മൊഴിയിൽ ലോഗിൻ ചെയ്ത ശേഷം രചനകൾ നേരിട്ടു സമർപ്പിക്കു.
Login/Register
 

 അന്ന് പതിവിലും നേരത്തെ അടുക്കള ഭാഗത്തു നിന്ന് ഒച്ചയും ബഹളവും ഉയർന്നു.

"ഞാൻ ഉപ്പിട്ട സാമ്പാറിൽ പിന്നെയും ഉപ്പ് കൊടഞ്ഞിടാൻ നിന്നോടാരാ പറഞ്ഞത്?", അമ്മ ഉറഞ്ഞു തുള്ളുന്നു !

"അമ്മ ഉപ്പിട്ടത്‌ ഞാനറിഞ്ഞില്ലല്ലോ. അറിഞ്ഞോണ്ട് പിന്നെയും ആരേലും ഉപ്പിടുമോ?", മരുമകൾ !

"നിനക്കല്ലേലും നാവിത്തിരി കൂടുതലാ. ഒന്ന് പറഞ്ഞാൽ ഒമ്പത് പറയും!"

"പിന്നെ ഇല്ലാത്ത കാര്യം പറഞ്ഞാൽ മറുപടി പറയണ്ടായോ? "

അച്ഛനും മകനും പരസ്പരം നോക്കി. ഇന്നത്തെ പ്രഭാത ഭക്ഷണം ഉപ്പിൽ കലങ്ങി. വായിച്ചുകൊണ്ടിരുന്ന ദിനപ്പത്രത്തിൽ നിന്ന് ഒരു പേജ്, അച്ഛനുകൊടുത്തുകൊണ്ട് അയാൾ പറഞ്ഞു.

"ഇന്നത്തെ പ്രതി ഉപ്പാണ് !"

"പാവം"

അച്ഛന്റെ ദയനീയമായ പ്രതികരണം കണ്ട് മകന് ചിരി പൊട്ടി.

അമ്മായിഅമ്മ മരുമകൾ യുദ്ധം മുറുകുമ്പോളാണ് അകത്ത് ഫോൺ റിങ് ചെയ്തത്. കൊച്ചുമോൾ ഫോൺ ഓടി കൊണ്ട് അമ്മൂമ്മയുടെ കയ്യിൽ ഏൽപ്പിച്ചു.

"ഹലോ.. അതെ.. ആണോ? ശരി. വരാം, ഓക്കേ."

ഇഡ്ഡലിക്ക് മാവ് കോരിയൊഴിക്കുന്ന മരുമകൾ ചെവി കൂർപ്പിച്ചെങ്കിലും ഒന്നും പിടികിട്ടാതെ മകളെ നോക്കി. അവൾക്കും ഒന്നും കേൾക്കാൻ പറ്റിയില്ല. പിന്നെയെല്ലാം വളരെ പെട്ടെന്നായിരുന്നു. കിണറ്റുകരയിലിരുന്ന കാച്ചെണ്ണ എടുത്തു, കൈയിലേക്കിത്തിരി കമഴ്ത്തി മുടിയിലാകെ ഒന്ന് പിടിപ്പിച്ച് കുളിമുറിയിലേക്കോടി.

ചായയും കൊണ്ട് ഉമ്മറത്തേക്ക് വരുന്ന ഭാര്യയെ കാണാത്ത മട്ടിൽ മകൻ പേപ്പറിലേക്കു മുഖം താഴ്ത്തി.

"കഴിഞ്ഞോ പൂരം?" മരുമകളോടായി അച്ഛൻ തിരക്കി.

"ഞാനെന്ത് ചെയ്യാനാ അച്ഛാ. എന്തോ ചെയ്താലും അമ്മയ്ക്ക് കുറ്റമാണ്. ഇവിടുന്ന് എങ്ങോട്ടെങ്കിലും ഇറങ്ങി
പോകുമ്പോഴേ സമാധാനം കിട്ടത്തുള്ളൂ." കണ്ണുനീര് തുടക്കുന്ന ഭാര്യയെ പത്രത്താളിനിടയിലൂടെ ഭർത്താവ്
ഒന്ന് നോക്കി.

കുളിയും കഴിഞ്ഞു പിന്നീലൂടെ വന്ന അമ്മയെ ആരും കണ്ടില്ല.

"നീ അവിടെ എന്റെ കുറ്റവും പറഞ്ഞോണ്ട് നിന്നോ. വരുന്നുണ്ടെങ്കിൽ വേഗം കുളിച്ചിട്ട് ഒരുങ്ങാൻ നോക്ക് "

ങേഹേ !! ഇതെന്തൊരു കഥ! ഇതുവരെ അങ്കക്കലി പൂണ്ടു നിന്ന എതിർകക്ഷികൾ ഇപ്പോൾ ഒന്നായോ !
അച്ഛനും മകനും ഒന്നും മനസ്സിലാകാതെ പരസ്പരം നോക്കി.

"എങ്ങോട്ടാ അമ്മേ?" ഹോ! എന്തൊരു വിനയം ! സ്നേഹം !

"ശാന്തയാണ് ഇപ്പോൾ വിളിച്ചത്. അവരെല്ലാം കൂടി രാധയുടെ കുഞ്ഞിനെ കാണാൻ പോകുന്നുണ്ട്. വരുന്നോയെന്നു ചോദിച്ചു. "

"ഞാനും വരുന്നമ്മേ. ഒരഞ്ചു മിനിറ്റ് .ഇപ്പൊ റെഡിയാകാം."

അപ്പോൾ ഇന്നത്തെ ഉപ്പ് മുഴുവനും തിന്നേണ്ട ഗതികേട് നമുക്കാണോ ദൈവമേ !

അച്ഛൻ മകനെ നോക്കി വിലപിച്ചു.

"ഉപ്പെങ്കിൽ ഉപ്പ് ! കുറച്ചു നേരം സ്വസ്ഥത കിട്ടുമല്ലോ."

രാധ അമ്മാവന്റെ മകളാണ്. പ്രസവം കഴിഞ്ഞു ഹോസ്പിറ്റലിൽ ആണ്. കുഞ്ഞിനെ കാണാനുള്ള പുറപ്പാടാണ്. എവിടെ എങ്കിലും പോകാൻ നേരം രണ്ടുപേരും ഒറ്റക്കെട്ടാണ്!

"ദേ., കഴിക്കാനുള്ളതെല്ലാം മേശപ്പുറത്ത് അടച്ചു വെച്ചിട്ടുണ്ട്. ഞങ്ങൾ ഇറങ്ങുവാ."

സാരിയുടെ ഞൊറിവ് ശരിയാക്കി കൊണ്ട് അമ്മ ഇറങ്ങി വന്നു. പിറകെ ഭാര്യയും !

"അമ്മേ ആ നീല സാരി ഉടുത്താൽ പോരായിരുന്നോ ? അത് അമ്മയ്ക്ക് നല്ല ചേർച്ചയാ "

"ഓ, ഇതൊക്കെ മതി പെണ്ണേ. സമയം പോകുന്നു, നീ വാ.. "

കളിച്ചു ചിരിച്ചു രണ്ടുപേരും മുട്ടിയുരുമ്മി പോകുന്നത് നോക്കി അന്തം വിട്ടു നിന്ന അച്ഛനും മകനും ഇനിയുമൊരു അങ്കത്തിനു സമയമുണ്ടല്ലൊ എന്ന് സമാധാനിച്ച് വീണ്ടും പത്രത്താളിലേക്ക് മുഖം പൂഴ്ത്തി !

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ