ഭുവനേശ്വറിൽ നിന്നും ട്രെയിൻ കയറാനായി പ്ലാറ്റ്ഫോമിൽ ഇരിക്കുമ്പോഴാണ് അയാൾ എൻറെ അടുത്ത് വന്നിരിക്കുന്നത്. തരക്കേടില്ലാത്ത വേഷം . നീട്ടിവളർത്തിയ തലമുടിയും താടിയും. കുഴിഞ്ഞ
കവിളുകളും കുഴിഞ്ഞ കണ്ണുകളും പുറത്തേക്ക് ഉന്തി നിൽക്കുന്ന നീളമുള്ള പല്ലുകളും.
അയാളുടെ അന്വേഷണം ആദ്യം ട്രെയിനിനെ കുറിച്ച് ആയിരുന്നു. ശുദ്ധ ഹിന്ദിയിലാണ് സംസാരം തുടങ്ങിയത്. ഭാഷ പഠിച്ചു വരുന്നതേയുള്ളൂ എന്നുള്ളതുകൊണ്ട് അയാളുടെ ചോദ്യങ്ങൾക്കൊക്കെ അറിയാവുന്ന ഹിന്ദിയിൽ മറുപടി പറഞ്ഞു കൊണ്ടിരുന്നു.
സംസാരം വിവിധ വിഷയങ്ങളെക്കുറിച്ച് കറങ്ങിയും തിരിഞ്ഞും പോയിക്കൊണ്ടിരുന്നു. വിദ്യാഭ്യാസം, രാഷ്ട്രീയം, സമരങ്ങൾ എന്നിങ്ങനെ മാറിക്കൊണ്ടിരുന്നു.സംസാരിക്കും തോറും അയാളെക്കുറിച്ച് മതിപ്പു കൂടിക്കൊണ്ടിരുന്നു. കേരളത്തിൽ നിന്നാണെന്ന് പറഞ്ഞപ്പോൾ കുറച്ചു തമിഴും മലയാളവും കലർന്ന രീതിയിൽ അയാൾ സംസാരിക്കാൻ തുടങ്ങി. ഒരു വർഷമായി മലയാളം സംസാരിച്ചു കേൾക്കാത്തതിന്റെ ആർത്തി കുറേ അയാളോട് പറഞ്ഞു തീർക്കാൻ തീരുമാനിച്ചു. അപ്പോഴും ചൂളം വിളിച്ചുകൊണ്ട് അനേകം വണ്ടികൾ വന്നു പോയി കൊണ്ടിരുന്നു.
കേരളത്തിലേക്കുള്ള വണ്ടി ഇനിയും മണിക്കൂറുകൾ കാത്തിരുന്നാൽ മാത്രമേ വരികയുള്ളൂ.സ്റ്റേഷൻ മാസ്റ്ററോട് ചോദിക്കുന്നതിനേക്കാൾ കൂടുതൽ പോട്ടർമാരോട് ആണ് തീവണ്ടിയുടെ കാര്യം റെയിൽവേ സ്റ്റേഷനിൽ ചെന്നാൽ സാധാരണ ചോദിക്കാറ്. വണ്ടി ലൈറ്റ് ആണെന്നും പറഞ്ഞ് പോർട്ടർ തിരികെ നടന്നു പോയി.
പലപ്പോഴും തോന്നിയിട്ടുള്ളതാണ് ഇന്ത്യയുടെ ഏകത്വം പോർട്ടർമാർക്കും കൂടി അവകാശം ഉള്ളതാണെന്ന്. ഏത് സംസ്ഥാനത്ത് ചെന്നാലും ഈ ചുവന്ന ഷർട്ട് ഉള്ള പോർട്ടർമാർ ഇവിടെ താൻ അപരിചിതൻ അല്ല എന്നൊരു തോന്നൽ മനസ്സിൽ ഉണ്ടാക്കാറുണ്ട്. കേരളത്തിലെ കൊച്ചുഗ്രാമത്തിലെ റെയിൽവേ സ്റ്റേഷനിലും ഇതേ നിറമുള്ള ഷർട്ട് ഇട്ട പോർട്ടർമാർ സാധാരണ കാഴ്ചയാണ്.
തീവണ്ടി കയറാൻ അല്ലാതെ ആണെങ്കിലും ഒഴിവുള്ള ദിവസങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ പ്ലാറ്റ്ഫോം ടിക്കറ്റ് എടുത്തിരിക്കുന്നത് ഒരു ശീലമാണ്. പല നാട്ടിലുള്ള ആൾക്കാരും കണ്മുന്നിൽ കൂടെ അങ്ങോട്ടുമിങ്ങോട്ടും ധൃതിപിടിച്ചു പോകുന്ന തീവണ്ടി കാഴ്ച്ച താൽക്കാലികമായെങ്കിലും നാട്ടിൽ നിന്നും മാറി നിൽക്കുന്ന ഒരു തോന്നൽ ഉണ്ടാകുമായിരുന്നു.
വളരെ കാലം കേരളത്തിന് പുറത്ത് ജോലി ചെയ്തിരുന്നത് കൊണ്ടും യാത്രകൾ ഇഷ്ടപ്പെട്ടിരുന്നത് കൊണ്ടും ഇടയ്ക്കൊക്കെ മറുനാടൻ ആകാൻ മനസ്സ് ആഗ്രഹിച്ചിരുന്നു.
ഭുവനേശ്വറിൽ എന്തിനു വന്നതാണ് എന്ന ചോദ്യമായിരുന്നു അടുത്തത്. കിട്ടാതെപോയ ഡിഗ്രി സർട്ടിഫിക്കറ്റട്ടിനെ കുറിച്ച് പറഞ്ഞപ്പോൾ അയാൾ തന്നെ സഹായിക്കാം എന്നായി. യൂണിവേഴ്സിറ്റിയിലെ പല ഉദ്യോഗസ്ഥരും തൻറെ സുഹൃത്തുക്കളാണെന്ന് അയാൾ പറഞ്ഞു. അവിടെ വച്ച് പരിചയപ്പെട്ടതുകൊണ്ട് അയാൾ പറഞ്ഞ കാര്യങ്ങൾ മുഴുവനായും വിശ്വസിക്കാൻ തോന്നിയില്ല. തുടർന്നു വാതോരാതെ അതെ യൂണിവേഴ്സിറ്റിയിലെ ഉദ്യോഗസ്ഥരുടെ പേരുകൾ പറഞ്ഞു സഹായവാഗ്ദാനം തുടർന്നപ്പോൾ അയാളെ അവിശ്വസിക്കാൻ തോന്നിയില്ല.
വളരെയധികം കഷ്ടപ്പെട്ട് പലതവണ വന്നു പോയതിനു ശേഷവും ഫലപ്രാപ്തി ഇല്ലാത്തതിനാൽ ഒരു അത്താണി കിട്ടിയ കണക്ക് ആശ്വാസം തോന്നി. ചിലവ് അന്വേഷിച്ചപ്പോൾ അയ്യായിരത്തിൽ താഴെ മാത്രമാണ് അയാൾ പറഞ്ഞത്. കയ്യിൽ തൽക്കാലം പണമില്ലാത്തതുകൊണ്ട് നാട്ടിൽ ചെന്ന് അയക്കാം എന്ന് ഏറ്റു.
അഡ്രസ്സ് കുറിച്ച് വാങ്ങി പോക്കറ്റിലിട്ട് സമയം നോക്കിയപ്പോൾ കേരളത്തിലേക്കുള്ള വണ്ടി എത്തേണ്ട സമയം ആയിരിക്കുന്നു.താമസിയാതെ യാത്രക്കാർ എല്ലാവരും ധൃതിപിടിച്ച് ലഗ്ഗേജ് ശേഖരിച്ച് കയറാനുള്ള തയ്യാറെടുപ്പുകൾ തുടങ്ങിക്കഴിഞ്ഞു. അയാൾ എൻറെ ടിക്കറ്റ് നോക്കി കമ്പാർട്ട്മെന്റിന്റെ സ്ഥാനം പറഞ്ഞു തന്നു. ഇരിക്കുന്നിടത്ത് നിന്നും കുറച്ചു ദൂരെയാണ്. യാത്രക്കാർ ആരും അവിടെ നിൽക്കുന്നതും കണ്ടില്ല . വർത്തമാനം പറഞ്ഞു കൊണ്ട് തന്നെ അയാളെന്നെ കാണിച്ച സ്ഥലത്തേക്ക് അനുഗമിച്ചു. അപ്പോഴേക്കും ചെവി തുളയ്ക്കുന്ന ശബ്ദവുമായി ട്രെയിൻ എൻജിൻ ഞങ്ങളെ കടന്നുപോയി. ടിക്കറ്റിൽ എഴുതിയ കമ്പാർട്ട്മെൻറ് തിരയുന്നതിടയിൽ അയാളുടെ പതിഞ്ഞ ശബ്ദം.
"ഒരു 20 രൂപ തരുമോ?"ദൈന്യതയോടെ ഉള്ള നോട്ടം."ഭക്ഷണം കഴിക്കാനാണ്."
ടിക്കറ്റിൽ നിന്നും മുഖമുയർത്തി നോക്കിയത് പരിചയമില്ലാത്ത ഒരു മനുഷ്യനെ ആയിരുന്നു. 20 രൂപ കൊടുത്ത് തോൾ സഞ്ചിയുമായി കമ്പാർട്ട്മെന്റിൽ കയറി തിരിഞ്ഞുനോക്കുമ്പോൾ അയാൾ വിളിച്ച വിജനമായ സ്ഥലത്തേയ്ക്ക് പോയതിൽ സ്വയം ശപിച്ചു.