"മോൻ പഴയതൊന്നും ഓർത്ത് വിഷമിക്കേണ്ട. എല്ലാം ശരിയാകും." രവിയുടെ കവിളിലൂടെ ഒലിച്ചിറങ്ങിയ മിഴിനീർ തുടച്ചു കൊണ്ട് അമ്മ പറഞ്ഞു.ആ വാക്കുകൾ ഒരു സ്വാന്തനമായി അയാളെ പൊതിഞ്ഞു.
അമ്മ വന്നതോടെ എല്ലാറ്റിനും ഒരു അടുക്കും ചിട്ടയും വന്നതുപോലെ രവിയ്ക്കു തോന്നി. അയാൾക്കുള്ള മരുന്നും ഭക്ഷണവും കൃത്യസമയത്ത് കിട്ടാൻ തുടങ്ങി. ശരീരം കഴുകി തുടയ്ക്കുന്നതും, മലമൂത്ര വിസർജ്യങ്ങൾ മാറ്റുന്നതും എല്ലാം അമ്മയാണ്.
പ്രായത്തിൻ്റെ അസ്കിത ഉണ്ടെങ്കിലും എല്ലാം ചെയ്യുന്നതിന് ഒരു പ്രത്യേക നൈപുണ്യം തന്നെ അമ്മയ്ക്ക് ഉണ്ട്. കഴിഞ്ഞ രണ്ടു മാസങ്ങളായി അയാൾ വളരെയേറെ വിഷമിച്ചു! ഭാര്യയും മക്കളും നോക്കിയിട്ടും കിട്ടാത്ത വൃത്തിയും സംതൃപ്തിയും തരാൻ വയ്യാത്ത അമ്മയ്ക്ക് സാധിക്കുന്നത് ഒരു വലിയ അത്ഭുതമാണ് .
ഈ അമ്മയെയാണ് ഭാര്യമാരുടെ വാക്കുകേട്ട് രവിയും അനുജൻ വേണുവും തള്ളിക്കളഞ്ഞത്. അമ്മയോട് എത്രയൊക്കെ മോശമായി പെരുമാറിയിട്ടും വേദനിപ്പിച്ചിട്ടും അതിൻ്റെ പിണക്കമോ, നീരസമോ
അമ്മയുടെ മുഖത്ത് കാണാനില്ല.
'തൻ്റെ തെറ്റുകൾ മനസ്സിലാക്കാൻ ദൈവം തന്ന ഒരു അവസരമാണിത്. രജനിയും മക്കളും കൂടി അമ്മയുടെ മഹത്വം ഒന്നു മനസ്സിലാക്കിയിരുന്നുവെങ്കിൽ! അവർക്കൊക്കെ എത്ര പറഞ്ഞാലും മനസ്സിലാവില്ല. അവരെ പറഞ്ഞു മനസ്സിലാക്കാൻ തനിക്ക് സാധിക്കുക്കയുമില്ല.എല്ലാം കണ്ടും കേട്ടും ഉള്ളിലടക്കി ഒരു ശിലാവിഗ്രഹം പോലെ ഉള്ള ഈ കിടപ്പ് ഈശ്വരാ.. ശത്രുക്കൾക്കുപോലും ഈ വിധി നൽകരുതേ.' അയാൾ ഉള്ളുരുകി പ്രാർത്ഥിച്ചു.
അച്ഛൻ്റെ മരണശേഷം ഒന്നു തളർന്നുവീണു എങ്കിലും, പൂർവ്വാധികം ശക്തിയോടെ മക്കളെ ഓർത്ത് അമ്മ ഉണർന്നെണീറ്റു. പറമ്പിലെയും പാടത്തെയും ജോലികളൊക്കെ അമ്മ തന്നെ ചെയ്തും അയൽ വീടുകളിൽ കൂലിപ്പണി ചെയ്തുമാണ് അമ്മ മക്കളെ മൂന്നു പേരേയും പഠിപ്പിച്ചത്. അച്ഛൻ മരിക്കുമ്പോൾ രവി ആറാം ക്ലാസിലും അനുജൻ വേണു നാലിലും അനുജത്തി നേഴ്സറിയി ലുമായിരുന്നു.
കഷ്ടപ്പാടുകൾക്കും ദുരിതങ്ങൾക്കും ഒരു അറുതി കിട്ടിയത് രവിയ്ക്ക് ജോലി കിട്ടിയ ശേഷമാണ്. അനിയത്തിയുടെ വിവാഹശേഷം അയാൾക്ക് ധാരാളം ആലോചനകൾ വന്നു എങ്കിലും,
സുഹൃത്ത് രാജേഷിൻ്റെ പെങ്ങളെ ഓഫീസിലുള്ള കുമാരേട്ടനാണ് ആലോചിച്ചത്.
രാജേഷിൻ്റ വീട്ടിൽ മുമ്പ് പലപ്പോഴും പോയിട്ടുള്ളത് കൊണ്ട് രജനിയെ അയാൾ നേരത്തെ കണ്ടിട്ടുണ്ടായിരുന്നു. അമ്മയുമൊത്ത് രാജേഷിൻ്റെ വീട്ടിൽ പോയി രജനിയെ കണ്ടപ്പോൾ, അമ്മയ്ക്കും അവളെ ഇഷ്ടമായി. വൈകാതെ അവൾ രവിയുടെ ജീവിത പങ്കാളിയായി. സന്തോഷകരമായ അവരുടെ ജീവിതത്തിലേയ്ക്ക് രണ്ടു മക്കളും കൂടെ വന്നപ്പോൾ ജീവിതം സ്വർഗ്ഗതുല്യമായി. മക്കളെ വളർത്തുന്നതിൽ അമ്മയുടെ പങ്ക് കുറച്ചൊന്നുമല്ല. രജനി പ്രസവിച്ചു പാലുകൊടുത്തു എന്നുമാത്രം. ബാക്കി എല്ലാ കാര്യങ്ങളും നോക്കി നടത്തിയിരുന്നത് അമ്മയായിരുന്നു.
വേണുവിൻ്റെ കുടുംബത്തിലും ഇതു തന്നെയായിരുന്നു അവസ്ഥ.അവർക്കും എല്ലാക്കാര്യത്തിലും അമ്മ വേണം. രണ്ടുവീടായി മാറി താമസിച്ചപ്പോൾ അവരുടെ ഭാര്യമാർ അമ്മയ്ക്കായ് പിടിവലിയായിരുന്നു. സ്നേഹം കൊണ്ടല്ല, എല്ലാ കാര്യങ്ങളും ഭംഗിയോടെ നിർവഹിക്കുന്ന കൂലിയില്ലാത്ത ജോലിക്കാരിയായ അമ്മയ്ക്ക് വേണ്ടി.
മക്കളുടെ വിദ്യാഭ്യാസം പൂർത്തിയായി അവർ ജോലിക്കും മറ്റും പോയപ്പോൾ മുതൽ രജനിയ്ക്ക് അമ്മ ചെയ്യുന്നതെല്ലാം കുറ്റമായി തീർന്നു. പ്രായാധിക്യം മൂലം പണ്ടത്തെപ്പോലെ ജോലി ചെയ്യാനുള്ള ആരോഗ്യവും കുറഞ്ഞു.അമ്മയുടെ മേൽ ഇല്ലാത്ത കുറ്റങ്ങൾ അവൾ കണ്ടുപിടിച്ചു .
'ഇത്രയും നാൾ നമ്മുടെ കൂടെ നിന്നില്ലേ, ഇനി അനിയൻ്റെ വീട്ടിൽ പോയി നിൽക്കട്ടെ ' എന്നാണ് അവളുടെ ഭാഷ്യം.
വേണുവിന് അമ്മയെ കൂടെ നിർത്താൻ ഇഷ്ടമായിരുന്നു. പക്ഷേ അവൻ്റെ ഭാര്യയ്ക്കും അമ്മയെ ഇഷ്ടമല്ല. നല്ല ആരോഗ്യമുള്ളപ്പോൾ എല്ലാവർക്കും അമ്മയെ ആവശ്യമായിരുന്നു. വയ്യാതായപ്പോൾ ആർക്കും വേണ്ടാതായി. അനുജത്തിയുടെ നിർബന്ധം കൊണ്ട് അവളുടെ വീട്ടിൽ പോയി അമ്മ കുറച്ച് ദിവസം നിന്നു. പക്ഷേ കെട്ടിച്ചു വിട്ട മോൾടെ വീട്ടിൽ നിൽക്കാൻ അമ്മയ്ക്ക് തീരെ ഇഷ്ടമല്ല.
കൊച്ചമ്മാവൻ 'ചേച്ചി എൻ്റെ വീട്ടിൽ നിന്നോ ' എന്ന് പറഞ്ഞെങ്കിലും അമ്മ അതിനും സമ്മതിച്ചില്ല.
"രണ്ട്ആൺമക്കൾ ഉള്ള ഞാൻ മറ്റൊരിടത്തും പോകുന്നില്ല.ഇനി അഥവാ പോവുകയാണെങ്കിൽ ഞാൻ വല്ല അനാഥാലയത്തിലും പൊയ്ക്കോളാം. "
അങ്ങനെയാണ് മൂന്നു മാസം മുൻപ് അമ്മയെ സിസ്റ്റേഴ്സ് നടത്തുന്ന അനാഥാലയത്തിൽ കൊണ്ടുചെന്നാക്കിയത്. പിന്നീട് ഒന്നു രണ്ടു വട്ടം രവി അവിടെ പോയിരുന്നു. രവിയും വേണുവും അവിടെ പോയി കണ്ടപ്പോഴൊക്കെയും അമ്മ വളരെ സന്തോഷവതിയായി കാണപ്പെട്ടു.
'ഇന്നെൻ്റെ മക്കൾ വരും. അവർ എന്നെ വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ട് പോകും' എന്നു പറഞ്ഞ് എല്ലാ ദിവസങ്ങളിലും അമ്മ കാത്തിരിക്കാറുണ്ടെന്ന് ശരണാലയത്തിലെ സിസ്റ്റേഴ്സ് പറഞ്ഞപ്പോൾ അയാളുടെ ഹൃദയം വല്ലാതെ വേദനിച്ചു. പക്ഷേ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് അയാൾ പോയി അമ്മയെ കണ്ടത്. അമ്മയോ കണ്ണിലെണ്ണയൊഴിച്ച് പ്രതീക്ഷയോടെ എല്ലാ ദിവസവും മക്കളെ കാത്തിരുന്നു. മക്കൾ തിരിച്ചുപോരുമ്പോൾ അമ്മയുടെ മുഖത്ത് കാണുന്ന നിരാശ ആഴിയേക്കാൾ അഗാധമായിരുന്നു.
സമയത്തുള്ള ഭക്ഷണവും, കൃത്യമായ മരുന്നും, വിശ്രമവും കൊണ്ടായിരിക്കാം അമ്മയുടെ ആരോഗ്യം മെച്ചപ്പെട്ടിരുന്നു.
രണ്ടുമാസം മുമ്പ് സ്ട്രോക്ക് വന്ന് വീഴും വരെ ' താനും തൻ്റെ ചെയ്തികളും ആണ് ശരി' എന്ന മട്ടിൽ രവി ഏറെ അഹങ്കരിച്ചിരുന്നു. പ്രിയപ്പെട്ട ഭാര്യയ്ക്കും ഹൃദയത്തോട് ചേർത്ത് നിർത്തിയ മക്കൾക്കും താൻ ഒരു ബാധ്യതയാണ് എന്ന് മനസ്സിലായത് അയാൾ കിടപ്പിലായ ശേഷമാണ്.
"അമ്മയുടെ ദുഃഖത്തിൻ്റെ കണ്ണുനീരാണ് തൻ്റെ ഹൃത്തടം പൊള്ളിക്കുന്നത് എന്ന സത്യം തുറന്നു പറയണം എന്ന് ആഗ്രഹമുണ്ടെങ്കിലും, ചലനശേഷിയില്ലാത്ത ശരീരം ഒന്നും സമ്മതിച്ചില്ല .
അനിയൻ വേണു പലപ്പോഴും വന്ന് ചേട്ടൻ്റെ അവസ്ഥകണ്ട് കൃത്യമായ ഭക്ഷണമോ മരുന്നോ കിട്ടുന്നില്ലെന്ന് മനസ്സിലാക്കിയത് കൊണ്ടാവാം, അവനാണ് പറഞ്ഞത് 'അമ്മയെ പോയി കൊണ്ടുവന്നാലോ' എന്ന്. ആദ്യം എതിർപ്പു പ്രകടിപ്പിച്ച രജനിയും മോനും തന്നെയാണ് പിന്നീട് വേണുവിനെയും കൂട്ടിക്കൊണ്ടു പോയി അമ്മയെ തിരികെ കൊണ്ടുവന്നത്.
അമ്മ വന്നിട്ട് ഒരാഴ്ചയേ ആയുള്ളൂ എങ്കിലും എല്ലാത്തിനും ഒരു അടുക്കും ചിട്ടയും വന്ന പോലെ തോന്നുന്നു. അമ്മയുടെ വിരലുകൾക്ക് എന്തോ മാന്ത്രികശക്തി ഉള്ളതുപോലെ.
'ഈ പാവം അമ്മയാണല്ലോ താനും അനിയനും കൂടി കൊണ്ടുപോയി അനാഥാലയത്തിൽ തള്ളിയത്.
അയാളുടെ മിഴികൾ നിറഞ്ഞു തുളുമ്പി. അമ്മ കാണാതാ മിഴിനീർ തുള്ളികൾ ഒളിപ്പിക്കുവാനൊരു ശ്രമം നടത്തി. സാധിക്കുന്നില്ല .
"മോൻ പഴയതൊന്നും ഓർക്കേണ്ട, എല്ലാം ശരിയാകും." അയാളുടെ കവിളിലൂടെ ഒഴുകിയ മിഴിനീർ തുടച്ചു കൊണ്ട് അമ്മ പറഞ്ഞു.
ചില കാര്യങ്ങൾ നമ്മൾ പറയാതെ തന്നെ ചിലർ തിരിച്ചറിയും. മൗനമാണ് അതിൻ്റെ ഭാഷ. അത് കളങ്കമില്ലാത്ത അമ്മമാർക്ക് മാത്രം തിരിച്ചറിയാൻ ദൈവം നൽകിയ വരദാനം.