mozhi2all.com
പുതിയ രചനകൾ mozhi2 ൽ സമർപ്പിക്കുക. (mozhi2all.com)
Login/Register
 

സെലീനക്ക് ഒരു കുക്കറി ചാനലുണ്ട്. കേക്കുകളാണ് അവൾ കൂടുതലും ഉണ്ടാക്കുന്നത്‌. എല്ലാം അവളുടെ തന്നെ റെസിപ്പികളാണ്. അവക്ക് ആകർഷണീയമായ പേരുകളും അവൾ നൽകും. എന്നും വീഡിയോ അപ്ലോഡ് ചെയ്യാറുണ്ട്.

ലക്ഷക്കണക്കിന് സബ്സ്ക്രെെബേഴ്സും അവളുടെ ചാനലിനുണ്ട്. വെെകുന്നേരങ്ങളിൽ വീഡിയോ അപ്ലോഡ് ചെയ്തതിന് ശേഷം അവൾ തനിച്ച് ടെറസിൻറെ മുകളിൽ കയറി ഇരിക്കും. എന്തൊക്കെയോ ഓർമിക്കുവാൻ ഭാവിക്കും പക്ഷെ, ഒന്നും ഓർമിക്കാതെ ഇരിക്കും.

ടെറസിലിരുന്ന് നോക്കുന്പോൾ വീടിനുമുന്നിലുള്ള കനാലുകാണാം. കനാലിൽ വെള്ളമുള്ള ദിവസമാണെങ്കിൽ, ചുറ്റുവട്ടത്തുള്ള കുട്ടികൾ നീന്തികുളിക്കാൻ വരും. കനാലിന് സെെഡിലുള്ള പേരക്കമരത്തിൽ കയറി അവർ ഓരോരുത്തരായി വെള്ളത്തിലേക്ക് എടുത്ത് ചാടും. മുങ്ങാംകുഴിയിട്ട് വെള്ളത്തിനുമുകളിലേക്ക് തലപൊന്തിച്ച് വായിലെടുത്ത വെള്ളം ഊതിപ്പറത്തും.
അതു കണ്ടു നിൽക്കാൻ നല്ല രസമാണ്. അപ്പോഴൊക്കെ താനിങ്ങനെയൊന്നും ചെയ്തിട്ടില്ലല്ലോ എന്നൊരു നിരാശ അവളെ ഭരിക്കും.

നാടുമുഴുവൻ കറങ്ങിയിട്ട്, പക്ഷികൾ കൂടുകളിലേക്ക് ചേക്കേറുന്നത് ആ സമയത്തായിരിക്കും. ആ കൂട്ടത്തിൽ കുഞ്ഞിക്കിളികൾക്ക് കൊക്കുനുള്ളിൽ തീറ്റ ഒളിപ്പിച്ചുവെച്ച അമ്മക്കിളികളെ സെലീന കണ്ടുപിടിക്കും. അവയുടെ നീക്കങ്ങൾ നോക്കിയിരിക്കും. തനിക്ക് ഇനിയും ജനിച്ചിട്ടില്ലാത്ത മക്കൾ വീടിൻറെ മുറ്റത്തിലൂടെ ഓടിക്കളിക്കുന്ന ശബ്ദം അവൾ കേൾക്കും. ഉമ്മാ ഞങ്ങളും കനാലിൽ കുളിക്കാൻ പൊയ്ക്കേട്ടേയെന്ന് അവർ വിളിച്ച് ചോദിക്കും.

കനാലിൻറെ അപ്പുറത്ത് ഒരു അയ്യപ്പക്ഷേത്രമാണ്. ഒരു ഉണ്ണി നന്പൂതിരി ദിവസവും വെെകുന്നേരം അവിടെ വന്ന് കൽവിളക്കുകളും പരിസരവും അടിച്ച്തുടച്ച് വൃത്തിയാക്കും. കൽവിളക്കിൽ എണ്ണയൊഴിച്ച് തിരി കത്തിച്ചുകഴിഞ്ഞാൽ പഴയ ഭക്തിഗാനങ്ങൾ കേൾക്കാൻ തുടങ്ങും. ഭക്തിഗാനത്തിനൊപ്പം കോവിലുനുള്ളിൽ നിന്നും മണിയടിയും മുഴങ്ങികേൾക്കാം. ഇടക്കിടെ സാന്പ്രാണിതിരിയുടെ മണം കാറ്റിൽ വന്ന് അവളെ തൊട്ടുരുമ്മും. അവൾക്കത് വലിയ ഇഷ്ടമാണ്.
കൽവിളക്കിലെ വിളക്കിലങ്ങനെ നോക്കിയിരിക്കുന്പോൾ വെളിച്ചം അസ്തമിച്ച് ഇരുള് പരക്കും. അകലെ റോഡിലൂടെ വണ്ടികളുടെ വെളിച്ചങ്ങൾ അങ്ങോട്ടും ഇങ്ങോട്ടും പായുന്നത് കാണാം. അപ്പോൾ തെങ്ങിനുമുകളിലിരുന്ന് ചീവീടുകൾ ശബ്ദിച്ചുതുടങ്ങും. പാട്ട് നിർത്തി നന്പൂതിരി മടങ്ങുന്പോൾ സെലീന താഴേക്ക് ഇറങ്ങും. സ്വപ്നത്തിൽ നിന്ന് ജീവിതത്തിലേക്ക് എന്നതുപോലെ.

താഴെയിറങ്ങിക്കഴിഞ്ഞാൽ, തണുത്ത വെള്ളത്തിൽ ഒന്ന് വിസ്തരിച്ച് കുളിക്കും. അപ്പോഴൊക്കെ കനാലിലെ ഒഴുക്കുള്ള വെള്ളത്തെകുറിച്ച് ആലോചിക്കും. ഓരോ പെണ്ണുങ്ങളും ഓരോ കുളിമുറികൾ പോലെയാണ്. ആവിശ്യത്തിന് ഉപയോഗിക്കപ്പെടുന്നു. അതിനു ശേഷം പൂട്ടിയിടുന്നു. കുളി കഴിഞ്ഞാൽ ഒരു കട്ടൻകാപ്പിയുമായി ലാപ്ടോപ്പിന് മുന്നിലിരിക്കും. വീഡിയോക്കുതാഴെ വരുന്ന കമൻറുകൾ വായിച്ചിരിക്കും. താത്തയുടെ ശബ്ദം അടിപൊളിയാണ്, അവതരണം രസമുണ്ട്, പുതിയ വീഡിയോയുടെ നോട്ടിഫിക്കേഷനുവേണ്ടി കാത്തിരിക്കുകയാണ്. അങ്ങിനെ ഒരമ്മ പെറ്റ കമൻറുകൾ. കുറേനേരം വായിച്ച് ചിരിക്കും. ഇടയ്ക്കൊക്കെ എന്തിനെന്നറിയാതെ കണ്ണുനിറയും.

ആ സമയത്താണ് ബഷീർ വന്നുകയറുക, അയാൾ കുളികഴിഞ്ഞ് നേരെ ടിവിയുടെ മുന്നിലേക്ക് നടക്കും. വാർത്താചാനലുകൾ മാറി മാറി വെച്ചുകാണും. ആ ദിവസത്തെ ലോകത്തെ മുഴുവൻ ദുരന്തങ്ങളെയും അയാൾ തലച്ചോറിലേക്ക് എടുത്ത് വെക്കും. ഇടയ്ക്ക് എന്തെങ്കിലുമൊക്കെ സെലീനയോട് വിളിച്ചു ചോദിക്കും. മിക്കവാറും അത് ഗ്രീൻ ടീ ആകാറാണ് പതിവ്. കുറച്ചുകഴിയുന്പോൾ, അത്താഴം കഴിച്ച് ബഷീറിനുള്ളത് ഡെെനിംങ്ങ് ടേബിളിൽ അടച്ചുവെച്ച് അവൾ പോയി കിടക്കും. ബെഡ്റൂമിൽ വലുതായി തൂക്കിയിട്ടിരിക്കുന്ന കല്യാണഫോട്ടോയിൽ ചിരിച്ചു നിൽക്കുന്ന ബഷീറിനെ നോക്കി ഓരോന്ന് ചിന്തിക്കും. ആദ്യത്തെയും അവസാനത്തെയും അയാളുടെ, താൻ കണ്ടിട്ടുള്ള പുഞ്ചിരി. അവളിൽ നിന്നും അയാളിലേക്കുള്ള പതിനഞ്ചുവർഷത്തിൻറെ ദൂരം അവളെ അപ്പോഴൊക്കെ ഭയപ്പെടുത്തും. അയാളുടെ വിയർപ്പിൻറെ ദുർഗന്ധം ആ മുറിയിൽ അവളെ ചുറ്റിവരിയും. ശീലത്തിൻറെ സാഹസികതയിൽ അവൾ ഉറങ്ങിതുടങ്ങുന്പോൾ ബഷീർ അവൾക്കപ്പുറം പതിയെ ചേർന്നുവരും. 

ആളും ആരവുമില്ലാതെ ഒഴുകുകയാവും കനാൽ, അതോ വെള്ളം നിന്നു കാണുമോ ?. കൂട്ടിലെ കിളികളെല്ലാം ഇപ്പോൾ എന്തുചെയ്യുകയാവും. ഉണ്ണി നന്പൂതിരി അടച്ചുപൂട്ടിയ കോവിലിനുള്ളിലിരുന്ന് ദെെവമിപ്പോൾ ഉറങ്ങുകയായിരിക്കും, അവളങ്ങനെ പല ചിന്തകളിലൂടെ പല ലോകങ്ങളിലൂടെ സഞ്ചരിക്കും. ബഷീറിൻറെ കൂർക്കംവലിയാണ് അവളെ തിരിച്ചു വിളിക്കാറുള്ളത്.

പാതിരാവോളം സെലീന ഉണങ്ങാത്ത ഒരു മുറിവുപോലെ ഉണർന്നു കിടക്കും. നാളെക്കുള്ള ഇത്തിരി പ്രതീക്ഷക്കായി ജീവിതം മുഴുവൻ പരതും. അപ്പോൾ അവളുടെ മുന്നിൽ യു ട്യൂബ് കമൻറുബോക്സ് തുറക്കും. അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വിരിയും. അതിൻറെ ആവേശത്തിൽ അവളൊരു പാചകക്കൂട്ട് സൃഷ്ടിക്കും. അത് ഷൂട്ട് ചെയ്യാൻ വേണ്ടി എഴുന്നേൽക്കാൻ മാത്രം, അവൾ ഉറങ്ങിതുടങ്ങും. ആവർത്തിക്കപ്പെടുവാൻ വേണ്ടി മറ്റൊരു ദിവസം അവളെ കാത്തിരിക്കും.

Mozhi2

Mozhi2 (https://mozhi2all.com/) is the official updated version of mozhi (https://mozhi.org/). All articles and author information may be moved to the new platform in the due course of time. Anybody who does not want their content or any data to be moved to the new platform may please express their intention explicitly by email (mozhi.org@gmail.com) from their registered email address with Mozhi.

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ