മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

"നീയൊരു ആണാണോടാ? ആണും പെണ്ണും കെട്ടവനെ...പെൺകോന്തൻ! നാണമില്ലാത്തവൻ...ഇറങ്ങിപ്പോടാ ഇവിടന്ന്. ഇപ്പൊ ഇറങ്ങണം നീയും നിന്റെ കൊണം പിടിക്കാത്ത ഭാര്യയും ഈ വീട്ടിൽ നിന്ന്. നാശം പിടിച്ചവൾ! ശവം." അച്ഛന്റെശബ്ദം സഞ്ജുവിന്റെ കാതുകളിൽ തുളച്ചു കയറി. ദേഷ്യം കൊണ്ടു  വിറക്കുകയായിരുന്നു അച്ഛൻ. അവൻ മരവിച്ച മനസും ശരീരവും ആയി നിന്നു.

പിന്നീട് അച്ഛൻ പറയുന്ന കാര്യങ്ങളൊന്നും അവന്റെ ഉള്ളിൽ കയറിയില്ല..  എന്നാണ് ഈ ഈ പ്രശ്നങ്ങൾ തുടങ്ങിയത് എന്ന് അവനോർത്തു. ഓർമ്മകൾ,  ഊളിയിട്ട് അവന്റെ തലച്ചോറിലേക്ക് കയറി വന്നു.

അഞ്ച് വർഷങ്ങൾക്ക് മുൻപ് കൂടെ പഠിച്ച ശരണ്യയെ തന്നെ കല്യാണം കഴിക്കാൻ വാശി പിടിച്ചത്,  മറ്റെല്ലാരും എതിർത്തിട്ടും അമ്മയുടെ എതിർപ്പ് വക വയ്ക്കാതെ  അച്ഛൻ ഒരു കൂട്ടുകാരനെ പോലെ കൂടെ നിന്നത്, എല്ലാം അവന്റെ ഉള്ളിലൂടെ ഒരു സിനിമ പോലെ  ഓടുകയായിരുന്നു. അതെ, എല്ലാം ഒരു സിനിമ ആയിരുന്നു,  അല്ലെങ്കിൽ ഒരു നാടകം. അമ്മയ്ക്ക് ആദ്യം മുതലേ ശരണ്യയെ ഇഷ്ടായില്ല.  അതിനുള്ള കാരണം അവളെ തിരഞ്ഞെടുത്തത് സഞ്ജു ആണ് എന്നത് മാത്രം ആയിരുന്നു. അച്ഛൻ കൂടി സമ്മതിച്ചതോടെ അമ്മ പിന്നെ വാശി മറച്ചു വച്ച് സമ്മതിക്കുകയായിരുന്നു. അങ്ങനെ കല്യാണം നടന്നു. പക്ഷെ അവളോടുള്ള ഇഷ്ടക്കേട് അമ്മ ഓരോ ദിവസവും വളർത്തി കൊണ്ടിരുന്നു. അത് പക്ഷേ ഒരു പ്രശ്നം അല്ലായിരുന്നു. കാരണം അച്ഛന് അവളെന്നു വച്ചാൽ എല്ലാമായിരുന്നു.  അവൾക്ക് തിരിച്ചും. അച്ഛന്റെ എല്ലാ കാര്യങ്ങളും അവളറിഞ്ഞു ചെയ്യും. അച്ഛൻ അവളെ സ്വന്തം മോളെ പോലെ കരുതി. വളരെ പെട്ടന്ന് അവൾ എല്ലാരോടും അടുത്തു. സ്വന്തം വീട് പോലെ അവളും കരുതി, പക്ഷെ...

കാലം അവൾക്കായി ഒരുക്കിയ വേദനകൾ അവളെ തേടിയെത്താൻ അധികം താമസം ഉണ്ടായില്ല. അമ്മ പതുങ്ങിയിരുന്ന് കരുക്കൾ നീക്കുകയായിരുന്നു. ആദ്യം അമ്മ സഞ്ജുവിനെ മാറ്റിയെടുക്കാൻ നോക്കി. എല്ലാ പണിയും ചെയ്ത് ശരണ്യ പോയാലും വൈകുന്നേരം സഞ്ജു വരുമ്പോൾ അവളൊന്നും ചെയ്തില്ലെന്നും എല്ലാ ജോലിയും അമ്മ ഒറ്റയ്ക്ക് ചെയ്‌തെന്നും അമ്മ സഞ്ജുനെ അറിയിക്കും. കരയാൻ തോന്നുമ്പോൾ തന്നെ കരയാനുള്ള ഒരു പ്രത്യേക കഴിവും  അമ്മയ്ക്കുണ്ടാരുന്നു. അതായിരുന്നു അമ്മ ശരണ്യക്കെതിരെ എപ്പോഴും  പ്രയോഗിച്ചത്. പതിയെ സഞ്ജുവിന് ശരണ്യയോട് ദേഷ്യം തോന്നിത്തുടങ്ങി.  പ്രണയ കാലത്തെ സൗരഭം ജീവിതത്തിൽ കുറയാൻ തുടങ്ങി. ശരണ്യ കുറച്ച്   ശാന്തയായിരുന്നു. പുറത്തൊക്കെ പോയി പഠിച്ചവൾ. അതിന്റെ പക്വത അവൾ കാണിച്ചു. അഡ്ജസ്റ്റ് ചെയ്യാനും കുടുംബത്തോട് കൂടുതൽ ഇഴുകി ചേരാനും അവൾ ശ്രമിച്ചു.  അച്ഛൻ അവൾക്ക് പൂർണ പിന്തുണ കൊടുത്തു. ആ സമയം അമ്മയുടെ കരുക്കൾ അവളെ വരിഞ്ഞു മുറുക്കാൻ പാകത്തിൽ നിരന്നു തുടങ്ങിയിരുന്നു. സഞ്ജു അവളെ പലതിനും തല്ലി. വഴക്കുകൾ പലതുണ്ടായി. സഞ്ജു അവളെ ഒറ്റപ്പെടുത്തി. ഒരു കുഞ്ഞിനെ പോലെ അവന്റെ എല്ലാ കാര്യങ്ങളും അമ്മ നോക്കി. പല പ്രശ്നങ്ങൾ ഉണ്ടാക്കി സഞ്ജു അവളെ വീട്ടിൽ കൊണ്ടു വിട്ടു. ഏകദേശം ഒരു മാസം അവൾ ഉപേക്ഷിക്കപ്പെട്ട നിലയിൽ സ്വന്തം വീട്ടിൽ നിന്നു.

ആ മുപ്പത് ദിവസങ്ങൾ അവളുടെ പിന്നീടങ്ങോട്ടുള്ള ജീവിതത്തിനെ വഴി തിരിച്ചു വിടുകയായിരുന്നു എന്ന് ശരണ്യ അറിഞ്ഞിരുന്നില്ല. സഞ്ജുവിന് പക്ഷേ അത്  തിരിച്ചറിവിന്റെ ദിനങ്ങളായിരുന്നു.

അമ്മക്ക് സന്തോഷം ആയിരുന്നു അവളില്ലാത്ത നാളുകളിൽ. അവളുള്ളപ്പോൾ ചെയ്തിരുന്ന അതേ കാര്യങ്ങൾ അമ്മ തുടർന്നു. അവളെപ്പറ്റി ഉള്ള കുറ്റങ്ങൾ എരിവും പുളിയും ചേർത്ത് അമ്മ സഞ്ജുവിനോട് പറയും. പതിയെ അച്ഛനും അമ്മയുടെ വലയിൽ ആയി. അമ്മ പറയുന്നത് ശരിയാണെന്ന് അച്ഛൻ വിശ്വസിച്ചു. എത്ര ആയാലും വന്നു കയറിയ മരുമകളെക്കാളും അച്ഛൻ വിശ്വസിക്കേണ്ടത്  അമ്മയെ ആണല്ലോ. അമ്മയുടെ കരച്ചിലുകൾ ഓരോ രാത്രികളിലും  സഞ്ജുവിന്റേം അച്ഛന്റേം ഉറക്കം കെടുത്തി. ഓരോ നാളും എണ്ണിക്കഴിയുകയായിരുന്നു ശരണ്യ. ഒടുവിൽ അവളെ വിളിച്ചോണ്ട് വരാൻ സഞ്ജു തീരുമാനിച്ചു. അവൾ തിരികെ വരാൻ പോകുന്നു എന്നു മനസ്സിലാക്കിയതും അമ്മ അച്ഛനോട് ആ ബോംബ് പൊട്ടിച്ചു. അവളിനി സഞ്ജുവിന് വേണ്ടാ! ഈ വീട്ടിലേക്ക് അവൾ വരണ്ട. ഒന്നും മിണ്ടാനാകാത്ത വിധം അച്ഛൻ മാറി പോയിരുന്നു. അച്ഛൻ ഒരു പരിധി വരെ അമ്മ പറയുന്നത് കേൾക്കുന്ന ഒരാളാണ്. അച്ഛനും അമ്മയും കൂടി സഞ്ജുവിനെ ഓരോന്ന് പറഞ്ഞു മനസിലാക്കാൻ ശ്രമിച്ചു. ഇതിനിടയിൽ അനിയനും അവന്റെ ഏടത്തി അമ്മയെ വെറുത്തു കഴിഞ്ഞിരുന്നു. അമ്മയുടെ ഉള്ളിൽ സന്തോഷം നുരഞ്ഞു പൊങ്ങി. അമ്മയുടെ പ്ലാൻ നടക്കാൻ പോകുന്നു. പക്ഷേ അത് ആരുടെയും മുന്നിൽ പുറത്ത് കാണിക്കാതെ അവർ ശ്രദ്ധിക്കുകയും ചെയ്തു.

സഞ്ജു എല്ലാം കാണാൻ ശ്രമിച്ചു. ശരണ്യ വരുന്നതിന് മുൻപുള്ള അമ്മയെ അവൻ ഓർത്തു. അവൾ വന്നിട്ട് അമ്മക്കുണ്ടായ മാറ്റം അവനോർത്തു. ഇപ്പോൾ അവളില്ലാത്ത ഇടവേളയിൽ അമ്മയുടെ പെരുമാറ്റത്തിന് വന്ന വ്യത്യാസത്തെക്കുറിച്ച് അവനോർത്തു. അവൾ പോയ ശേഷം അച്ഛന് വന്ന മാറ്റം എന്തുകൊണ്ടായിരിക്കും? ഞാനല്ലേ അവളെ സ്നേഹിച്ചു ഈ വീട്ടിലേക്ക് കൊണ്ടു വന്നത്. വളരെ പെട്ടന്ന് ഈ വീട്ടിലൊരാളായി അവൾ മാറിയത് എനിക്ക്  വേണ്ടിയല്ലേ. എന്ത് പ്രശ്നം ആണ് അവളിൽ അമ്മ കാണുന്നത്. എല്ലാവർക്കും അവളെ ഇഷ്ടമായിരുന്നു; അമ്മയൊഴികെ. പക്ഷേ അവൾ എല്ലാരേം സ്നേഹിച്ചിരുന്നു. അവളുടെ കരുതൽ എല്ലാവരിലും എത്തിയിരുന്നു. ഇനി അവൾ സ്നേഹത്തിലും ആത്മാർത്ഥതയിലും അമ്മയെ ഓവർ ടേക്ക് ചെയ്യുന്നതായി ഒറ്റ മകളായി വളർന്ന അമ്മയ്ക്ക് തോന്നിക്കാണുമോ? അവൾ വന്നതിൽ പിന്നെ അമ്മയുടെ പ്രാധാന്യം കുറയുന്നതായി അമ്മയ്ക്ക്  തോന്നിക്കാണുമോ? അതെന്ത് ബാലിശമായ തോന്നലാണ്. എന്താണിവിടെ ഉണ്ടായത്? സഞ്ജു ഓർമ്മകളിൽ ചിതയാൻ തുടങ്ങി. പക്ഷേ ഒരു ഉത്തരം അവന്  കിട്ടി. ഒരിക്കൽ പോലും അമ്മയെ ഒരു കുറ്റവും ശരണ്യ തന്നോട് പറഞ്ഞിട്ടില്ല. സ്വന്തം അമ്മയെപോലെയെ അവൾ കരുതിയിട്ടുള്ളൂ എന്നുറപ്പാണ്. ഒരു മാസം ഡെങ്കിപ്പനി പിടിച്ചു അമ്മ കിടപ്പിലായിരുന്നപ്പോൾ ശരണ്യ എങ്ങനെയാ അമ്മയെ ശ്രദ്ധിച്ചിരുന്നത് എന്ന് സഞ്ജു കണ്ടതാണ്. അത് മാത്രം മതി അവളിലെ നന്മ അറിയാൻ. അവൻ വേഗം തയ്യാറായി. അവളെ കൊണ്ടു വരണം. മതി ഈ നാടകാഭിനയം എനിക്കെല്ലാം മനസിലായി എന്ന് മാത്രം സഞ്ജു അമ്മയോട് പറഞ്ഞു. അവരെ ധിക്കരിച്ചു അവൻ ആദ്യമായ്. അവന്റെ പെണ്ണിനെ കൂട്ടി വരാൻ,  തിരികെ ജീവിതത്തിലേക്ക്.

തിരികെ വന്ന അവർക്ക് മുന്നിൽ മറ്റൊരു കളമൊരുക്കി കാത്തിരുന്നു അമ്മ.  അവരോട് ആരും മിണ്ടാതായി. അങ്ങോട്ട് മിണ്ടിയാലും അവരാരും മിണ്ടില്ല.  വേർതിരിവ് പല രീതിയിൽ അവർ അവളോട് കാണിക്കാൻ തുടങ്ങി. അവൾ വച്ചുണ്ടാക്കുന്ന ആഹാരം തൊടാതായി. അവളുടെ വീട്ടുകാരെ പുല്ല് പോലെ അവർ  അവഗണിച്ചു. നാട്ടിലും ബന്ധുക്കളുടെ ഇടയിലും അവളെ കുറിച്ച് മോശം കഥകൾ മാത്രം പരന്നു. ഒന്നും തിരുത്താൻ ശരണ്യ പോയില്ല. എല്ലാം കേട്ടിട്ടും അവൾ ഒക്കെ കേൾക്കാത്ത പോലെ ജീവിച്ചു. സഞ്ജു ഇതൊക്കെ നോക്കി കാണുകയായിരുന്നു. അവളെ പലപ്പോഴായി ഉപദ്രവിച്ചതോർത്ത് അവൻ ദുഖിച്ചു. അന്നവൻ ഉറപ്പിച്ചു കൈവിട്ടുകളായാൻ പാടില്ലാ അവളെ എന്ന്! പിന്നീടിങ്ങോട്ടുള്ള ഓരോ ദിനവും അവർ പരസ്പരം സ്നേഹിച്ചും സഹായിച്ചും ജീവിതം തുടങ്ങി. പക്ഷേ അന്ന് മുതൽ സഞ്ജുവിന് പെങ്കോന്തൻ എന്നൊരു പേര് അമ്മ ചാർത്തി കൊടുത്തു.

അമ്മ തിരിച്ചറിയുകയായിരുന്നു,  ഇനി സഞ്ജുനെ മാറ്റാൻ കഴിയില്ലാന്ന്.

തനിക്കിഷ്ടമല്ലാത്ത മരുമകളെ സ്നേഹിക്കുന്ന തന്റെ മകനെ ആ അമ്മ വെറുത്തു. ആ വെറുപ്പ് അച്ഛനിലേക്കും പകർന്നു. പല തവണ ഇറക്കി വിടാൻ ശ്രമിച്ചു. കേട്ടാൽ അറക്കുന്ന തെറി വാക്കുകൾ കൊണ്ട് മാത്രം മരുമകളെ സംബോധന ചെയ്തു. ഒന്നും മിണ്ടാതെ എല്ലാം സഹിച്ചു ശരണ്യ. അങ്ങനെ പല പല സമയത്തായി അമ്മ വഴക്കുകൾ ഉണ്ടാക്കി. കരഞ്ഞു...നിലവിളിച്ചു...ഒരു കാരണവുമില്ലാതെ ഇല്ലാത്ത കുറ്റങ്ങൾ കണ്ടുപിടിച്ചു. അവൾ വന്നതിൽ പിന്നെ വീട്ടിൽ നല്ല കാര്യങ്ങളൊന്നും നടക്കുന്നില്ലാന്ന് അച്ഛനെ പറഞ്ഞു വിശ്വസിപ്പിച്ചു. അമ്മ ഒടുവിൽ ജയിച്ചു. അച്ഛനും മകനും തമ്മിൽ അകന്നു. ഏട്ടനും അനിയനും തമ്മിൽ കണ്ടാൽ മിണ്ടാതായി. വഴക്കുകളും കുത്തുവാക്ക് പറയലും എല്ലാം പതിവായി.

ഏറ്റവും അവസാനം  ഉണ്ടായ ഒരു വഴക്കിന്റെ ഒടുവിൽ അച്ഛനിൽ നിന്നുതിർന്ന വാക്കുകളാണ് ഇത്രേം പിറകിലേക്ക് ചിന്തിപ്പിക്കാൻ സഞ്ജുവിന് പ്രചോദനം ആയത്.

അവൻ വർത്തമാനത്തിലേക്ക് വന്നു. പിന്നെയും കേൾക്കുന്നത് അച്ഛന്റെ വാക്കുകളാണ്. പെങ്കോന്തൻ!  ഇറങ്ങിപ്പോടാ...കൂട്ടത്തിൽ കേട്ടാൽ ചെവി പൊത്തി പോകുന്ന തരത്തിലുള്ള തെറിയും. ശരണ്യ അടുത്ത് തന്നെയുണ്ട്.

അവൻ അവളുടെ കണ്ണിലേക്ക് നോക്കി. അവിടെ നിസഹായത നിറഞ്ഞ നീർതുള്ളികളെ അവൻ കണ്ടു.

എന്നെങ്കിലും അമ്മയുടെ മനസ്സ് മാറും, അത് വരെ ക്ഷമിക്കാം എന്ന് അവരുടെ മനസുകൾ പരസ്പരം മന്ത്രിക്കുകയായിരുന്നു...

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ