(Yoosaf Muhammed)
അന്നും പതിവു പോലെ ഓഫീസിലേയ്ക്കു പോകുവാൻ ഇറങ്ങിയപ്പോൾ ഭാര്യ പുറകിൽ നിന്നും വിളിച്ചു പറഞ്ഞു "എന്റെ അനിയത്തി സുമ ജില്ലാ ആശുപത്രിയിൽ പനിയായി കിടപ്പുണ്ട്. പോകുന്ന വഴി അവിടെ ഇറങ്ങി വിവരങ്ങൾ അന്വേഷിക്കണം." ഒരു വഴിക്കു പോകുവാൻ ഇറങ്ങുമ്പോൾ പുറകിൽ നിന്നും വിളിക്കുന്നതും, പറയുന്നതുമെല്ലാം അവലക്ഷണമാണ്. എങ്കിലും അവൾ പറഞ്ഞതിനു മറുപടിയായി ഒരു മൂളൽ മാത്രം നൽകിക്കൊണ്ട് ഞാൻ ബസ് സ്റ്റോപ്പിലേക്ക് നടന്നു.
ആദ്യം വന്ന ബസിൽ കയറി ജില്ലാ ആശുപത്രിക്ക് ടിക്കറ്റെടുത്തു. ബസിൽ കാര്യമായ തിരക്കൊന്നും ഇല്ലായിരുന്നു. സൈഡു സീറ്റിൽ ഇരുന്ന് വഴിയോരക്കാഴ്ചകൾ കണ്ടു. എന്നും ഈ കാഴ്ചകൾ കാണുന്നതു കൊണ്ട് ഒരു പുതുമയും തോന്നിയില്ല. എങ്കിലും ഒരു മണിക്കൂർ യാത്രകൊണ്ട് ബസ് ജില്ലാ ആശുപത്രി പടിക്കൽ എത്തി.
ബസ് ഇറങ്ങി നേരെ ആശുപത്രി വരാന്തയിൽ എത്തിയപ്പോൾ അനിയത്തിയുടെ ഭർത്താവ് കാന്റീനിൽ നിന്നും ചായ വാങ്ങി വരുന്നുണ്ടായിരുന്നു. അവന്റെ കൂടെ നടന്ന് രണ്ടാം നിലയിലെ നാലാമത്തെ മുറിയിലെത്തി. അവിടെയാണ് അനിയത്തി കിടക്കുന്നത്.
"വൈറൽ പനിയാണ്. രണ്ടു ദിവസം കഴിഞ്ഞാൽ പോകാം." അനിയത്തിയെ കണ്ടതിനു ശേഷം വരാന്തയിലൂടെ മുന്നോട്ടു നടക്കുമ്പോൾ വലതു വശത്തുള്ള പ്രസവ വാർഡിൽ പരിജയമുള്ള ഒരു സ്ത്രീയെ കണ്ടു. കണ്ടിട്ടു മിണ്ടാതെ പോകുന്നതു ശരിയല്ലല്ലോ എന്നു കരുതി അവരുടെ അടുത്തു ചെന്നപ്പോൾ , ആ സ്ത്രീ ഒറ്റക്കരച്ചിൽ.
അവരുടെ ഉറക്കെയുള്ള കരച്ചിൽ കേട്ട് മറ്റു ബെഡ്ഡിലെ സ്ത്രീകളും, കൂട്ടിരിപ്പുകാരും കൂടി ഓടി വന്ന് എനിക്ക് ചുറ്റും നിന്നു. കാര്യം എന്താണെന്ന് അറിയാതെ പകച്ചു നിന്ന എന്നെ നോക്കി അവരെല്ലാം ആക്രോശിക്കാൻ തുടങ്ങി.
നാലു ദിവസം മുൻപ് ആ സ്ത്രീയെ, ആശുപത്രിയിലാക്കിയ ശേഷം ഭർത്താവെന്നു പറയുന്ന ആൾ അവിടെ നിന്നും പോയതാണ്. പിന്നീട് ഇതുവരെ തിരിച്ചു വന്നിട്ടില്ല. ബന്ധുക്കളും ആരും ഇല്ല. എല്ലാവരും കരുതിയത് ഞാനാണ് അവരുടെ ഭർത്താവെന്ന്. മുതിർന്ന ചില സ്ത്രീകൾ ശാപ വാക്കുകൾ കൊണ്ട് എന്നെ കുത്തി നോവിച്ചു. എനിക്ക് പറയാൻ അവസരവും ഇല്ലാ , ഞാൻ പറയുന്നത് അവർക്ക് കേൾക്കുകയും വേണ്ട.
വാർഡിൽ ബഹളം മൂത്തപ്പോൾ നേഴ്സുമാരും, ഡോക്ടർമാരും ഓടിയെത്തി. അവർ പോലീസിൽ വിവരമറിയിച്ചു. നിമിഷനേരം കൊണ്ട് പോലീസും എത്തി. എന്നെ ചോദ്യം ചെയ്തു. ഞാൻ പറയുന്നത് ആരു വിശ്വസിക്കാൻ? പോലീസ് വന്നതറിഞ്ഞ് മറ്റു വാർഡിലുള്ളവരും തടിച്ചു കൂടി. അക്കൂട്ടത്തിൽ എന്റെ അനിയത്തിയും ഭർത്താവും.
ഞാൻ ഏതോ പീഡനക്കേസിലെ പ്രതിയാണെന്ന മട്ടിലാണ് എല്ലാവരും സംസാരിക്കുന്നത്. ഇതിനിടയിൽ അനിയത്തി എന്റെ ഭാര്യയെ വിളിച്ച് വിവരം പറഞ്ഞിരുന്നു. അതിന്റെ ഒരു സംതൃപതി അവളുടെ മുഖത്തു തെളിഞ്ഞു കാണാം.
നമ്മുടെ കഥാനായികയായ ഗർഭിണി സ്ത്രീക്ക്, അവളുടെ പിറക്കാൻ പോകുന്ന കുഞ്ഞിന് ഒരച്ഛൻേ ണം. അവളും എന്നെ നോക്കി ഉറക്കെപ്പറഞ്ഞു "ഇദ്ദേഹമാണ് എന്റെ ഭർത്താവ്". അവളുടെ വാക്കുകൾ കേട്ടതും തലയിൽ ഇടിത്തീ വീണ അവസ്ഥയിലായി. ഇനി രക്ഷയില്ലാ എന്നു മനസ്സിലാക്കിയ ഞാൻ അറിയാതെ അവളുടെ വാക്കുകൾക്കു മുന്നിൽ തലയാട്ടി.
അപ്പോഴേയ്ക്കും എന്റെ ഭാര്യ ഒരു ടാക്സി പിടിച്ച് ആശുപത്രിയിൽ എത്തിയിരുന്നു. വന്നപാടെ അവൾ വീടിന്റെ താക്കോൽ എടുത്ത് എന്റെ നേരെ നീട്ടിയിട്ട് പറഞ്ഞു, " ഞാൻ പോകുകയാണ്. നിങ്ങൾ എന്നെ ചതിക്കുകയായിരുന്നു."
ഭാര്യയുടെ വാക്കുകൾ കൂടി കേട്ടപ്പോൾ വീണ്ടും പഴയ ആൾക്കാർ ഒത്തുകൂടി. അവൾ താക്കോൽക്കൂട്ടം എന്റെ നേരെ വലിച്ചെറിഞ്ഞിട്ട് തിരിഞ്ഞു പോലും നോക്കാതെ നടന്നുനീങ്ങി. ഇനി എന്തു ചെയ്യണമെന്നറിയാതെ ഞാൻ ശൂന്യതയിൽ കണ്ണുംനട്ട് ആശുപത്രി വരാന്തയിലെ ചാരുബെഞ്ചിൽ തളർന്നിരുന്നു.