mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

മഴയുള്ളൊരു ദിവസം ജോസുകുട്ടി റബറുവെട്ടില്ലാത്തതിൻ്റെ സന്തോഷത്തിൽ കവലയിലേയ്ക്കിറങ്ങി. കവലയിൽ ഓട്ടോറിക്ഷ സ്റ്റാൻ്റിനോട് ചേർന്നുള്ള പലചരക്കുകടയുടെ മുമ്പിലുള്ള ബഞ്ചിൽ ജോസുകുട്ടി ഇരുന്നു. മഴയായതിനാൽ ഓട്ടം പോകാതെ ഓട്ടോറിക്ഷകളെല്ലാം സ്റ്റാൻ്റിൽ ഇടം പിടിച്ചിട്ടുണ്ട്.

"എന്താടാ ജോസൂട്ടി ഇന്ന് വെട്ടില്ലേ."- ഓട്ടോറിക്ഷക്കാരൻ പ്രകാശൻ ചോദിച്ചു.

"ഇല്ല"

ചന്നം പിന്നം മഴ പെയ്യുന്നുണ്ട്, ജോസുകുട്ടി പത്രം വായനയിൽ മുഴുകിയിരിക്കുകയാണ്.

"പ്ലാസ്റ്റിക്കൊന്നും ഇട്ടില്ലേ"

"ഇല്ല, പ്ലാസ്റ്റിക്കിട്ടാമൊതലാകുവേല."

"അതു നേരാ, ഒരോ ദിവസവും റബറിൻ്റെ വില കീഴ്‌പ്പോട്ടല്ലെ "

"ആ''

"നീ വരുന്നുണ്ടോ ഓരോ കാലിയടിക്കാം" 

ജോസുകുട്ടിയും പ്രകാശനും കൂടെ ചായക്കടയിലേയ്ക്ക് പോയി. ചായക്കടയിൽ ചെന്നപ്പോൾ അവിടെ ദിനേശൻ ചായ കഴിച്ചു കൊണ്ടിരിയ്ക്കുന്നു. ജോസുകുട്ടിയും ദിനേശനും ക്ലാസ് മേറ്റാണ്. ദിനേശൻ കെ.എസ്.സി.ബി യിൽ ഓവർസീയറാണ്.

ജോസുകുട്ടിയെ കണ്ടതും ദിനേശൻ പുഞ്ചിരിച്ചു.
"നീയിന്നു പോയില്ലെ" ജോസുകുട്ടി ചോദിച്ചു.

"ഇല്ല, ഇന്ന് വീട്ടിൽ കുറച്ച് പണിയുണ്ടു്. ഒരു ദിവസം അവധിയെടുക്കാമെന്നു വിചാരിച്ചു. നീ പുറത്തേക്കൊന്നും പോകാൻ നോക്കുന്നില്ലേ."

ചാച്ചനും അമ്മച്ചിയും തന്നെയല്ലെ ഉള്ളു പിന്നെങ്ങനെയാ ജോലിയ്ക്കൊക്കെ ശ്രമിക്കുന്നത്."

"അതു ശരിയാ അവർക്കു പിന്നാരാ ഉള്ളത്, പെങ്ങന്മാരൊന്നും വരാറില്ലേ."

"അവരെല്ലാം പുറത്തല്ലെടാ വല്ലപ്പോഴൊക്കെയല്ലെ നാട്ടിൽ വരുകയുള്ളു."

മൂന്നു പെങ്ങന്മാർക്കും ചേട്ടനും കൂടെയുള്ള ഒരു കുഞ്ഞനിയനാണ് ജോസൂ കുട്ടി. ബിടെക്കു കാരനായ ജോസുകുട്ടി ജോലിക്കു വേണ്ടി വിദേശത്തേയ്ക്കു പോകാൻ ശ്രമിച്ചപ്പോൾ അമേരിക്കയിലുള്ള മൂത്ത ചേട്ടനും പെങ്ങന്മാരും പറഞ്ഞു "ജോസൂ കുട്ടി പുറത്തേയ്ക്കൊക്കെ പോയാൽ ചാച്ചൻ്റെയും അമ്മച്ചിയുടെയും കാര്യം ആരാനോക്കുന്നെ?"

ചാച്ചനും അമ്മച്ചിയും പറഞ്ഞു "അതു ശരിയാ ഇവിടത്തെ കാര്യങ്ങളൊക്കെ ആരാ നോക്കുന്നെ, ഞങ്ങൾക്കാണെ വയസും പ്രായവുമായി വരികയാ നമ്മടെ പറമ്പൊക്കെ കാടുകേറി നശിക്കും."

അങ്ങനെയാണ് ജോസുകുട്ടി പറമ്പിലെ പണിയും റബറുവെട്ടും തുടങ്ങിത്. ജോസുകുട്ടിക്ക് കല്യാണം കഴിയ്ക്കാൻ പ്രായമായെന്ന് ചാച്ചന് തോന്നിയപ്പോൾ മുത്തമകനായ തോമസിനോട് പറഞ്ഞു. "എടാ തോമസെ നമ്മുടെ ജോസുകുട്ടിയെ പെണ്ണുകെട്ടിക്കണ്ടെ നീ അവനു പറ്റിയ പെണ്ണ് വല്ലതും ഉണ്ടോന്നു തെരക്കിക്കെ."

ചാച്ചൻ്റെ ആഗ്രഹപ്രകാരം മാട്രിമോണിയലിൽ ജോസുകുട്ടിയ്ക്കു വേണ്ടി പരസ്യം കൊടുത്തു. കൃഷിക്കാരനായ ജോസുകുട്ടിയെ മരുമകനാക്കാൻ ആരും തയ്യാറായില്ല. ജോസുകുട്ടിയുടെ വിവാഹം നടക്കില്ലെന്നു കണ്ടപ്പോൾ "ഞങ്ങളെന്തു ചെയ്യാനാ'' എന്ന മട്ടിൽ സഹോദരങ്ങൾ കയ്യൊഴിഞ്ഞു.

"ഇനിയിപ്പം എന്നാ ചെയ്യും" ജോസുകുട്ടിയുടെ അമ്മച്ചിയുടെ വേവലാതി ചാച്ചനോടു പറഞ്ഞു.

ക്രമേണ ജോസുകുട്ടിയുടെ വിവാഹക്കാര്യം എല്ലാവരും മറന്നപോലെയായി. ജോസുകുട്ടിയുടെ കൂടെ പഠിച്ചവർ കേരളത്തിനു പുറത്ത് ജോലിക്കു പോവുകയും പെണ്ണുകെട്ടി കുട്ടികളുടെ അച്ഛനാവുകയും ചെയ്തു. ജോസുകുട്ടിയും പ്രകാശനും ചായക്കടയിൽ നിന്നും തിരിച്ചു വന്ന് ബഞ്ചിൽ ഇരുപ്പുറപ്പിച്ചു.

ഈ സമയത്താണ് ബ്രോക്കർ വേലായുധൻ വരുന്നത്. കക്ഷത്തിലെ ഡയറിയിൽ വിവാഹം കഴിക്കാൻ പ്രായമായ പെൺകുട്ടികളുടെയും ചെറുക്കന്മാരുടെയും ഫോട്ടോയും അവരുടെ വിവരങ്ങളുമാണ്. കയ്യിലിരുന്ന കുട മടക്കി കടയുടെ ഭിത്തിയിൽ ചാരിവച്ച ശേഷം അയാൾ ബഞ്ചിലിരുന്നു.

ജോസുകുട്ടി - " എങ്ങനെയാ വേലായുധൻ ചേട്ട കല്യാണക്കളൊന്നും നടക്കുന്നില്ലെ"

"എങ്ങനെ നടക്കാനാടാവ്വെ, ഇപ്പോഴത്തെ പിള്ളേർ അവരവർക്കുളള ആളെ കണ്ടു പിടിക്കുവല്ലെ. ഇപ്പോൾ കാർന്നോന്മാർക്ക് പണിയെളുപ്പമുണ്ട്. പിള്ളേര് കല്യാണം കഴിക്കണമെന്നു പറയുമ്പോ നടത്തിക്കൊടുത്താമതി."

"നിങ്ങളുടെയൊക്കെ കഞ്ഞിയിൽ മണ്ണുവാരിയിടുന്ന പണിയല്ലെ പിള്ളേരൊക്കെ ചെയ്യുന്നെ"

"അതേന്നെ "

"നിങ്ങളു വിചാരിച്ചിട്ട് നമ്മുടെ ജോസൂട്ടിയ്ക്ക് ഒരു പെണ്ണിനെ കണ്ടുപിടിക്കാൻ പറ്റിയില്ലെ"

"ഈ കുഞ്ഞ് കല്യാണം കഴിച്ചില്ലായിരുന്നോ?

''ഇല്ല "

'' എന്നാ ചാച്ചനെ ഞാൻ കണ്ടോളാം"

"എത്രയും നേരത്തെ വേണെ, ഞങ്ങടെ ജോസ് മോന് പ്രായം കുടിക്കൊണ്ടിരിക്കുവാ.. "

ഒരു ദിവസം കക്ഷത്തിൽ ഡയറിയുമായി ജോസുകുട്ടിയുടെ വീട്ടിലേയ്ക്ക് വേലായുധൻ കയറിച്ചെന്നു. അപ്പോൾ സിറ്റൗട്ടിൽ ജോസുകുട്ടിയുടെ ചാച്ചൻ നാലുമണിച്ചായ കുടിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. വേലായുധനെ കണ്ടതും ചാച്ചൻ പറഞ്ഞു, 

"വേലായുധനനെന്നാ ഈ വഴിയ്ക്കൊക്കെ, കേറിയിരിയ്ക്ക്."

"മോനൊന്നും പറഞ്ഞില്ലായിരുന്നോ?''

''ഇല്ല "

"മോൻ കല്യാണക്കാര്യം എന്നോടു പറഞ്ഞായിരുന്നു.''

"ആണോ, നല്ല പെണ്ണുങ്ങൾ വല്ലതും കയ്യിലുണ്ടോ?"

"പെണ്ണുക്കളൊക്കെയുണ്ട് പക്ഷെ കൊമ്പത്തുള്ളതൊന്നും നോക്കിയാ നടക്കുവേല, അങ്ങനെയാണെ ഞാൻ നോക്കാം"
"വല്യ കൊമ്പത്തെയൊന്നും വേണ്ടെന്നെ, അവനൊന്നു കല്യാണം കഴിച്ചു കണ്ടിട്ട് കണ്ണടയ്ക്കണമെന്നുണ്ടായിരുന്നു."

"എടീഏലിക്കുട്ടിയേ ഒരു ചായയിങ്ങെടുത്തെ", ചാച്ചൻ അകത്തേക്ക് നോക്കി വിളിച്ചു പറഞ്ഞു.
വേലായുധൻ പെൺകുട്ടികളുടെ രണ്ടു മൂന്നു ഫോട്ടോ എടുത്ത് ചാച്ചനെക്കാണിച്ചു.

ഇതെങ്ങനെയുണ്ടെന്നു നോക്കിക്കെ?"

ഫോട്ടോകൾ നോക്കിയിട്ട് ചാച്ചൻ പറഞ്ഞു കൊള്ളാം. കുറച്ചുകഴിഞ്ഞ് ഏലിക്കുട്ടി ചായയുമായി വന്നു.

ചാച്ചൻ ഏലിക്കുട്ടിയോടു പറഞ്ഞു. "നീയിതൊന്നു നോക്കിക്കേടി ജോസുകുട്ടിക്ക് വല്ലതും ചേരുവോന്ന്." 

"കണ്ടിട്ട് കൊഴപ്പമൊന്നുമില്ല. ജോസ് കുട്ടിയോട് ഒന്നു ചോദിക്കട്ടെ"

"വേലായുധൻ പോകാൻ നേരം പറഞ്ഞു. എന്നാ ഫോട്ടോകൾ ഇവിടിരിക്കട്ടെ രണ്ടു ദിവസം കഴിഞ്ഞു ഞാൻ വരാം"

ചാച്ചൻ അകത്തുചെന്ന് വേലായുധന് ചായ കുടിച്ചോ എന്നും പറഞ്ഞ് കുറച്ചു രൂപ യെടുത്തു കൊടുത്തു. വേലായുധൻ നടന്നു നീങ്ങുന്നത് നോക്കി നിന്ന ഏലിക്കുട്ടിച്ചേടത്തി പറഞ്ഞു.

"ഇനിയെങ്കിലും ഒന്നു നടന്നാ മതിയായിരുന്നു."

"അതൊക്കെ നടക്കുമെടി.''

ഏലിക്കുട്ടിയിൽ നിന്നും ഒരു ദീർഘനിശ്വാസം ഉയർന്നു.

വൈകുന്നേരം ഏലിക്കുട്ടി ജോസുകുട്ടിയെ പെൺകുട്ടികളുടെ ഫോട്ടോ കാണിച്ചു. അതിൽ തരക്കേടില്ലാത്ത ഒരു പെൺകുട്ടിയെ ജോസുകുട്ടിയ്ക്ക് ഇഷ്ടപ്പെട്ടു. ഫോട്ടോയുടെ പുറകിൽ എഴുതിയിരുന്ന പേര് ജോസുകുട്ടി വായിച്ചു. ലിസി, ഒരു കർഷക കുടുംബത്തിലെ പെൺകുട്ടി. പ്ലസ് റ്റു വരയെ പഠിച്ചിട്ടുള്ളു. പഠിപ്പിലെന്നാ കാര്യം. പറമ്പിൽ പണിയുന്നതിന് ഇതു തന്നെ ധാരാളാ ജോസുകുട്ടി ഓർത്തു.

രണ്ടു ദിവസം കഴിഞ്ഞ് വേലായുധൻ വന്നു. ജോസുകുട്ടിയുടെ ചാച്ചൻ്റെ നിർദ്ദേശപ്രകാരം അടുത്ത ഒരു ദിവസം പെണ്ണുകാണാൻ പോകാൻ തീരുമാനിച്ചു.

മലയോര ഗ്രാമം, ഒരു ഗ്രാമത്തിനു വേണ്ടി പറഞ്ഞിട്ടുള്ളതെല്ലാം ഉള്ള ഒരു ഗ്രാമം. അവിടെയാണ് ലിസിയുടെ വീട്. പ്രധാന വഴിവിട്ട് ഒരു ചെമ്മൾ പാതയിലൂടെ ജോസുകുട്ടിയും വീട്ടുകാരും കയറിയ കാർ നീങ്ങി. വേലായുധൻ ഡ്രൈവർക്ക് വഴി പറഞ്ഞു കൊടുക്കുന്നുണ്ട്. പലവളവുകൾ തിരിഞ്ഞ് ഒരു വീടിൻ്റെ മുന്നിൽ കാർ നിന്നു. കാറിൽ നിന്നും ജോസുകുട്ടിയുടെ ചാച്ചനും അമ്മയും ഇറങ്ങുന്നതു കണ്ട് ലിസിയുടെ ചാച്ചൻ ഇറങ്ങി വന്നു. വേലായുധൻ എല്ലാവരെയും പരിചയപ്പെടുത്തി.

ലിസിയുടെ അപ്പച്ചൻ പാപ്പച്ചൻ ചേട്ടൻ എല്ലാവരെയും സ്നേഹപൂർവ്വം വീട്ടിലേയ്ക്ക് ക്ഷണിച്ചു. ഓടിട്ട ഒരു പഴയ വീടായിരുന്നു പാപ്പച്ചൻ ചേട്ടൻ്റെത്. ഒരു വശത്ത് തൊഴുത്തും തൊഴുത്തിൽ പശുക്കളും ഉണ്ടായിരുന്നു. അഴയിൽ റബർ ഷീറ്റ് ഉണക്കാനിട്ടിരിക്കുന്നു. ഒറ്റ നോട്ടത്തിൽത്തന്നെ ഒരു കർഷക കുടുംബമാണെന്ന് പറയാൻ കഴിയും.

കുശലപ്രശ്നങ്ങൾക്കു ശേഷം ലിസി ചായയുമായി വന്നു. ചായക്കപ്പ് എടുക്കുന്നതിനിടയിൽ ജോസുകുട്ടിയുടെയും ലിസിയുടെയും കണ്ണുകൾ തമ്മിലിടഞ്ഞു അപ്പോൾ നാണത്തിൽപ്പൊതിഞ്ഞ ഒരു ചെറുപുഞ്ചിരി ലിസിയുടെ മുഖത്തു വിരിഞ്ഞു.

ചായ കുടി കഴിഞ്ഞപ്പോൾ വേലായുധൻ ചേട്ടൻ പറഞ്ഞു "പിള്ളേർക്ക് വല്ലതും സംസാരിക്കാനുണ്ടെങ്കിൽ."

"നേരാ അവർക്ക് വല്ലതും ചോദിക്കാനും പറയുവാനുമുണ്ടെങ്കിൽ നടക്കട്ടെ, മോൻ അകത്തേയ്ക്ക് ചെല്ല്." പാപ്പച്ചൻ ചേട്ടൻ പറഞ്ഞു.

ജോസു കുട്ടി അകത്തേക്ക് നടന്നു. അകത്ത് മുറിയിൽ ചെന്നപ്പോൾ ലിസി ജനലിലൂടെ പുറം കാഴ്ചകൾ കണ്ടു കൊണ്ടു നിൽക്കുകയായിരുന്നു. ജോസുകുട്ടിക്ക് ഹൃദ്യമായ ഒരു സുഗന്ധം അനുഭവപ്പെട്ടു. ജോസു കുട്ടിയുടെ കാൽപ്പെരു മാറ്റം കേട്ട് ലിസി തിരിഞ്ഞു നോക്കി. ജോസുകുട്ടിയെ കണ്ടതും മുഖത്ത് ചിരി പടർത്തി.

"എന്താ പേര്" പേരു ചോദിക്കുമ്പോൾ ജോസുകുട്ടിയുടെ ശബ്ദം വിറച്ചിരുന്നു.

" ലിസി"

"എൻ്റെ പേര് ജോസുകുട്ടി, എവിടം വരെ പഠിച്ചു. "

"പ്ലസ് റ്റു വരെ "

"പിന്നെയെന്നാ ഒന്നിനും പോകാഞ്ഞെ"

"പിന്നെ പോകണ്ടാന്നു വച്ചു "

" നഴ്സിങ്ങിനു പോകാമായിരുന്നില്ലെ''

" എനിയ്ക്കിഷ്ടാല്ലാർന്നു"

"എന്നെ ഇഷ്ടപ്പെട്ടോ "

"ഉം "

"എന്തെങ്കിലും ചോദിക്കാനുണ്ടേ ചോദിച്ചോ "

"ഒന്നുമില്ല"

ലിസിയുടെ വീട്ടിൽ നിന്നും പോരുമ്പോൾ ജോസുകുട്ടി ഏറെ സന്തോഷവാനായിരുന്നു. അധികം താമസിക്കാതെ ജോസുകുട്ടിയുടെ ഒത്തു കല്യാണം നടത്താൻ തീരുമാനമായി. അതിനോടനുബന്ധിച്ച് ജോസുകുട്ടിയുടെ ചേട്ടൻ തോമസുകുട്ടിയും പെങ്ങന്മാരും വിദേശങ്ങളിൽ നിന്നും വന്നു.

തോമസുകുട്ടി വന്നതിൻ്റെ പിറ്റെ ദിവസം വൈകുന്നേരം തോമസുകുട്ടിയുടെ ഭാര്യ സാലി തോമസുകുട്ടിയോടു ചോദിച്ചു.

"ഇച്ചായോ നമ്മുടെ റ്റാറ്റസിനു ചേരുന്ന ബന്ധമാണോ ജോസുകുട്ടിക്ക് പറഞ്ഞിരിയ്ക്കുന്നത്. എൻ്റെ വീട്ടുകാരു വരുമ്പോൾ അയ്യേ എന്നു പറയിപ്പിക്കരുത് "

"അതിന് അവന് പറ്റുന്ന പെണ്ണിനെ കിട്ടണ്ടായോ"

" നിങ്ങള് നല്ലോണം അന്വേഷിക്കാത്തതു കൊണ്ടാ"

''ഞാനെവിടെയെല്ലാം അന്വേഷിച്ചു, വല്ലതും നടക്കണ്ടെ"

"ഇച്ചായൻ ചാച്ചനോട് പറ നമുക്ക് വേറെ പെണ്ണുങ്ങളുവല്ലതുമുണ്ടോന്ന് ഒന്നൂടെ അന്വേഷിക്കാൻ"

"ഞാൻ പറഞ്ഞു നോക്കാം''

അത്താഴം കഴിഞ്ഞ് തോമസുകുട്ടിയുടെ ചാച്ചൻ പല്ലിന്നിട കുത്തിക്കൊണ്ടിരിക്കുന്ന സമയത്താണ് തോമസ് കുട്ടി ചോദിച്ചത്.

"ചാച്ചോ നമുക്ക് നല്ലോണം ചേരുന്ന ബന്ധമാണോ" "

"നീയെന്നാ അങ്ങനെ ചോദിച്ചത്, അവര് തറവാടികളാ"

"എന്നാലും മലമൂട്ടിൽ നിന്നും ഒരു ബന്ധം നമുക്കു ചേരുവോന്നാ "

"നിന്നോട് ഞാൻ പല പ്രാവശ്യം പറഞ്ഞതല്ലെ അവന് ഒരു പെണ്ണ് കണ്ടു പിടിക്കാൻ "

"ഞാൻ ശ്രമിക്കാഞ്ഞിട്ടാണോ "

"എന്നാ അവന് ഇതൊക്കെ മതി, അവന് റബറുവെട്ടല്ലെ പണി. "

"സാലിയുടെ വീട്ടുകാരുടെ മുമ്പിൽ നാണം കെടുവോന്നാ "

"അങ്ങനെ പറ, നിനക്ക് സാലിയുടെ വിട്ടു കാരു മുന്നിൽ ആളാകാനാ, അവർക്ക് എന്നാ ഇതൊക്കെ ഒണ്ടായത്, അവരും പണ്ട് കന്നുപൂട്ടും കൊണ്ട് നടന്നവരല്ലെ"

"എന്നാ ചാച്ചൻ എന്താണേൽ ചെയ്, എനിക്ക് നാണക്കേടുണ്ടായേക്കരുത്"

"നിങ്ങള് ലിസിയുടെ വീട്ടിലേയ്ക്ക് പോകണ്ട, പ്രശ്നം തീർന്നല്ലൊ"

തോമസുകുട്ടി ദേഷ്യപ്പെട്ട് അകത്തേയ്ക്ക് പോയി. ഏലിക്കുട്ടിച്ചേടത്തി ഭർത്താവിനോട് പരാതി പറഞ്ഞു

"തോമസ് കുട്ടിക്ക് ഈ കല്യാണം അത്ര ഇഷ്ടപ്പെട്ടിട്ടില്ല, വേറെ നോക്കാമെന്നാ അവൻപറയുന്നെ"

"എനിക്ക് വാക്ക് ഒന്നേ ഉള്ളു, അവൻ കൂടിയില്ലെങ്കിലും ഈ കല്യാണം ഞാൻ നടത്തും "

ഒത്തു കല്യാണത്തിന് സാലിയുടെ പപ്പ അവറാച്ചൻ പള്ളിയിലേയ്ക്ക് കയറിയില്ല. ഊണു കഴിഞ്ഞ് ആരോടും പറയാതെ പോവുകയും ചെയ്തു. ചേടത്തിയുടെ വീട്ടുകാരുടെ സഹരണമില്ലായ്മ ജോസുകുട്ടിയുടെ മനസ്സിനെ വേദനിപ്പിച്ചു. ഫോൺ വിളിച്ചപ്പോൾ ലിസിയോട് പറയുകയും ചെയ്തു. 

"അതൊന്നും സാരമില്ല ഇച്ചായാ, പാവങ്ങളോട് പണക്കാർക്ക് എപ്പോഴും ഒരു പുശ്ചമുള്ളതാ. ഞങ്ങൾ പാവങ്ങളല്ലെ അതുകൊണ്ടാ"

"എന്നാലും നീ എൻ്റെ വീട്ടിലേയ്ക്കല്ലെ വരുന്നത്."

"ഇച്ചായന് എന്നെ ഇഷ്ടമാണെങ്കിൽ മതികേട്ടോ"

"ഇനി നീ മാത്രമേ എൻ്റെ ജീവിതത്തിലുള്ളു, മറ്റുള്ളവർ എന്തു വേണമെങ്കിലും വിചാരിക്കട്ടെ "

അവധിയില്ലെന്ന കാരണം പറഞ്ഞ് തോമസുകുട്ടി ജോസുകുട്ടിയുടെ കല്യാണത്തിനു മുമ്പു തന്നെ അമേരിയ്ക്കയിലേയ്ക്കു പോയി. കല്യാണം കഴിഞ്ഞ് ലിസിയെ എല്ലാവരും ചേർന്ന് വീട്ടിലേയ്ക്ക് ആനയിയ്ക്കുമ്പോൾ ഏലിക്കുട്ടി ചേടത്തിയുടെ മനസ്സുനിറഞ്ഞിരുന്നു ഒപ്പം കണ്ണുകളും.

 

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ