മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

ഒരു മീൻകൊത്തി മിന്നൽപ്പിണരുപോലെ മുമ്പിലും, മറ്റൊന്ന് അതിലും വേഗത്തിൽ പിന്നിലും പറന്നു. പിന്നാലെ പറക്കുന്ന പക്ഷി ഇടവിടാതെ ച്വീ-ച്വീ എന്ന് ചിരിച്ചുകൊണ്ടിരുന്നു. ഞാറു നടുന്ന പെണ്ണുങ്ങൾ ശബ്ദം പോകുന്ന ഭാഗത്തേക്ക് ശ്രദ്ധിച്ചു.

''പൂതി മൂത്ത പൊന്മാനുകളാ..''

കൂട്ടത്തിലൊരാൾ ചുണ്ടുകടിച്ചുകൊണ്ട് പറഞ്ഞു. വരന്പത്തു നിന്ന കൊറ്റികൾ മുഖത്തോട് മുഖം നോക്കി ചിരിയടക്കി.

വെയില് കൊള്ളാതിരിക്കാൻ തലയിലൊരു തോർത്തുമുണ്ടും ചുറ്റി പാൽപ്പാത്രത്തിൽ കപ്പപുഴുക്കും കഞ്ഞിയുമായി സീതമ്മ വയലിൻറെ അക്കരെ നിന്നും വരന്പുകേറി വരുന്നുണ്ടായിരുന്നു. ഞാറുകെട്ടുകൾ ഉഴുതുമറിച്ച വയലിലേക്ക് ഒരേ ദൂരത്തിൽ ഒരേ താളത്തിൽ വീശിയെറിഞ്ഞുകൊണ്ടിരുന്ന അപ്പുവേട്ടൻ ഭാര്യ വരുന്നത് കണ്ട് മനസിൽ പറഞ്ഞു.

''ഇന്ന് നേരത്തെയാണല്ലോ, തന്പുരാട്ടി''

കമുകിൻ തോട്ടത്തിൽ പശുവിന് പുല്ലുവെട്ടികൊണ്ടിരിക്കുന്ന അയൽക്കാരൻ വറീതേട്ടനെ കഞ്ഞികുടിക്കാൻ ക്ഷണിച്ചു സീതമ്മ.

''ഞാൻ കഞ്ഞികുടിച്ചിട്ടാ ഇറങ്ങീത്, നീ പണിക്കാർക്ക് കൊണ്ടുകൊടുക്ക്''

വറീതേട്ടൻ സ്നേഹത്തോടെ ക്ഷണം നിരസിച്ചു.

''മോള് വരാറില്ലേ''

വറീതേട്ടൻ വരന്പു ചാടിക്കടക്കുന്ന സീതമ്മയോട് ഒരു കുശലം എറിഞ്ഞു.

''അടുത്താഴ്ച കൂട്ടികൊണ്ടുവരുവല്ലേ, ഏഴാം മാസം കഴിഞ്ഞു''

മറുപടി പറഞ്ഞുകൊണ്ട് സീതമ്മ നീങ്ങി.

കാലം എത്ര പെട്ടെന്നാണ് പോകുന്നത്, അപ്പുവിൻറൊപ്പം സീതയെ പെണ്ണുകാണാൻ ഇന്നലെ പോയതുപോലെ തോന്നുന്നു. ഇവരുടെ കല്ല്യാണത്തിൻറെ മൂന്നാം ദിവസമാണ് എൽസിയെ ഒരു കൊള്ളിയാൻ മായ്ച്ചുകളഞ്ഞത്. ഇതിപ്പെത്ര കൊല്ലമായ് ഒറ്റക്ക്. ഇനിയും എത്രകാലം ?. വീടും പറന്പും വിൽക്കാൻ സമ്മതിക്കാത്തതുകൊണ്ട് ആകെയുള്ള ആൺതരി തിരിഞ്ഞുനോക്കാറുമില്ല. രണ്ടു പോത്തുകളും ഒരു മാപ്ളയും വലിയൊരു വീടും മാത്രം - ഓരോന്ന് ആലോചിച്ചുകൊണ്ട് വറീതേട്ടൻ പുല്ലുവെട്ടൽ നിർത്തി ഒരു ബീഡി കത്തിച്ചു.

ചൂട് കുത്തരികഞ്ഞിയിൽ കപ്പപുഴിക്കിട്ട് കാന്താരി ചമ്മന്തിയും തലേദിവസം വറ്റിച്ചുവെച്ച ചാളക്കറിയും നിരത്തിവെച്ചു സീതമ്മ. തോട്ടിലിറങ്ങി കെെയ്യും കാലും കഴുകി പണിക്കാർ കഞ്ഞികുടിക്കാനെത്തി.
പണിക്കാരു കയറിയ പാടത്തേക്ക് കൊറ്റികളും കാക്കകളും പറന്നിറങ്ങി. മനുഷ്യർ വരന്പത്തും പക്ഷികൾ വയലിലും തീറ്റ ആരംഭിച്ചു.

''അടുത്ത കൊല്ലം മുതൽ കൃഷിയുമില്ല'' അപ്പുവേട്ടൻ കഞ്ഞി കുടിച്ചുകൊണ്ട് പറഞ്ഞു

''വിൽക്കാൻ തന്നെ തീരുമാനിച്ചോ ?'' കൂടെയുള്ള പണിക്കാരിലൊരാൾ ചോദിച്ചു

''അഡ്വാൻസ് വാങ്ങി'' സീതമ്മയാണ് പറഞ്ഞത്

''വേറെ വഴിയില്ല'' അപ്പുവേട്ടൻ നടുവേദന കടിച്ചുപിടിച്ച് എഴുന്നേറ്റു

ഭർത്താവ് കഴിച്ച പാത്രവുമായി തോട്ടിലേക്ക് കഴുകാൻ പോകുന്നത് നോക്കികൊണ്ട് സീതമ്മ ദീർഘനിശ്വാസം വിട്ടു.

''ലോണെടുത്താൽ കുടുബം മുടിഞ്ഞു'' സീതമ്മയുടെ വിഷമത്തിനൊപ്പം പണിക്കാരികൾ തലയാട്ടി.

കാലിൽ അരിവാള് കൊണ്ടുമുറിഞ്ഞ് ചോരയൊലിപ്പിച്ചുകൊണ്ട് വറീതേട്ടൻ അപ്പുവേട്ടനെ നീട്ടിവിളിച്ചു. പണിക്കാരും അടുത്ത വീടുകളിലുള്ളവരെല്ലാം ചേർന്ന് തുണി കീറി മുറിവ് കെട്ടി, ഓട്ടോറിക്ഷ വിളിച്ച് ആശുപത്രിയിലേക്ക് വിട്ടു. തോട്ടില് കെെയ്യും കാലും കഴുകി തുണി മാറ്റി അപ്പുവേട്ടനും കൂടെ പോയി. നട്ടുച്ചയായതുകൊണ്ട് ചോര നിൽക്കണില്ല എന്ന് അഭിപ്രായവും പറഞ്ഞുകൊണ്ട് പണിക്കാർ അവരവരുടെ ഇടങ്ങളിലേക്ക് ഇറങ്ങി.

കഞ്ഞിപാത്രങ്ങളും വറീതേട്ടൻ അരിഞ്ഞുവെച്ച പുല്ലുകെട്ടുമായി സീതമ്മ പാടം കയറിപ്പോയി. വറീതേട്ടൻറെ പോത്തുകൾക്ക് പുല്ലും വെള്ളവും കൊടുത്തിട്ടാണ് അവർ വീട്ടിലേക്ക് പോയത്.
പോകുന്ന വഴിക്ക് അയൽപക്കകാരിയോട് മീൻകാരൻ വന്നോയെന്ന് വിളിച്ചു ചോദിക്കുന്നുണ്ടായിരുന്നു.

ആശുപത്രിയിൽ കിടക്കുന്പോൾ വറീതേട്ടൻറെ മനസിലൂടെ ആയിരം ചിന്തകൾ കടന്നുപോയി. അയാൾ വല്ലാതെ അസ്വസ്ഥനായി.

'' അപ്പൂ, ഞാനെന്ത് നട്ടാലും മണ്ണിൽ പിടിക്കുമെന്ന് അപ്പച്ചൻ പറയാറുണ്ട്'' വറീതേട്ടൻ ഒന്ന് നിർത്തി. സമീപത്തിരിക്കുന്ന കൂട്ടുകാരനെ നോക്കി ദീർഘശ്വാസം വിട്ട് വീണ്ടും തുടർന്നു.

'' സ്വന്തം വിത്ത് മാത്രം ശരിക്ക് പിടിച്ചില്ല ''

അപ്പു വറീതിനെ നോക്കി ചിരിച്ചു

''നീ ചാകാറായെന്ന് തോന്നുന്നു''

രണ്ടാളും ഒരേ താളത്തിൽ ചിരിച്ചു.

അവരങ്ങനെയാണ് ഏത് വലിയ ദുഃഖത്തെയും ലഘൂകരിക്കാനുള്ള രഹസ്യം അവർക്കിടയിലുണ്ട്.

പാടത്തിനക്കരെയുള്ള പഞ്ചായത്ത് റോഡിലുടെ സ്കൂൾ വിട്ട് കുട്ടികൾ പോയതിന് പിന്നാലെ, ഫാക്ടറിയിൽ നിന്നും അഞ്ചുമണിക്കുള്ള സെെറൺ മുഴങ്ങി. പണി സാമഗ്രികളും ശരീരവും വൃത്തിയാക്കി പണിക്കാർ അന്നത്തെ ജോലി നിർത്തി കരക്കുകയറി.

''അഡ്മിറ്റാക്കിയിട്ടുണ്ടാവും അല്ലെങ്കിൽ അപ്പുവേട്ടൻ എത്തേണ്ട സമയം കഴിഞ്ഞു''
പണിക്കാര് പരസ്പരം പറഞ്ഞു.

ഒരു കൊറ്റി ഒറ്റക്കാലിൽ ആരെയോ നോക്കി പച്ചവിരിഞ്ഞ പാടത്തിന് നടുവിൽ നിൽക്കുന്നുണ്ടായിരുന്നു.

കുറച്ചു നേരത്തെ ഒബ്സർവേഷന് ശേഷം വറീതേട്ടനെ ആശുപത്രിക്കാർ പറഞ്ഞുവിട്ടു.
ബീവറേജിൽ നിന്ന് ഒരു പെെൻറും വാങ്ങിയാണ് കൂട്ടുകാര് നാട്ടിലേക്ക് തിരിച്ചത്. നേരെ പാടത്തേക്കാണ് അവരുടെ ഓട്ടോറിക്ഷ വന്നിറങ്ങയത്. കാലു നിലത്തുകുത്താനാവാത്ത വറീതിനെ അപ്പുവേട്ടൻ പൊക്കിയെടുത്ത് പാലത്തിൽ വെച്ചു. പാടം മുഴുവനും വീക്ഷിച്ച് വന്നതിന് ശേഷം അപ്പുവേട്ടൻ കൂട്ടുകാരനോട് ചേർന്നിരുന്നു.

''ഇപ്പൊ വേദനയുണ്ടോ''

''കുത്തിവെച്ചതിൻറെ ശക്തി കുറയണ്ട്, ചെറുതായിട്ട് വേദന തുടങ്ങി''

'' അപ്പോൾ ഇതാണ് പൊട്ടിക്കാൻ പറ്റിയ സമയം'' അപ്പുവേട്ടൻ മദ്യകുപ്പി പൊട്ടിച്ചു.

ഇടക്കിടക്ക് ഒന്നു രണ്ട് വണ്ടികള് പോയതൊഴിച്ചാൽ റോഡ് വിജനമായിരുന്നു. നീണ്ടു കിടക്കുന്ന റോഡായതുകൊണ്ട് രണ്ടു ഭാഗത്തുനിന്നും ആളുകൾ വരുന്നുണ്ടെങ്കിൽ തന്നെ നേരത്തെ കാണാം. ഈ പാലത്തിലിരുന്നാണ് ഇവർ സാധാരണ മദ്യപിക്കാറ്. ഇപ്പോൾ കുറേ കാലമായി ഇങ്ങനെ കൂടിയിട്ട്. അതിന് കാരണമാവാൻ ഒരു അപകടം വേണ്ടി വന്നു. പാലത്തിൻറെ ഒരു വശത്ത് അപ്പുവേട്ടൻറെ വയലും മറുവശത്ത് വറീതേട്ടൻറെ വയലുമാണ്. വറീതേട്ടൻറെ വയലിപ്പോൾ പാട്ടത്തിന് കൊടുത്തിരിക്കുകയാണ്. ആ പാലത്തിന് മുകളിൽ നിൽക്കുന്പോൾ കൂട്ടുകാർക്ക് അവരുടെ മുഴുവൻ ജീവിതവും ഓർമവരും.
മൺമറഞ്ഞുപോയ പരന്പരകളെ ഓർമവരും നേരത്തെ മണ്ണിലേക്ക് മടങ്ങിയ കൂട്ടുകാരെ ഓർമവരും ഒരുപാട് ഒരുപാട് വിത്തുകാലങ്ങൾ, അത്രയും കൊയ്ത്തുകാലങ്ങൾ, വരൾച്ചകൾ, വെള്ളപ്പൊക്കങ്ങൾ എല്ലാമൊരു ഇത്തിരിപോന്ന ചില്ലുഗ്ളാസിലേക്ക് പകരും അതിൻറെ ലഹരിയിൽ തെറിപ്പാട്ട് പാടും.

'' എന്തും സ്വീകരിക്കാനുള്ള വിശാലമനസ്കതയുണ്ട് മണ്ണിന് '' അപ്പുവേട്ടനാണ് പറഞ്ഞത്

'' ചത്താലും മണ്ണിരയായും തവളയായും ഞണ്ടായുമൊക്കെ നമ്മളീ വയലിലൊക്കെതന്നെ കാണുമല്ലേ '' മദ്യത്തിൻറെ മൂർച്ചയിൽ വറീതേട്ടനും വാചാലനായി.

പക്ഷികളെല്ലാം ചില്ലകളിൽ ചേക്കേറി. തവളകളും ചീവീടുകളും പതിവ് നാമങ്ങൾ ചൊല്ലി. നിവർന്ന് കിടക്കുന്ന പാടത്തിന് നടുക്ക് സീമന്തരേഖപോലെയുള്ള റോഡിന് നടുവിലെ പാലത്തിന് മുകളിൽ രണ്ട് കർഷകർ അവരുടെ ജീവിതത്തിനു നേരെ തിരിഞ്ഞു നിന്നു.

''എപ്പോഴെങ്കിലും ചാവാൻ തോന്നിയിട്ടുണ്ടോ അപ്പുവിന് '' വറീതേട്ടൻ ഒരുപാട് ആലോചിച്ചതിന് ശേഷം ചോദിച്ചു.

ആ ചോദ്യത്തിനുള്ള ഉത്തരം എപ്പോഴും തൻറെ കയ്യിലുണ്ടായിരുന്നുവെന്ന പോലെ
അയാൾ മറുപടി പറഞ്ഞു

'' ഇപ്പോഴുമുണ്ട് ''

ഒരു പകുതി അന്പിളി ആകാശത്തുനിന്നും നിസാഹായകയായി നോക്കി. ആ അന്പിളിയെ നോക്കി കൂട്ടുകാർ പാടി......

'' എല്ലാം തരുന്ന മണ്ണേ....
എന്നെ പടച്ച മണ്ണേ...

സങ്കടം താങ്ങുവാനാവാത്ത ഞങ്ങളെ
ഇന്നേ തിരിച്ചെടുക്കൂ....... ''

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ