മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow


ഇങ്ങനെ സ്കൂട്ടർ ഓടിച്ചു പോകുമ്പോൾ പൊടുന്നനെയായിരിക്കും വണ്ടി ഓടിച്ചു കൊണ്ടിരിക്കുകയാണെന്നും മുമ്പിലും പിറകിലുമായി മറ്റു വാഹനങ്ങൾ ഉണ്ടെന്നും ബോധ്യത്തിലെത്തുക. അത്

തിരിച്ചറിയുമ്പോൾ ഉള്ളിലൊരാന്തലാണ്. ഏതേത് സമയത്ത്, എന്തെല്ലാമാണ് ഓർമ്മയിലേക്ക് തിരമാലകളായി കടന്നുവരുന്നതെന്നറിയില്ല. അതിലങ്ങ് അകപ്പെട്ടുപോകും.
തലങ്ങും വിലങ്ങും വാഹനങ്ങൾ കടന്നു പോകുന്ന തിരക്കുപിടിച്ച റോഡിൽ അപകടത്തിൽപ്പെടാൻ ഇതിലപ്പുറം മറ്റെന്തെങ്കിലും വേണോ?
ഉച്ചയായതിനാൽ റോഡിൽ തിരക്കിത്തിരി കുറവാണെങ്കിലും വേഗത കുറച്ചാണ് പോയികൊണ്ടിരിക്കുന്നത്. എന്റെ ജീവിതം പോലെ തന്നെ. തിരക്കുള്ളവർ കടന്നുപോയിക്കോട്ടെയെന്ന മട്ടിൽ വണ്ടി പരമാവധി സൈഡൊതുക്കി പോകാൻ ശ്രദ്ധിക്കാറുണ്ട്. തന്റെ യാത്ര മറ്റൊരാൾക്ക് തടസ്സമാകരുതല്ലൊ...

പോക്കറ്റിൽ കിടന്നിരുന്ന മൊബൈൽ ഫോൺ ശബ്ദിക്കുവാൻ തുടങ്ങി. വണ്ടിയോടിക്കുമ്പോൾ ഫോൺ വന്നാലത് അവഗണിക്കാറാണ് പതിവ്. ഏതു നേരവും ഓരോരോ തിരക്കിട്ട നെട്ടോട്ടങ്ങളിലായിരിക്കും. ഇതിനിടയിൽ വണ്ടി സൈഡാക്കണം, തലയിൽ നിന്ന് ആയാസപ്പെട്ട് ഹെൽമറ്റ് ഊരിമാറ്റണം. ഈ കടമ്പയെല്ലാം കടന്ന് ഫോൺ എടുക്കുമ്പോഴായിരിക്കുമറിയുക അതൊരു ആവശ്യമില്ലാത്ത കോളായിരുന്നുവെന്ന്. ഇതും പതിവുപോലെ എടുത്തില്ല. ഒന്നല്ല പലവട്ടം ....എന്നിട്ടും വിടുന്ന മട്ടു കണ്ടില്ല...

എന്തോ അത്യാഹിതം സംഭവിച്ചുവെന്ന് ഉള്ളിലിരുന്ന് ആരോ മന്ത്രിക്കുന്നത് പോലെ.
ഒരു വല്ലായ്മ ശരീരമാകെ പടർന്ന് പരക്കുന്നതുപോലെ ....
പതിവ് തെറ്റിച്ച് വണ്ടി സൈഡാക്കി. ഹെൽമറ്റ് ഊരി തിടുക്കപ്പെട്ട് ഫോൺ ചെവിയോട് ചേർത്തുവച്ചു.
" കാർത്തികിന്റെ അച്ഛനല്ലെ?"
മറുതലക്കൽ ചിരപരിചിതമായ സ്ത്രീ ശബ്ദം.
"അതേ..."
വിയർത്തൊലിച്ച ശബ്ദം പുറത്തേക്ക് തെറിച്ചു.
" കാർത്തികിന്റെ ക്ലാസ്സ് ടീച്ചറാ. സ്കൂൾ വരെ വേഗമൊന്നു വരണം. "
"എന്താ ടീച്ചറെ കാര്യം?"
"അതെല്ലാം ഇവിടെ വന്നിട്ടു പറയാം.."
" ടീച്ചറേ, കാര്യമൊന്നു പറയൂ..."
തൊണ്ട വരണ്ടു. ദേഹമാകെ ഒരു വിറയൽ. നെഞ്ചിൽ ഭാരമുള്ളതെന്തോ കയറ്റിവച്ചതു പോലെ.
"വൈകാതെ വരില്ലെ?"
എന്റെ മറുപടി കേൾക്കാതെയായപ്പോൾ ടീച്ചർ വീണ്ടും ....
" ടീച്ചർ, പ്ലീസ് എന്താണെന്ന് പറയൂ..."
" കുട്ടികൾ തമ്മിൽ ഒരടിപിടി ...."
ഒരു നിമിഷം അമ്പരന്നു.
" ടീച്ചറേ ...."
ടീച്ചർ ഫോൺ അപ്പോഴേയ്ക്കും കട്ടാക്കിയിരുന്നു.

പത്താം ക്ലാസ്സുവരെ ഇങ്ങനെ ഏതെങ്കിലും കുഴപ്പം പിടിച്ച പ്രശ്നങ്ങൾക്ക് മകൻ പഠിക്കണ വിദ്യാലയത്തിന്റെ പടി ചവിട്ടേണ്ടി വന്നിട്ടില്ല.
പ്ലസ് വണിൽ ചേർന്ന തിനുശേഷം ഒരോരൊ പ്രശ്നങ്ങൾ. ഇപ്പൊ പ്ലസ് ടു ആയി. മൂന്നു മാസം മുമ്പ് മറ്റൊരു പ്രശ്നവുമായി ബന്ധപ്പെട്ടു സ്കൂളിൽ ചെല്ലേണ്ടി വന്നപ്പോൾ അന്നവനോട് തീർത്തു പറഞ്ഞിരുന്നു. ഇനി ഇങ്ങനെയുള്ള കാര്യങ്ങൾ കേൾക്കാൻ എന്നെ സ്കൂളിന്റെ പടി കയറ്റരുതെന്ന്.
മറ്റുളളവരുടെ മുന്നിൽ തല താഴ്ത്തി നിൽക്കണ അവസ്ഥ ഉണ്ടാക്കരുതെന്നും പറഞ്ഞിരുന്നു.
എന്നിട്ടും അവൻ .....

ഇതറിയുമ്പോഴത്തെ അവന്റെ അമ്മയുടെ ആധിയെ കുറിച്ചായിരുന്നു പൊടുന്നനെ ഓർത്തത്. അവനെയോർത്തുള്ള ആശങ്കകളാണ് ഏതു നേരവും അവരുടെ ഉള്ളിൽ. തൊട്ടതിനും പിടിച്ചതിനും അതു കാണിക്കാറുണ്ട്. ലേശം നേരം വൈകിയാൽ തന്നെ അത് പ്രകടമാക്കി തുടങ്ങും. തനിക്കൊരു ഇരിക്കപ്പൊറുതി തരില്ല...

അവിടെ നിന്ന് ഒരു വിധം വണ്ടിയെടുത്ത് കുറച്ചൂടെ മുന്നോട്ട് നീങ്ങിയെങ്കിലും വീണ്ടും സൈഡാക്കി.
റോഡിൽ ഒറ്റപ്പെട്ടപോലെ ... ആലോചനകൾ കാഴ്ചകളെ മറച്ചു. എതിരെ വരുന്നവയും മറികടന്നുപോകുന്നതുമായ വാഹനങ്ങളൊന്നും കാണുന്നില്ല....
എന്നാൽ അങ്ങോട്ടുമിങ്ങോട്ടും ചീറി പായുന്ന വാഹനങ്ങളുടെ മുരൾച്ച കാതുകളിൽ വന്നലച്ചു കൊണ്ടിരുന്നു...

ടീച്ചർ വിളിച്ച നമ്പറെടുത്ത് തിരികെ വിളിച്ചു.
മറുതലക്കൽ ടീച്ചർ തന്നെ.
"ഞാൻ കാർത്തികിന്റെ അച്ഛനാ, എനിക്ക് വയ്യ ടീച്ചറേ... അവനെ നിങ്ങളെന്താണെന്നു വച്ചാ ചെയ്തോ.... പുറത്താക്കെ ... എന്തും "
വാക്കുകൾ ഇഴമുറിഞ്ഞു.
ടീച്ചർ ഒന്നും മിണ്ടിയില്ല.

പതിവിൽ നിന്ന് വ്യത്യസ്തമായി നേരത്തെ വീട്ടിലെത്തി.
കാർത്തിയുടെ അമ്മ ഉമ്മറത്ത് നിൽക്കുന്നുണ്ടായിരുന്നു.
"ഇന്നെന്താ പതിവില്ലാതെ നേരത്തെ ?"
അവളുടെ ചോദ്യം
കേൾക്കാത്തമട്ടിൽ ഒന്നും മിണ്ടാതെ അകത്തേക്ക് കയറിപ്പോയി.
അവളോട് എന്താ പറയുക. പെട്ടെന്ന് ഇതെല്ലാം പറഞ്ഞാപ്പിനെ ഇവിടുത്തെ അന്തരീക്ഷമാകെ മാറി മറിയും.
"എന്താ വല്ലാതെയിരിക്ക്ണ്. "
പുറത്തെ കസേരയിൽ മലർന്ന് കിടന്ന നേരം കട്ടൻചായയുമായി വന്നപ്പോഴും ഞാനൊന്നും പറയാതെയിരുന്നു.
കുത്തികുത്തിയുള്ള ചോദ്യം തനിക്കിഷ്ടമല്ലെന്നറിയുന്നതിനാൽ പിന്നെയൊന്നും ചോദിക്കാതെ അവൾ
അകത്തേക്ക് വലിഞ്ഞു.
കാർത്തി സ്കൂളിൽ നിന്ന് വരേണ്ട സമയമായി. അവിടെ എന്തായി ആവോ? അവിടെവരെ എന്തു വന്നാലും ഒന്നു പോകേണ്ടതായിരുന്നു.
അപ്പോഴെത്തെ ഒരു വിഷമത്തിലും അമർഷത്തിലും ടീച്ചറോട് അങ്ങനെയൊന്നും പറയരുതായിരുന്നു.
"ദേ, നിങ്ങളിത് കേക്കുന്നുണ്ടൊ? കാർത്തിയെ കാണുന്നില്ലല്ലൊ. വരേണ്ട സമയം കഴിഞ്ഞു. ഒന്നന്വേഷിക്ക്... അവന്റെ കൂട്ടുകാരുടെ നമ്പറിൽ വിളിച്ച് നോക്ക് ... "
തിടുക്കപ്പെട്ട് മുന്നിലേക്ക് കടന്നുവന്ന
അവൾ വേവലാതിയോടെ പറഞ്ഞപ്പോഴാണ് വായയൊന്ന് അനക്കിയത്.
" അതിന് സ്കൂൾ വിട്ടിട്ട് അധികനേരമൊന്നും ആയിട്ടില്ലല്ലൊ. അവൻ കൂട്ടുകാരുമായി കറങ്ങിയടിച്ച് വരുന്നുണ്ടാകും. നീയൊന്ന് സമാധാനിക്ക് ... "
ആ ആശ്വാസ വാക്കുകളൊന്നും അവന്റെമ്മയ്ക്ക് സമാധാനമാകില്ലെന്നറിയാം.
ഞങ്ങൾക്കെല്ലാം അവൻ മാത്രമാണ്. ഒറ്റ മോൻ ആയതിനാൽ അവനെക്കുറിച്ചുള്ള ആധികളുടെ ആഴവും ചെറുതായിരുന്നില്ല. പതിനെട്ടിനോടടുക്കുന്ന പ്രായം. അവരുടേതായ സ്വാതന്ത്ര്യം നൽകേണ്ടെ?
എപ്പോഴും പിറകെ നടക്കാൻ കഴിയോ ?
കൗമാരത്തിന്റേതായ ചില ചാപല്യങ്ങളും അവരിൽ ഉണ്ടാകില്ലെ ?
അവനാണെങ്കിൽ മൂക്കത്താണ് ശുണ്ഠി. എടുത്ത് ചാട്ടം ലേശം കൂടുതലാണ്.....
ഇങ്ങനെയൊരോരോ വിചാരങ്ങളിൽ മുഴുകിയിരുന്നപ്പോൾ,
കാർത്തി കയറി വരുമ്പോൾ അവനെ അഭിമുഖീകരിക്കുന്നതിനെക്കുറിച്ചായിരുന്നു പിന്നത്തെ ആലോചന.
ഇന്ന് അന്തി അമാന്തിച്ചാണോ കടന്നുവരുന്നത്... ചിലപ്പോയിങ്ങനെയാണ്, സമയമൊട്ടും നീങ്ങാത്തതു പോലെ ....
ഇരുട്ടുന്നതിനു മുമ്പ് അവനെത്തി. ഞാൻ പുറത്ത് ഇരിക്കുന്ന ഭാഗത്തേക്കൊന്നും നോക്കാതെ കാർത്തി അകത്തേക്ക് കയറിപ്പോയി. ഞാനും അവന് മുഖം കൊടുക്കാതെ കസേരയിലമർന്നു കിടന്നു.
അവനും ഞാനും നേർക്കുനേരെ വരാതെയിരിക്കാൻ വീടിനകത്തും പരമാവധി ശ്രദ്ധിച്ചു.
" അച്ഛനിന്ന് എന്താണാവോ തീരെ മൂഡ് ഓഫാണ്... ചോദിച്ചിട്ടാണെങ്കി ഒന്നും പറയുന്നുമില്ല. "
അവന് കഴിക്കാൻ എടുത്തുവച്ചു കൊടുക്കുമ്പോൾ അവന്റെ അമ്മ പറയുന്നതു കേട്ടു.

അത്താഴം പേരിന് കഴിച്ചെന്നു വരുത്തി. തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം വന്നില്ല. ആകുലമായ ആലോചനകൾ മനസ്സിനെ വല്ലാതെ കീഴ്പ്പെടുത്തുമ്പോൾ ഉറക്കമെന്ന അനുഗ്രഹം വെളിപ്പാടകലെയായിരിക്കും. വരും വരുമെന്ന് കാത്തിരുന്ന് ഒടുവിൽ നേരം വെളുക്കും...

പിറ്റേന്ന് അവന്റെ വിദ്യാലയത്തിലേക്ക് പോകാതിരിക്കാനായില്ല.
" കാർത്തികിന്റെച്ഛൻ നിർബന്ധമായും ഇവിടേക്ക് വന്നേപറ്റൂ ... ബന്ധപ്പെട്ട മറ്റു രക്ഷിതാക്കളേയും വിളിച്ചിട്ടുണ്ട്. നമുക്കൊന്ന് കൂടിയിരുന്ന് സംസാരിക്കണം. അല്ലെങ്കില് പ്രശ്നം കൂടുതൽ വഷളാകും..."
ടീച്ചർ രാത്രി വിളിച്ചങ്ങനെ ഓർമ്മപ്പെടുത്തിയപ്പോൾ ഒരു രക്ഷിതാവെന്ന നിലയിൽ എങ്ങനെയാണ് ബലം പിടിച്ച്, വാശി കാണിച്ചിരിക്കുവാൻ കഴിയുക?
ഇന്നലെ അവനോടുള്ള ഈറ കാരണം ഒരക്ഷരം ഉരിയാടിയില്ല. മിണ്ടി തുടങ്ങിയാൽപ്പിന്നെ ബഹളമാകും. അവന്റെ അമ്മ അതറിയും..
അവനെ തനിച്ച് കിട്ടുമ്പോൾ എല്ലാം ചോദിക്കാമെന്ന് തീർച്ചപ്പെടുത്തി ഉള്ളിൽ കടിച്ചുപിടിച്ചിരിക്കയായിരുന്നു.

സ്കൂട്ടറിൽ പുറകിൽ അവനുണ്ട്. സ്കൂളിലേക്കാണ് യാത്ര.
"ഇന്നലെ എന്താ സ്കൂളില് സംഭവിച്ചത്?"
കലിയെല്ലാം അടക്കിപിടിച്ച്
ചോദിച്ചു.
" ഒരുത്തൻ ഞങ്ങളുമായി തോട്ടിയിട്ടു. ഞാനവനോട് ചൂടായി...പിന്നെ ഉന്തുംതള്ളുമായി. ഞങ്ങളെ പിടിച്ചു മാറ്റാൻ അവന്റൊരു കൂട്ടുകാരനെത്തി. എന്നെ പിടിച്ചുമാറ്റിയ അവൻ, എന്നെ പിടിച്ചു തള്ളിയതാണെന്ന് കരുതി ഓടിവന്ന സാദിഖ് അവന്റെ കണ്ണിനിടിച്ചു. അവന്റെ കണ്ണാകെ കലങ്ങിപ്പോയി...."
എനിക്ക് മുന്നിൽ നിരത്താൻ തയ്യാറാക്കിയ വിശദീകരണമെന്നോണം ഒറ്റശ്വാസത്തിൽ അവൻ പറഞ്ഞു.
" നിർത്ത് .... ഇനി എനിക്കൊന്നും കേക്കണ്ട. നിങ്ങളൊക്കെ എന്തിനാടാ സ്കൂളിലേക്ക് പോണത്. സഹപാഠികളുമായിങ്ങനെ കൊമ്പുകോർക്കാനോ ?എന്തും തല്ലി തീർക്കാനേ നിങ്ങക്കറിയൂ... മനുഷ്യരാണോടാ നിങ്ങൾ.... ഈ പ്രായത്തിൽ തന്നെ അന്യോന്യം കടിച്ച് കീറാൻ ......."
അവൻ പിന്നെയൊന്നും ശബ്ദിക്കാതെ പിറകിലാഴ്ന്നിരുന്നു.

പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് കയറിച്ചെന്നു. ടീച്ചർ എന്നെ അവിടെ ഇരിക്കുന്നവർക്കായി പരിചയപ്പെടുത്തി. കുറ്റമൊന്നും ചെയ്തിട്ടില്ലെങ്കിലും കോടതി മുറിയിലെന്നോണം ചുറ്റുമൊന്നു കണ്ണോടിച്ചു. മർദ്ദനത്തിനിരയായ കുട്ടിയുടെ വാപ്പയും മകന്റെ കൂട്ടുകാരൻ സാദിഖിന്റെ ഉമ്മയും ആ കൂട്ടത്തിലുണ്ടായിരുന്നു.
പി.ടി.എ.പ്രസിഡണ്ടിന്റെയും ചില അദ്ധ്യാപകരുടെയും സാന്നിധ്യത്തിൽ
ടീച്ചർ ഇന്നലത്തെ സംഭവ വികാസങ്ങൾ സവിസ്തരം അവതരിപ്പിച്ചു.
മകനും അവന്റെ കൂട്ടുകാരനായ സാദിഖും കോടതിയിൽ ഹാജരാക്കിയ പ്രതികളെന്നോണം തലകുമ്പിട്ടു നിന്നു.
ആരും ഒന്നും സംസാരിക്കുന്നില്ല.
കനത്ത മൗനത്തെ വകഞ്ഞുമാറ്റി അടിയേറ്റ കുട്ടിയുടെ വാപ്പ നിവർന്നിരുന്നു...
"എന്റെ മോനെ ഇവരെല്ലാം ചേർന്ന് തല്ലി. അവനെന്തെങ്കിലും കുറ്റം ചെയ്തിട്ടാണെങ്കി എനിക്കിത്ര ദെണ്ണം ഉണ്ടാകില്ലായിരുന്നു.
അവന്റെ കണ്ണൊന്ന് കാണണം ....."
സാദിഖിന് നേരെ തിരിഞ്ഞു കൊണ്ട് അയാൾ തുടർന്നു :
" നീയെന്തിടിയാണ് ഇടിച്ചതവനെ.... ആശുപത്രിലെത്തിക്കുവാൻ കുറച്ചൂടെ വൈകിയിരുന്നെങ്കിൽ അവന്റെ കാഴ്ച തന്നെ പോകുമായിരുന്നുവെന്നാ ഡോക്ടർ പറഞ്ഞത്. ഇത്രമാത്രം ക്രൂരതകാട്ടാൻ തക്ക എന്തപരാധമാണ് എന്റെ മോൻ നിങ്ങളോട് ചെയ്തത് ? നിങ്ങൾക്കൊക്കെ ഇതെങ്ങനെ ചെയ്യാൻ കഴിയണ്?"
അയാൾ തെല്ലിട നിർത്തി സംസാരം തുടർന്നു:
"നിങ്ങളെയൊക്കെ കൈകാര്യം ചെയ്യാൻ വീട്ടിലോ നാട്ടിലോ ആളില്ലാണ്ടല്ല - ഞാനാ അതൊക്കെ തടഞ്ഞത്. എന്റെ മനസ്സനുവദിച്ചില്ല. എന്റെ മോനെ പോലെയല്ലെ നിങ്ങളും. ഒട്ടേറെ ലോകം കണ്ടവനാ ഞാൻ... ഒട്ടേറെ മനുഷ്യരെയും അവരുടെ ജീവിതത്തേയും കണ്ടവനാ ഞാൻ ...പലതും പഠിച്ചു.... ഒരു ദൈവവിശ്വാസിയായ എനിക്ക് നന്മയെക്കുറിച്ചെ ചിന്തിക്കാനാകൂ..."
അയാളുടെ കണ്ണുകൾ നിറഞ്ഞു തുളുമ്പി. കണ്ണട ഊരി, കണ്ണുകൾ തുടച്ചു. മേശമേൽ ഇരിക്കുന്ന ഗ്ലാസിലെ വെള്ളം ഒറ്റവലിക്കയാൾ കുടിച്ചു തീർത്തു.
എനിക്കും അധികനേരം പിടിച്ചു നിൽക്കാനായില്ല. ഉള്ളാകെ തേങ്ങി. കണ്ണുകൾ നിറഞ്ഞു കവിഞ്ഞു.
വാക്കുകൾ കിട്ടാതെ വിതുമ്പിപ്പോയി..... സാദിഖിന്റെ ഉമ്മയുടെ അവസ്ഥയും മറിച്ചായിരുന്നില്ല.
എല്ലാവരുടെ ഭാഗവും കേട്ടുകഴിഞ്ഞേപ്പോൾ പ്രിൻസിപ്പാൾ അറിയിച്ചു.
" ഇവരെ രണ്ടു പേരെയും സസ്പെൻഡ് ചെയ്തിരിക്കുന്നു. ഇത്രയെങ്കിലും ഒരു നടപടി സ്വീകരിച്ചില്ലെങ്കിൽ മറ്റു കുട്ടികളും ഇത്തരം ചെയ്തികൾക്ക് ഇറങ്ങിപുറപ്പെടും. എത്ര ദിവസത്തേക്കെന്ന് പി.ടി.എ. കൂടി തീരുമാനിക്കും."
മറുവാദവും വിസ്താരവും ഉണ്ടായില്ല.
ശിക്ഷ ഏറ്റുവാങ്ങിയ അവർക്കൊപ്പം മുറി വിട്ടിറങ്ങി.
അന്നേരം എന്നെ മാത്രം പ്രിൻസിപ്പാളിന്റെ മുറിയിലേക്ക് വീണ്ടും വിളിപ്പിച്ചു.
"ആ കുട്ടിയുടെ വീട് ഇവിടേന്ന് അധികം ദൂരമില്ല. നിങ്ങളൊരുമിച്ച് അവിടെവരെ പോയി ആ കുട്ടിയെ ഒന്നു കാണണം. ഇന്നലെ നിങ്ങളാരും ആശുപത്രിയിലെത്തി അന്വേഷിക്കാത്തതിൽ അവർക്ക് ചെറിയ നീരസം ഉണ്ട്. ആ വിഷമമൊന്ന് മാറി കിട്ടും. "
ക്ലാസ് ടീച്ചറാണ് അത് പറഞ്ഞത്.
കുട്ടിയെ പോയി കാണണമെന്ന് ഞാനും നേരത്തെ മനസ്സിലുറപ്പിച്ചിരുന്നു.
"കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന ഒരു തീരുമാനവും എടുക്കരുതെന്ന് ആ കുട്ടിയുടെ വാപ്പ പറഞ്ഞിരുന്നു. പക്ഷേ, സ്കൂളിന്റെ ഡിസ്പ്ലിന് ഈ നടപടി സ്വീകരിച്ചേ മതിയാകു..."
പ്രിൻസിപ്പാൾ പറഞ്ഞു.
പുറത്തുകടന്നപ്പോൾ അയാൾ അവിടെ തന്നെ നിൽക്കുന്നുണ്ടായിരുന്നു.
അന്നേരം അയാളോടായി പറഞ്ഞു.
" എനിക്ക് ആ കുട്ടിയെ ഒന്നു കാണണം. വീട് അടുത്തല്ലെ ? ഞങ്ങളും കൂടെ വരാം.. "
എന്റെ ആവശ്യം അയാൾ നിരാകരിച്ചില്ല.

ഞാൻ സ്കൂട്ടറിൽ കയറി.
അയാളവരെ കാറിലേക്ക് ക്ഷണിച്ചു. സാദിഖിന്റെ ഉമ്മയും കുട്ടികളും അയാളുടെ കാറിലും കയറി.
കാറിന് പിറകെ ഞാൻ സ്കൂട്ടറിൽ നീങ്ങി...

ഇരുണ്ടുമൂടിയ ആകാശം. അകലെ നിന്നും പെയ്തിട്ട മഴയുടെ ആരവം... ചാറ്റൽ മഴ കനപ്പെട്ടു ചീറിയടിച്ചത് പൊടുന്നനെയായിരുന്നു.
മഴയാകെ നനച്ചുവെങ്കിലും അതൊന്നും വകവെയ്ക്കാതെ സ്കൂളിൽ നിന്ന് അത്രയൊന്നും അകലെയല്ലാത്ത അയാളുടെ വീട്ടുപടിക്കലെത്തി.
അവർ കാറിൽ നിന്നും ഞാൻ സ്കൂട്ടറിൽ നിന്നും ഇറങ്ങി.
മഴക്കോട്ട് ഊരി വണ്ടിയിലിട്ടു.
അയാളുടെ വീട്ടിലേക്ക് മടിച്ചുമടിച്ചു കയറിച്ചെന്നു.
വരാന്തയിലെ കസേരകളിൽ ഞങ്ങളിരുന്നു.
കയറാതെ ശങ്കിച്ചുനിന്ന കാർത്തിയേയും സാദിഖിനേയും അയാൾ ക്ഷണിച്ചിരുത്തി.
" ആഷി...."
കുട്ടിയുടെ വാപ്പ അവനെ ഉറക്കെ വിളിച്ചു...
അവൻ അകത്തു നിന്ന് മെല്ലെയിറങ്ങി വന്നു.
ആ കുട്ടിയുടെ മുഖത്തേക്ക് ഒന്ന് നോക്കിയതേയുള്ളൂ....
ഒരു കണ്ണ് ചുവന്നു തടിച്ചിരിക്കുന്നു. കൺതടമാകെ കരുവാളിച്ച് തിണർത്തുകിടന്നിരുന്നു.
ഞങ്ങളെ നോക്കി അവൻ പുഞ്ചിരിക്കാൻ ശ്രമിച്ചു. ഒറ്റനോട്ടത്തിൽ തന്നെ ഒരു പാവം പിടിച്ച പയ്യൻ ....
ഏതച്ഛനാണ് ഇതെല്ലാം ക്ഷമിക്കുക... ഏത് അമ്മമാരാണ് ഇത് സഹിക്കുക....
കുട്ടിയുടെ അരികിലേക്ക് ചെന്നു.
"ഞങ്ങളുടെ മക്കളോട് ക്ഷമിക്കണം. അവർക്ക് വേണ്ടി ഞാൻ മാപ്പ് ചോദിക്കുന്നു. "
അവന്റെ ഇളം കൈ നെഞ്ചോട് ചേർത്തുപിടിച്ച് പറഞ്ഞു. കാർത്തിയും സാദിഖും അവന്റെ അരികിലേക്ക് ചെന്ന് കൈ കൊടുത്തു.
ഒരു പെൺകുട്ടി ഗ്ലാസുകളിൽ നാരങ്ങാ വെള്ളവുമായി വ്യസനഭാവത്തോടെ ഞങ്ങളുടെ മുന്നിൽ വന്നു നിന്നു.
" ആഷിക്കിന്റെ ഇത്താത്തയാണ്..."
അയാൾ പറഞ്ഞു.
ആ പെൺകുട്ടി ഉള്ളിൽ വ്യസനം നിറച്ചെന്നോണം മുഖമുയർത്താതെ വെള്ളം നിറച്ച ഗ്ലാസെടുത്ത് എല്ലാവർക്കും കൊടുത്തു.
ഞാൻ അയാളുടെ അരികിൽ ചെന്ന് ആ കൈകൾ കവർന്നു :
" ഇവരോട് ക്ഷമിക്കണം. പൊറുക്കണം....."
അയാൾ പുറത്തുതട്ടി.
"നിങ്ങളിരിക്ക് - ആഷിക്കിന്റെ ഉമ്മാന്റെ നിസ്കാരം ഇപ്പൊ കഴിഞ്ഞിട്ടുണ്ടാകും.
കണ്ടിട്ടു പോകാം. "
അപ്പോഴേയ്ക്കും അവന്റെ ഇത്താത്തയുടെ കൈപിടിച്ച്
ആഷിക്കിന്റെ ഉമ്മ വാതിൽക്കലെത്തി.
"നബീസാ - നമ്മ്ടെ ആഷിയുടെ കൂട്ടുകാരാ, അവനെ കാണാൻ വന്നതാ. ഇതൊരാളുടെ അച്ഛനും ഇതൊരാളുടെ ഉമ്മയും..."
ആ സ്ത്രീ ശൂന്യതയിലേക്ക് നോക്കി നേർത്ത മന്ദഹാസം പൊഴിച്ചു...
"നിങ്ങ വന്നിട്ട് അധിക നേരായോ ? മോളെ, ഇവർക്ക് വെള്ളം കൊടുത്തില്ലെ?"
അവരന്വേഷിച്ചു.
മൂകത ഞങ്ങൾക്കിടയിൽ
തപ്പി തടഞ്ഞു.
"എവിടെ കുട്ടികൾ ... "
അവർ കുട്ടികളെ തിരക്കി.
കാർത്തിയും സാദിഖും ആ ഉമ്മയുടെ അരികിലേക്ക് മാറിനിന്നു.
"ഉമ്മ, അവര് എന്റെടുത്തു തന്നെയുണ്ട്..."
ആഷിക്ക് ഉമ്മയെ തൊട്ടറിയിച്ചു.
"മക്കളെ , കാഴ്ച പടച്ചതമ്പുരാന്റെ വലിയൊരനുഗ്രഹമാണ്. എനിക്കും പണ്ടു കാഴ്ചയുണ്ടായിരുന്നു.
പിന്നീട് അതിലാണ്ടായപ്പോഴാ അതിന്റെ വിലയറിഞ്ഞത്.
നിങ്ങളെല്ലാം ഈ ദുനിയാവില് വെളിച്ചം കാട്ടേണ്ടവരാണ്. അത് കൊടുത്തികളയണ ഒരു പ്രവൃത്തിയും മക്കളിൽ നിന്ന് ഉണ്ടാവരുത്. എന്റെ കുട്ടി ഒരു പാവമാണ്.
മറ്റുള്ളവരുടെ അകക്കണ്ണായി നിങ്ങൾ മാറണം ...."
സാദിഖിന്റെ ഉമ്മ കരച്ചിലടക്കാൻ പാടുപ്പെട്ടു.

ഒരു മാത്ര പകച്ചു പോകുകയും എന്തു പറയണമെന്നറിയാതെയും
അധികനേരം അവിടെ നിൽക്കാനായില്ല.
" ഇറങ്ങട്ടെ..."
വിറങ്ങലിച്ചൊരു വാക്കിനാൽ ഞങ്ങൾ പുറത്തേക്കിറങ്ങിയപ്പോഴേയ്ക്കും ആകാശം
വീണ്ടും പെയ്യാൻ തുടങ്ങിയിരുന്നു ....

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ