താല്‍ തിളങ്ങി.
ഒരാള്‍ എന്തെങ്കിലും കാരണത്താല്‍ ഒറ്റത്തുരുത്തിലകപ്പെട്ടാള്‍. അവരെ അറിയാനും, അവരെ മടിയേതുമില്ലാതെ കേള്‍ക്കാനും ഒരാളുണ്ടെങ്കില്‍ അവരൊരിക്കലും നിരാശയുടെ പടുകുഴിയിലേക്ക് വീഴില്ല.
ഒരു മരുന്നിന്റെയോ മന്ത്രത്തിന്റെയോ ആവശ്യം വരില്ല.
ശരീരത്തെ ബാധിച്ച രോഗാവസ്ഥയെപ്പോലെ അല്ല മനസ്സിനെ അസുഖം ബാധിച്ചാല്‍, അത് മാറണമെങ്കില്‍ കരുണയോടെയുള്ള ഒരു നോട്ടം മതിയാവും.
(ഈ കഥയിലെ കഥാപാത്രങ്ങള്‍ക്ക് ജീവിച്ചിരിക്കുന്നവരുമായി അഭേദ്യമായ ബന്ധമുണ്ട്... അവനോ അവളോ നിങ്ങളാവാം, മറ്റാരെങ്കിലുമാവാം)