മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

nannagadi

syam nadh

ആകാശത്തെ മറച്ചു നിൽക്കുന്ന ആരയാൽ വൃക്ഷത്തിന്റെ ചുവടെ, ജീവനറ്റു നിലത്തു വീണ ഇലകളൊരുക്കിയ കരിയില മെത്തയിൽ കേശവൻ തളർന്നു വീണു. കാലത്തിന്റെ കുത്തൊഴുക്കിൽപ്പെട്ട് ആഴിയിലേക്കാഴ്ന്നു പോയ പഴയൊരാചാരം തേടി, സംവത്സരങ്ങളുടെ ദൈർഘ്യമുള്ള രണ്ടു നാളുകൾ വിശ്രമമില്ലാതെ അയാൾ അലഞ്ഞു നടക്കുകയായിരുന്നു.

അങ്ങകലെ സൂര്യനിൽ നിന്നും ആകാശത്തെ കീറിമുറിച്ചു വരുന്ന രാക്ഷസ കിരണങ്ങളുടെ ഉയർന്ന താപത്തെ തടുത്ത്, ആ വൃക്ഷമേകിയ സുഖമുള്ള തണുപ്പെറ്റ് അയാൾ സ്വയമറിയാതെ നിദ്രയിലേക്ക് വഴുതി വീഴുകയായിരുന്നു.

ആഴമുള്ളാ നിദ്രയിൽ, ഓർമകളുടെ സാമുദ്രത്തിനടിതട്ടിൽ ഒളിപ്പിച്ചു വച്ച, ബാല്യകാലത്തിലെ കറുത്ത ദിനത്തിലേക്കയാൾ സ്വപ്ന വാതിലിലൂടെ തെറിച്ചു വീണു.

കുഞ്ചു കുട്ടി മുത്തശ്ശിയുടെ എൻപതാം പിറന്നാളാണന്ന്. വെള്ള വലിച്ചു മോഡി പിടിപ്പിച്ച നാലുകെട്ടിന്റെ മുറ്റത്ത് വലിയൊരു പന്തലുയർന്നു. അടുക്കള പുറത്ത് സദ്യവട്ടങ്ങളൊരുക്കുന്ന തിരക്കാണ്. എട്ട് കൂട്ടം കറികളും രണ്ടു കൂട്ടം പായസവുമുണ്ടന്ന് കേൾക്കുന്നു. നാട്ടുകാർക്ക് മൊത്തം സദ്യ വിളമ്പുന്നുണ്ടത്രേ.

കുഞ്ചുകുട്ടി മുത്തശ്ശിയുടെ എൺപതാം പിറന്നാൾ അത്ര കേമമായി ആഘോഷിക്കുന്നത് കണ്ടപ്പോൾ കേശവന് അത്ഭുതം തോന്നി. കേശവനങ്ങനെ അത്ഭുതപ്പെട്ടതിൽ തെറ്റ് പറയാൻ പറ്റില്ല.കാരണം, കഴിഞ്ഞ കുറച്ചു ദിവസങ്ങളിൽ കുഞ്ചു കുട്ടി മുത്തശ്ശിയോടുള്ള ബന്ധുക്കളുടെ പെരുമാറ്റമൊന്ന് ഓർത്താൽ ആർക്കായാലും ആ സംശയം തോന്നി പോകും.

"വയസാം കാലത്ത് മനുഷ്യനെങ്ങിനെ ബുദ്ധിമുട്ടിക്കാതെ ഇതിനൊന്ന് ചത്തൊടുങ്ങിക്കൂടെ. "

കുഞ്ചുകുട്ടി മുത്തശ്ശി കിടക്കുന്ന മുറിയിൽ തന്നെ വിസർജനം ചെയ്തത് വൃത്തിയാക്കി തിരിച്ചു വരുമ്പോൾ അമ്മ പറഞ്ഞ വാക്കുകൾ സ്വല്പം കടുത്തു പോയതു പോലെ തോന്നി. അത്രയുമൊക്കെ പറയേണ്ട കാര്യമുണ്ടോ? ഒരു കാലത്ത് അവർ കുഞ്ഞായിരുന്നപ്പോൾ, അവരും ഇങ്ങനെ ചെയ്തിരുന്നില്ലേ? അത് വൃത്തിയാക്കുമ്പോൾ കുഞ്ചുകുട്ടിയും അങ്ങനെ കരുതിയിട്ടുണ്ടാവുമോ? ഒരമ്മക്കും അതിനു കഴിയില്ല. മകളും അതൊന്ന് ഓർത്താൽ മതിയായിരുന്നില്ലേ? അവരും ഒരമ്മയല്ലേ? ഒരമ്മയുടെ വേദന അവർക്ക് മനസ്സിലാക്കാൻ കഴിയുകയില്ലേ? 

കുഞ്ചുകുട്ടി മുത്തശ്ശിയുടെ മുതുകു വളഞ്ഞ് തല നിലത്തു മുട്ടാറായിരുന്നു. അവരെന്നാലും എഴുന്നേറ്റ് നടക്കും. തെന്നി വീഴും. അങ്ങനെ സഹികെട്ടാണ് മുത്തശ്ശിയെ താഴത്തെ അറയിൽ പൂട്ടിയിടാൻ തുടങ്ങിയത്. കഴിഞ്ഞ ഏതാനും മാസങ്ങളിൽ അവരെ ആരും പുറത്ത് കണ്ടിരുന്നില്ല. എൺപതാം പിറന്നാൾ ദിനത്തിൽ, അത്രയും താകൃതിയായി ആഘോഷം നടക്കുന്നുണ്ടെങ്കിലും, അന്നും കുഞ്ചു കുട്ടി മുത്തശ്ശി താഴത്തെ അറയിൽ തടവിലായിരുന്നു.

ആഘോഷ വേളയിൽ ആൾ തിരക്കിന്റെ ഇടയിലൂടെ ഓടി നടക്കുമ്പോൾ കേശവൻ ആരോ പറയുന്നത് കേട്ടു. അന്ന് കുഞ്ചു കുട്ടി മുത്തശ്ശിയുടെ നന്നങ്ങാടിയാണെന്ന്. നന്നങ്ങാടിയെന്നത് എന്തെന്ന് കേശവന് സംശയം. കേശവൻ വല്ല്യേടത്തിയോട് ചെന്ന് ചോദിച്ചു. വല്യേടത്തി ആദ്യമൊന്ന് പരിഭ്രമിച്ചു.പിന്നെ വളരെ ആലോചിച്ച് ഉത്തരം നൽകി.വല്യേടത്തി നന്നങ്ങാടിയെ വിശേഷിപ്പിച്ചത് ഇങ്ങനെയാണ്.

"മൃത്യു ദേവനായ ഭീമശാസനന്റെ ദൃഷ്ടിയിൽപ്പെടാതെ മരണത്തിൽ നിന്നും ഒഴിഞ്ഞു മാറിയ ചില മനുഷ്യ ജന്മങ്ങളുണ്ട്. മുതുകു വളഞ്ഞ് തല നിലത്ത് മുട്ടി നടക്കുന്ന അവർ മുജന്മത്തിൽ കൊടും പാപം ചെയ്തവരാണ്. അങ്ങനെ പാപം ചെയ്ത ജന്മങ്ങളെ അവരുടെ പാപത്തിൽ നിന്നും മോചിപ്പിച്ച് സ്വർഗവതിലേക്ക് എത്തിക്കുന്ന വാഹനമാണ് നന്നങ്ങാടി. "

വല്യേടത്തിയുടെ വാക്കുകൾ കേട്ടപ്പോൾ കേശവന് കൗതുകം വർധിച്ചതേയുള്ളു. അവന് നന്നങ്ങാടി കാണണം. മുത്തശ്ശി സ്വർഗ്ഗത്തിന്റെ വാതിൽക്കലേക്ക് പോകുന്നതെങ്ങനെ എന്ന് നേരിട്ടു കാണണം.പക്ഷെ തെക്കേ പറമ്പിലേക്ക് കുട്ടികൾ കയറുന്നതിനന്ന് വിലക്കായിരുന്നു. സൂര്യ കിരണങ്ങളെ വിരട്ടിയോടിച്ചു കൊണ്ട് അന്തകാരം ആ ഗ്രാമത്തിൽ ഒന്നാകെ വ്യാപിച്ചു.

 തെക്കേ പറമ്പ്.

ഒരു കളമൊരുക്കി. പേരു കേട്ട, ദേവലോകത്തേക്ക് വരെ പ്രശസ്തി ചെന്നെത്തി എന്ന് ചിലർ പാടി പുകഴുത്തുന്ന പത്മനാഭൻ നമ്പൂതിരിയാണ് കർമ്മി. നെറ്റിയിൽ ചന്ദന കുറി ചാർത്തി നെഞ്ചിൽ മുഴുവൻ രോമങ്ങളാൽ മൂടിയ, കരിവീട്ടി പോലെ കറുത്ത ഒരു സുന്ദരനാണ് പത്മനാഭൻ നമ്പൂതിരി.

പറമ്പിന്റെ നടുക്കിലായൊരുക്കിയ അഗ്നി കുണ്ഠത്തിന്റെ മുന്നിലിരിന്ന് പത്മനാഭൻ മന്ത്രങ്ങളുരുവിട്ട് ഉരുകിയ നെയ്യ് അഗ്നിയിൽ ഹോമിച്ച് കൈകൾ കൂപ്പി ആകാശത്തേക്ക് നോക്കി തൊഴുതു. തെക്കേ പറമ്പിലേക്ക് വരുന്നതിന് കുട്ടികൾക്കുണ്ടായിരുന്ന ശക്തമായ എതിർപ്പുകളെ അവഗണിച്ച് കേശവൻ തെക്കേപറമ്പിലെ വാഴകൾക്കിടയിൽ ചെന്നൊളിച്ചിരുന്നു.

കുമ്പാരന്മാരാൽ പണിതു തീർന്ന നന്നങ്ങാടി മൂന്ന് തടിയന്മാർ ചേർന്ന് പൊക്കി കൊണ്ടു വന്ന് നടുക്ക് വച്ചു. ഒരു വലിയ മൺകുടം. നമ്പൂതിരി മൺകുടത്തിൽ ഭസ്മം ചാർത്തി. പൂക്കളെറിഞ്ഞു. അഗ്നി കൊണ്ടുഴിഞ്ഞു. മൂന്ന് പ്രാവശ്യം വലം വച്ചു.

കുഞ്ചു കുട്ടി മുത്തശ്ശിയെ താങ്ങി പിടിച്ചു കൊണ്ട് നാലുപേർ വന്നു. മുത്തശ്ശിയെ നടുക്ക് കിടത്തി. അവരെ കുളിപ്പിച്ചിരുന്നു. ഒരു വൃത്തിയുണ്ട് കാണാൻ. നല്ല ചേല ചുറ്റിയിരുന്നു. അവർ കിടക്കുകയാണ്. അനങ്ങാൻ ശ്രമിക്കുന്നുണ്ട്. നമ്പൂതിരി അവരുടെ മേലേ അല്പം പുണ്യാഹം തളിച്ചു. പറമ്പിനു ചുറ്റും നിൽക്കുന്ന മനുഷ്യർ ഭക്തിയോടെ തൊഴുതു നിന്നു.

" വെള്ളം കൊടുക്കാനുള്ളവർ വെള്ളം കൊടുക്കുക. "

നമ്പൂതിരി പറഞ്ഞു. അമ്മ വന്നു മുത്തശ്ശിയുടെ നാവിലേക്ക് ദാഹജലം ഒറ്റിച്ചു നൽകി. അവരത് ആർത്തിയോടെ കഴിക്കുന്നതായി തോന്നി. ചെറിയമ്മ വന്നു, ചെറിയച്ഛൻ വന്നു, അച്ഛനും അമ്മാവനും അമ്മായിയും വല്യച്ഛനും വല്യേടത്തിയും ഏട്ടനും വെള്ളം കൊടുത്തു. 

ചടങ്ങ് അവസാന ഘട്ടത്തിലേക്ക് പ്രവേശിക്കുന്നു. നമ്പൂതിരി എഴുന്നേറ്റു. തെക്കേപറമ്പിൽ കുത്തിയിട്ടിട്ടിരുന്ന കുഴിയിൽ തടിയന്മാർ നന്നങ്ങാടി വച്ചു. വയഭാഗം മാത്രം തുറന്നു വച്ച് ബാക്കി മുഴുവനായും മണ്ണിട്ടു മൂടി. കുഞ്ചു കുട്ടി മുത്തശ്ശിയെ തടിന്മാർ ചേർന്ന് പൊക്കിയെടുത്ത് കുഴിയിൽ വയ്ക്കുമ്പോൾ അമ്മയും ചെറിയമ്മയും വല്യേടത്തിയും അമ്മായിയും വാവിട്ടു നിലവിളിച്ചു. വയഭാഗം മണ്ണിട്ടു മൂടി. ചടങ്ങ് തീർന്ന്. മുത്തശ്ശി സ്വർഗ്ഗവാതിൽക്കൽ എത്തുന്നതിനു മുന്നേ കേശവന്റെ ബോധം ക്ഷയം വന്ന് നിലം പതിച്ചു.

മൃത്യു ദേവന്റെ ദൃഷ്ടിയിൽ പെടാതെ മരണത്തിൽ നിന്നും ഒഴിഞ്ഞു മാറിയ മനുഷ്യ ജന്മങ്ങൾ മുൻ ജന്മത്തിൽ കൊടും പാപം ചെയ്തവരാണ്. സംവത്സരങ്ങൾക്ക് മുന്നേ അങ്ങനൊരു വിശ്വാസം ഉണ്ടായിരുന്നു. അങ്ങനെയുള്ള മനുഷ്യർക്ക് ശപമോക്ഷം ലഭിക്കാനാണ് നന്നങ്ങാടി എന്ന ചടങ്ങ് നടത്തിയിരുന്നത്.

പക്ഷേ, അന്തവിശ്വാസത്തിൽ ഒളിപ്പിച്ചു വച്ച സത്യത്തെ ചികഞ്ഞെടുത്തു കഴിഞ്ഞാൽ കാണാം. നന്നങ്ങാടിയുടെ യഥാർത്ഥ ഉദ്ദേശം.

കേശവൻ നിദ്രയിൽ നിന്നും യഥാർത്ഥ ലോകത്തിലേക്ക് തിരിച്ചെത്തിയപ്പോഴേക്കും ഉച്ചിയിൽ നിന്നിരുന്ന സൂര്യൻ പടിഞ്ഞാറോട്ടെത്തി വാനിൽ ചുവന്ന പരവധാനി വിരിച്ചു. നിലത്ത് കൈയൂന്നി എഴുന്നേറ്റയാൾ മരത്തിൽ ചാരി അൽപനേരം കൂടിയിരുന്നു. പിന്നെ തന്റെ കറുത്ത ശീലക്കുടയെടുത്ത് എഴുന്നേറ്റു നടന്നു. ലക്ഷ്യ സ്ഥാനമേതെന്നറിയാതെ ഉള്ള ആ യാത്ര തുടർന്നു.

ടാറിട്ട റോഡിലൂടെ കാൽപാദങ്ങൾ വലിച്ചു കൊണ്ടു പോയ ദിശയിലൂടെ സഞ്ചരിച്ച് അയാൾ അവസാനം ലക്ഷ്യ സ്ഥാനത്ത് എത്തിപ്പെട്ടു. വെള്ള നിറത്തിലുള്ള മതിലിന്റെ ഗെയ്റ്റിന് മുകളിൽ "നന്നങ്ങാടി " എന്ന് എഴുതിയത് വായിച്ചപ്പോൾ അയാളുടെ മനം സന്തോഷം കൊണ്ട് മതിമറന്നു തുള്ളിച്ചാടി. ഗൈറ്റ് തുറന്ന് കേശവൻ അകത്തേക്ക് കടന്നു. അതിന്റെ സ്ഥാപകനായ ഒരു യുവാവ് കിളികൾക്ക് ദാഹമകറ്റുവാനായി ഒരു പാത്രത്തിൽ വെള്ളം നിറക്കുകയായിരുന്നു. ശീലക്കുടയും വീശി സംശയത്തോടെ നടന്നു വരുന്ന കേശവനെ കണ്ടപ്പോൾ ആ യുവാവ് കാര്യമനേഷിച്ചു.

"ഞാൻ നന്നങ്ങാടി അന്വേഷിച്ച് കുറച്ചു ദൂരെ നിന്നും വരുകയാണ്. "

ആ യുവാവ് വൈദ്യുത വിളക്കിന്റെ സ്വിച്ചിട്ടു. അന്തകാരത്തെ വകഞ്ഞു മാറ്റി വൈദ്യുത വിളക്കുകൾ പ്രകാശിച്ചു. അയാൾ കേശവനെ അകത്തേക്കു ക്ഷണിച്ചു. ഇരുവരും ഓഫീസിൽ, ഒരു ഇടുങ്ങിയ മുറിയിൽ ചെന്നിരുന്നു.

"അമ്മക്ക് പ്രായം കുറെ കടന്നു പോയിരിക്കുന്നു. നിങ്ങൾക്കറിയാമല്ലോ. കൊടും പാപം ചെയ്തവരാണ് ഇത്രയും കാലം ജീവിക്കുക. അവർക്ക് ദൈവം നരകമാണ് കരുതി വച്ചിരിക്കുന്നത്. എന്റെ അമ്മയെ സ്വർഗത്തിലേക്ക് എത്തിക്കണം. അതിനു വേണ്ടിയാണ് ഞാൻ ഇത്ര ദൂരം യാത്ര ചെയ്ത് വന്നത്. "

അയാളുടെ മെലിഞ്ഞ മുഖത്ത് തെളിഞ്ഞ നിസ്സഹായതയുടെ ഭാവം കൃത്രിമമായി വരുത്തിയതാണോ എന്ന് ആ യുവാവിന് സംശയം തോന്നി. അയാൾ ഒരു ക്ഷമാപണത്തോടെയാണ് മറുപടി പറയാൻ ആരംഭിച്ചത്.

"പ്രിയ സുഹൃത്തേ, ക്ഷമിക്കുക. നിങ്ങൾ അന്വേഷിച്ചു വന്ന, പാപികൾക്ക് പാപ മോക്ഷം നൽകാനായി ഉതകുന്ന നനങ്ങാടി അല്ല ഇതെന്ന് വ്യസനത്തോടെ ഞാൻ അറിയിക്കുന്നു. പഴയതിൽ നിന്നും രൂപത്തിലും ആചാരത്തിലും മാറ്റം വന്ന പുതിയ കാലത്തിന്റെ നന്നങ്ങാടിയാണിത്. രണ്ടിന്റെയും ഉദ്ദേശം ഒന്ന് തന്നെ. കുടുംബത്തിന് ഭാരമായി തോന്നിയ വൃദ്ധ ജനങ്ങളെ ഉപേക്ഷിക്കാൻ ഒരിടം. ഈ കാലത്ത് ഇതിനെ വൃദ്ധ സധനങ്ങൾ എന്ന് വിളിക്കുന്നു."

രൂപത്തിലും നാമത്തിലും മാറ്റം വന്ന പുതിയ നന്നങ്ങാടിയല്ലേ വൃദ്ധ സധനങ്ങൾ.

നിങ്ങൾ അമ്മക്ക് ശപമോക്ഷം ലഭിക്കാനായിട്ടാണ് എത്തിയതെങ്കിൽ നിങ്ങൾക്ക് മടങ്ങാം. എനിക്ക് നിങ്ങൾക്കായി ഒന്നും ചെയ്യാൻ സാധിക്കില്ല. മറിച്ച്, നിങ്ങക്ക് നിങ്ങളുടെ അമ്മയൊരു ബുദ്ധിമുട്ടായി തോന്നുന്നെങ്കിൽ. അവരെ ഉപേജ്ഷിക്കുവാനായി ഒരിടമാണ് ഉദ്ദേശിക്കുന്നതെങ്കിൽ, നിങ്ങളെ എനിക്ക് സഹായിക്കാനാവും.

അതാണ് നിങ്ങളുടെ ആഗ്രഹമെങ്കിൽ നിങ്ങൾക്കീ ഫോം പൂരിപ്പിക്കാം "

ആ യുവാവ് കേശവന്റെ നേരെ മുന്നിൽ മേശയുടെ മുകളിലായി ഒരു ഫോം വച്ചു. കേശവൻ അതിനെ കുറിച്ച് ഗാഢമായി ചിന്തിക്കുകയായിരുന്നു. നിമിഷ നേരത്തിൽ അതിനുള്ള ഉത്തരം കണ്ടെത്തി യുവാവിന്റെ കയ്യിൽ നിന്നും ഫോം വാങ്ങുമ്പോൾ, അയാളുടെ തലയിൽ മുളച്ചു പൊന്തിയ ഒരു നരച്ച രോമം വായ പൊത്തി ചിരിക്കുന്നുണ്ടായിരുന്നു.

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ