mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

fudel lord

Binoby kizhakkambalam

ഇത് വളരെ നാളുകൾക്ക് മുൻപേ നടന്ന കഥയാണ്. അയിത്തവും നാടുവാഴിത്തവും എല്ലാം നിലനിന്നിരുന്ന കാലം. മൃഗങ്ങൾ വഴികളിലൂടെ തല ഉയർത്തി നടക്കുമ്പോൾ, മനുഷ്യൻ പൊന്ത  കാട്ടിലൂടെ  ഇഴഞ്ഞുനീങ്ങിയിരുന്ന കാലഘട്ടം...

ചുട്ടുപൊള്ളുന്ന വെയിലത്ത് ഇരു കൈകളും അടിവയറിനോട് ചേർത്തുവച്ച് തലകുമ്പിട്ട് നിൽക്കുകയായിരുന്നു കോരനും മകൻ രാമനും. കോലായിലെ ചാരുകസേരയിൽ മലർന്നു കിടന്നിരുന്ന തമ്പുരാൻ മുറ്റത്തേക്ക് ഒന്ന് നീട്ടി തുപ്പി. എങ്ങുനിന്നോ വന്ന ഇളം കാറ്റിൽ അതിന്റെ പകുതി ഭാഗവും രാമന്റെയും കോരന്റെയും  ദേഹത്ത് തന്നെ വീണു.

അരികിൽ നിന്നിരുന്ന കാര്യസ്ഥൻ ഇതുകണ്ട് ഉറക്കെ ചിരിച്ചു.

"നിന്റെ മോന് തമ്പുരാട്ടി കുട്ടികൾ വരുമ്പോൾ വഴിയിൽ നിന്നും മാറാൻ ഒക്കെ വലിയ വിഷമമാണ് അല്ലേ.... "

അതുകേട്ടതും കോരൻ  ഇരു കൈകളും കൂപ്പി തമ്പുരാനെ ദയനീയമായി നോക്കിക്കൊണ്ട് പറഞ്ഞു.

"ഒരിക്കലുമില്ല തമ്പ്രാ... അത് അവന്റെ അറിവില്ലായ്മ കൊണ്ട് സംഭവിച്ചു പോയതാണ്..... "

അതിനു മറുപടി ഒരു ആട്ടായിരുന്നു.

"അറിവില്ലായ്മ..... അവന് അറിവു കൂടിയതിന്റെ പ്രശ്നമാണ്.. അത് മാറ്റി കൊടുക്കാൻ എനിക്കറിയാം..... "

അതിന് കോരന് പെട്ടെന്ന് ഒരു ഉത്തരമുണ്ടായി.

"വേണ്ട തമ്പുരാനെ..... ഇപ്രാവശ്യത്തേക്ക് അടിയങ്ങളോട് പൊറുക്കണം... "

നട്ടുച്ച വെയിലിന്റെ കാഠിന്യത്തിൽ രാമന്റെയും, കോരന്റെയും കറുത്ത ശരീരത്തിലൂടെ വിയർപ്പുചാലുകൾ ഒഴുകാൻ തുടങ്ങിയിരുന്നു. ഇതെല്ലാം കേട്ട് നിൽക്കുമ്പോഴും രാമന്റെ ഉള്ളിൽ എന്തെങ്കിലും തിരിച്ചു പറയണമെന്ന് ആഗ്രഹമുണ്ടായിരുന്നു. പക്ഷേ പിറകിൽ ചാട്ടവാറുമായി നിൽക്കുന്ന തമ്പുരാന്റെ പണിക്കാരെ കുറിച്ച് ഓർത്തപ്പോൾ മനസ്സ് തെല്ലൊന്നു  ശങ്കിച്ചു.

പക്ഷേ താനും ആണാണെന്നുള്ള ചിന്ത രാമന്റെ മനസ്സിലേക്ക് പെട്ടെന്ന് കയറി വന്നു. അതുകൊണ്ടുതന്നെ ആ ചുണ്ടുകൾ അറിയാതെ ശബ്ദിച്ചു.

"എല്ലുമുറിയെ ഞങ്ങൾ പണിയെടുക്കുന്നില്ലേ തമ്പ്രാ... പണിക്കിടയിൽ തമ്പ്രാട്ടി കുട്ടികളും കൂട്ടുകാരികളും വരുന്നത് ഏൻ കണ്ടില്ല... "

രാമൻ തല ഉയർത്തിക്കൊണ്ടു പറഞ്ഞു.

"അപ്പോൾ നിന്റെ വായിലും നാവ് ഉണ്ട്.. അത് ഇങ്ങനെ പൊലയാട്ട് പറയാൻ മാത്രമേ തുറക്കുകയുള്ളൂ... "

തമ്പുരാൻ ഇത് പറഞ്ഞിട്ട് ചാട്ടവാറുമായി നിന്ന് തന്റെ പണിക്കാരെ നോക്കി. അതിന്റെ അർത്ഥം മനസ്സിലായ അവർ ചാട്ടവാർ രാമന്റെ നേരെ ആഞ്ഞുവീശി. വിയർപ്പ് കണങ്ങൾ ചാല് തീർത്ത പുറത്ത് ചാട്ടവാർ ആഞ്ഞു പതിച്ചു. അത് രണ്ടുമൂന്ന് ആവർത്തി അങ്ങനെ നടന്നു. രാമൻ വേദന കൊണ്ട് പുളഞ്ഞ് നിലത്തുവീണു. ഇതു കണ്ട കോരന്റെ വായിൽ നിന്നും ഒരു നിലവിളി ഉയർന്നു.

 ചാട്ടവാറിന്റെ അടി പുറത്തു വീണ ഭാഗത്ത് തൊലി ഉരിഞ്ഞു പോയിരുന്നു. അവിടെ ഒരു വെളുത്ത നിറം അവശേഷിച്ചു.

അതുകണ്ടതും തമ്പുരാനേയും കാര്യസ്ഥന്റെയും പൊട്ടിച്ചിരി അവിടെ മുഴങ്ങി.

"തമ്പുരാനോട് കളിക്കാൻ ഇറങ്ങിയിരിക്കുന്നു പൊലയന്റെ മക്കള്... നിന്റെ കറുത്തിരുണ്ട ശരീരത്തിൽ അടി കൊണ്ടപ്പോൾ തെളിഞ്ഞുവന്ന ആ വെളുത്ത നിറം ഇല്ലേ... അതാണ് ഞങ്ങളുടെ ശരീരം... നീയൊക്കെ വെളു ക്കണമെങ്കിൽ തൊലി മുഴുവൻ ഉരിയണം... എണീറ്റു പോടാ... "

ഇതു പറഞ്ഞിട്ട് തമ്പുരാൻ വീണ്ടും കാറി തുപ്പി. അത് രാമന്റെയും കോരന്റെയും ദേഹത്ത് തന്നെ വീണു.

കോരൻ മകനെ താങ്ങി എഴുന്നേൽപ്പിച്ച് തിരികെ നടന്നു. ചാട്ടവാറടി ഭാഗത്ത് ചോര പൊടിയാൻ തുടങ്ങിയിരുന്നു. കറുത്ത ശരീരത്തിൽ വെളുത്ത തൊലിയുടെ ഭാഗത്ത് ഇപ്പോൾ ചുവന്ന നിറമായി തുടങ്ങിയിരുന്നു.

മനസ്സിൽ നിറഞ്ഞുനിന്ന അമർഷത്തോടെ രാമൻ,അച്ഛനൊപ്പം മുന്നോട്ടു നടന്നു. പിറകിൽ നിന്ന് പൊട്ടിച്ചിരിയുടെ ശബ്ദം ഉയർന്നു കേൾക്കാമായിരുന്നു.

അപമാനിതനായി തല കുമ്പിട്ട് രണ്ടുപേരും മുന്നോട്ടു നടന്നു. കറുത്തവൻ ആയി ജനിച്ചതിനുള്ള പ്രതിഫലവും വാങ്ങി....

ഈ സമയം മരക്കൊമ്പിൽ ഇരുന്ന് കരയുന്ന ഒരു കാക്കയെ രാമൻ കണ്ടു. അതുതന്റെ വേദന കണ്ട് കരയുന്നത് പോലെ രാമന് തോന്നി. ആ കാക്കയിൽ നിന്ന് മുഖം എടുക്കാതെ തന്നെ രാമൻ മുന്നോട്ടു നടന്നു. തങ്ങൾ രണ്ടുപേർക്കും ഒരേ നിറമാണ്...... പക്ഷേ അവന് ഈ ലോകത്ത് പാറി പറന്നു നടക്കാൻ ആരുടെയും അനുവാദം ആവശ്യമില്ല.

ഈ സമയം മുതൽ രാമൻ, കാക്കകളെ ഇഷ്ടപ്പെടാൻ തുടങ്ങി. ഒരിക്കലും വെളുക്കാൻ കഴിയാത്ത രണ്ട് ജീവിതങ്ങൾ..... പക്ഷേ മനസ്സിലെ വെളുപ്പ് തിരിച്ചറിയാൻ കഴിയാത്ത ഒരു ലോകത്താണ് തങ്ങൾ ജീവിക്കുന്നത്. ആ ലോകത്തുള്ളവരാകട്ടെ പുറമേ വെളുപ്പും അകത്ത് കറുപ്പും ആയി കഴിയുന്നവരും.

വിയർപ്പ് കണങ്ങൾ ഒലിച്ചു തുടങ്ങിയപ്പോൾ, അടി കൊണ്ട ഭാഗത്തു വല്ലാത്ത നീറ്റൽ അനുഭവപ്പെടുന്നുണ്ടായിരുന്നു. ആ വേദനയും സഹിച്ച്, അച്ഛനൊപ്പം, രാമൻ മുന്നോട്ട് നടന്നു.

ഈ സമയം അവരുടെ തലയ്ക്കു മുകളിലൂടെ, ആ മരകൊമ്പിലിരുന്ന കാക്ക വട്ടമിട്ടു പറക്കുന്നുണ്ടായിരുന്നു.

(അവസാനമായി, ഇത് ഇന്നലയുടെ കറുപ്പിന്റെയും, വെളുപ്പിന്റെയും കഥയാണ്.... അടിമത്തവും, നാടുവാഴിത്തവും വഴി മാറി, നവോത്ഥാനത്തിന്റെ പുതിയ നൂറ്റാണ്ട് എന്ന് അഭിമാനപൂർവം പറയുന്ന ഈ കാലഘട്ടത്തിനുമുണ്ട് ഒരു കഥ പറയാൻ... അവിടെയുമുണ്ട് ഇതുപോലത്തെ തമ്പ്രാട്ടിക്കുട്ടികൾ.... അവർക്കും കറുപ്പ് കണ്ടാൽ കലിയിളകും..... ആ കലിയുടെ തിരയിളക്കത്തിൽ, അവർ ഭരതനാട്യവും, മോഹിനിയാട്ടവും ആടും.... അവൻ ഇന്ന് പ്രതികരിക്കും.... ആ പ്രതികരണത്തിൽ അവൻ മാത്രമല്ല.... ഈ സമൂഹം മുഴുവൻ കൂടെ ചേരും.... ഇതെല്ലാം കണ്ട് കരഞ്ഞുകൊണ്ട്, ഒരിക്കലും വെളുക്കില്ല എന്നുറപ്പുള്ള കാക്ക ആകാശത്തിലൂടെ വട്ടമിട്ടു പറക്കും.)

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ