mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

Shamseera Ummer

തൻ്റെ വീടിൻ്റെ ഉമ്മറത്ത് താടിക്ക് കയ്യും കൊടുത്ത് ചിന്തയിലാണ്ടിരിക്കുകയാണ് കദീജ.  നീണ്ട നെടുവീർപ്പുകളോടെ തലയിടക്കിടെ ആട്ടുന്നുമുണ്ട്.

"ന്താ കയ്ജൂ അനക്കൊരാലോചന "? ശബ്ദം കേട്ട് തിരിഞ്ഞു നോക്കിയ കദീജ കഴുത്ത് മാത്രം പുറത്തിട്ട് മതിലിനപ്പുറത്ത് നിൽക്കുന്ന അയൽവാസി നബീസുവിനെയാണ് കണ്ടത്. "ഏയ് ഒന്നുമില്ല നബീസു " ... കദീജ പറഞ്ഞു.

"ജ്ജെന്നോട് കള്ളം പറയണ്ട പെണ്ണെ.... നിൻ്റെ മുഖം കണ്ടാലറിഞ്ഞൂടെ എന്തോ ഉണ്ടെന്ന്? അല്ലാ ഒരു കാര്യം ചോദിക്കാൻ വിട്ടു പോയി, കാലത്തെന്തായിരുന്നു ഇവിടെ നിന്നൊരൊച്ചയും ബഹളവും കേട്ടത്? "അയൽപക്കക്കാരി എന്നതിനേക്കാൾ തൻ്റെ ചങ്ക് കൂട്ടുകാരി കൂടിയായ നബീസു വിൻ്റെ വാക്ക് കേട്ട കദീജ പറഞ്ഞു " നീയും കേട്ടല്ലേ ... ഒരു പ്രശ്നമുണ്ട് നബീസൂ നീയൊന്നിങ്ങോട്ട് വാ ഞാൻ പറയാം..."

ഉടനെ നബീസു പാഞ്ഞെത്തിക്കൊണ്ട് പറഞ്ഞു "ജ്ജ് മൻസനെ മക്കാറാക്കാതെ കാര്യം പറ പെണ്ണെ"

"നബീസൂ .... എനിക്കൊരു സംശയം ൻ്റെ അനസിന് എന്തോ കുഴപ്പമില്ലേ ... ന്ന്? അനക്കങ്ങിനെയെങ്ങാൻ തോന്നിയോ?" കദീജ ചോദിച്ചു. "ന്താ ൻ്റെ കയ്ജൂ യ്യി പറേന്നത്? അൻ്റെ മൂന്ന് മക്കളിൽ ഏറ്റവും മിടുക്കനല്ലെ അനസ്? അവനെന്ത് കുഴപ്പം ന്നാ യ്യ് പറേന്നത്?" അതിശയത്തോടെ നബീസു ചോദിച്ചു.

"നീ പറയുന്നതൊക്കെ ശരിയാ എന്നാലും ഈയിടെയായി അവനെന്തോ മാറ്റമുണ്ട്. നിനക്കറിയില്ലേ ഞാനെങ്ങിനെയാ എൻ്റെ മക്കളെ ഈ കൊറോണക്കാലത്ത് സംരക്ഷിച്ചിരുന്നതെന്ന്? ഒന്നും രണ്ടും മാസ്കൊക്കെയിട്ട് തരാ തരം സാനിറ്റൈസർ വാങ്ങിക്കൊടുത്ത് അത്രയും ശ്രദ്ധിച്ചിട്ടല്ലേ? ഇന്ന് അനസ് കോളേജിൽ പോകുമ്പോ ഒരു പഴയ സർജിക്കൽ മാസ്കിട്ടാ പോയത്. ഇതെന്താ പഴയത് എന്ന് ചോദിച്ചപ്പോ അവനെന്നോട് പറയാ അവന് വേറെ മാസ്കില്ലെന്ന് ..... അതിനാ ഇന്നിവിടെ വഴക്ക് നടന്നത്." കദീജ പറഞ്ഞു നിർത്തി.

"ഇതാണോ ഇത്ര വലിയ പ്രശ്നം? ഒരു പുതിയ മാസ്ക് വാങ്ങിയാൽ തീരുന്ന പ്രശ്നമല്ലെയുള്ളൂ... ഇതിനാണോ നീ അവനെന്തോ കുഴപ്പമാണെന്നൊക്കെ പറഞ്ഞത്?എന്ന നബീസുവിൻ്റെ മറുപടി കേട്ടതും കദീജ പറഞ്ഞു. "നീയിതെന്തറിഞ്ഞിട്ടാ ൻ്റെ നബീസൂ ഈ വീട്ടിൽ ഏറ്റവും കൂടുതൽ മാസ്കുള്ളതവനാ ... പല നിറത്തിലും പല പല മോഡലുകളിലുമുള്ള പല തരം മാസ്കുകൾ... ഇടക്കിടെ അതെടുത്ത് നിവർത്തി വീണ്ടും മടക്കി മുഖത്ത് വച്ചമർത്തി എടുത്ത് വക്കുന്നതൊക്കെ കാണാം. കുറച്ച് ദിവസം മുമ്പവൻ പുറത്ത് പോയപ്പോ മാസ്കെടുക്കാൻ മറന്നു, ഒന്നു വാങ്ങട്ടെ എന്ന് ചോദിച്ച് പോയി വാങ്ങി വന്ന മാസ്കിൻ്റെ വില കേൾക്കണോ? 75 രൂപ..... 20 ൻ്റ വാങ്ങിയാൽ പോരായിരുന്നോ എന്ന് ചോദിച്ചപ്പോ അവൻ പറയാ 150 -ൻ്റെ വാങ്ങണമെന്നായിരുന്നു ആഗ്രഹം. അതില്ലാത്തതു കൊണ്ടാണെന്ന്. ഇനി നീ തന്നെ പറ നബീസൂ ... അവനെന്തോ കുഴപ്പമില്ലേ?"

"നീ പറഞ്ഞത് ശരിയാട്ടോ അല്ലെങ്കിപ്പിന്നെ ഇത്രേം മാസ്കുള്ള അവനെന്തിനാ ഇനിയും?അല്ലെ ടീ കദീജൂ.. ഇതിനി മറ്റേതാണോ?"നബീസു ആലോചനയോടെ ചോദിച്ചു?

"എന്ത്?" കദീജ തിരിച്ചും ചോദിച്ചു.

"പ്രേമം"

പെട്ടന്നുള്ള നബീസുവിൻ്റെ വാക്ക് കേട്ട് കദീജയുടെ കണ്ണ് രണ്ടും തള്ളി ഇപ്പോ പുറത്തേക്ക് വീഴും എന്ന മട്ടിലായി.... "പ്രേമമൊക്കെ മനുഷ്യർ തമ്മിലല്ലേ നബീസൂ ....മാസ്കിനെയൊക്കെ ആരെങ്കിലും പ്രേമിക്കുമോ? കദീജുവിൻ്റെ വിഷമത്തോടെയുള്ള ചോദ്യം കേട്ട നബീസു പറഞ്ഞു ."നീയീ ലോകത്തൊന്നുമല്ലേ ജീവിക്കുന്നത്? ഇപ്പോഴത്തെ കുട്ടികളുടെ കാര്യം പറയാതിരിക്കാ ഭേദം .... പുല്ലിനെയും പൂവിനെയും പട്ടിയെയും പൂച്ചയെയും എല്ലാം അവര് പ്രേമിക്കും.... ഇപ്പോഴത്തെ പ്രേമം ഒരു തരം പിരാന്താ പെണ്ണെ.... നിൻ്റെ മോൻ്റെയും പ്രശ്നം അതു തന്നെയായിരിക്കും... "

നബീസുവിൻ്റെ സംസാരം കേട്ട കദീജ നിഷേധാർത്ഥത്തിൽ തലയാട്ടിക്കൊണ്ടിരുന്നു. "നീ വിഷമിക്കണ്ട ടീ ... ഇതൊന്നും നമ്മുടെ മക്കളുടെ പ്രശ്നമല്ല... ആ ചൈനയിൽ നിന്നും വന്ന മുസീബത്ത് പിടിച്ച കൊറോണ കാരണം ലോകം മൊത്തം പല തരം പ്രശ്നങ്ങളല്ലേ ...കദീജയെ ചേർത്ത് പിടിച്ച് നബീസു പറഞ്ഞു.

"ആണോ നബീസൂ ഇതിനെല്ലാം കാരണം കൊറോണയാണോ? ഞാനിനിയെന്ത് ചെയ്യും പടച്ചോനെ ...."കദീജ വിലപിച്ചു. "പിന്നല്ലാതെ ഈ കൊറോണ ഒരു ശൈത്താനാണ്. അത് നമ്മുടെ മക്കളുടെ മനസ്സിലും ശരീരത്തിലും കയറിക്കൂടി അവരെക്കൊണ്ട് ഓരോന്ന് ചെയ്യിക്കാ ടീ .... നീയൊരു കാര്യം ചെയ്യ്.. നമ്മുടെ പള്ളിയിലെ ഉസ്താദിനെക്കൊണ്ട് ഒരു നൂല് മന്ത്രിച്ച് കെട്ടിക്ക് നീ .... ആ നൂലിൽ നിൽക്കാത്ത ഒരു പ്രേമ പിരാന്തുമില്ലെടീ.... "ഒരു കൊറോണ ശാസ്ത്രജ്ഞയെപ്പോലെ നബീസു പറഞ്ഞു നിർത്തി. "ന്നാ പിന്നെ അങ്ങിനെ ചെയ്യാം..."ലേ ...എന്ന് കദീജയും ശരിവച്ചു.

ഇതേ സമയം തൻ്റെ ഉമ്മയും നബീസാത്തയും ചേർന്ന് തനിക്ക് പ്രേമ പിരാന്തായി പ്രഖ്യാപിക്കുകയും അത് മാറ്റാൻ ഉസ്താദിനെക്കാണാൻ പോകാനും തീരുമാനിച്ചതറിയാതെ തൻ്റെ മാസ്ക് ശേഖരത്തിലേക്ക് ഉമ്മയെ പറ്റിച്ച് ഇനിയുമെങ്ങിനെ മാസ്കുകൾ വാങ്ങാം എന്നായിരുന്നു അനസെന്ന ആ പാവം കോളേജ് കുമാരൻ്റെ ചിന്തയെങ്കിൽ  തൻ്റേതല്ലാത്ത കാരണത്താൽ ഒരു പിരാന്തൻ പ്രണയം കൂടി കുഞ്ഞൻ കൊറോണയുടെ തലയിലായല്ലോ എന്നായിരുന്നു കദീജയുടെ വീടിൻ്റെ ചുമരിലിരുന്ന പല്ലി ചിന്തിച്ചത്.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ