മൊഴിയുടെ  വരിക്കാരാവുക.
SUBSCRIBE
 

Mozhi FB Users Group

Mozhi FB Group

മൊഴി അംഗങ്ങൾക്കായി FB Group ആരംഭിച്ചിരിക്കുന്നു.

Get Involved

Mozhi FB page

Mozhi FB Page

മൊഴി അംഗങ്ങൾക്കായി FB Page ആരംഭിച്ചിരിക്കുന്നു.

Follow

 
Joji Paul
പുഴയും നെൽപ്പാടങ്ങളും അമ്പലവും ആൽത്തറയും പള്ളിക്കൂടങ്ങളും ഒക്കെയുള്ള ഒരു മലയോര ഗ്രാമം. നമുക്കതിനെ ഇരവിമംഗലം എന്ന് വിളിക്കാം. ആ ഗ്രാമത്തിന്റെ ഏതാണ്ട് ഒത്ത നടുവിലായി ഒരേക്കർ പറമ്പിലെ ഒരു കൊച്ചുവീട്ടിൽ ഒരു കൂനിത്തള്ള പാർത്തിരുന്നു.
കൂനിത്തള്ളയുടെ പറമ്പിൽ നിറയെ മരങ്ങളും മരങ്ങളിൽ നിറയെ ഫലങ്ങളും ഉണ്ടായിരുന്നു. വിവിധ തരം മാമ്പഴങ്ങളും, ചാമ്പക്ക, ലൂബിക്ക, പേരക്ക, ആത്തച്ചക്ക, കൈതച്ചക്ക, ഞാവൽപഴം എന്ന് വേണ്ട ഒട്ടുമിക്ക പഴങ്ങളും, മാത്രമല്ല വസന്തത്തിൽ നിറയെ പൂവിടുന്ന വിവിധ തരം ചെടികളുമുണ്ടായിരുന്നു.
 
എന്നാൽ ഗ്രാമത്തിലെ ഒരാളെപ്പോലും കൂനിത്തള്ള തന്റെ പറമ്പിലേക്ക് കയറാൻ അനുവദിച്ചില്ല. കൂനിത്തള്ളയുടെ കണ്ണ് വെട്ടിച്ച് ആരെങ്കിലും പറമ്പിലേക്ക് കടക്കാൻ ശ്രമിച്ചാൽ തന്റെ കൈയ്യിലെ ഒരു നീണ്ട ചൂലുമായി വന്ന് കൂനിത്തള്ള അവരെ ഓടിക്കുമായിരുന്നു.
 
പള്ളിക്കൂടത്തിലേക്ക് പോകുന്ന കുട്ടികൾ ഒരേക്കർ പറമ്പ് ചുറ്റിക്കറങ്ങി പോകാതിരിക്കാൻ കൂനിത്തള്ളയുടെ പറമ്പിലൂടെ കുറുകെ കടക്കാൻ ശ്രമിക്കാറുണ്ട്. പക്ഷെ ആരൊക്കെ, എപ്പോഴൊക്കെ, ഏതിലൂടെയെല്ലാം കടക്കാൻ ശ്രമിച്ചാലും അവിടങ്ങളിലൊക്കെ കൂനിത്തള്ള തന്റെ നീണ്ട ചൂലുമായി പ്രത്യക്ഷപ്പെടും.
 
ഒരേ സമയം പലയിടത്തായി കൂനിത്തള്ളയെ കണ്ട കുട്ടികൾ അവരൊരു മന്ത്രവാദിനിയാണെന്ന് പറഞ്ഞ് പരത്തി. ചൂലിൽ കയറി വായു വേഗത്തിൽ കൂനിത്തള്ള പറക്കുന്നത് കണ്ടവരും ഉണ്ടത്രേ.
ഇരവിമംഗലം ഗ്രാമത്തിലെ ഒരു മിടുക്കി കുട്ടിയായിരുന്നു ആനിയമ്മ. അവൾ നന്നായി പാടുകയും, ചിത്രം വരക്കുകയും, വളരെ മനോഹരമായ തുന്നൽ വേലകൾ ചെയ്യുന്നതിൽ സമർത്ഥയുമായിരുന്നു. ആനിയമ്മയും അവളുടെ രണ്ടു കൂട്ടുകാരികളും ചേർന്ന് കൂനിത്തള്ളയുമായി ചങ്ങാത്തം കൂടാൻ നോക്കിയെങ്കിലും ഒരിക്കലും സാധിച്ചില്ല.
 
രണ്ടുമൂന്ന് വർഷത്തോളമായി അവർക്ക് പള്ളിക്കൂടത്തിലേക്ക് പോകാൻ ഒരേക്കർ പറമ്പ് ചുറ്റിക്കറങ്ങേണ്ടി വന്നു. ഒരിക്കൽ പോലും കൂനിത്തള്ള അവരെ തന്റെ പറമ്പിലൂടെ കടക്കാൻ അനുവദിച്ചില്ല.
ഒരേക്കർ പറമ്പ് കഴിഞ്ഞ് പാടവരമ്പിറങ്ങി നേരെ നടന്നാൽ ആൽത്തറയായി. ആൽത്തറക്ക് പുറകിലായി അമ്പലം. അതിനും പുറകിൽ തെളിഞ്ഞൊഴുകുന്ന ഇരവിപ്പുഴ. 
 
പള്ളിക്കൂടത്തിലേക്ക് പോകുന്ന വഴിയിൽ ആനിയമ്മയുടെ കൂട്ടുകാർ എന്നും അമ്പലത്തിൽ തൊഴാൻ പോകും. ആനിയമ്മ അവരെയും കാത്ത് ആൽത്തറയിൽ ഇരിക്കും.
ഈയിടെയായി ആൽത്തറയിൽ ഒരു സന്യാസിയെ കാണാറുണ്ട്. അയാൾ സന്യാസിയാണോ, അതോ ഒരു ഭിക്ഷുവാണോ എന്ന് ആനിയമ്മക്ക് സംശയമായി.
 
അയാളുടെ ഒട്ടിയ വയറും, കുഴിഞ്ഞ കണ്ണുകളും, ഉന്തിയ തോളെല്ലുകളും കണ്ടപ്പോൾ ആനിയമ്മക്ക് അയാളോട് ദയ തോന്നി. മുഷിഞ്ഞ കാക്ഷായ വസ്ത്രവും, ജട പിടിച്ച മുടിയും താടിയും പിന്നെ ഭാണ്ഡക്കെട്ടും അയാളെ ഒരു യാചകനെ പോലെ തോന്നിപ്പിച്ചു.
 
ആരുമറിയാതെ ആനിയമ്മ അയാൾക്ക് ഭക്ഷണം കൊണ്ടുവന്ന് കൊടുക്കാൻ തുടങ്ങി. അയാളത് ആർത്തിയോടെ കഴിക്കുന്നത് ആനിയമ്മ നോക്കി നിൽക്കും.
ആരാണെന്നോ, വീട് എവിടെയാണെന്നോ ചോദിച്ചാൽ അയാൾ മൗനിയായിട്ടിരിക്കും. തന്റെ ചെറിയ സമ്പാദ്യത്തിൽ നിന്ന് കുറച്ച് പണമെടുത്ത് അവളയാളെ മുടിവെട്ടാനും താടിവടിക്കാനും പ്രേരിപ്പിച്ചു. അത് കഴിഞ്ഞ് ഇരവിപ്പുഴയിൽ പോയൊന്ന് മുങ്ങി കുളിക്കാനും.
 
അത് കേട്ട് അയാൾ ആദ്യമായൊന്ന് ചിരിച്ചു. പിന്നെ ആനിയമ്മയുടെ തലയിൽ കൈവച്ച് അനുഗ്രഹിച്ചു.
“ഞാൻ നിനക്കൊരു വരം തരാം. എപ്പോഴെങ്കിലും നിനക്കീ വരം കൊണ്ട് പ്രയോജനമുണ്ടാകും. പക്ഷെ നല്ല കാര്യങ്ങൾക്കേ ഉപയോഗിക്കാവൂ.”
ആനിയമ്മക്ക് ഒന്നും മനസ്സിലായില്ല.
 
വസന്തത്തിനൊടുവിൽ ഇരവിമംഗലം ഗ്രാമത്തിൽ ഗ്രീഷ്മ കാലം വന്നെത്തി. അക്കൊല്ലം കൂനിത്തള്ളയുടെ ഒരേക്കറിലെ മരങ്ങളും ചെടികളും പതിവിലേറെ പഴങ്ങളും പൂക്കളുംകൊണ്ട് നിറഞ്ഞു.
കുട്ടികൾ ആർത്തിയോടെ ഒരേക്കറിന് ചുറ്റും കറങ്ങി നടന്നു. കൂനിത്തള്ള പടിപ്പുര വാതിൽ എന്നെന്നേക്കുമായി കൊട്ടിയടച്ചു. പൂക്കൾക്കും പഴങ്ങൾക്കും ആരുടേയും കണ്ണ് പറ്റാതിരിക്കാൻ ഒരേക്കറിന് ചുറ്റുമുള്ള വേലികളിൽ തെങ്ങോലകൾ കുത്തി നിറുത്തി കാഴ്ച മറച്ചു.
 
പക്ഷികളും അണ്ണാനും വവ്വാലും എന്തിനേറെ ചിത്ര ശലഭങ്ങൾ പോലും തന്റെ ഫലങ്ങളിൽ തൊടാതിരിക്കാൻ കൂനിത്തള്ള ചെടികളും മരങ്ങളുമൊക്കെ മൂടിക്കെട്ടി. പൂക്കൾക്കും പഴങ്ങൾക്കുമെല്ലാം സൂര്യപ്രകാശം നിഷേധിച്ചു.
 
കൂനിത്തള്ളയുടെ പ്രവർത്തികൾ കണ്ട് ആനിയമ്മക്ക് സങ്കടമായി. എന്തിനായിരിക്കും കൂനിത്തള്ള എല്ലാവരെയും അകറ്റി നിറുത്തുന്നത് എന്ന് ആനിയമ്മ എപ്പോഴും ആലോചിക്കും.
ദിവസങ്ങളും ആഴ്ചകളും കഴിഞ്ഞിട്ടും കൂനിത്തള്ളയെ ആരും കണ്ടില്ല. ഒരു ദിവസം ആനിയമ്മക്ക് തനിച്ച് പള്ളിക്കൂടത്തിലേക്ക് പോകേണ്ടി വന്നു. ആളനക്കമില്ലാത്ത ഒരേക്കറിന്റെ പടിപ്പുര വാതിലിന് മുൻപിലെത്തിയപ്പോൾ ആനിയമ്മ നിന്നു.
 
എന്നിട്ട് വാതിൽ തള്ളി നോക്കി. അകത്ത് നിന്നും പൂട്ടിയിരിക്കുകയാണ്. രണ്ടും കൽപ്പിച്ച് ആനിയമ്മ വേലിയിൽ കുത്തി നിറുത്തിയിരിക്കുന്ന തെങ്ങോലകൾ പൊളിച്ചുമാറ്റി ഒരേക്കറിലേക്ക് കടന്നു.
പേടിച്ച് പേടിച്ച് ആനിയമ്മ ഒരേക്കറിന് നടുക്കുള്ള കൂനിത്തള്ളയുടെ വീട്ടിലേക്ക് നടന്നു. ശരിക്കും മന്ത്രവാദിനി ആണെങ്കിൽ കൂനിത്തള്ള തന്നെ ഉപദ്രവിക്കുമോ എന്നായിരുന്നു ആനിയമ്മയുടെ ഭയം.
വീടിനടുത്തെത്തിയിട്ടും ആളനക്കമൊന്നും കേൾക്കാഞ്ഞപ്പോൾ ആനിയമ്മ ‘അമ്മൂമ്മേ അമ്മൂമ്മേ’ എന്ന് ഉറക്കെ വിളിച്ച് നോക്കി. കൂനിത്തള്ളയുടെ കൊച്ചുവീടിന്റെ മുൻവാതിൽ തുറന്ന് കിടക്കുന്നത് കണ്ട് ആനിയമ്മ അകത്തോട്ട് കയറി.
 
ഒരു മരക്കട്ടിലിൽ കരിമ്പടം പുതച്ച് കിടന്ന് കൂനിത്തള്ള വിറക്കുകയാണ്. കടുത്ത ജ്വരം ബാധിച്ച് അവശ നിലയിലായ കൂനിത്തള്ളയെ ആനിയമ്മ എഴുന്നേൽപ്പിച്ചിരുത്തി.
“എന്റെ മോൻ, എന്റെ മോൻ, എന്റെ മോനെ കാണണം’ എന്നവർ പിച്ചും പേയും പറഞ്ഞ്ക്കൊണ്ടിരുന്നു. ആനിയമ്മക്ക് വേവലാതിയായി. വേഗം പോയി വൈദ്യരെ കൂട്ടി കൊണ്ട് വരാൻ തീരുമാനിച്ച് അവൾ ഒരേക്കറിന് പുറത്തേക്ക് കടന്നു.
 
പടിപ്പുരയും താണ്ടി പാടവരമ്പിലൂടെ ആനിയമ്മ അമ്പലത്തിന് നേർക്ക് ഓടി. അമ്പലത്തിന് തെക്ക് മാറി എവിടെയോ ആണ് വൈദ്യരുടെ വീട്. ആൽത്തറയിൽ എത്തിയപ്പോൾ താടിയും മുടിയും വെട്ടി സുന്ദരനായിട്ടിരിക്കുന്ന സന്യാസിയെ കണ്ടു. ആനിയമ്മയെ കണ്ടപാടെ സന്യാസി പറഞ്ഞു.
 
“കുട്ടി എവിടേക്ക്യാ ഈ പായുന്നത്? ദേ, ഞാൻ താടിയും മുടിയും എടുത്തൂട്ടാ. ഇരവിപ്പുഴയിൽ കുളിക്കേം ചെയ്തു. പിന്നെ, ഞാനീ ഗ്രാമം വിട്ട് പോവുകയാണ്. ദേശാടനം തന്നെ ആവാന്ന് വെച്ചു. കുട്ടിയോട് പറഞ്ഞിട്ട് പോകാന്ന് വിചാരിച്ച് നിക്കായിരുന്നു. ഭാഗ്യം ഉണ്ടെങ്കി എവിടെങ്കിലും വെച്ച് കാണാം.”
 
ആനിയമ്മക്ക് എന്ത് പറയണമെന്ന് നിശ്ചയമുണ്ടായിരുന്നില്ല. എന്നാലും വൈദ്യരെ കാണാൻ പോകുന്നതിന്റെ ആവശ്യം പെട്ടന്ന് പറഞ്ഞൊപ്പിച്ച് ആനിയമ്മ വൈദ്യരുടെ വീട്ടിലേക്ക് ഓടി.
വൈദ്യരുടെ വീട് കണ്ട് പിടിക്കാൻ വലിയ ബുദ്ധിമുട്ടുണ്ടായില്ല. ആദ്യമൊന്ന് മടിച്ചെങ്കിലും പിന്നെ കൂടെ ചെല്ലാമെന്ന് വൈദ്യര് സമ്മതിച്ചു. മരുന്ന് പെട്ടീം കക്ഷത്തിൽ വെച്ച്‌ ആനിയമ്മയുടെ പിന്നാലെ വൈദ്യരും ഒരേക്കറിലേക്ക് ഓടി.
 
കൂനിത്തള്ളയുടെ വീട്ടിലെത്തിയ ആനിയമ്മ അന്തം വിട്ട് നിന്ന്‌ പോയി. ആൽത്തറക്ക് സമീപം കണ്ട സന്യാസി കൂനിത്തള്ളയെ കെട്ടിപിടിച്ച് കരയുന്നു. സന്യാസി മാത്രമല്ല കൂനിത്തള്ളയും കരയുന്നു.
വർഷങ്ങൾക്ക് മുൻപ് കൂനിത്തള്ളയോട് പിണങ്ങി നാട് വിട്ട് പോയ മകൻ തിരിച്ച്‌ വന്നൂന്ന് കണ്ടപ്പോൾ വൈദ്യർക്കും വിശ്വസിക്കാനായില്ല. മകൻ പോയ അന്ന് മുതലായിരിക്കും കൂനിത്തള്ള എല്ലാവരെയും വെറുക്കാൻ തുടങ്ങീട്ടുണ്ടാവുക എന്ന് ആനിയമ്മക്ക് ബോധ്യമായി.
 
മകൻ തിരിച്ച്‌ വന്ന സന്തോഷത്തിൽ വൈദ്യരുടെ ഔഷധമില്ലാതെതന്നെ കൂനിത്തള്ളയുടെ രോഗം മാറി. കൂനിത്തള്ളയും, മകനും, ആനിയമ്മയും ചേർന്ന് വേലിക്കെട്ടുകളെല്ലാം പൊളിച്ചു കളയുകയും മൂടി കെട്ടിയിരുന്ന പൂക്കളെയും പഴങ്ങളെയും സ്വാതന്ത്രമാക്കുകയും ചെയ്തു.
 
ഗ്രീഷ്മ കാലം തീരുന്നതിന് മുൻപേ കൂനിത്തള്ളയുടെ ഒരേക്കറിലെ വാടിപ്പോയ പൂക്കളെല്ലാം വീണ്ടും വിരിയുകയും മരങ്ങളിലെല്ലാം ഫലങ്ങൾ ഉണ്ടാവുകയും ചെയ്തു.
ഇരവിമംഗലം ഗ്രാമത്തിലെ കുട്ടികളെല്ലാം കൂനിത്തള്ളയുടെ ഒരേക്കറിൽ ഓടിക്കളിക്കാനെത്തി.
ഇതെല്ലാം കണ്ട് ഇരവിപ്പുഴ സന്തോഷത്തോടെ പടിഞ്ഞാറോട്ട് ഒഴുകിക്കൊണ്ടേയിരുന്നു.
 
മൂലകഥ - എയ്ഞ്ചൽ റോബി
ആഖ്യാനം - ജെപി

FREE Newsletter

കഥ, നോവൽ, യാത്രാവിവരണം, അനുഭവങ്ങൾ തുടങ്ങി എല്ലാ പുതിയ രചനകളെപ്പറ്റിയും, ഓൺലൈൻ പരിപാടികളെപ്പറ്റിയും, മത്സരങ്ങളെപ്പറ്റിയും, നേരിട്ടറിയാൻ മൊഴിയുടെ വാർത്താക്കുറിപ്പിനു സൗജന്യമായി വരിക്കാരാവുക.
I agree with the Terms and conditions and the Privacy policy

ശ്രേഷ്ഠ രചനകൾ

നോവലുകൾ

 malayalam novels
READ