മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow


"ഇന്ന് ആരാടാ ബുക്കിംഗ്?"
"അതൊന്നും പറയാൻ പറ്റില്ല"
"മൂന്നാറാണോ? തേക്കടിയാണോ?"
"തണുപ്പ് കൂടുതലുള്ളിടം..."
"എത്ര ദിവസത്തേയ്ക്കാ ?"
"രണ്ടുദിവസമാ സാധാരണ..."
"ഫൈവ് സ്റ്റാർ ഹോട്ടല് വേണമെന്നുണ്ടോ?"
"ത്രീ സ്റ്റാർ ആയാലും മതി..."
"ഞങ്ങളെയും പരിഗണിക്കാമോ?"
"കയ്യിൽ പൂത്ത കാശുണ്ടോ?"
"കാശുള്ളോരെ മാത്രം മതിയോ?"
"കാശു മാത്രം പോരാ...കഴിവും വേണം ...."
"ഹ ഹ ഹ
അനീഷ നമ്മുടെ സന്തോഷം
അനീഷ നമ്മുടെ അഹങ്കാരം
അനീഷ നമ്മുടെ പൊതുസ്വത്ത് ..."
ആൺകുട്ടികൾ രണ്ടു ഗണമായി തിരിഞ്ഞ് ചോദ്യവും ഉത്തരവും പറഞ്ഞ് ആർത്തുചിരിച്ചു. അനീഷ ചൂളി കൂട്ടുകാരുടെ മധ്യത്തിലേക്കു കൂടുതൽ നീങ്ങി നിന്നു.
"എന്താടീ സംഭവം? "ലിസ ചോദിച്ചു.
"ആവോ ...ഒന്നും മനസ്സിലാകുന്നില്ലെടീ ..."അനീഷ പിറുപിറുത്തു.
അനീഷ അതിസുന്ദരിയായിരുന്നു. ഗോതമ്പിന്റെ നിറവും വലിയ കണ്ണുകളും തുടുത്തമുഖവുമുള്ളവൾ.
പ്രായത്തിൽ കവിഞ്ഞ വളർച്ചയുള്ളവൾ.
അവളുടെ മുടിക്ക് ഇളം തവിട്ടുനിറമായിരുന്നു.
ചുണ്ടിന്റെ മുകളിൽ കണ്മഷികൊണ്ട് കുത്തിയപോലൊരു കുഞ്ഞുമറുകുണ്ടായിരുന്നു.
കഴുത്തിൽ നേർത്തരോമങ്ങളോട് ഒട്ടിക്കിടന്ന നേരിയ സ്വർണ്ണച്ചെയിനിന്റെ അടിയിലൊരു പാൽച്ചുണങ്ങും.
അവൾ കോളേജിലെ ആൺകുട്ടികളുടെ കണ്ണിലുണ്ണിയായിരുന്നു . അവളെ കാണാൻ വഴിയരികിലും വരാന്തയിലും അവർ കാത്തുനിന്നു.
"ഈ മറുക് പേരുദോഷം വരുത്തും കേട്ടോ ..."ബിന്ദു ചെറിയൊരു അസൂയയോടെ എപ്പോഴും ഓർമ്മിപ്പിച്ചു.
ബിന്ദുവിന്റെ വാക്കുകൾ അറംപറ്റി. അനീഷയ്ക്കു പേരുദോഷം കിട്ടി.
അതൊരു പ്രതികാരകഥയാണ്. കിട്ടാത്ത മുന്തിരിയിൽ തുപ്പിവച്ച ദുഷ്ടനായ കുറുക്കന്റെ കഥ.
ആ കുറുക്കന് അനീഷയെ വലിയ ഇഷ്ടമായിരുന്നു. മനസ്സിനോടെന്നതിനേക്കാൾ അവളുടെ ശരീരത്തോട് തോന്നിയ പ്രണയം.
അതു മനസ്സിലാക്കിയ അനീഷ അവനെ ശ്രദ്ധിച്ചതേയില്ല.
കുറുക്കൻ അവളുടെ ശ്രദ്ധയാകർഷിക്കാൻ സ്വന്തം കാറോടിച്ചു വന്നു.
ബൈക്ക് കൈപിടിക്കാതെ ഓടിച്ചു.
ജീൻസ് ഇട്ടു വന്നു, പാന്റ് ഇട്ടു വന്നു, മുണ്ടുടുത്തു വന്നു.
പല നിറങ്ങളിലുള്ള ടി ഷർട്ടും, ഷർട്ടും, ജൂബയും മാറി മാറി ധരിച്ചു.
സുന്ദരനാകാൻ താടി വടിച്ചു. വിഷമം കാണിക്കാൻ താടി വളർത്തി.
കാശു കാണിച്ചു. കരഞ്ഞു കാണിച്ചു .
പക്ഷെ അനീഷയുടെ മനസ്സ് അലിഞ്ഞില്ല.
പ്രണയം പറയാൻ കൂട്ടുകാരെ വിട്ടു . സാറുമ്മാരെ വിട്ടു .
അനീഷ അനങ്ങിയില്ല.
അമ്മയെന്ന് പറഞ്ഞ് വേലക്കാരിയെ കൊണ്ടുവന്നു. അപ്പനെന്നു പറഞ്ഞ് വാടകക്കാരനെ കൊണ്ടുവന്നു.
അനീഷ പാറപോലെ ഉറച്ചു നിന്നു.
പന്തയം തോറ്റ് പകുതി മീശ വടിച്ച അന്ന് കുറുക്കന്റെ വിധം മാറി . സ്വരത്തിൽ ഭീഷണി നിറഞ്ഞു.
അനീഷ പേടിച്ചില്ല.
കുറുക്കൻ തോറ്റു. തോറ്റു തുന്നം പാടിയപ്പോൾ, തോറ്റവർ പുറത്തെടുക്കുന്ന തന്ത്രം അയാൾ ഉപയോഗിച്ചു . 'പരദൂഷണം '
അത് കല്ലുവച്ച നുണകളായിരുന്നു. ഇല്ലാവചനങ്ങളായിരുന്നു.
കൂട്ടുകാരും നാട്ടുകാരും അത് വിശ്വസിച്ചു. വിശ്വസിച്ചവരും വിശ്വസിക്കാത്തവരും അത് പറഞ്ഞു പരത്തി.
എല്ലാ ദിവസവും ക്ലാസ്സിൽ വന്ന അനീഷ രണ്ടു ദിവസം മാറിനിന്നിട്ടില്ലെന്ന് ലിസ വാദിച്ചു.
അപ്പൻ തലകുനിച്ചില്ല. അമ്മ നെഞ്ചത്തടിച്ചില്ല. അവർക്ക് മകളെ അറിയാമായിരുന്നു. അവൾ വീട്ടിൽ നിന്ന് മാറിനിന്നിട്ടില്ലെന്ന് അവർ ഉറപ്പിച്ചു പറഞ്ഞു.
എന്നാലും അവളുടെ ചുണ്ടേലെ മറുക് ....ബിന്ദു സംശയിച്ചു.
അനീഷയുടെ ആത്മഹത്യാവാർത്ത കേൾക്കാൻ പലരും കാതുകൂർപ്പിച്ചു.
ലിസ അവൾക്കുവേണ്ടി കൊന്ത ചൊല്ലി. ബിന്ദു സംശയത്തോടെ കൂടെ ചൊല്ലി.
എല്ലാവരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് അനീഷ വീണ്ടും ക്ലാസ്സിൽ ചെന്നു.
കുറുക്കന്റെ കരണത്തൊന്നു പൊട്ടിച്ചു...
എല്ലാം ശുഭം....
.....എന്നു പറയാൻ ഇതു കഥയല്ലല്ലോ.
അയാൾ തുടങ്ങി വച്ച നുണക്കഷണം വളർന്നു മാനംമുട്ടി. നാവുകൾ അത് ഏറ്റുപാടി. നാടുകളിൽ സഞ്ചരിച്ചു.
അവളെ കണ്ടവർ കണ്ടവർ അമർത്തിച്ചിരിച്ചു.
പിഴച്ചവൾ എന്നു മുദ്ര കുത്തി അശ്ലീലങ്ങൾ വാരിയെറിഞ്ഞു.
അത് സൗഹൃദങ്ങൾ പൊട്ടിച്ചു. ബന്ധങ്ങൾ അകറ്റി.
പലതവണ കല്യാണം മുടക്കി.
അപ്പനു നിരാശ ബാധിച്ചു. അമ്മ കരഞ്ഞു തളർന്നു.
അവൾ മാത്രം കരച്ചിലൊളിപ്പിച്ചു ചിരിച്ചു.
നീതിമാന്റെ സഹനം ശാശ്വതമല്ല എന്നുറച്ചു വിശ്വസിച്ചു.
എല്ലാം അറിഞ്ഞൊരാൾ ജീവിതത്തിലേയ്ക്ക് എത്തിച്ചേർന്നതു വരെ...

കള്ളൻ നുണയനെക്കാൾ ഭേദമാണ് (പ്രഭാഷകൻ 20:25)
(പ്രിയപ്പെട്ടവളെ , നീ കടന്നുപോയതിന്റെ നൂറിലൊന്നു പോലും എഴുതി നിന്നോട് നീതി പുലർത്താനായില്ല എന്നറിയാം. എങ്കിലും നിന്റെ ധൈര്യത്തിനും പപ്പയുടെയും മമ്മിയുടെയും നിന്നിലുള്ള വിശ്വാസത്തിനും മുൻപിൽ തലകുനിച്ചു കൊണ്ട് ... )

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ