ജീവിതം അപകടകരമായ ചിലതിനോടുള്ള സംവേദനമാണ്.
ഈ ഒരു തലവാചകത്തെ മുൻ നിർത്തിയാണ് ചുവടെ ചേർക്കുന്ന കഥ. വായിച്ചു കഴിഞ്ഞ് തലവാചകം യോജിക്കുന്നില്ല എന്നുള്ള അഭിപ്രായം എഴുതണമെന്നില്ല.
ഒഴിഞ്ഞ ക്ലാസ് മുറിയിൽ ഒറ്റക്കിരുന്ന് ചിത്രം വരഞ്ഞവൻ. തെറ്റിപ്പോയ ചിത്രക്കടലാസ് ചുരുട്ടിയെറിഞ്ഞ് പുറത്തേക്ക് പറന്നു പോയവൻ.
അവളോ
വരയാൻ നിറം മങ്ങിയതെങ്കിലും ഒരു കളർ പെൻസിലോ മുഷിഞ്ഞൊരു കടലാസ് തുണ്ടോ ഇല്ലാത്തവൾ. അവൻ ഉപേക്ഷിച്ചു പോയ പഴയ ചുളിഞ്ഞ ചിത്രം തിരിച്ചെടുത്ത് സ്വപ്നവും ലക്ഷ്യവുമാക്കിയവൾ.
എല്ലാ കഥകളിലുമെന്ന പോലെ അവനും അവളും വേർപിരിയുകയും അവർക്കിടയിൽ കാലം ഒഴുകുന്ന നിശ്ചലതയായിത്തീരുകയും ചെയ്തു എന്നു പറഞ്ഞാൽ ശരിയാവില്ല. കാരണം ഇപ്പറയുന്ന രണ്ടു പേർക്കുള്ളിലെ ഞാനോ, എനിക്കുള്ളിലെ രണ്ടു പേരോ അല്ലാതെ അവനോ അവളോ പരസ്പരം കണ്ടുമുട്ടുകയോ പരിചയപ്പെടുകയോ ചെയ്തിരുന്നില്ല.
ഈ കഥയ്ക്ക് പ്രണയത്തിന്റെയോ ഗൃഹാതുരതയുടെ കുറവു തോന്നുന്നത് അതില്ലെന്നുള്ളതു കൊണ്ടാണ്. ചിലരുടെ സ്വപ്നങ്ങൾക്ക് ഉപേക്ഷിക്കപ്പെട്ടതിന്റെ ചവർപ്പു രസമായിരിക്കും. ഇനി ഏതെങ്കിലും തരത്തിലുള്ള വേഷങ്ങൾ കഥാപാത്രങ്ങളെ ഉടുപ്പിച്ചു അന്തരീക്ഷം മാറ്റി അവതരിപ്പിക്കുന്നതാവും നല്ലതെന്നു തോന്നുന്നുണ്ടെങ്കിൽ നിങ്ങൾക്കങ്ങനെ വായിക്കാം. അങ്ങനെ എഴുതാൻ എനിക്കു കഴിയില്ല.