ജീവിതത്തിലെ നിറമുള്ള സ്വപ്‌നങ്ങളും നെയ്തു, തുമ്പിയും പൂമ്പാറ്റയും കൂട്ടുകാരായി എങ്ങും ഓടിനടന്ന അല്ലലറിയാത്ത ഒരു മിഡിൽ ക്ലാസ്സ് കുടുംബത്തിൽ പിറന്ന അതീവ സുന്ദരിയായ മാളുവിനെ കാണാൻ ഒരു നാൾ ഒരാൾ വന്നു. ആൾ സുമുഖൻ, സുന്ദരൻ മാളുവിന് ചേരും, നാട്ടിൽ വലിയ സമ്പത്തും പ്രതാപമുള്ള തറവാട്ടിലെ ഒറ്റ മോൻ. മാളുവിന് പതിനെട്ടു തികയുന്നതേ ഒള്ളു. പയ്യനും ചെറുപ്പം, കുറച്ചു രാഷ്ട്രീയം കളി ഉണ്ടെന്നല്ലാതെ മറ്റു ജോലി ഒന്നും ഇല്ല, ഇട്ടു മൂടാൻ സ്വത്ത് ഉള്ള അവർക്ക് മകൻ ജോലിക്ക് പോവേണ്ട ആവശ്യവും ഇല്ല.
മാളുവിനെ സ്കൂളിൽ നിന്ന് കണ്ടുള്ള ഇഷ്ട്ടം ആണ് പയ്യന്, പ്ലസ് ടു കഴിഞ്ഞ ശേഷം തുടർന്നു പഠിക്കാൻ അടുത്തൊന്നും കോളേജ് ഇല്ലാത്തതിനാൽ മറ്റെങ്ങും വിട്ടില്ല. ആളുകളുടെ തുറിച്ചു നോട്ടവും ചെക്കന്മാരുടെ കമന്റ്കളും, ലൈൻ ബസ്സിലെ ശല്യങ്ങളേയും അവൾ വെറുത്തു. സൗന്ദര്യം അവൾക്ക് ഒരു ശാപം ആയി തോന്നി. മാളുവിന്റെ ഉപ്പച്ചി ഗൾഫിൽ ആണ്, ഉമ്മ ഹൌസ് വൈഫും, അവർക്ക് മാളുവും, മാളുവിന് അവരും മാത്രം. ഇപ്പോൾ ഉപ്പച്ചി നാട്ടിലുണ്ട് അതാണ് ഇങ്ങിനെ ഒരാലോചനയുമായി ബ്രോക്കർ അഹമ്മദുണ്ണിക്ക പയ്യനുമായി വന്നത്. അവൻ ബ്രോക്കറെ കൂട്ടി വന്നു എന്ന് പറയാം.
ഏതായാലും പ്രായം തികഞ്ഞാൽ പെൺകുട്ടികളെ വീട്ടിലിട്ട് വളർത്താൻ കഴിയില്ലല്ലോ.. പോരാത്തതിന് നല്ല കുടുംബം പയ്യനും കൊള്ളാം. ഡിമാന്റ് ഒന്നും ഇല്ല. മാളൂന്റെ അഭിപ്രായം വാപ്പച്ചി ബഷീർ അവളോട് ചോദിച്ചു, ഉമ്മയെ വിട്ടു പോവാൻ അവൾക്കു വിഷമം മാത്രം, അതിനു ഉപ്പച്ചി ഇനി ഗൾഫിൽ പോവുന്നില്ല എന്ന് വാക്കുകൾ കേട്ടപ്പോൾ അവൾ സമ്മതം മൂളി.
കല്യാണം ആർഭാടമായി നടന്നു, പയ്യന്റെ വീട്ടുകാരും നല്ല സ്നേഹം ഉള്ളവർ, മാളു വിനും സമാധാനമായി, പയ്യൻ എന്നും രാത്രി വൈകിയെ വരൂ. കാര്യം ചോദിച്ചാൽ പാർട്ടി ഓഫിസിൽ ആയിരുന്നു എന്ന് പറയും. വലിയോ കുടിയോ, മറ്റു അനാവശ്യങ്ങൾ ഒന്നും ഇല്ലാത്ത അവൻ അവൾക്ക് സ്നേഹം ആവോളം വാരിക്കൊടുത്തു. കുറച്ചു നാൾ കൊണ്ടു തന്നെ മാളൂന് അവൻ പ്രിയപ്പെട്ടവനായി, സന്തോഷം നിറഞ്ഞ ജീവിതം. അങ്ങിനെ മധുവിധു നാളുകൾ പൊഴിയവെ ഒരു ദിവസം അവൻ രാത്രിയിൽ വന്നില്ല. മൊബൈലിൽ വിളിച്ചിട്ടും കിട്ടിയില്ല. അവൾ പുലരും വരെ അവനെ കാത്തിരുന്നു ..
കാത്തിരിപ്പ് വെറുതെയായി. അവളെ തനിച്ചാക്കി അവൻ പോയിരുന്നു. രാഷ്ട്രീയ കൊലപാതകങ്ങളിൽ ഒരിര കൂടി. വീട്ടിലേക്ക് ബൈക്കിൽ വരുമ്പോൾ പതുങ്ങി നിന്ന എതിർ പാർട്ടിയുടെ ഗുണ്ടകൾ അവനെ അതി ക്രൂരമായി കൊലപ്പെടുത്തിയിരിക്കുന്നു.
അവന്റെ ചേതനയറ്റ ശരീരം അവൾ കണ്ടില്ല. കണ്ണിൽ നിന്ന് ഒരിറ്റു കണ്ണുനീർ പൊഴിഞ്ഞതില്ല. ആരോടും മിണ്ടിയില്ല, ആഹാരം കഴിച്ചില്ല. അവരുടെ മുറിയുടെ കോണിൽ വെട്ടിയിട്ട വാഴ പോലെ തളർന്നു കിടന്നു. വിളിച്ചാൽ വയലന്റ് ആയി. ആരൊക്കെയോ അവളെ ആശുപത്രിയിൽ കൊണ്ടുപോയി. ജീവൻ നില നിർത്താൻ ഗ്ളൂക്കോസും മറ്റു മരുന്നുകളും. ഒന്നും അവളെ സാധാരണ നിലയിലേക്ക് കൊണ്ടു വന്നില്ല. ഇടക്ക് അവൾ വയലന്റ് ആയിക്കൊണ്ടിരുന്നു, എവിടെക്കൊ ഓടിപ്പോവാൻ തുനിഞ്ഞു. ബഷീറും ചെക്കന്റെ വാപ്പയും കൂടി പല ഹോസ്പിറ്റലിലും കൊണ്ടുപോയി. കാര്യമായ മാറ്റങ്ങൾ ഒന്നും കണ്ടില്ല ,
പിന്നെ ബഷീർ അവളെ വീട്ടിലേക്ക് കൊണ്ടു പൊന്നു. നിവർത്തിയില്ലാതെ അവളെ ചങ്ങലയിൽ ബന്ധിച്ചു. അവൾ കുതറി ഓടാൻ ശ്രമിച്ചു. കയ്യിലും കാലിലും വൃണങ്ങൾ ആയി. അതു കണ്ട് സഹിക്കാൻ കഴിയാതെ ഒരു നാൾ അയാൾ സ്വന്തം വീട്ടിൽ കെട്ടിത്തൂങ്ങി എല്ലാ ദുഃഖങ്ങളിൽ നിന്നും സ്വതന്ത്രനായി.
ഉമ്മ എല്ലാം സഹിച്ചു അവളെ വീണ്ടും ഒരു മാനസികാ രോഗ്യകേന്ദ്രത്തിൽ കൊണ്ടു ചെന്നു. ആദ്യം വലിയ പ്രയാസം അനുഭവപ്പെട്ടു. പിന്നീട് അവരുടെ പരിചരണം കൊണ്ട് മുറിവുകൾ കരിഞ്ഞു, അവിടത്തെ ചെറുപ്പക്കാരൻ അവിവാഹിതനായ ഡോക്ടർ അവളെ പരിചരിച്ചു. കഴിഞ്ഞ കഥകൾ ഉമ്മയോട് ചോദിച്ചറിഞ്ഞു. മെല്ലെ മെല്ലെ ഏതോ ശക്തിയാൽ മാളു മരുന്ന് കളോട് പ്രതികരിച്ചു തുടങ്ങ , വയലന്റ് ആവാതെയായി. കുറേ കരഞ്ഞു ..അവൾ മിണ്ടിത്തുടങ്ങി.
ഒരു നാൾ ഡോക്ടറുടെ അമ്മ വന്നു അവളെയും ഉമ്മ യെയും അവരുടെ വീട്ടിലേക്കു കൂട്ടി. സംതൃപ്തിയോടെ ഡോക്ടർ അവരെ അനുഗമിച്ചു.